മുന്നിൽ അനിശ്ചിതത്വം; എന്തുകൊണ്ടു ബുള്ളുകൾ വിട്ടു നിൽക്കുന്നു? ബാങ്കുകൾക്കു ക്ഷീണമായത് ഇക്കാര്യം; രൂപയെ പിടിച്ചു നിർത്താൻ കഴിയുമോ?

വിപണി വീണ്ടും അനിശ്ചിതത്വം കാണിക്കുന്നു. പാർശ്വ നീക്കങ്ങൾ ആകും ഒന്നു രണ്ടു ദിവസത്തേക്ക് എന്നു വിദഗ്ധർ പറയുമ്പോഴും ബുള്ളുകൾ ഒരു ആശ്വാസ റാലിക്കായി കാത്തിരിക്കുകയാണ്. ബുധനാഴ്ച തിരിച്ചു കയറ്റത്തിനു ശ്രമിച്ച സൂചികകൾ അവസാന മണിക്കൂറിലെ വിൽപന സമ്മർദത്തിൽ കുത്തനെ ഇടിക്കുകയായിരുന്നു. എങ്കിലും തുടക്കത്തിലേക്കാൾ ഉയരത്തിൽ ക്ലോസ് ചെയ്യാൻ രണ്ടാം ദിവസവും സൂചികകൾക്കു കഴിഞ്ഞു. ഇതു കുതിപ്പിനു ശ്രമിക്കാൻ ബുള്ളുകളെ പ്രേരിപ്പിക്കാവുന്നതാണ്.

ഇന്ത്യൻ വിപണി ചെറിയ താഴ്ചയിൽ ക്ലോസ് ചെയ്ത ശേഷം യൂറോപ്യൻ സൂചികകൾ ഒന്നു മുതൽ രണ്ടു വരെ ശതമാനം നഷ്ടത്തിൽ അവസാനിച്ചു. അമേരിക്കൻ വിപണി ചെറിയ മേഖലയിൽ കയറിയിറങ്ങി. ഒടുവിൽ ഡൗ ജോൺസ് 82.32 പോയിൻ്റ് (0.27%) നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ നാസ്ഡാകും എസ് ആൻഡ് പിയും നേരിയ നഷ്ടത്തിൽ അവസാനിച്ചു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിൽ തുടങ്ങിയിട്ടു നഷ്ടത്തിലേക്കു നീങ്ങി.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ചയിലാണ്. ജപ്പാനിലും കൊറിയയിലും സൂചികകൾ അര ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ വിപണിയും താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,765 വരെ താണിട്ടു 15,821-ലേക്കു കയറി. ഇന്നു രാവിലെ സൂചിക താഴ്ന്ന് 15,729-ൽ എത്തി. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ബുധനാഴ്ച സെൻസെക്സ് 150.48 പോയിൻ്റ് (0.28%) കുറഞ്ഞ് 53,026.97 ലും നിഫ്റ്റി 51.1 പോയിൻ്റ് (0.32%) കുറഞ്ഞ് 15,799.1 ലും ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നലെയും താഴാേട്ടു പോയി. കടപ്പത്രങ്ങൾക്കു വിലയിടിഞ്ഞതു മൂലം ബാങ്കുകൾക്കു വലിയ നഷ്ടം നേരിടുന്ന സാഹചര്യമുണ്ട്. ബാങ്കുകളുടെ പക്കലുള്ള കടപ്പത്രങ്ങളിൽ നല്ല പങ്കിനും വിപണി വില നോക്കി ലാഭനഷ്ടങ്ങൾ കണക്കാക്കേണ്ടതുണ്ട്. ഈ വ്യവസ്ഥയിൽ ഇളവ് തേടി ബാങ്കുകൾ റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. പലിശ നിരക്ക് ഉയരുമ്പോൾ കടപ്പത്ര വിലകൾ താഴുന്നതു സ്വാഭാവികമാണ്. ഉയർന്ന പലിശ നിരക്കിന് ആനുപാതികമായ നിക്ഷേപനേട്ടം (yield) ഉറപ്പു വരുത്തുന്ന വിധമാണു കടപ്പത്ര വില കുറയുക.
ഓയിൽ - ഗ്യാസ്, മെറ്റൽ, റിയൽറ്റി മേഖലകൾ മാത്രമാണു ചെറിയ നേട്ടമുണ്ടാക്കിയത്. ഐടി, എഫ്എംസിജി കമ്പനികൾ ഇടിവിലായി.
വിദേശ നിക്ഷേപകരുടെ വിൽപന ഇന്നലെ കുറവായിരുന്നു. 851.06 കോടിയുടെ ഓഹരികളാണ് അവർ വിറ്റത്. സ്വദേശി ഫണ്ടുകൾ 847.46 കോടിയുടെ ഓഹരികൾ വിറ്റു. ഇന്നു ജൂൺ സീരീസിൻ്റെ സെറ്റിൽമെൻ്റ് ദിവസമാണ്.
നിഫ്റ്റിക്ക് 15,705-ലും 15,610-ലും സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയരുമ്പാേൾ 15,880-ഉം 15,955-ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില 119 ഡോളറിൽ നിന്നു 116.3 ഡോളറിലേക്കു താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിനുള്ള സാങ്കേതിക തിരുത്തലാണ് വില താഴ്ത്തിയതെന്നു നിരീക്ഷകർ കരുതുന്നു.
വ്യാവസായിക ലോഹങ്ങളും സാങ്കേതിക തിരുത്തലിലായി. ചെമ്പും അലൂമിനിയവും നേരിയ താഴ്ച കുറിച്ചപ്പോൾ ലെഡ്, നിക്കൽ, ടിൻ തുടങ്ങിയവ മൂന്നു മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു. ഇരുമ്പയിരും ചെറുതായി താണു.
സ്വർണം ചെറിയ മേഖലയിൽ കയറിയിറങ്ങി. ഇന്നലെ 1811-1834 ഡോളറിൽ ചാഞ്ചാടിയ ശേഷം ഇന്നു രാവിലെ 1819-1821 ഡോളറിലാണു വ്യാപാരം. ക്രിപ്റ്റോ കോയിനുകൾ വീണ്ടും താഴോട്ടു പോകുന്നുണ്ടെങ്കിലും സ്വർണത്തിലേക്കു വലിയ നിക്ഷേപങ്ങൾ വരുന്നില്ല. ക്രിപ്റ്റോകളിലേക്കു വലിയ സ്വർണ നിക്ഷേപകർ പോയി എന്ന ധാരണയെ തിരുത്തുന്നതാണ് ഇക്കാര്യം. ക്രിപ്റ്റോ കറൻസികളുടെ തകർച്ചയെ തുടർന്നു പല ക്രിപ്റ്റോ എക്സ്ചേഞ്ചുകളും പ്രവർത്തനം നിർത്തി. കേരളത്തിൽ സ്വർണം പവന് ഇന്നലെ 80 രൂപ കുറഞ്ഞു 37,400 രൂപയായി.

