അനിശ്ചിതത്വം മുന്നിൽ; തിരുത്തലിനു സാധ്യത; താഴ്ചകളിൽ വാങ്ങാൻ അവസരം; രൂപയ്ക്കുമേൽ വീണ്ടും സമ്മർദം

യുഎസ് ഫെഡ് ബുധനാഴ്ച പലിശയിൽ എത്ര വർധന പ്രഖ്യാപിക്കും? ഇനി എത്ര കൂട്ടുമെന്നു സൂചിപ്പിക്കും? യുഎസ് രണ്ടാം പാദ ജിഡിപി കൂടുമോ കുറയുമാേ? ഈയാഴ്ച വരുന്ന കമ്പനി റിസൽട്ടുകൾ ലാഭ വർധന കാണിക്കുമോ?

ഇത്തരം കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഈയാഴ്ച ഓഹരി വിപണി. ചോദ്യങ്ങൾ പലതുണ്ടാകുമ്പോൾ ആശങ്ക കൂടും; അനിശ്ചിതത്വം വർധിക്കും. അതു വിപണിയിൽ വേണ്ടതിലേറെ ഉണ്ടു താനും.
ഫെഡ് പലിശ വർധന 75 ബേസിസ് പോയിൻ്റിൽ ഒതുക്കിയാൽ വിപണി അധികം ചാഞ്ചാടുകയില്ല. യുഎസ് രണ്ടാം പാദ ജിഡിപി 0.4 ശതമാനം വളരുമെന്ന നിഗമനം ശരിയായാൽ സാമ്പത്തിക മാന്ദ്യഭീതി തൽക്കാലം നീങ്ങുകയും വിപണി കുതിക്കുകയും ചെയ്യാം. വ്യാഴാഴ്ചയാണു യുഎസ് ജിഡിപി കണക്കു വരുക.
വെള്ളിയാഴ്ച താഴ്ചയിൽ ക്ലോസ് ചെയ്ത യുഎസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു താഴോട്ടു നീങ്ങി. ഓസ്‌ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ ഇന്നു രാവിലെ കാര്യമായ നഷ്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 16,634 വരെ താണിരുന്നു. ഇന്നു രാവിലെ 16,682 ലേക്ക് കയറിയിട്ടു താണു.. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
പ്രതീക്ഷകളേക്കാൾ വലിയ നേട്ടവുമായാണു കഴിഞ്ഞയാഴ്ച ഇന്ത്യയിലെ മുഖ്യസൂചികകൾ മുന്നേറിയത്. സെൻസെക്സ് 4.3 ശതമാനവും നിഫ്റ്റി 4.18 ശതമാനവും ഉയർന്നു. ഐടി, മെറ്റൽ, ബാങ്ക് സൂചികകൾ അഞ്ചു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
വെള്ളിയാഴ്ച സെൻസെക്സ് 390.28 പോയിൻ്റ് (0.7%) ഉയർന്ന് 56,072.23 ലും നിഫ്റ്റി 114.2 പോയിൻ്റ് (0.69%) ഉയർന്ന് 16,719.45 ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക നേട്ടവും കോട്ടവും ഇല്ലാതെ ക്ലോസ് ചെയ്യുകയായിരുന്നു. സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം മാത്രം കയറി.
പത്തു ശതമാനത്തോളം ഉയർന്ന ഇപ്പോഴത്തെ റാലി ഏതാണ്ട് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നു വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി ഓവർ ബോട്ട് സൂചനകൾ കാണിക്കുന്നു. ഇന്നോ നാളെയോ 16,600-നു താഴാേട്ടു നിഫ്റ്റി നീങ്ങിയാൽ 16,480 വരെ താഴാവുന്ന മിനി തിരുത്തൽ ഉണ്ടാകാം എന്നാണു വിശകലനം. വിൽപന സമ്മർദം മൂലമുണ്ടാകുന്ന ഈ താഴ്ച നല്ല ഓഹരികൾ എളുപ്പം വാങ്ങാനുള്ള അവസരമാകും എന്ന് ഉപദേശിക്കുന്നവരും ഉണ്ട്.
