
നാളെ അമേരിക്കൻ പ്രസിഡൻ്റ് എന്തു ചെയ്യും എന്ന ആശങ്കയിലാണു വിപണികൾ എല്ലാം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തകർച്ച നേരിട്ട വിപണികൾ തിങ്കളാഴ്ച ചെറിയ ആശ്വാസത്തിലായി. ഏഷ്യൻ രാജ്യങ്ങളിൽ ഇന്നു രാവിലെയാണു ദുർബലമായ ആശ്വാസറാലി. ഇന്ത്യൻ വിപണി ആശ്വാസറാലി വേണോ ആശങ്കയുടെ കയത്തിലേക്കു വീഴണോ എന്ന ചിന്താക്കുഴപ്പമാണ് ഇന്നു രാവിലെ പ്രകടിപ്പിക്കുന്നത്. പകരത്തിനു പകരം തീരുവായിൽ ഇന്ത്യക്ക് ഇളവില്ല എന്ന ഡോണൾഡ് ട്രംപിൻ്റെ നിലപാട് ഇന്ത്യൻ വിപണിയെ ഇടിക്കും എന്ന ആശങ്ക വളർത്തുന്നു. അടുത്തയാഴ്ച റിസർവ് ബാങ്ക് റീപോ നിരക്ക് കുറയ്ക്കുമെന്ന സൂചന പോലും വിപണിക്ക് ഉണർവ് നൽകാത്തത് അതു കൊണ്ടാണ്.
രാജ്യാന്തര വിപണിയിൽ സ്വർണം വല്ലാത്ത കുതിപ്പിലാണ്. ക്രൂഡ് ഓയിൽ ആകട്ടെ ബാരലിന് 75 ഡോളറിനെ സമീപിക്കുകയാണ്.
ഔഷധങ്ങൾ, ചെമ്പ് എന്നിവയ്ക്കു ട്രംപ് ഇന്നു തീരുവ പ്രഖ്യാപിച്ചേക്കാം എന്നു സൂചനയുണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച 23,490 ൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 23,326 വരെ ഇടിഞ്ഞ ശേഷം ഇന്നു രാവിലെ 23,463 ലാണ്. ഇന്ത്യൻ വിപണി ഇന്നും വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വലിയ നഷ്ടത്തിലായി. യുഎസ് വിലക്കയറ്റം വർധിച്ചതും വിപണിയെ തീരുവയുദ്ധം സംബന്ധിച്ച ആശങ്കകളും ആണു കാരണം. മാർച്ച് മാസത്തിൽ യൂറോപ്യൻ സൂചിക സ്റ്റോക്സ് മൂന്നു ശതമാനം ഇടിഞ്ഞു. വിലക്കയറ്റവും തീരുവയുദ്ധവും വെള്ളിയാഴ്ച യുഎസ് വിപണിയെ വല്ലാതെ ഉലച്ചു. മുഖ്യസൂചികകൾ 2.7 ശതമാനം വരെ ഇടിഞ്ഞു. ടെക്‌നോളജി കമ്പനികൾ അഞ്ചു ശതമാനത്തോളം തകർച്ചയിലായി.ഫെബ്രുവരിയിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) എന്ന ചില്ലറ വിലക്കയറ്റ കണക്ക് പ്രതീക്ഷിച്ചതിലും അധികമായി. 2.6 ശതമാനം വാർഷിക നിരക്ക് പ്രതീക്ഷിച്ചത് 2.8 ശതമാനമായി. പ്രതിമാസ നിരക്ക് 0.3 നു പകരം 0.4 ശതമാനം. ഉപഭോക്താക്കളുടെ ചെലവഴിക്കൽ 0.5 ശതമാനം കൂടുമെന്നു കരുതിയ സ്ഥാനത്ത് 0.4 ശതമാനം മാത്രം. യുഎസ് ഫെഡറൽ റിസർവ് ബോർഡ് പലിശനിർണയത്തിന് ആധാരമാക്കുന്നതു പിസിഇ ആണ്. പിസിഇ രണ്ടു വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണു കുറിച്ചത്. ഫെഡ് പലിശ കുറയ്ക്കൽ തീരുമാനം നീട്ടും എന്നാണ് ഇതിനു ശേഷം വിപണി കണക്കാക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് മിഷിഗൻ്റെ ഉപഭോക്തൃ വിശ്വാസ സൂചിക തുടർച്ചയായ നാലാം മാസവും കുറഞ്ഞു. ഇതും ഉപഭോക്താക്കൾ പണം ചെലവഴിക്കൽ കുറച്ചതും മാന്ദ്യഭീതി വളർത്തിയിട്ടുണ്ട്. വിപണിയുടെ വലിയ തകർച്ചയ്ക്കാണ് ഇതെല്ലാം വഴി തെളിച്ചത്.