

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവയുദ്ധം തുടരുകയാണ്. കാനഡയ്ക്ക് 35 ശതമാനം ചുങ്കം ചുമത്തി, മെക്സിക്കോയ്ക്കു നിലവിലെ നിരക്ക് 90 ദിവസം കൂടി തുടരും. സ്വിറ്റ്സർലൻഡിന് 39 ശതമാനം തീരുവ ചുമത്തി.
മറ്റു രാജ്യങ്ങൾക്കു 10 മുതൽ 50 വരെ ശതമാനം തീരുവ ചുമത്താനുളള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. തീരുവ ചുമത്താനുള്ള ട്രംപിൻ്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഹർജികളിൽ യുഎസ് ഫെഡറൽ അപ്പീൽ കോടതി വാദം കേട്ടു തുടങ്ങി.
ട്രംപിൻ്റെ തീരുവകളിൽ കുറേ ഇന്നു നിലവിൽ വന്നു. കുറേ ഏഴു ദിവസം കഴിഞ്ഞാണു നടപ്പാകുക. ചിലതു 12ാം തീയതിയും മാസാവസാനവും ആകും.
ട്രംപിൻ്റെ വ്യവസ്ഥകൾക്കു വഴങ്ങാതെ മുന്നോട്ടു പോകാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. കുറേ ആഴ്ചകളോ മാസങ്ങളോ എടുത്താലും ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാർ മതി എന്നാണു ഗവണ്മെൻ്റ് എടുക്കുന്ന നിലപാട്. കയറ്റുമതി മേഖലയിൽ ഉണ്ടാകുന്ന തിരിച്ചടി സഹിക്കാവുന്നതേ ഉള്ളൂ എന്നാണു സർക്കാർ വിലയിരുത്തൽ.
ലോകമെങ്ങും കയറ്റുമതി മേഖലയെ സമ്പൂർണ അനിശ്ചിതത്വത്തിലേക്കു വീഴിച്ചാണു ട്രംപിൻ്റെ നടപടികൾ എത്തി നിൽക്കുന്നത്. ഈ അനിശ്ചിതത്വവും ആശങ്കയും ഇന്നലെ അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ കണ്ടു. നിർമിതബുദ്ധി ഉപയോഗിച്ചു ടെക് കമ്പനികൾ വളർച്ചയുടെ പുതിയ യുഗം തുടങ്ങും എന്നു വിലയിരുത്തി റെക്കോർഡ് നിലയിൽ എത്തിയ യുഎസ് സൂചികകൾ ഇന്നലെ അൽപം താഴ്ന്നു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി.
ക്രൂഡ് ഓയിൽ വില താഴ്ന്നു. ഡോളർ വീണ്ടും കയറ്റത്തിലാണ്. ഡോളർ സൂചിക 100 നു മുകളിലാണ്. ഇതു രൂപയെ കൂടുതൽ ദുർബലമാക്കാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,706.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,722 ൽ ഓപ്പൺ ചെയ്ത് 24,739 വരെ കയറിയെങ്കിലും പിന്നീട് 24,710 ലേക്കു താഴ്ന്നു. ഇന്ത്യൻവിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ഗണ്യമായി താഴ്ന്നു. കമ്പനി റിസൽട്ടുകൾ ഒട്ടും ആവേശകരമായില്ല. വരുമാനവും ലാഭവും പ്രതീക്ഷയിലധികം വർധിപ്പിച്ച റോൾസ് റോയ്സ് വാർഷിക പ്രതീക്ഷ ഉയർത്തി. ഓഹരി ഏഴു ശതമാനം കുതിച്ചു. ഏറ്റവും വലിയ ബീയർ നിർമാതാക്കളായ എബി ഇൻബെവ് 12 ശതമാനം ഇടിഞ്ഞു. ബഡ് വൈസർ വിൽപന കുറഞ്ഞതാണു കാരണം.
