ആവേശക്കുതിപ്പ് തുടരാൻ വിപണി; വിദേശികൾ നിക്ഷേപം തുടരുന്നു; രൂപയെ തുണച്ച് റിസർവ് ബാങ്ക്; സ്വർണം വീണ്ടും ഉയരുന്നു
അഞ്ചു ദിവസം തുടർച്ചയായി നേട്ടമുണ്ടാക്കിയ ഇന്ത്യൻ വിപണി പ്രതീക്ഷയോടെ വാരാന്ത്യത്തിലേക്കു കടക്കുകയാണ്. യുഎസ് വിപണി നേട്ടത്തിൽ ക്ലോസ് ചെയ്ത ശേഷം സ്നാപ് മോശപ്പെട്ട റിസൽട്ട് പുറത്തിറക്കിയത് ഫ്യൂച്ചേഴ്സ് ഇടിയാൻ വഴിതെളിച്ചു. എന്നാൽ അത് ഇന്ത്യൻ വിപണിയെ ബാധിക്കില്ല എന്ന സൂചനയാണ് എസ്ജിഎക്സ് നിഫ്റ്റി നൽകുന്നത്. നല്ല നേട്ടത്തിലേക്കാണ് ഇന്ന് വിപണി നീങ്ങുന്നത്.
പതിനൊന്നു വർഷത്തിനു ശേഷം യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) പലിശ നിരക്ക് കൂട്ടിയത് ഇന്നലെ വിപണികളെ ഇളക്കി. ആദ്യം പ്രതീക്ഷിച്ചതിലും ഉയർന്ന തോതിലാണു പലിശ കൂട്ടിയത്. തുടക്കത്തിൽ സ്വർണമടക്കം പല വിപണികളും വലിയ ചാഞ്ചാട്ടം കാണിച്ചെങ്കിലും ഒടുവിൽ നേട്ടത്തിലായി; ഡോളർ സൂചിക താഴ്ന്നു; ജർമനിയിലെ ഒഴികെ യൂറോപ്യൻ ഓഹരികൾ മിതമായി ഉയർന്നു; ജർമൻ ഓഹരികൾ താഴ്ന്നു. യുഎസ് ഓഹരികൾ തുടക്കത്തിൽ ചാഞ്ചാടിയിട്ടു നേട്ടത്തിൽ അവസാനിച്ചു. ഡൗ 0.51 ശതമാനം ഉയർന്നപ്പോൾ നാസ് ഡാക് 1.36 ശതമാനം നേട്ടമുണ്ടാക്കി. ഏഷ്യൻ വിപണികൾ രാവിലെ മിതമായ നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 16,670-ലേക്ക് കുതിച്ചു. പിന്നീട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ജൂൺ മാസത്തിലെ താഴ്ചയിൽ നിന്ന് മുഖ്യ സൂചികകൾ ഇതുവരെ ഒൻപതു ശതമാനം ഉയർന്നു. നിഫ്റ്റി 15,191ൽ നിന്ന് 16,600-ൽ എത്തി; സെൻസെക്സ് 50,900 ൽ നിന്ന് 55,600ലും. കഴിഞ്ഞ അഞ്ചു വ്യാപാര ദിനങ്ങൾ കൊണ്ട് ഇന്ത്യൻ ഓഹരി നിക്ഷേപകരുടെ സമ്പത്ത് 10 ലക്ഷം കോടി രൂപ കണ്ട് വർധിച്ചിട്ടുണ്ട്.
ഇന്നലെ സെൻസെക്സ് 284.42 പോയിൻ്റ് (0.51%) ഉയർന്ന് 55,681.95ലും നിഫ്റ്റി 84.4 പോയിൻ്റ് (0.51%) ഉയർന്ന് 16,605.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.38 ശതമാനം കയറിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.77 ശതമാനം ഉയർന്നു.
ഐടി, മെറ്റൽ, റിയൽറ്റി, ഓയിൽ-ഗ്യാസ്, ബാങ്കുകൾ, വാഹന കമ്പനികൾ തുടങ്ങിയവ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ഫാർമയും ഹെൽത്ത് കെയറും ആണു താഴ്ച കാണിച്ച രണ്ടു മേഖലകൾ.