മറിച്ച് ഈ ദിവസങ്ങളിൽ 16,790- നു മുകളിലേക്കു കയറി നിഫ്റ്റി ക്ലോസ് ചെയ്താൽ 17,000-17,150 മേഖലയിലേക്കുള്ള കുതിപ്പ് പ്രതീക്ഷിക്കാം.
നിഫ്റ്റിക്ക് 16,635- ലും 16,550-ലും സപ്പോർട്ട് കാണുന്നു. 16,780-ലും 16,830-ലും തടസം ഉണ്ടാകാം.
വിദേശ നിക്ഷേപകർ വാങ്ങലുകാരായതാണു കഴിഞ്ഞയാഴ്ചത്തെ പ്രധാന മാറ്റം.കഴിഞ്ഞയാഴ്ച വിദേശികൾ 106 കോടി ഡോളർ (8000-ൽ പരം കോടി രൂപ) ഓഹരികളിൽ നിക്ഷേപിച്ചു. ജൂലൈയിലെ മൊത്തം കണക്കു നോക്കുമ്പോഴും അവർ നിക്ഷേപകരായി എന്നു കാണാം. 2022-ൽ ഇതാദ്യമാണ് അവർ ഒരു മാസം വാങ്ങലുകാരാകുന്നത്.
എന്നാൽ വെള്ളിയാഴ്ച വിദേശികൾ 675.45 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 739.38 കോടിയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു.
ക്രൂഡ് ഓയിൽ വിലയിൽ വെള്ളിയാഴ്ച വലിയ മാറ്റമുണ്ടായില്ല. ബ്രെൻ്റ് ഇന് 103.3 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 104.2 ഡോളറിലെത്തി. വില കാര്യമായി ഉയരാൻ സാഹചര്യമില്ലെന്നാണു വിലയിരുത്തൽ.
ചെറിയ കയറ്റിറക്കങ്ങളോടെയാണ് വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ചെമ്പും അലൂമിനിയവും നിക്കലും ഉയർന്നപ്പോൾ ടിന്നും സിങ്കും ചെറുതായി താഴ്ന്നു. ഇരുമ്പയിരു വിലയും കയറി. ചൈനയിലെ കോവിഡ് വ്യാപനം, ചൈനീസ് റിയൽറ്റി മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ലോഹങ്ങളുടെ കയറ്റത്തിനു തടസമാണ്.
സ്വർണം കഴിഞ്ഞയാഴ്ച വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തോടെ 17 27 ഡോളറിൽ ക്ലോസ് ചെയ്തു. 1678 വരെ താഴുകയും 1738 വരെ ഉയരുകയും ചെയ്തതാണു കഴിഞ്ഞ ആഴ്ച. സ്വർണ വിലയിലെ ഇത്തരം ചാഞ്ചാട്ടങ്ങൾ ഈയാഴ്ചയും പ്രതീക്ഷിക്കണം. യുഎസ് ഫെഡ് തീരുമാനത്തിൽ അപ്രതീക്ഷിതമായി എന്തെങ്കിലും ഉണ്ടായാൽ സ്വർണം ചാഞ്ചാടും.
ഇന്നു രാവിലെ സ്വർണം 1721-ലേക്കു താഴ്ന്നിട്ട് 1725-ലേക്കു തിരിച്ചു കയറി. ഡോളർ സൂചിക ഉയർന്നിട്ട് അൽപം താഴ്ന്നതാണു കാരണം.
കേരളത്തിൽ വെള്ളി, ശനി ദിവസങ്ങളിലായി സ്വർണ വില പവന് 720 രൂപ കയറി. വെള്ളിയാഴ്ച 37,120-ലേക്കും ശനിയാഴ്ച 37,520 ലേക്കും. ഇന്ന് രാജ്യാന്തര വില 1720 ഡോളറിനു താഴോട്ടു നീങ്ങിയാൽ കേരളത്തിൽ വില കുറയും.
പതിനൊന്ന് ആഴ്ച തുടർച്ചയായി താഴോട്ടു നീങ്ങിയ രൂപ കഴിഞ്ഞയാഴ്ച നേരിയ നേട്ടമുണ്ടാക്കി. ഡോളർ 80.065 രൂപ വരെ കയറിയെങ്കിലും ക്ലോസ് ചെയ്തത് 79.85 രൂപയിലാണ്.തലേ ആഴ്ചയിലെ ക്ലോസിംഗിനേക്കാൾ രണ്ടര പൈസ കുറവ്.

