വീണ്ടും കാലാവസ്ഥ മാറ്റം; പലിശ വർധന വീണ്ടും ചിന്താവിഷയം; തിരുത്തൽ ആശങ്കയും ഉയരുന്നു;

റിസർവ് ബാങ്കിൻ്റെ പണനയം പ്രതീക്ഷ പോലെ തന്നെ വന്നു. എന്നാൽ ഭാവിയെപ്പറ്റി സൂചന നൽകാത്തത് ആശങ്കകൾക്കു വഴിതെളിച്ചു. അതിൻ്റെ ക്ഷീണം വെള്ളിയാഴ്ച വിപണിയിൽ കാണുകയും ചെയ്തു. യുഎസ് തൊഴിൽ വിപണി മികച്ച നിലയിലാണെന്നു കാണിക്കുന്ന റിപ്പോർട്ടുകൾ അന്നു പുറത്തു വന്നതു യുഎസ് ഓഹരി സൂചികകളെ താഴ്ത്തി, ഡോളർ സൂചിക ഉയർന്നു, സ്വർണം താണു, ക്രൂഡ് ഓയിലിൻ്റെ താഴ്ച വേഗത്തിലായി, വ്യാവസായിക ലോഹങ്ങൾ ഉയർന്നു.

വെള്ളിയാഴ്ച യുഎസിലെ ഡൗ ജോൺസ് സൂചിക നാമമാത്രമായി ഉയർന്നെങ്കിലും മറ്റു പ്രധാന സൂചികകളെല്ലാം ചെറിയ നഷ്ടത്തിലായിരുന്നു. ഞായറാഴ്ച വൈകുന്നേരം യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലായി.

ഇതിൻ്റെ പ്രതികരണം ഇന്നു രാവിലെ ഏഷ്യൻ വിപണികളിൽ ഉണ്ടായി. ജപ്പാനിലെ നിക്കെെ അടക്കം പ്രധാന സൂചികകൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നിക്കൈ നേട്ടത്തിലായെങ്കിലും മറ്റു രാജ്യങ്ങളിലെ സൂചികകൾ താഴ്ചയിൽ തുടർന്നു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 17,430 വരെ ഉയർന്നിട്ടു വെള്ളിയാഴ്ച 17,340-ലേക്കു താണു. ഇന്നു രാവിലെ ഉയർന്ന് 17,384 ലെത്തിയിട്ടു വീണ്ടും താഴ്ചയിലായി. ഇന്ന് ഇന്ത്യൻ വിപണി നേരിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

നാളെ ഇന്ത്യൻ വിപണി മുഹറം പ്രമാണിച്ച് അവധിയിലാണ്.

വെള്ളിയാഴ്ച പ്രഖ്യാപിച്ച പണനയം വിപണിക്ക് പൊതുവേ തൃപ്തികരമായിരുന്നു. എന്നാൽ തുടർന്നുള്ള പലിശഗതി സംബന്ധിച്ചു ഗവർണർ ശക്തികാന്ത ദാസ് സൂചന നൽകാതിരുന്നതു ശ്രദ്ധേയമായി. 50 ബേസിസ് പോയിൻ്റ് വർധന ഇപ്പോൾ കേന്ദ്ര ബാങ്കുകളുടെ സാധാരണ നിരക്ക് ആയി എന്ന ഗവർണറുടെ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടു. സെൻസെക്സ് അന്ന് 89.13 പോയിൻ്റ് (0.15%) ഉയർന്ന് 58,387.93 ലും നിഫ്റ്റി 15.5 പോയിൻ്റ് (0.09%) കയറി 14,397.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.22 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.06% താഴ്ന്നു.

വിദേശ നിക്ഷേപകർ 1605.81 കോടി രൂപ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 495.94 കോടി രൂപയുടെ ഓഹരികൾ വിറ്റു

കഴിഞ്ഞയാഴ്ച സെൻസെക്സ് 1.42 ശതമാനവും (817.68 പോയിൻ്റ് ) നിഫ്റ്റി 1.39 ശതമാനവും (239 പോയിൻ്റ്) നേട്ടമുണ്ടാക്കി. രണ്ടു സൂചികകളും കൂടുതൽ ഉയരത്തിൽ എത്തിയ ശേഷം ഗണ്യമായി താഴ്ന്നാണ് ആഴ്ചയിലെ വ്യാപാരം ക്ലോസ് ചെയ്തത്. മിഡ് ക്യാപ് സൂചിക 2.1 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.6 ശതമാനവും ഉയർന്നു. വിദേശ നിക്ഷേപകർ കഴിഞ്ഞയാഴ്ച 179 കോടി ഡോളർ (14,000-ൽ പരം കോടി രൂപ) ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. മൂന്നു ശതമാനം ഉയർന്ന ഐടി മേഖലയാണു കഴിഞ്ഞയാഴ്ച നേട്ടത്തിനു മുന്നിൽ നിന്നത്. മെറ്റൽ, വാഹന മേഖലകളും നേട്ടമുണ്ടാക്കി. റിയൽറ്റി 2.93 ശതമാനം താഴോട്ടു പോയി.

