വാണിജ്യ ചർച്ചയിൽ ഒത്തുതീർപ്പായില്ല; 26 ശതമാനം തീരുവ ഭീഷണിയാകും; വ്യവസായ വളർച്ചയിൽ ഇടിവ്; ഏഷ്യൻ സൂചനകൾ നെഗറ്റീവ്

ഡോളറിൻ്റെ ഇടിവിൽ സ്വർണം വീണ്ടും കയറി; ക്രൂഡ് വിലയില്‍ ചാഞ്ചാട്ടം
Morning business news
Morning business newsCanva
Published on

അമേരിക്ക ഒഴികെയുള്ള വിദേശ വിപണികൾ തീരുവ വിഷയത്തിലെ ആശങ്ക മൂലം താഴുകയാണ്. ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ന്നു. ഇന്ത്യയുമായുളള വ്യാപാര ചർച്ച നീണ്ടു പോകുന്നത് വിപണിയെ ബാധിക്കും. ഇതേ സമയം അമേരിക്കൻ ഡോളർ ദുർബലമായി മാറുന്നത് യൂറോപ്യൻ, ജാപ്പനീസ്, ചൈനീസ് കയറ്റുമതികൾക്കു തിരിച്ചടിയാകും എന്ന ആശങ്ക വളരുന്നുണ്ട്.

അമേരിക്കയുമായുളള ഇന്ത്യയുടെ വാണിജ്യചർച്ച വഴിമുട്ടി എന്ന സൂചന ഡൽഹിയിൽ സർക്കാർ വൃത്തങ്ങൾ നൽകുമ്പോഴും വാഷിംഗ്ടണിൽ നിന്നു പ്രത്യാശയുടെ ചിത്രമാണു വരുന്നത്. കാർഷികോൽപന്നങ്ങൾ, ക്ഷീരോൽപന്നങ്ങൾ, ജനിതകമാറ്റം വരുത്തിയ ഇനങ്ങൾ തുടങ്ങിയവയുടെ കാര്യത്തിലെ എതിർപ്പ് തുടരാൻ ഇന്ത്യാ ഗവണ്മെൻ്റിൻ്റെ മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്. എന്നാൽ അവയിൽ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന വാദക്കാരാണ് വ്യവസായികൾ. വിട്ടുവീഴ്ചയില്ലെങ്കിൽ കയറ്റുമതിക്ക് പകരച്ചുങ്കം 26 ശതമാനമടക്കം 36 ശതമാനം തീരുവ നൽകേണ്ടിവരും. അതു വസ്ത്രങ്ങൾ, സമുദ്രോൽപന്നങ്ങൾ, തുകലുൽപന്നങ്ങൾ, ആഭരണങ്ങൾ  തുടങ്ങിയ വിവിധ മേഖലകളിലെ കയറ്റുമതിക്കു വലിയ തിരിച്ചടിയാകും. അനേകലക്ഷം പേർക്കു തൊഴിലും വരുമാനവും നഷ്ടപ്പെടും എന്നു വ്യവസായ മേഖല ചൂണ്ടിക്കാട്ടുന്നു.

മേയ് മാസത്തിലെ ഇന്ത്യയുടെ വ്യവസായ ഉൽപാദന വളർച്ച ഒൻപതു മാസക്കാലത്തെ ഏറ്റവും താഴ്ന്ന നിലയായ 1.2 ശതമാനത്തിൽ എത്തി. ഏപ്രിലിൽ 2.7 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഫാക്ടറി ഉൽപാദന വർധന 5.1 ശതമാനത്തിൽ നിന്നു 2.6 ശതമാനമായി ഇടിഞ്ഞു. എഫ്എംസിജി ഉൽപാദനവും കുറവായി. ഒന്നാം പാദ ജിഡിപി വളർച്ചയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങൾ ഇന്നു വിപണിയെ ബാധിക്കും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,632.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,667 ലേക്കു കയറിയിട്ടു താഴ്ന്നു. വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നഷ്ടത്തിൽ അവസാനിച്ചു. അമേരിക്കയിലെ നികുതി ബില്ലിനെപ്പറ്റി വിപണിക്കുള്ള ആശങ്കയാണു കാരണം. കാറ്റിൽ നിന്നുള്ള വൈദ്യുതിക്കു ബിൽ നികുതി വർധിപ്പിക്കുന്നത് ജർമൻ കമ്പനി വെസ്റ്റാസ് വിൻഡ് ഓഹരിയെ എട്ടു ശതമാനം താഴ്ത്തി. ഉപകമ്പനി മൊൺസാൻ്റോയുടെ കളനാശിനി കേസ് യുഎസ് സുപ്രീം കോടതി നീട്ടിവച്ചതിൻ്റെ പേരിൽ ബായർ അഞ്ചു ശതമാനം താഴ്ന്നു. 