രൂപയ്ക്കു മേൽ സമ്മർദം

80 രൂപ എന്ന നാഴികക്കല്ലു കടന്നു ക്ലാേസ് ചെയ്യാതിരിക്കാൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിക്കുന്നുണ്ട്. ജൂലൈ 15-നവസാനിച്ച ആഴ്ചയിൽ 754.1 കോടി ഡോളർ, ജൂലൈ എട്ടിനവസാനിച്ച ആഴ്ചയിൽ 806.2 കോടി ഡോളർ, ജൂലൈ ഒന്നിനവസാനിച്ച ആഴ്ചയിൽ 500.8 കോടി ഡോളർ എന്ന ക്രമത്തിൽ വിദേശനാണ്യശേഖരം കുറഞ്ഞു. മൂന്നാഴ്ച കൊണ്ട് 2061.1 കോടി ഡോളർ. 2021 സെപ്റ്റംബറിൽ 64,250 കോടി ഡോളർ ഉണ്ടായിരുന്ന വിദേശനാണ്യശേഖരം ജൂലൈ 15-നു 57,271 കോടി ഡോളർ. 7000 കോടിയോളം ഡോളർ കുറവ്. ഇതിൽ പകുതിയിലേറെ കഴിഞ്ഞ രണ്ടു മാസം കൊണ്ടു സംഭവിച്ചതാണ്. ഈയാഴ്ചയും റിസർവ് ബാങ്കിനു വലിയ ഡോളർ വിൽപന നടത്തേണ്ടി വരും. ബുധനാഴ്ച യുഎസ് ഫെഡ് പലിശ കൂട്ടുകയും വ്യാഴാഴ്ച യുഎസ് ജിഡിപി കണക്കു വരികയും ചെയ്യുമ്പോൾ രൂപയ്ക്കു മേൽ വലിയ സമ്മർദം വരും. അപ്പാേഴാണു കൂടുതൽ ഡോളർ വിപണിയിൽ ഇറക്കേണ്ടി വരിക.
യുഎസ് ഫെഡ് പലിശ 75 ബേസിസ് പോയിൻ്റ് ഉയർത്തുകയും പിറ്റേ ആഴ്ച റിസർവ് ബാങ്ക് ചെറിയ വർധന മതി എന്നു വയ്ക്കുകയും ചെയ്താൽ വീണ്ടും രൂപ സമ്മർദത്തിലാകും. ഒരു പക്ഷേ ഡോളർ 82 രൂപയിലേക്കു കയറിയെന്നും വരാം.

യുഎസ് ഫെഡ് തീരുമാനം നിർണായകം

അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് 75 ബേസിസ് പോയിൻ്റ് വർധന പ്രഖ്യാപിക്കും എന്നാണു പൊതു നിഗമനം. ഇടയ്ക്ക് 100 ബേസിസ് പോയിൻ്റ് വർധനയെപ്പറ്റി അഭ്യൂഹങ്ങൾ ഉണ്ടായതാണ്. അതിൻ്റെ സാധ്യത 30 ശതമാനമായി കുറഞ്ഞു. 75 പോയിൻ്റ് വർധനയ്ക്ക് 70 ശതമാനമാണ് സാധ്യത. യുഎസിൽ കുറഞ്ഞ പലിശ ഇപ്പോൾ 1.5 ശതമാനമാണ്. ഇതു 2.25 ശതമാനത്തിലേക്ക് ഈയാഴ്ച കയറും. സെപ്റ്റംബറിൽ ഒരു തവണ കൂടി പലിശ കൂട്ടിയ ശേഷം ഫെഡ് ഏതാനും മാസം വിശ്രമിക്കുമെന്ന് പൊതുവേ കരുതപ്പെടുന്നു. അപ്പാേഴേക്ക് കുറഞ്ഞ പലിശ 2.75 അല്ലെങ്കിൽ 3.0 ശതമാനമാകും. സെപ്റ്റംബറോടെ വിലക്കയറ്റം കാര്യമായി താഴോട്ടു നീങ്ങുമെന്ന് പലരും കരുതുന്നു.
എന്നാൽ യുഎസ് ജിഡിപി വളർച്ചയ്ക്കു പകരം തളർച്ച കാണിച്ചാൽ കഥ മാറും. ജനുവരി-മാർച്ചിൽ 1.6 ശതമാനം തളർന്ന ജിഡിപി ഏപ്രിൽ - ജൂണിൽ 0.4 ശതമാനം വളരുമെന്നാണു പുതിയ നിഗമനം. മറിച്ച് ജിഡിപി 0.5 ശതമാനം ചുരുങ്ങും എന്ന ചിലരുടെ നിഗമനം ശരിയായാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. തുടർച്ചയായ രണ്ടു പാദങ്ങളിൽ ജിഡിപി ചുരുങ്ങുന്നതാണു മാന്ദ്യമായി നിരവചിക്കപ്പെട്ടിട്ടുള്ളത്. അതു സംഭവിച്ചാൽ സെപ്റ്റംബറിൽ നിരക്കു കൂട്ടാൻ കഴിയില്ല. മാന്ദ്യം വന്നാൽ പോലും ഓഹരികൾ ഉയരാൻ അതു കാരണമാകും.