ഇന്നലെ റെക്കോർഡ് തിരുത്തി വ്യാപാരം തുടങ്ങിയ എസ് ആൻഡ് പിയും നാസ്ഡാകും താഴ്ന്നു ക്ലോസ് ചെയ്തു. ഡൗ മുക്കാൽ ശതമാനം ഇടിഞ്ഞു. മൈക്രോസോഫ്റ്റും മെറ്റയും പ്രതീക്ഷകൾ മറികടന്ന നേട്ടം കാണിച്ചെങ്കിലും തീരുവയുദ്ധം വിപണിയുടെ ആവേശം കെടുത്തി. രണ്ടാം പാദ ജിഡിപി കണക്കുകളിൽ വളർച്ചയ്ക്കു തടസമായ കാര്യങ്ങൾ വളർന്നു വരുന്നതു സൂചിപ്പിക്കുന്നുണ്ട്. വിലക്കയറ്റവും കൂടും എന്നതാണു നില. ഈ വിശകലനങ്ങൾ വിപണിയെ താഴ്ത്തി.
മെെക്രോസോഫ്റ്റ് ഓഹരി 11 ശതമാനം ഉയർന്നു. കമ്പനിയുടെ വിപണിമൂല്യം നാലു ട്രില്യൺ (ലക്ഷം കോടി) ഡോളർ കടന്നു. ആദ്യം അവിടെ എത്തിയ എൻവിഡിയയുടെ വിപണിമൂല്യം 4.34 ട്രില്യൺ ആണ്.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 330.30 പോയിൻ്റ് (0.74%) താഴ്ന്നു 44,130.98 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 23.51 പോയിൻ്റ് (0.37%) കുറഞ്ഞ് 6339.39 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 7.23 പോയിൻ്റ് (0.03%) താഴ്ന്ന് 21,122.45 ൽ ക്ലോസ് ചെയ്തു.
വ്യാപാരസമയത്തിനു ശേഷം ടെക്നോളജി ഭീമൻ ആപ്പിൾ പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ടു. ഐഫോൺ വിൽപന 13 ശതമാനം വർധിച്ചു. മൊത്തം വിറ്റുവരവിൽ 10 ശതമാനം കയറ്റമുണ്ട്. ചൈനയിലും കമ്പനി നാലു ശതമാനം വളർന്നു. ഭാവി വരുമാന പ്രതീക്ഷ ശോഭനമാണെന്നു സിഇഒ ടിം കുക്ക് പറഞ്ഞു നിർമ്മിതബുദ്ധിയിൽ കൂടുതൽ നിക്ഷേപം നടത്തും ഒപ്പം ഏതെങ്കിലും കമ്പനിയെ ഏറ്റെടുക്കാനും ശ്രമിക്കും. ആപ്പിൾ ഓഹരി രണ്ടു ശതമാനം കൂടി. നിലവിലെ പാദത്തിൽ വരുമാനവർധന കുറയും എന്ന മുന്നറിയിപ്പ് നൽകിയ ആമസോൺ ഫ്യൂച്ചേഴ്‌സിൽ ഏഴു ശതമാനം ഇടിഞ്ഞു.
തീരുവ തീരുമാനങ്ങളിലും കാേടതിയുടെ വിധിയിലും ഉള്ള ആശങ്ക ഫ്യൂച്ചേഴ്സ് വിപണിയെ താഴ്ത്തി. ഡൗ 0.13 ഉം എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.22 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ജാപ്പനീസ്, ഓസ്ട്രേലിയൻ വിപണികൾ ഒന്നും ദക്ഷിണ കൊറിയൻ വിപണി രണ്ടും ശതമാനം ഇടിഞ്ഞു. ഹോങ് കോങ്, ചൈനീസ് വിപണികൾ ഉയർന്നു.
ട്രംപിൻ്റെ അപ്രീതി മുഴുവൻ കാണിക്കുന്ന ഉയർന്ന തീരുവയും നിരക്ക് പറയാത്ത പിഴച്ചുങ്കവും ഇന്ത്യയുടെ ആശങ്കകൾ വർധിപ്പിച്ചു. എന്നാൽ വിപണി അതേച്ചൊല്ലി തകർന്നില്ല. ഏതാനും ആഴ്ചകൾക്കകം തൃപ്തികരമായ വ്യാപാരകരാറിൽ ഏർപ്പെടാൻ മോദി ഭരണകൂടത്തിനു കഴിയും എന്ന വിശ്വാസമാണ് ഇന്നലെ വിപണിയിൽ കണ്ടത്. ഒരു ശതമാനത്തിലധികം ഇടിഞ്ഞു വ്യാപാരം തുടങ്ങിയ ശേഷം സൂചികകൾ തിരിച്ചു കയറി നേട്ടത്തിലായി. എങ്കിലും പിന്നീടു ഗണ്യമായ താഴ്ചയിലാണ് ക്ലോസ് ചെയ്തത്. വിദേശനിക്ഷേപകർ വിൽപനയുടെ തോത് കൂട്ടി.