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 715.80 പോയിൻ്റ് (1.69%) താഴ്ന്ന് 41,583.90 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 112.37 പോയിൻ്റ് (1.97%) നഷ്ടത്തോടെ 5580.94 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 481.04 പോയിൻ്റ് (2.70%) ഇടിഞ്ഞ് 17,322.99 ൽ ക്ലോസ് ചെയ്തു.
തിങ്കളാഴ്ച വിശാല യുഎസ് സൂചികകൾ ഉയർന്നു. പക്ഷേ ടെക്നോളജി ഓഹരികൾ വീണ്ടും താഴ്ചയിലായി. ഡൗ ജോൺസ് 417.86 പോയിൻ്റ് (1.00%) ഉയർന്ന് 42,001.76 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 30.91 പോയിൻ്റ് (0.55%) കയറി 5611.85 ൽ അവസാനിച്ചു. നാസ്ഡാക് 23.70 പോയിൻ്റ് (0.14%) കുറഞ്ഞ് 17,299.29 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.25 ഉം എസ് ആൻഡ് പി 0.40 ഉം നാസ്ഡാക് 0.52 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച രണ്ടും തിങ്കളാഴ്ച നാലും ശതമാനം ഇടിഞ്ഞു. ഇന്നു ചെറിയ നേട്ടത്തിലാണ്. പകരത്തിനു പകരം തീരുവയിൽ നിന്ന് ഒരു രാജ്യത്തിനും ഒഴിവില്ല എന്ന നിലപാടാണ് ഏഷ്യൻ വിപണികളെ ദുർബലമാക്കിയത്.
ആറു ദിവസം തുടർച്ചയായി വാങ്ങലുകാരായ വിദേശനിക്ഷേപകർ വെള്ളിയാഴ്ച വിൽപനക്കാരായി. ഒപ്പം സ്വദേശി ഫണ്ടുകളും വൻതോതിൽ വിറ്റു. ചെറിയ നേട്ടത്തിൽ തുടങ്ങിയ വിപണി ചാഞ്ചാട്ടത്തിനു ശേഷം നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിപണി മനോഭാവം ദുർബലമായി.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1 447 ഓഹരികൾ ഉയർന്നപ്പോൾ 2564 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1080 എണ്ണം. താഴ്ന്നത് 1720 എണ്ണം.
എൻഎസ്ഇയിൽ 36 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 312 എണ്ണമാണ്. ഒൻപത് ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ ആറ് എണ്ണം ലോവർ സർക്കീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച വലിയ വിൽപന നടത്തി. വിദേശികൾ ക്യാഷ് വിപണിയിൽ 4352.82 കാേടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 7646.49 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മാർച്ചിലെ അവസാന ദിനങ്ങളിൽ വിദേശികൾ വാങ്ങലുകാർ ആയെങ്കിലും മാസത്തെ കണക്കുകൾ കാണിക്കുന്നത് അവർ 3973 കോടി രൂപയുടെ അറ്റ വിൽപനക്കാർ ആയിരുന്നു എന്നാണ്. പ്രൈമറി മാർക്കറ്റിൽ 2055 കോടി രൂപ നിക്ഷേപിച്ച അവർ ക്യാഷ് വിപണിയിൽ 6027 കോടി രൂപയുടെ വിൽപന നടത്തി.