റിസർവ് ബാങ്ക് എന്തുചെയ്യും?

യുഎസ് മാന്ദ്യവും പലിശ വർധനയും അടുത്തയാഴ്ച റിസർവ് ബാങ്കിൻ്റെ പലിശ നിർണയത്തെ ബാധിക്കും. യുഎസ് പലിശ കൂടുതൽ ഉയർന്നാൽ അങ്ങോട്ടു മൂലധനം ഒഴുകും. അത് ഇന്ത്യൻ ഓഹരികളെയും കടപ്പത്രങ്ങളെയും ബാധിക്കും. അതു കൊണ്ടു തന്നെ താരതമ്യത്തിൽ മോശമല്ലാത്ത നിരക്കിലേക്ക് ഇന്ത്യയിലെ പലിശയും കൂട്ടേണ്ടി വരും. ഇപ്പോൾ 4.9 ശതമാനമായ റീപോ നിരക്ക് 5.25 മുതൽ 5.5 വരെ ശതമാനത്തിലേക്ക് ഉയർത്താൻ ഒന്നാേ രണ്ടോ തവണയായി വർധിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിക്കും. ഇത് അപ്രതീക്ഷിതമല്ലാത്തതിനാൽ വിപണിയിൽ നിന്നു വിപരീത പ്രതികരണം ഉണ്ടാകാൻ ഇടയില്ല.
മറിച്ചു യുഎസ് മാന്ദ്യത്തിലായാൽ 5.25 ശതമാനത്തിനപ്പുറത്തേക്കു നിരക്കു കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിക്കില്ല. മിക്കവാറും 5.15 ശതമാനത്തിൽ റീപോ നിരക്കു നിർത്താനാണു റിസർവ് ബാങ്ക് ശ്രമിക്കുക. അതു വിപണിക്ക് അനുകൂലമായ നടപടിയാകും.

റിസൽട്ട്: റിലയൻസിലും ഇൻഫിയിലും മികവ് പോരാ

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ റിസൽട്ട് ബ്രോക്കറേജുകളുടെ പ്രതീക്ഷയോളം വന്നില്ല. വിദേശത്തെ മാന്ദ്യഭീതിയാണു റിലയൻസ് റിസൽട്ടിൽ പ്രകടമായത്. മാനേജ്മെൻ്റ് അതു പറയുകയും വരും മാസങ്ങളിൽ ലാഭ മാർജിനുകൾ കുറയുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു. റിഫൈനറി ഉൽപന്നങ്ങളുടെ വിലയും ലാഭ മാർജിനും ഭീഷണിയിലാണ്. കമ്പനിയുടെ ഏറ്റവും വലിയ ലാഭ സ്രോതസാണ് റിഫൈനറി ഉൽപന്നങ്ങൾ. ഇവയുടെ മാർജിൻ ബാരലിനു 14 ഡോളറിൽ നിന്നു 10 ഡോളറിലേക്കു താഴ്ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പല ബ്രോക്കറേജുകളും റിലയൻസിൻ്റെ ഇപിഎസ് പ്രതീക്ഷയും ഓഹരിവിലയുടെ ലക്ഷ്യവും താഴ്ത്തിയത്. വാർഷിക അറ്റാദായത്തിൽ 4.3 ശതമാനം ഇടിവാണു ജെഎം ഫിനാൻഷ്യൽ പ്രതീക്ഷിക്കുന്നത്. അതനുസരിച്ച് ഓഹരി വിലയുടെ ലക്ഷ്യം താഴ്ത്തി.
റീട്ടെയിലിലും ജിയോയിലും ലാഭ മാർജിൻ വർധിക്കുന്നുണ്ട്. പക്ഷേ പെട്രോ കെമിക്കലിലെ ഇടിവ് അവയെ അപ്രസക്തമാക്കും.
ഇൻഫോസിസ് ടെക്നോളജീസ് റിസൽട്ട് ഒറ്റ നോട്ടത്തിൽ പ്രതീക്ഷയേക്കാൾ മെച്ചമായി.എന്നാൽ അറ്റാദായം മികച്ചതായില്ല. തലേ പാദത്തിലേക്കാൾ 5.7 ശതമാനം കുറവാണ് അറ്റാദായം. ലാഭ മാർജിനിലും കുറവുണ്ടായി. വിദേശ ബ്രോക്കറേജുകൾ കമ്പനിയുടെ ഓഹരിവിലയ്ക്കു താഴ്ന്ന ലക്ഷ്യം നിശ്ചയിച്ചതിനെ ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ.


This section is powered by Muthoot Finance
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it