കഴിഞ്ഞയാഴ്ച നിഫ്റ്റി 17,490 വരെ ഉയർന്നെങ്കിലും 17,450-നു മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞില്ല. ഇതു സൂചികയുടെ മുന്നോട്ടുള്ള നീക്കത്തിനു തടസമായി. 17,450-17,550 മേഖല കടന്നാൽ 17,800-18,000 തലത്തിലേക്കുള്ള പ്രയാണം എളുപ്പമാകും. ഇന്നു വിപണി 17,350നു താഴോട്ടു നീങ്ങി ക്ലോസ് ചെയ്താൽ അതു നീണ്ട തിരുത്തലിലേക്കു വഴി തുറക്കും എന്ന ആശങ്കയുണ്ട്. 16,500-നു താഴെ വരെ നിഫ്റ്റി എത്താം. നിഫ്റ്റിക്ക് ഇന്ന് 17,340-ലും 17,280 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 17,465-ഉം 17,530-ഉം തടസങ്ങളാകും.

ക്രൂഡ് ഓയിൽ താഴ്ന്നു നിൽക്കുന്നു. വെള്ളിയാഴ്ച ചെറിയ ചാഞ്ചാട്ടത്തിനു ശേഷം ബ്രെൻ്റ് ഇനം ക്രൂഡ് 94.92 ഡാേളറിൽ ക്ലോസ് ചെയ്തു. ഈയാഴ്ച ക്രൂഡ് വില 90 ഡോളറിനു താഴോട്ടു നീങ്ങുമെന്നാണു നിഗമനം. 86

ഡോളറിലെ താങ്ങുവരെ താഴ്ച പ്രതീക്ഷിക്കുന്നവരുണ്ട്.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ തോതിൽ ഉയർന്നു. യുഎസിൽ തൊഴിലും ശരാശരി വേതനവും കൂടിയതും തൊഴിലില്ലായ്മ താഴ്ന്നതും മാന്ദ്യഭീതി അകറ്റിയതാണു കാരണം.ഇനിയുള്ളതു പലിശ അമിതമായി കൂടുമോ എന്ന ആശങ്കയാണ്.

സ്വർണവില മാറിയ സാഹചര്യത്തിൽ താഴോട്ടു നീങ്ങി. മാന്ദ്യം വരുന്നില്ലെങ്കിൽ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കേണ്ടതില്ലല്ലോ. സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിന്നു തുടർച്ചയായ മൂന്നാം മാസവും നിക്ഷേപകർ പിന്മാറി. ഈയാഴ്ചയും സ്വർണം താഴോട്ടു നീങ്ങുമെന്നാണു നിഗമനം. ഇന്നു രാവിലെ 1776 ഡോളറിൽ നിന്ന് 1771 ലേക്കു താണിട്ടു വീണ്ടും 1776-1777 ഡോളറിലെത്തി.

കേരളത്തിൽ വെള്ളിയാഴ്ച പവനു 120 രൂപ വർധിച്ച് 38,120 രൂപ ആയിരുന്നു. ശനിയാഴ്ച ആദ്യം 37,800 രൂപയിലേക്കു താഴ്ന്ന സ്വർണം പിന്നീട് 240 രൂപ കൂടി പവന് 38,040 രൂപയിലെത്തി.

യുഎസ് തൊഴിൽ കണക്ക് ഡോളർ സൂചിക കുത്തനേ ഉയരാൻ സഹായിച്ചു. 0.82 ശതമാനം ഉയർന്ന സൂചിക 106.43 ലാണു ക്ലോസ് ചെയ്തത്. ഇന്നു വീണ്ടും കയറുമെന്നാണു നിഗമനം.

വെള്ളിയാഴ്ച 79.23 രൂപയിലേക്കു താണ ഡോളർ വീണ്ടും കയറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ക്രൂഡ് ഓയിൽ വില താഴുന്നതു രൂപയെ സഹായിക്കുമെങ്കിലും വേറേ ദുർബല ഘടകങ്ങൾ ഉണ്ടെന്നു വിദേശ നാണയ വിപണി കരുതുന്നു.