യുഎസ് വിപണി ഇന്നലെ റെക്കോർഡ് കുറിച്ച് വ്യാപാരം അവസാനിപ്പിച്ചു. എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും ക്ലോസിംഗ് റെക്കോർഡ് തിരുത്തി. ട്രംപിൻ്റെ ഭീഷണിയെ തുടർന്നു കാനഡ ഡിജിറ്റൽ സർവീസസ് ടാക്സ് പിൻവലിച്ചത് ടെക് ഓഹരികളെ ഉയർത്തി. നിർമിതബുദ്ധി മേഖലയിൽ വലിയ നിക്ഷേപത്തോടെ സൂപ്പർ ലാബുകൾ തുടങ്ങുന്നതായി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത് മെറ്റാ പ്ലാറ്റ് ഫോംസ് ഓഹരിയെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ട്രംപിൻ്റെ നികുതി ബില്ലിനെ വീണ്ടും വിമർശിച്ച ഇലോൺ മസ്കിൻ്റ ടെസ്‌ല ഓഹരി താഴ്ചയിലായി

ഏപ്രിൽ - ജൂൺ പാദത്തിൽ എസ് ആൻഡ് പി പത്തും നാസ്ഡാക് 18 ഉം ഡൗ അഞ്ചും ശതമാനം ഉയർന്നു. സൂചികകൾ നല്ല മുന്നേറ്റം കാഴ്ച വച്ചെങ്കിലും മുന്നോട്ടു വലിയ ചാഞ്ചാട്ടവും തിരുത്തലും പ്രതീക്ഷിക്കണമെന്ന് യുബിഎസ് ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തി. സാമ്പത്തിക വളർച്ചയിൽ ക്ഷീണം ഉണ്ടാകുമെന്നും ഫെഡ് പലിശ ഒരു ശതമാനം കുറയ്ക്കേണ്ടി വരുമെന്നും അവർ കണക്കാക്കുന്നു.

ഡൗ ജോൺസ് 275.50 പോയിൻ്റ് (0.63%) ഉയർന്ന് 44,094.77 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 31.88 പോയിൻ്റ് (0.52%) കയറി 6204.95 ൽ അവസാനിച്ചു. നാസ്ഡാക് 96.27 പോയിൻ്റ് (0.47%) നേട്ടത്തോടെ 20,369.73 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ന്നു തുടങ്ങിയിട്ടു കയറ്റത്തിലായി. ഡൗ 0.10 ഉം എസ് ആൻഡ് പി 0.06 ഉം  നാസ്ഡാക് 0.04 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ തുടക്കത്തിൽ ഒരു ശതമാനം താഴ്ന്നു. കൊറിയൻ വിപണി 1.67 ശതമാനം കയറി. ചൈനീസ് വിപണികൾ താഴ്ചയിലാണു തുടങ്ങിയത്.

കിതപ്പിൽ ഇന്ത്യൻ വിപണി 

നാലു ദിവസം തുടർച്ചയായി ഉയർന്ന ഇന്ത്യൻ വിപണി ഇന്നലെ നഷ്ടം കുറിച്ചു. വിദേശനിക്ഷേപകർ ഇന്നലെ എൻഎസ്ഇയിൽ അറ്റ വിൽപനക്കാരായി മാറി. രൂപ ഇന്നലെ ദുർബലവുമായി. 