നിഫ്റ്റി വ്യാഴാഴ്ച 86.70 പോയിൻ്റ് (0.35%) താഴ്ന്ന് 24,768.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 296.28 പോയിൻ്റ് (0.36%) നഷ്ടത്തോടെ 81,185.58 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 188.75 പോയിൻ്റ് (0.34%) കുറഞ്ഞ് 55,961.95 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 541.70 പോയിൻ്റ് (0.93%) താഴ്ന്ന് 57,400.55 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 190.00 പോയിൻ്റ് (1.05%) ഇടിഞ്ഞ് 17,966.85 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1525 ഓഹരികൾ ഉയർന്നപ്പോൾ 2502 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1045 എണ്ണം. താഴ്ന്നത് 1907 ഓഹരികൾ.
എൻഎസ്ഇയിൽ 72 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 50 എണ്ണമാണ്. 82 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 60 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 5588.91 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 6372.71 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നലെ തകർച്ച ഒഴിവാക്കിയ വിപണി ഇനി എത്ര താഴും എന്ന ആശങ്കയിലാണ് ഇന്നു വ്യാപാരം തുടങ്ങുക.അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാകാത്തതും തീരുവ കുത്തനേ കൂടുന്നതും മൂലമുള്ള പ്രശ്നങ്ങൾ ഏതാനും നാളുകൾക്കകം പരിഹൃതമാകും എന്ന വിശ്വാസം എല്ലാവർക്കും ഇല്ല.
നിഫ്റ്റിയുടെ പിന്തുണനിലവാരം 24,600 - 24,500 ലേക്കു താഴ്ന്നു. ഇന്നു നിഫ്റ്റിക്ക് 24,665 ഉം 24,585 ഉം പിന്തുണയാകും. 24,865 ലും 24,910 ലും തടസം ഉണ്ടാകാം.
വ്യാപാര അനിശ്ചിതത്വം വീണ്ടും വർധിച്ചത് സ്വർണത്തിലേക്കു നിക്ഷേപകരെ നയിച്ചു. ഡോളറിൻ്റെ ചാഞ്ചാട്ടവും സ്വർണത്തിനു തുണയായി.ഔൺസിന് 3312 ഡോളർ വരെ കയറിയ സ്വർണം 24.20 ഡോളർ നേട്ടത്തോടെ 3290.50 ഡോളറിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 3287 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ വ്യാഴാഴ്ച പവൻ വില 320 രൂപ കുറഞ്ഞ് 73,360 രൂപ ആയി. ഡോളർ നിരക്ക് കൂടിയത് വിലയിടിവ് കുറച്ചു. ഇന്നു ഡോളർ നിരക്ക് ഗണ്യമായി കുറയുന്നില്ലെങ്കിൽ സ്വർണവില താഴും.
വെള്ളിവില വ്യാഴാഴ്ച ഒന്നര ശതമാനം താഴ്ന്ന് ഔൺസിന് 36.63 ഡോളറിൽ അവസാനിച്ചു.
അമേരിക്കയിലേക്കുള്ള ചെമ്പിൻ്റെ ഇറക്കുമതിച്ചുങ്കം 50 ശതമാനം ആക്കുന്ന ഉത്തരവ് വിപണിയെ വിഷമത്തിലാക്കി. ശുദ്ധീകരിച്ച ചെമ്പിനാണ് 50 ശതമാനം. വിവിധ ഉൽപന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ചെമ്പിനും ചെമ്പ് പെെപ്പുകൾക്കും മറ്റും ചുങ്കം കൂട്ടിയില്ല ഒരു മാസം മുമ്പ് ചുങ്കം പ്രഖ്യാപിച്ചപ്പോൾ ലണ്ടൻ വിലയേക്കാൾ 50 ശതമാനം മുകളിലായ ന്യൂയോർക്ക് വില ഇതോടെ കുത്തനേ ഇടിഞ്ഞു. ലണ്ടനുമായുള്ള വില വ്യത്യാസം ഗണ്യമായി ഇടിഞ്ഞു.
