രാഷ്ട്രീയവും വില്‍പന സമ്മര്‍ദവും ആശങ്ക; വിദേശികള്‍ ചൈനയിലേക്ക്, സ്വര്‍ണം കയറ്റത്തില്‍

രാഷ്ട്രീയ അനിശ്ചിതത്വവും വിദേശഫണ്ടുകളുടെ വില്‍പനയും ഇന്ത്യന്‍ വിപണിയെ ആശങ്കപ്പെടുത്തുകയാണ്. മുന്നേറാനുള്ള കരുത്ത് വില്‍പന സമ്മര്‍ദത്തിനു മുന്നില്‍ ദുര്‍ബലമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഈ സ്ഥിതി പുതിയ ആഴ്ചയില്‍ മാറുമോ എന്നു വ്യക്തമല്ല. വിദേശ സൂചനകള്‍ നെഗറ്റീവും ആണ്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,128.5ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,078 ആയി. ഇന്ത്യന്‍ വിപണി ഇന്ന് താഴ്ന്ന നിലയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നേട്ടത്തില്‍ അവസാനിച്ചു. യു.കെ ഒന്നാം പാദത്തില്‍ തലേ പാദത്തേക്കാള്‍ 0.6 ശതമാനം ജി.ഡി.പി വളര്‍ച്ചയോടെ മാന്ദ്യത്തെ അതിജീവിച്ചു.
യു.എസ് വിപണി ചെറിയ നേട്ടത്തിലായിരുന്നു വെള്ളിയാഴ്ച. ഡൗ ജോണ്‍സ് സൂചിക 125.08 പോയിന്റ് (0.32%) കയറി 39,512.84ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 8.60 പോയിന്റ് (0.16%) ഉയര്‍ന്ന് 5222.68ലും അവസാനിച്ചു. നാസ്ഡാക് 5.40 പോയിന്റ് (0.03%) താണ് 16,340.87ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ചെറിയ താഴ്ചയിലാണ്. ഡൗ 0.02 ശതമാനവും എസ് ആന്‍ഡ് പി 0.03 ശതമാനവും നാസ്ഡാക് 0.01 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
പത്തു വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.494 ശതമാനമായി ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ 0.60 ശതമാനവും ചൈനയില്‍ ഷാങ്ഹായ് 0.85 ശതമാനവും താണു. ചൈനയിലെ ചില്ലറ വിലക്കയറ്റവും ജപ്പാനിലെ ഒന്നാം പാദ ജി.ഡി.പിയും ഇന്നറിയാം.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച ഉയര്‍ന്നു തുടങ്ങിട്ടു മിതമായ നേട്ടത്തില്‍ അവസാനിച്ചു. ഇന്‍ട്രാ ഡേയിലെ ഉയര്‍ന്ന നില സംരക്ഷിക്കാനായില്ല. വില്‍പന സമ്മര്‍ദം തുടരുകയാണ്. രാഷ്ട്രീയ ആശങ്ക വിദേശ നിക്ഷേപകരെ വലിയ വില്‍പനയ്ക്കു പ്രേരിപ്പിക്കുകയാണ്. മേയിലെ ആദ്യ എട്ടു ദിവസം കൊണ്ടു വിദേശികള്‍ 19,201 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചു. ഏപ്രിലില്‍ 8671 കോടി രൂപ അവര്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യയില്‍ വിറ്റ് ചൈനയില്‍ ഓഹരികള്‍ വാങ്ങുകയാണു വിദേശികള്‍. ഇന്ത്യയില്‍ 20 പി ഇ അനുപാതത്തിലാണ് ഓഹരികള്‍. ചൈനയില്‍ 10 പി ഇ അനുപാതത്തില്‍ ഓഹരികള്‍ കിട്ടും.
രാഷ്ട്രീയ ആശങ്കകള്‍ അതേ പടി യാഥാര്‍ഥ്യമായാലും ഓഹരികള്‍ ഏതാനുമാഴ്ചകള്‍ക്കകം തിരിച്ചു കയറുന്നതാണു മുന്‍കാലങ്ങളില്‍ കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ തകര്‍ച്ചകളെ നല്ല ഓഹരികള്‍ കുറഞ്ഞ വിലയില്‍ വാങ്ങലിനുള്ള അവസരമായി വേണം നല്ല നിക്ഷേപകര്‍ കാണാന്‍.