തിങ്കളാഴ്ച അവസാനിച്ച ധനകാര്യ വർഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ 1.31 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 6.07 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വെള്ളിയാഴ്ച നിഫ്റ്റി 72.60 പോയിൻ്റ് (0.31%) താഴ്ന്ന് 23,519.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 191.51 പോയിൻ്റ് (0.25%) കുറഞ്ഞ് 77,414.92 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 11 പോയിൻ്റ് (0.02%) താഴ്ന്ന് 51,564.85 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.32 ശതമാനം താഴ്ന്ന് 51,672.25 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.15 ശതമാനം കുറഞ്ഞ് 16,095.70 ൽ ക്ലോസ് ചെയ്തു.
വിപണി മനോഭാവം ദുർബലം ആണ്. നിഫ്റ്റി 23,400-23,300 ലെ പിന്തുണ നിലനിർത്തിയാൽ മാത്രമേ 23,800-24,000 മേഖലയിലേക്കു കയറാനാവൂ. പിന്തുണ നഷ്ടമായാൽ കൂടുതൽ വിൽപന സമ്മർദം ഉണ്ടാകും. ഇന്നു നിഫ്റ്റിക്ക് 23,460 ലും 23,340 ലും പിന്തുണ പ്രതീക്ഷിക്കാം. 23,615 ലും 23,740 ലും തടസം ഉണ്ടാകാം.
രാജ്യാന്തര വ്യാപാര- സാമ്പത്തിക അനിശ്ചിതത്വം സ്വർണത്തെ ദിവസേന പുതിയ റെക്കോർഡ് ഉയരത്തിൽ എത്തിക്കുകയാണ്. ട്രംപിൻ്റെ നടപടികൾ എങ്ങോട്ടാണ് എന്നറിയാത്തതാണു വിപണിയുടെ പ്രശ്നം. എങ്ങും സാമ്പത്തിക കോളിളക്കത്തെപ്പറ്റി ആശങ്ക വളരുന്നു. ഈ സാഹചര്യത്തിൽ വലിയ നിക്ഷേപ ബാങ്കുകളുടെ പ്രവചനങ്ങൾ എല്ലാം അസ്ഥാനത്തായി. കഴിഞ്ഞ വർഷത്തെ 26.3 ശതമാനം കുതിപ്പിനു ശേഷം മറ്റൊരു കുതിപ്പ് ഇത്രവേഗം ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ 2025 ൽ മാർച്ച് 31നകം സ്വർണവില 19 ശതമാനം ഉയർന്ന് ഔൺസിന് 3128 ഡോളർ വരെ എത്തി. 2025 ലേക്ക് ആദ്യം 3000 ഡോളറും പിന്നീട് 3300 ഡോളറും ഒടുവിൽ 3500 ഡോളറും പ്രവചിച്ച ഗോൾഡ്മാൻ സാക്സ് ഇന്നലെ, വില 4500 ഡോളർ വരെ എത്താം എന്ന നിലപാടിലേക്കു കയറി. മറ്റു നിക്ഷേപ ബാങ്കുകൾ വില പ്രവചനം നടത്താൻ മടിക്കുകയാണ്
വെള്ളിയാഴ്ച അവധിവില 3118 ഡോളറിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച അവധിവില 3156 ഡോളറിൽ എത്തി.
വെള്ളിയാഴ്ച സ്വർണം ഔൺസിനു 3085.70 ഡോളറിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച വില 3124.00 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 3135.10 ഡോളറിലാണ്.
തീരുവയുദ്ധത്തിൻ്റെ അടുത്തഘട്ടം വ്യക്തമാകുന്ന നാളെ വീണ്ടും സ്വർണവിലയിൽ വലിയ ചലനം. ഉണ്ടാകാം എന്നാണു വിപണിയിലെ സംസാരം.