ഇന്നലെ വിദേശ നിക്ഷേപകർ 1799.32 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. തുടർച്ചയായ നാലാമത്തെ ദിവസമാണു വിദേശികൾ നിക്ഷേപകരായത്. അതേ സമയം സ്വദേശി ഫണ്ടുകൾ 312.29 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി ബുളളിഷ് സൂചനകളോടെയാണ് ക്ലോസ് ചെയ്തതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 16,520-ലും 16,430 ലും സപ്പോർട്ട് കാണുന്നു. ഉയരുമ്പോൾ 16,660-ലും 16,710-ലും തടസങ്ങൾ ഉണ്ടാകും.
റഷ്യ യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം പുനരാരംഭിച്ചതും മറ്റു വിപണി നീക്കങ്ങളും ക്രൂഡ് ഓയിൽ വില അൽപം താഴാൻ സഹായിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് മൂന്നു ശതമാനം കുറഞ്ഞ് 103.29 ഡോളർ ആയി. എന്നാൽ ഇന്നു രാവിലെ 104.9 ഡോളറിലേക്കു കയറി. പ്രകൃതി വാതക വില 7.87 ഡോളറിൽ ഉയർന്നു നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങൾ കൊണ്ടു തൃപ്തിപ്പെട്ടു. ഇസിബി തീരുമാനം പ്രതീക്ഷ പോലെ ആയിരുന്നതിൻ്റെ ആശ്വാസം പ്രകടമായിരുന്നു. ചെമ്പ്, അലൂമിനിയം തുടങ്ങിയവ സാങ്കേതിക തിരുത്തൽ മാത്രം നടത്തി. ഇരുമ്പയിര് ഒരു ശതമാനത്തോളം ഉയർന്നു.
യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ചതോടെ സ്വർണം വലിയ താഴ്ചയിൽ നിന്നു തിരിച്ചു കയറി. 1681.2 ഡോളറിലായിരുന്നു പലിശ പ്രഖ്യാപനത്തിനു മുൻപ് സ്വർണം. പലിശ പ്രഖ്യാപനത്തോടെ ഡോളർ സൂചിക താഴ്ന്നു, സ്വർണം കുറേ ചാഞ്ചാട്ടത്തിനു ശേഷം 1720.8 ഡോളറിലേക്കു കയറി. ഇന്നു രാവിലെ 1716-1718 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ ഇന്നലെ സ്വർണം പവനു 320 രൂപ കുറഞ്ഞ് 36,800 രൂപ ആയി. ഇന്നു വില ഗണ്യമായി ഉയരും.
ഇന്നലെ ഡോളർ 80.01 രൂപ എന്ന റിക്കാർഡ് നിലവാരത്തിൽ ഓപ്പൺ ചെയ്തെങ്കിലും പിന്നീടു താഴ്ചയിലായി. തലേന്നത്തേക്കാൾ താഴ്ന്ന് 79.95 രൂപയിൽ ക്ലോസ് ചെയ്യേണ്ടി വന്നു. ഇടയ്ക്ക് 79.85 വരെ ഡോളർ താണു. റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചാണു രൂപയെ ഉയർന്ന ക്ലോസിംഗിലാക്കിയത്. ഇന്നു ഡോളർ സൂചിക താഴ്ന്നതു രൂപയെ സഹായിക്കും. ക്രൂഡ് ഓയിൽ വില താഴുക കൂടി ചെയ്താൽ ഡോളറിൻ്റെ കയറ്റത്തിനു താൽക്കാലിക വിരാമമാകും.
ഇസിബിയിൽ നെഗറ്റീവ് പലിശ ഇല്ലാതായി
2011-നു ശേഷം ആദ്യമാണ് ഇസിബി പലിശ നിരക്ക് ഉയർത്തുന്നത്. മൂന്ന് അടിസ്ഥാന നിരക്കുകളും 50 ബേസിസ് പോയിൻ്റ് വീതം ഉയർത്തി.ഇതോടെ യൂറോസോണിലെ താക്കോൽ നിരക്കുകൾ നെഗറ്റീവിൽ നിന്നു മാറി. 2014-നു ശേഷം ഇസിബി നെഗറ്റീവ് നിരക്കുകളാണ് ചുമത്തിയിരുന്നത്.