യുഎസിൽ തൊഴിൽ വർധിക്കുമ്പോൾ

വെള്ളിയാഴ്ച യുഎസിൽ നിന്നു നിർണായകമായ ചില കണക്കുകൾ പുറത്തുവന്നു. ജൂലൈയിലെ പുതിയ തൊഴിലവസരങ്ങൾ 5.8 ലക്ഷമായി. നിരീക്ഷകർ പ്രതീക്ഷിച്ചതിൻ്റെ ഇരട്ടിയിലേറെ. വേതനനിലവാരവും പ്രതീക്ഷയിലധികം കൂടി. തൊഴിലില്ലായ്മ 3.5 ശതമാനത്തിലേക്കു താഴ്ന്നു. എല്ലാം നല്ല കാര്യങ്ങൾ.

ഇവയുടെ അർഥം അമേരിക്ക മാന്ദ്യത്തിലേക്കു നീങ്ങിയിട്ടില്ല എന്നാണ്. തുടർച്ചയായ രണ്ടു പാദങ്ങളിൽ ജിഡിപി കുറഞ്ഞെങ്കിലും തൊഴിലും വേതനവും വർധിച്ചു. തൊഴിലില്ലായ്മ കുറഞ്ഞു. അതായതു തൊഴിൽ വിപണി ഉത്സാഹത്തിലാണ്. ഇതിൻ്റെ സൂചന പലിശ ഇനിയും ഗണ്യമായി കൂട്ടാം എന്നാണ്. രണ്ടു തവണ 75 ബേസിസ് പോയിൻ്റ് വീതം കൂട്ടിയ പലിശ നിരക്ക് ഇനിയും അതേ തോതിൽ കൂട്ടാൻ ഫെഡ് മടിക്കേണ്ടതില്ല. ഇനി 50 ബേസിസ് പോയിൻ്റേ വർധിപ്പിക്കൂ എന്ന ആശ്വാസപ്രതീക്ഷ മാറി.

ഉയർന്ന തോതിലുള്ള വർധന കമ്പനികളുടെ ലാഭ മാർജിൻ കുറയ്ക്കും. മൂലധന നിക്ഷേപവും കുറയ്ക്കും. കൂടിയ പലിശനിരക്ക് ഡോളറിലേക്കു കൂടുതൽ നിക്ഷേപം വരുത്തും. മറ്റു കറൻസികൾ വീണ്ടും ദുർബലമാകും. ഡോളർ സൂചിക വെള്ളിയാഴ്ച തന്നെ ഉയർന്നു.

റീപോ നിരക്ക്എത്രയാകും?

റിസർവ് ബാങ്ക് റീപോ നിരക്ക് 4.9 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി ഉയർത്തിയതോടെ ഈ വർഷത്തെ വലിയ വർധനകൾ അവസാനിച്ചു എന്ന ആശ്വാസമാണു പല കേന്ദ്രങ്ങളും പ്രകടിപ്പിച്ചത്. പക്ഷേ അങ്ങനെ ത്തകണമെന്നില്ല. ജൂലൈയിലെ ചില്ലറ വിലക്കയറ്റ നിരക്ക്, ഒന്നാം പാദത്തിലെ ജിഡിപി വളർച്ച എന്നിവയ്ക്കൊപ്പം യുഎസ് പലിശ നിരക്കും റിസർവ് ബാങ്കിൻ്റെ തീരുമാനത്തെ സ്വാധീനിക്കും. തൊഴിൽ കണക്കുകൾ യുഎസിൽ പലിശവർധന ഇനിയും ഉയർന്ന തോതിൽ തുടരുമെന്നാണു സൂചിപ്പിക്കുന്നത്. അപ്പോൾ ഇന്ത്യക്കു വിട്ടു നിൽക്കാനാവില്ല. യുഎസ് മാന്ദ്യസാധ്യത നീങ്ങിയാൽ ക്രൂഡ് ഓയിൽ വില തിരിച്ചു കയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. റിസർവ് ബാങ്ക് കൂടുതൽ ഇടപെടൽ നടത്തേണ്ടി വരും എന്നു വ്യക്തം. ഡിസംബറിൽ റീപോ നിരക്ക് ആറു ശതമാനത്തിനു മുകളിൽ ആയിരിക്കും എന്ന അനുമാനമാണ് ഈ സാഹചര്യത്തിൽ യുക്തിസഹം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it