ഡോളർ 80 രൂപയിലേക്ക്

രൂപ വീണ്ടും ദുർബലമായി. ഡോളർ 79.07 രൂപ വരെ കയറിയിട്ട് 79.03 രൂപയിൽ ക്ലോസ് ചെയ്തു. ഇതാദ്യമാണു ഡോളർ 79 രൂപയ്ക്കു മുകളിലാകുന്നത്. 80 രൂപയിലേക്കു ഡോളർ എത്തുന്ന ദിനം വിദൂരത്തല്ലെന്നു നിരീക്ഷകർ പറയുന്നു.
വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു പണം പിൻവലിക്കുന്നത്, പലിശ കൂടിയതുമൂലം ഇന്ത്യൻ കമ്പനികൾ പുതിയ വിദേശവായ്പകൾ എടുക്കാത്തത്, ഈ വർഷം വലിയ തോതിൽ വിദേശവായ്പകൾ തിരിച്ചടയ്ക്കാനുള്ളത്, ക്രൂഡ് ഓയിൽ വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളാണു രൂപയെ ഇടിക്കുന്നത്. ഈ വർഷം ഇതുവരെ 3,000 കോടി ഡോളർ (2,37,000 കോടി രൂപ) വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. ഇറക്കുമതിച്ചെലവ് വർധിച്ചതോടെ ഇക്കൊല്ലം കറൻ്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.6 ശതമാനത്തിനും 2.8 ശതമാനത്തിനും ഇടയിലേക്ക് വർധിക്കുമെന്നാണു സൂചന. ഇതു നികത്താൻ മാത്രം മൂലധന വരവ് പ്രതീക്ഷിക്കാനില്ല. രൂപയുടെ ഈ ദൗർബല്യ ഘടകങ്ങൾ ദിവസേന വർധിക്കുന്നതേയുള്ളു.
2022-ൽ ഇതുവരെ 6.3 ശതമാനം ഇടിവ് രൂപയ്ക്കുണ്ടായി. ഡോളർ സൂചിക 105 നു മുകളിലായി. ഈ വർഷം സൂചിക പരമാവധി ഉയർന്നത് 105.79 വരെയാണ്. വരുന്ന ആഴ്ചയിൽ ആ റിക്കാർഡ് കടക്കുമെന്നാണ് നിരീക്ഷകർ കണക്കാക്കുന്നത്. അപ്പോഴേക്കു ഡോളർ 80 രൂപയ്ക്കു മുകളിലെത്തും.
പ്രതിദിന നിരക്കുമാറ്റം ചെറിയ തോതിൽ ആക്കാൻ ശ്രമിക്കുന്നതിനപ്പുറം രൂപയെ ഉയർത്തി നിർത്താൻ റിസർവ് ബാങ്ക് ശ്രമിക്കുന്നില്ല. ചാഞ്ചാട്ടം കുറയ്ക്കാനുള്ള ശ്രമത്തിനു തന്നെ ശതകോടിക്കണക്കിനു ഡോളർ ചെലവാകുന്നുണ്ട്.

