ആവേശക്കുതിപ്പിന് വിപണി; വിദേശികൾ വീണ്ടും നിക്ഷേപകരായി; പലിശപ്പേടി അകലുന്നു; രൂപ നേട്ടം തുടരും; സ്വർണം കയറി
വിപണിയുടെ കുതിപ്പ് ആവേശപൂർവം തുടരാനുള്ള ഒരുക്കത്തിലാണ് ഇന്നു നിക്ഷേപകർ. രാവിലെ വരെയുള്ള ആഗോള സൂചനകൾ ബുള്ളുകൾക്ക് ആത്മവിശ്വാസം പകരുന്നു. ഗണ്യമായ കുതിപ്പോടെ വാരാന്ത്യ വ്യാപാരം തുടങ്ങാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി.
ഡോളർ സൂചിക താഴ്ന്നതു രൂപ ഇന്നും നേട്ടമുണ്ടാക്കാൻ സഹായിക്കും. സ്വർണം 1750 ഡോളറിനു മുകളിലായി. രണ്ടാം പാദത്തിൽ യുഎസ് ജിഡിപി 0.9 ശതമാനം ചുരുങ്ങിയത് പലിശവർധനയുടെ തോതു കുറയ്ക്കാൻ സഹായിക്കും എന്നതു കൊണ്ട് വിപണി അനുകൂല ഘടകമായി കണക്കിലെടുത്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ നിക്ഷേപങ്ങൾ പുനരാരംഭിച്ചു.
യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്ന തുടക്കത്തിനു ശേഷം ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. യുഎസ് വിപണി തുടങ്ങിയത് വലിയ താഴ്ചയോടെ ആയിരുന്നെങ്കിലും ഒരു മണിക്കൂറിനു ശേഷം തിരിച്ചു കയറി. 625 പോയിൻ്റ് ചാഞ്ചാട്ടത്തിനു ശേഷം ഡൗജോൺസ് 332 പോയിൻ്റ് (1.03%) നേട്ടത്തിലും 290 പോയിൻ്റ് ഇറങ്ങിക്കയറിയ നാസ്ഡാക് 130 പോയിൻ്റ് (1.08%) ഉയർച്ചയിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് തുടക്കത്തിൽ കുറഞ്ഞെങ്കിലും പിന്നീടു നല്ല നേട്ടത്തിലായി. ആമസോണും ആപ്പിളും പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് പുറത്തിറക്കിയതും ഭാവി സൂചന മികച്ചതാക്കിയതും ഫ്യൂച്ചേഴ്സിൻ്റെ കയറ്റത്തിനു സഹായിച്ചു.
ഓസീസ്, ഏഷ്യൻ വിപണികൾ നല്ല നേട്ടത്തോടെയാണു രാവിലെ വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ അര ശതമാനം കുതിച്ചു. ചൈന റിയൽറ്റി മേഖലയെ സഹായിക്കാൻ 14,800 കോടി ഡോളറിൻ്റെ (ഒരു ലക്ഷം കോടി യുവാൻ) പദ്ധതി തയാറാക്കി. എന്നാൽ ചൈനീസ് സൂചികകളും ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചികയും താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വ്യാഴാഴ്ച രാത്രി തന്നെ 17,100 നു മുകളിലേക്കു പാഞ്ഞുകയറി. ഇന്നു രാവിലെ സൂചിക 17,167 വരെ എത്തി. രാവിലെ നല്ല നേട്ടത്തോടെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ തുടക്കം മുതലേ ഇന്ത്യൻ വിപണി കയറ്റത്തിലായിരുന്നു. സെൻസെക്സ് 1041.47 പോയിൻ്റ് (1.87%) കുതിച്ച് 56,857.79-ലും നിഫ്റ്റി 287.8 പോയിൻ്റ് (1.73%) കയറ്റി 16,929.6 ലും ക്ലോസ് ചെയ്തു. വലിയ വിൽപന സമ്മർദം ഉണ്ടായ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.85 ശതമാനം നേട്ടമേ കൈവരിച്ചുള്ളു.
എല്ലാ ബിസിനസ് മേഖലകളും നേട്ടത്തിലായിരുന്നു. നിഫ്റ്റി ഐടി 2.81 ശതമാനം കുതിച്ചപ്പോൾ ധനകാര്യ സേവനമേഖല 2.37 ശതമാനവും റിയൽറ്റി 2.07 ശതമാനവും മെറ്റൽ 1.7 ശതമാനവും ബാങ്കുകൾ 1.62 ശതമാനവും നേട്ടത്തിലായി.