വ്യാപാര വിഷയങ്ങൾ രൂക്ഷമാകുന്നതു കൊണ്ട് അലൂമിനിയം അടക്കം വ്യാവസായിക ലോഹങ്ങൾ എല്ലാം വ്യാഴാഴ്ച ഇടിവ് തുടർന്നു. ചെമ്പ് 0.96 ശതമാനം താഴ്ന്നു ടണ്ണിന് 9605.65 ഡോളറിൽ എത്തി. അലൂമിനിയം 107 ശതമാനം ഇടിഞ്ഞ് 2584.35 ഡോളർ ആയി. നിക്കലും ലെഡും സിങ്കും ടിന്നും താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 1.75 ശതമാനം താഴ്ന്ന് 168.90 സെൻ്റിൽ എത്തി. കൊക്കോ 3.26 ശതമാനം കയറി ടണ്ണിന് 8459.00 ഡോളർ ആയി. കാപ്പി 0.70 ശതമാനം ഉയർന്നു. തേയില 1.84 ശതമാനം കയറി. പാം ഓയിൽ വില വീണ്ടും 0.02 ശതമാനം ഉയർന്നു.
യുഎസ് ഡോളർ സൂചിക കയറ്റം തുടരുകയാണ്. ഇന്നലെ 100-നു മുകളിൽ കയറിയ സൂചിക 99.97 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 100.11 ലാണ്.
കറൻസി വിപണിയിൽ യൂറോ 1.1405 ഡോളറിലേക്കും പൗണ്ട് 1.319 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 150.83 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.38 ശതമാനത്തിലേക്കു കയറി.
ഡോളർ രാജ്യാന്തര വിപണിയിൽ ഉയരുന്നതു രൂപയെ ദുർബലമാക്കി ഇന്നലെ റിസർവ് ബാങ്ക് ജാഗ്രതയോടെ ഇടപെട്ടതു കൊണ്ടാണു ഡോളർ 88 രൂപയിലേക്കു കയറാതിരുന്നത്. 18 പൈസ നേട്ടത്തോടെ 87.60 രൂപയിൽ ആയിരുന്നു ഡോളറിൻ്റെ ക്ലോസിംഗ്. ഇന്ത്യക്കു കനത്ത ചുങ്കം ചുമത്തിയത് കയറ്റുമതി കുറച്ച് വ്യാപാര കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും വർധിപ്പിക്കും എന്നതാണു രൂപയെ താഴ്ക്കുന്നത്.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.20 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വിപണി താഴ്ചയിലാണ്. തീരുവയുദ്ധം അവസാനിക്കുന്നില്ലെന്നും ആഗാേളവളർച്ച വർധിക്കുന്ന വിധമല്ല കാര്യങ്ങൾ നീങ്ങുന്നതെന്നും വിപണി വിലയിരുത്തി. ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയും എന്ന ധാരണയിലാണു വില താഴുന്നത്. വ്യാഴാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഒരു ശതമാനം താണ് 72.53 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 72.49 ഡോളറിലും ഡബ്ല്യുടിഐ 69.26 ഡോളറിലും മർബൻ ക്രൂഡ് 75.93 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.6 ശതമാനം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടരുന്നു. ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിൻ ബേസിൻ്റെ രണ്ടാം പാദ നഷ്ടം ക്രിപ്റ്റോ കറൻസികൾക്കു ക്ഷീണമാകും. ബിറ്റ് കോയിൻ താഴ്ന്ന് 1,15,400 ഡോളറിനു താഴെയായി. ഈഥർ 3680 ഡോളറിലേക്ക് ഇടിഞ്ഞു.
(2025 ജൂലൈ 31, വ്യാഴം)
സെൻസെക്സ്30 81,185.58 -0.36%
നിഫ്റ്റി50 24,768.35 -0.35%
ബാങ്ക് നിഫ്റ്റി 55,961.95 -0.34%
മിഡ് ക്യാപ്100 57,400.55 -0.93%
സ്മോൾക്യാപ്100 17,966.85 -1.05%
ഡൗജോൺസ് 44,130.98 -0.74%
എസ്ആൻഡ്പി 6339.39 -0.37%
നാസ്ഡാക് 21,122.45 -0.03%
ഡോളർ($) ₹87.60 +₹0.18
സ്വർണം(ഔൺസ്) $3296.50 +$24.20
സ്വർണം(പവൻ) ₹73,360 -₹320
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $72.53 -$0.71
Read DhanamOnline in English
Subscribe to Dhanam Magazine