താഴ്ചയിൽ വാങ്ങാത്തത് എന്തുകൊണ്ട്?

വിപണി ദിശാബോധം കിട്ടാതെ കുഴങ്ങുകയാണ്. വിലകളും പലിശയും കൂടുമ്പോൾ ഓഹരികളിൽ നിക്ഷേപിക്കാൻ പലർക്കും ആത്മവിശ്വാസം പോരാ. താഴ്ചയിൽ വാങ്ങുക എന്ന സിദ്ധാന്തം നടപ്പാക്കാൻ സമയമായോ എന്ന സംശയമാണു പലർക്കും. അമേരിക്കൻ വിപണിയിൽ ഇപ്പോൾ 3800-ലുള്ളള എസ് ആൻഡ് പി സൂചിക 3000-3100 പോയിൻ്റിലേക്കു താഴ്ന്നിട്ടേ ശരിയായ തിരിച്ചു കയറ്റം തുടങ്ങൂ എന്നു പല വിദഗ്ധരും പറയുന്നു. ഇന്ത്യയിലും സമാന ഇടിവ് വരുമെന്നു കരുതുന്നവർ കുറവല്ല. താഴ്ചയിൽ വാങ്ങാനുള്ള വൈമനസ്യത്തിന് അതും കാരണമാണ്.

പലിശ വീണ്ടും കൂടും

വിലക്കയറ്റത്തോടു പൊരുതാൻ യുഎസ് ഫെഡ് അടുത്ത മാസവും പലിശ നിരക്ക് 75 ബേസിസ് പോയിൻ്റ് വർധിപ്പിക്കുമെന്നു കൂടുതൽ ഉറപ്പായി. കഴിഞ്ഞ ഫെഡ് യോഗം 75 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് 1.50- 1.75 ശതമാനത്തിലേക്കു ഫെഡറൽ ഫണ്ട്സ് റേറ്റ് എത്തിച്ചിരുന്നു. ഒരു വർധന കൂടി കഴിഞ്ഞാൽ നിരക്ക് 2.25-2.50 ശതമാനമാകും. ഒന്നാം പാദത്തിലെ യുഎസ് ജിഡിപി 1.6 ശതമാനം കുറഞ്ഞു എന്ന കണക്ക് പുറത്തു വന്ന ശേഷവും നിരക്കു വർധന നിലപാടിൽ ഉറച്ചു നിൽക്കുന്നതായാണു ഫെഡ് ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചത്.
പലിശ കൂടുമ്പോൾ സാമ്പത്തിക വളർച്ച കുറയും. കമ്പനികളുടെ ലാഭത്തിലും മൂലധന നിക്ഷേപത്തിലും ഇടിവുണ്ടാകും. പക്ഷേ വിലക്കയറ്റം കടിഞ്ഞാണില്ലാതെ കുതിക്കുന്നത് തടയാതെ മാർഗമില്ല. ഈ സാഹചര്യത്തിലാണു ഫെഡ് നിരക്കു കൂട്ടുന്നത്. അതിൻ്റെ ചുവടുപിടിച്ച് ഇന്ത്യയിലും നിരക്ക് കൂട്ടും.

ജിഎസ്ടി വക വിലക്കയറ്റം

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ഓഗസ്റ്റിലേക്കു മാറ്റിക്കൊണ്ട് ജിഎസ്ടി കൗൺസിൽ യോഗം സമാപിച്ചു. ഇന്നലെ ഈ പംക്തിയിൽ സൂചിപ്പിച്ചതു പോലെ നിരവധി സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി ഒഴിവ് നീക്കുകയോ നിരക്കു കൂട്ടുകയോ ചെയ്തു. വലിയ വിലക്കയറ്റത്തിനിടയിൽ ഈ തീരുമാനം എത്ര ആശാസ്യമാണോയെന്ന് ചിന്തിക്കേണ്ടതാണ്. മരാമത്തുകരാറുകൾ മുതൽ തൈരും മോരും വരെ ഉയർന്ന നികുതി നൽകേണ്ട വിധമാണു തീരുമാനം.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it