കേരളത്തിൽ വെള്ളിയാഴ്ച ആഭരണസ്വർണം പവന് 880 രൂപ വർധിച്ച് 66,720 രൂപ എന്ന റെക്കോർഡിൽ എത്തി. ശനിയാഴ്ച 160 രൂപ കൂടി 66,880 രൂപ ആയി. തിങ്കളാഴ്ച 520 രൂപ വർധിച്ച് 67,400 രൂപയിൽ എത്തി. ഇന്നു വില വീണ്ടും ഗണ്യമായി കയറും.
വെള്ളിവില ഔൺസിന് 34.20 ഡോളറിലേക്കു കയറി.
ഡോളർ സൂചിക വെള്ളിയാഴ്ച അൽപം ഉയർന്ന് 104.21 ൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 104.12 ആയി. ഇന്നു രാവിലെ 104.09 ആണ്.
രൂപ വെള്ളിയാഴ്ച ഉയർന്നതോടെ മാർച്ചിലെ നേട്ടം മികച്ചതായി. ഡോളർ 31 പെെസ താഴ്ന്ന് 85.47 രൂപയിൽ ക്ലോസ് ചെയ്തു.
യുഎസ് കടപ്പത്രവില തിങ്കളാഴ്ചയും ഉയർന്നു, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.217ശതമാനത്തിൽ എത്തി. വിലക്കയറ്റം ഉയർന്ന സാഹചര്യത്തിൽ ഫെഡ് പലിശനിരക്കു കുറയ്ക്കൽ നീട്ടിവയ്ക്കും എന്നാണു പൊതുധാരണ എങ്കിലും കടപ്പത്രവിപണി വിപരീത ദിശയിലാണു നീങ്ങിയത്.
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 73.38 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ തിങ്കളാഴ്ച വീണ്ടും ഉയർന്നു. റഷ്യക്കെതിരേ ട്രംപ് ഉപരോധ ഭീഷണി മുഴക്കിയതും യുഎസ് ക്രൂഡ് ഉൽപാദനം അപ്രതീക്ഷിതമായി കുറഞ്ഞതും വില ഒന്നും ശതമാനം ഉയരാൻ കാരണമായി. ബ്രെൻ്റ് ഇനം 74.74 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 71.41 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.51 ഉം ഡോളറിലേക്കു നീങ്ങി.
ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ ഇടിഞ്ഞു. ബിറ്റ്കോയിൻ 82,300 നു താഴെ എത്തിയ ശേഷം തിങ്കളാഴ്ച അൽപം ഉയർന്നു. ഇന്ന് 82,700 ഡോളറിൽ എത്തി. ഈഥർ 1825 ഡോളറിനു സമീപം ആയി.
(2025 മാർച്ച് 28, വെള്ളി)
സെൻസെക്സ്30 77,414.92 -0.25%
നിഫ്റ്റി50 23,519.35 -0.31%
ബാങ്ക് നിഫ്റ്റി 51,564.85 -0.02%
മിഡ് ക്യാപ്100 51,672.25 -0.32%
സ്മോൾക്യാപ്100 16,095.70 -0.15%
ഡൗജോൺസ് 41,583.90 -1.69%
എസ് ആൻഡ് പി 5580.94 -1.97%
നാസ്ഡാക് 17,323.00 -2.70%
ഡോളർ($) ₹85.47 -₹0.31
സ്വർണം(ഔൺസ്) $3085.70 +$28.10
തിങ്കൾ $3124.00 +$40.30
സ്വർണം(പവൻ) ₹66,720 +₹840
ശനി ₹66,880 +₹160
ശനി ₹67,400 +₹520
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $77.74 +$1.36
(2025 മാർച്ച് 31, തിങ്കൾ)
ഡൗജോൺസ് 42,001.80 +1.00%
എസ് ആൻഡ് പി 5611.85 +0.55%
നാസ്ഡാക് 17,299.30 -0.14%
Read DhanamOnline in English
Subscribe to Dhanam Magazine