കാതലായ ഈ മാറ്റം യൂറോ കറൻസിക്ക് കരുത്താകും. ഡോളറിനോട് ഈ വർഷം 12 ശതമാനം ഇടിവു നേരിട്ട യൂറോ ഇന്നലെ 1.02 ഡോളറിലേക്കുയർന്നു. ഇനിയും ഉയരുമെന്നാണു വിപണിയുടെ വിലയിരുത്തൽ.
വിലക്കയറ്റത്തിനെതിരേ പോരാടുമ്പോൾ ആദ്യമേ തന്നെ നിരക്കു ഗണ്യമായി കൂട്ടുന്നതാണ് വിപണിക്കു ബോധ്യം പകരുന്നതെന്ന് ഇസിബി അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു. അതു കൊണ്ടാണ് ഇസിബിയുടെ ചരിത്രത്തിൽ ആദ്യമായി 50 ബേസിസ് പോയിൻ്റ് വർധന വരുത്തിയത്. അമേരിക്കയെ അപേക്ഷിച്ച് ലഭ്യതയുടെ പ്രശ്നങ്ങൾ യൂറോപ്പിലെ വിലക്കയറ്റത്തിനു പിന്നിൽ കൂടുതലായി ഉണ്ട്. അപ്പോൾ ചെറു ഗഡുക്കൾ കാര്യമായ ഫലം ചെയ്യില്ലെന്ന് ലഗാർഡും കൂട്ടരും കരുതുന്നു. ഇനിയുള്ള മാസങ്ങളിലും നിരക്കു വർധിപ്പിക്കേണ്ടി വരും എന്ന സൂചനയും അവർ നൽകി. യൂറോപ്പിൽ കൂടുതൽ കടബാധ്യത ഉള്ള ഇറ്റലിക്കും സ്പെയിനിനും പലിശ വർധന മൂലം വരുന്ന പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായ പദ്ധതിയും ഇസിബി ആവിഷ്കരിച്ചു.
വളർച്ചപ്രതീക്ഷ താഴ്ത്തി എഡിബിയും
ഇന്ത്യയുടെ 2022-23 ലെ വളർച്ച പ്രതീക്ഷ വെട്ടിക്കുറയ്ക്കുന്ന സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും എണ്ണം കൂടുകയാണ്. ഏറ്റവും ഒടുവിൽ ഏഷ്യൻ വികസന ബാങ്ക് (എഡിബി) പ്രതീക്ഷ 7.2 ശതമാനമായി താഴ്ത്തി. നേരത്തേ 7.5 ശതമാനം പ്രതീക്ഷിച്ചതാണ്. ഇക്കൊല്ലം വാർഷികവിലക്കയറ്റ പ്രതീക്ഷ 5.8-ൽ നിന്ന് 6.7 ശതമാനമായി ഉയർത്തി. അടുത്ത വർഷത്തെ ജിഡിപി വളർച്ച 7.8 ശതമാനവും വിലക്കയറ്റം 5.8 ശതമാനവുമാണ് എഡിബിയുടെ പ്രതീക്ഷ.
ഇതേ സമയം വ്യവസായി സംഘടനയായ ഫിക്കി നടത്തിയ സർവേയിൽ വളർച്ച പ്രതീക്ഷ 7.4 ൽ നിന്ന് എഴു ശതമാനമായി കുറഞ്ഞു. റേറ്റിംഗ് ഏജൻസി ക്രിസിൽ 7.3 ശതമാനമായും വിദേശ ബ്രോക്കറേജ് മോർഗൻ സ്റ്റാൻലി 7.2 ശതമാനമായും പ്രതീക്ഷ താഴ്ത്തി. റിസർവ് ബാങ്കിൻ്റെ പ്രതീക്ഷയും 7.2 ശതമാനമാണ്