ഇന്നലെ വിദേശ നിക്ഷേപകർ 1637.69 കോടി രൂപ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 600.29 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
മുഖ്യസൂചികകൾ അങ്ങേയറ്റം ബുളളിഷ് ആണ്. നിഫ്റ്റിക്ക് ഇന്ന് 16,800 ഉം 16,675-ഉം സപ്പോർട്ടാകും എന്നു സാങ്കേതിക വിശകലനങ്ങൾ സൂചിപ്പിക്കുന്നു. ഉയർച്ചയിൽ 17,000-ലും 17,070-ലും തടസങ്ങൾ നേരിടാം.
ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്നു നിന്നു. ബ്രെൻ്റ് ഇനം 108.6 ഡോളർ വരെ കയറിയിട്ടു 108 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നും വില ഉയർന്നു നിൽക്കുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പുവില 2.84 ശതമാനം കുതിച്ച് ടണ്ണിന് 7765.6 ഡോളർ ആയി. അലൂമിനിയം രണ്ടു ശതമാനം കയറി 2470 ഡോളറിനു മുകളിലെത്തി. മറ്റു ലാേഹങ്ങളും കയറ്റത്തിലാണ്. കയറ്റം തുടരുമെന്നാണു ചൈനീസ് വിപണിയിൽ നിന്നുള്ള സൂചന.
സ്വർണം കയറി, വെള്ളി കുതിച്ചു
സ്വർണം 1750 ഡോളർ എന്ന കടമ്പ കടന്നു. ഡോളർ സൂചിക താണതും യുഎസ് പലിശവർധന മിതമാകും എന്നുറപ്പായതും മഞ്ഞലോഹത്തിനു കരുത്തായി. ഇന്നലെ മാത്രം ലോകവിപണിയിൽ സ്വർണം രണ്ടു ശതമാനം കയറി. വില താമസിയാതെ 1775 ഡോളറിനു മുകളിലെത്തുമെന്നു സ്വർണ ബുള്ളുകൾ കരുതുന്നു. ഇന്നു രാവിലെ സ്വർണം 1756- 1758 ഡോളറിലാണ്.
വെള്ളിവില ഏഴര ശതമാനം കുതിച്ച് 20 ഡോളറിനു മുകളിൽ എത്തിയതാണു വിപണിയിലെ ഇന്നലത്തെ ശ്രദ്ധേയ സംഗതി. ഒരു വർഷം മുൻപ് 28 ഡോളർ ഉണ്ടായിരുന്നതാണ് വെള്ളിക്ക്. ഇപ്പോഴത്തെ കുതിപ്പ് പുതിയൊരു ബുൾ തരംഗമായി മാറും എന്നു പറയാൻ അധികമാരും ധൈര്യപ്പെടുന്നില്ല.
കേരളത്തിൽ ഇന്നലെ രണ്ടു തവണയായി സ്വർണവില പവന് 520 രൂപ വർധിച്ച് 37,680 രൂപയിലെത്തി. രൂപ കൂടുതൽ കരുത്താർജിക്കുമെങ്കിലും ഇന്നും സ്വർണവില കയറ്റത്തിലായിരിക്കും.
രൂപ തിരിച്ചു കയറുന്നു
ഡോളർ സൂചിക ഇന്നലെ 106.35 ലേക്കു താഴ്ന്നു. യൂറാേ ഒഴികെയുള്ള പ്രധാന കറൻസികൾ നേട്ടമുണ്ടാക്കി. ഇന്നു രാവിലെ ഡോളർ സൂചിക വീണ്ടും താഴ്ന്ന് 106.2 നു താഴെയായി.