വെള്ളിയാഴ്ച സെന്‍സെക്‌സ് 200.30 പോയിന്റ് (0.30%) ഉയര്‍ന്ന് 72,664.47ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 97.40 പോയിന്റ് (0.44%) കയറി 22,055.20ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 66.80 പോയിന്റ് (0.14%) നഷ്ടത്തില്‍ 47,421.10ല്‍ ക്ലോസ് ചെയ്തു.
മുഖ്യ സൂചികകളേക്കാള്‍ നേട്ടം വിശാല വിപണിക്ക് ഉണ്ടായിരുന്നു. മിഡ്ക്യാപ് സൂചിക 0.86 ശതമാനം കയറി 49,532.30 ലും സ്‌മോള്‍ക്യാപ് സൂചിക 0.69 ശതമാനം ഉയര്‍ന്ന് 16,106.75ലും അവസാനിച്ചു.
വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 2117.50 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2709.81 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
22,000നു മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്‌തെങ്കിലും വിപണി മുന്നേറ്റത്തിനു കരുത്തു കാട്ടുന്നില്ല. ട്രെന്‍ഡ് ലൈനിന്റെ താഴെ ഭാഗത്തു നില്‍ക്കുകയാണു നിഫ്റ്റി. ഭീതിയുടെ സൂചികയായ ഇന്ത്യ വിക്‌സ് 18.47ലാണ്. 12 ദിവസം കൊണ്ട് സൂചിക 81 ശതമാനം താണു. ഇതെല്ലാം താഴ്ചയിലേക്കു സൂചന നല്‍കുന്നു. 21,900നു താഴേക്കു നിഫ്റ്റി വീണാല്‍ കൂടുതല്‍ തിരുത്തലിലേക്കു നീങ്ങും. ഇന്നു നിഫ്റ്റിക്ക് 21,975ലും 21,865ലും പിന്തുണയുണ്ട്. 20,075-ഉം 22,225 ഉം തടസങ്ങള്‍ ആകാം.
സ്വര്‍ണം കയറുന്നു
സ്വര്‍ണം വാരാന്ത്യത്തില്‍ കയറ്റത്തിലായിരുന്നു. ഔണ്‍സിന് 2,360.70 ഡോളറിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 2,359 ഡോളറിലേക്കു സ്വര്‍ണം താണു. കേരളത്തില്‍ സ്വര്‍ണം പവന് വാരാന്ത്യത്തില്‍ വില 53,800 രൂപ ആയി.
രൂപ വെള്ളിയാഴ്ച ഉയര്‍ന്നു. ഡോളര്‍ രണ്ടു പൈസ നഷ്ടത്തോടെ 83.49 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക വെള്ളിയാഴ്ച 105.3 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.38 ലേക്കു കയറി.
വിപണിസൂചനകള്‍
(2024 മേയ് 10, വെളളി)
സെന്‍സെക്‌സ്30 72,664.47 +0.36%
നിഫ്റ്റി50 22,055.20 +0.44%
ബാങ്ക് നിഫ്റ്റി 47,421.10 -0.14%
മിഡ്ക്യാപ് 100 49,532.30 +0.86%
സ്‌മോള്‍ക്യാപ് 100 16,106.75 +0.69%
ഡൗ ജോണ്‍സ് 30 39,512.84 +0.32%
എസ് ആന്‍ഡ് പി 500 5222.68 +0.16%
നാസ്ഡാക് 16,340.8 -0.03%
ഡോളര്‍($) ₹83.49 -₹0.02
ഡോളര്‍ സൂചിക 105.30 +0.08
സ്വര്‍ണം (ഔണ്‍സ്) $2360.70 +$46.90
സ്വര്‍ണം (പവന്‍) ₹53,800 -₹880
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.56 -$1.61
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it