രൂപ ഇന്നലെ മികച്ച നേട്ടം ഉണ്ടാക്കി. 79.75 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ 80 രൂപയ്ക്കു മുകളിലേക്കു നീങ്ങുന്നതിൻ്റെ ഭീഷണി തൽക്കാലം ഒഴിവായി. വിദേശ നിക്ഷേപകർ വിപണിയിലേക്കു തിരിച്ചു വരുന്നത് ഡോളർ ലഭ്യത വർധിപ്പിക്കും. വിദേശികൾ 2021-22-ൽ 3300 കോടി ഡോളർ (രണ്ടര ലക്ഷം കോടി രൂപ) ഇന്ത്യയിൽ നിന്നു പിൻവലിച്ചിരുന്നു. രൂപയെ വലിച്ചു താഴ്ത്തിയ ഏറ്റവും വലിയ ഘടകവും അതായിരുന്നു. യുഎസ് പലിശവർധന സംബന്ധിച്ച ആശങ്കകൾ നീങ്ങി. കുറഞ്ഞ പലിശ ഒരു ശതമാനം കൂടി ഉയരുമെങ്കിലും അതു സാവധാനവും കുറഞ്ഞ തോതിലും ആകുമെന്ന് ഉറപ്പായി. ക്രൂഡ് ഓയിൽ വില ഏതാനും മാസം മുൻപത്തേതുപോലെ 120 ഡോളറിനു മുകളിൽ കയറിയാൽ മാത്രമേ രൂപ ഇനി വലിയ വെല്ലുവിളി നേരിടുകയുള്ളു.
ഡോളർ ഇന്ന് 79.6 രൂപയ്ക്കു താഴോട്ടു നീങ്ങാൻ സാധ്യത ഉണ്ടെന്ന് അവധി വിപണിയിലെ ചലനങ്ങൾ സൂചിപ്പിക്കുന്നു.
യുഎസ് ജിഡിപി ചുരുങ്ങി; മാന്ദ്യ പ്രഖ്യാപനം ഉടനില്ല
ഏപ്രിൽ - ജൂൺ പാദത്തിലെ യുഎസ് ജിഡിപി 0.9 ശതമാനം കുറഞ്ഞു. ഇതു നിരീക്ഷകരുടെ നിഗമനങ്ങൾ മറികടന്നുള്ള താഴ്ചയായി. പൊതുവേ 0.4 അല്ലെങ്കിൽ 0.5 ശതമാനം ഉയർച്ചയാണു പ്രതീക്ഷിച്ചിരുന്നത്. ജനുവരി-മാർച്ച് കാലയളവിൽ 1.6 ശതമാനം ചുരുങ്ങിയതിനു പിന്നാലെയാണ് ഈ താഴ്ച.
തുടർച്ചയായ രണ്ടു പാദങ്ങളിൽ ജിഡിപി കുറയുന്നതിനെയാണു സാമ്പത്തിക മാന്ദ്യമായി മുമ്പു നിർവചിച്ചിരുന്നത്. ഇപ്പോൾ അതു മാറ്റി. യുഎസ് മാന്ദ്യങ്ങൾ പ്രഖ്യാപിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് (എൻബിഇആർ) ജിഡിപി കണക്കിനു പുറമേ തൊഴിൽ വിപണിയും മറ്റു സാമ്പത്തിക ചലന സൂചികകളും കൂടി കണക്കാക്കിയേ തീരുമാനം എടുക്കൂ. അതു കൊണ്ടാണ് അമേരിക്ക മാന്ദ്യത്തിലല്ല എന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ തലേദിവസം പറഞ്ഞത്. തൊഴിലില്ലായ്മ കുറഞ്ഞു നിൽക്കുകയും വേതന നിലവാരം ഉയർന്നു പോകുകയും ചെയ്യുന്നതു മാന്ദ്യം ആയിട്ടില്ലെന്നു സൂചിപ്പിക്കുന്നു. വിലക്കയറ്റം താഴ്ന്നിട്ടുമില്ല. എന്നാൽ ഉപഭോക്താക്കൾ ചെലവുചുരുക്കുന്നത് ബിസിനസുകൾക്കു ക്ഷീണം വരുത്തുന്ന കാര്യമാണ്. വോൾമാർട്ടിനും ടാർഗറ്റിനും ബിസിനസ് പ്രതീക്ഷ കുറഞ്ഞത് അതുകൊണ്ടാണ്.
അക്കാദമികവും സാങ്കേതികവുമായ കാര്യങ്ങൾ എന്തായാലും യുഎസ് സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായി എന്നതു വസ്തുത. അതിൻ്റെ ആഗോള പ്രത്യാഘാതങ്ങൾ ചെറുതല്ല. ഉൽപന്ന കയറ്റുമതിയെയും സേവന കയറ്റുമതിയെയും ബാധിക്കുമെന്നതു കൊണ്ട് ഇന്ത്യക്കും പ്രത്യാഘാതം ഉണ്ടാകും.