വാഷിംഗ്ടണിൽ നടക്കുന്ന ഇന്ത്യ -അമേരിക്ക വ്യാപാര ചർച്ച ധാരണയിൽ എത്താത്തതു വിപണിക്കു പ്രതികൂലമാകും. ഒൻപതിനു മുൻപ് ഇടക്കാല ധാരണയെങ്കിലും ഉണ്ടാക്കാത്ത പക്ഷം 26 ശതമാനം അധികച്ചുങ്കം ഇന്ത്യൻ കയറ്റുമതി നേരിടേണ്ടി വരും. എല്ലാ രാജ്യങ്ങൾക്കും പൊതുവായ 10 ശതമാനത്തിനു പുറമേ ഇതു വരുമ്പോൾ മിക്ക കയറ്റുമതി ഇനങ്ങളിലും ഇന്ത്യ പിന്തള്ളപ്പെടും. കാർഷിക മേഖലയിൽ നിന്നുള്ള എതിർപ്പാണു കരാറിനു തടസം. ബിജെപിയെ പിന്തുണയ്ക്കുന്ന സ്വദേശി ജാഗരൺ മഞ്ചും മറ്റും എതിർപ്പിനു മുന്നിൽ ഉണ്ട്. വിട്ടുവീഴ്ചകളോടെ ആണെങ്കിലും വാണിജ്യകരാർ ഉണ്ടാക്കാനായാൽ വിപണി കുതിക്കും.

തിങ്കളാഴ്ച നിഫ്റ്റി 120.75 പോയിൻ്റ് (0.47%) താഴ്ന്ന് 25,517.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 452.44 പോയിൻ്റ് (0.54%) നഷ്ടത്തോടെ 83,606.46 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 131.15 പോയിൻ്റ് (0.23%) താഴ്ന്ന് 57,312.75 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 356.05 പോയിൻ്റ് (0.60 ശതമാനം) നേട്ടത്തോടെ 59,741.20 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 98.30 പോയിൻ്റ് (0. 52 ശതമാനം) കയറി 19,075.10 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു.  ബിഎസ്ഇയിൽ 2320 ഓഹരികൾ ഉയർന്നപ്പോൾ 1800 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1752 എണ്ണം. താഴ്ന്നത് 1186 ഓഹരികൾ.

എൻഎസ്ഇയിൽ 93 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 26 എണ്ണമാണ്. 144 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 67 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 831.50 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3497.44 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ജൂണിൽ വിദേശികൾ 7488.98 കോടി രൂപയാണ് ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശിഫണ്ടുകൾ 72,673.91 കോടി രൂപ നിക്ഷേപിച്ചു.

ഇന്നലെ പ്രതീക്ഷകൾക്കു വിപരീതമായി താഴ്ന്ന വിപണി ഇന്നു സമാഹരണത്തിലേക്കു മാറും എന്നു പലരും കരുതുന്നു. 25,700 കടന്ന ശേഷമേ നിഫ്റ്റി കയറ്റത്തിൻ്റെ പാതയിൽ തിരിച്ചു കയറൂ .ഇന്നു നിഫ്റ്റിക്ക് 25,475 ഉം 25,430 ഉം പിന്തുണയാകും. 25,625 ലും 25,675 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഏതാനും ജോലിക്കാരുടെ മരണത്തിനിടയാക്കിയ ഫാക്ടറി സ്ഫോടനത്തെ തുടർന്ന് സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരി 14 ശതമാനം ഇടിഞ്ഞു. ഈ ഔഷധ കമ്പനിയുടെ തെലങ്കാനയിലെ ഫാക്ടറിയിലാണ് റിയാക്ടർ പൊട്ടിത്തെറിച്ചത്. മൈക്രോ ക്രിസ്റ്റലൈൻ സെല്ലുലോസ് പൗഡർ ആണു കമ്പനിയുടെ പ്രധാന ഉൽപന്നം..

റയ്മണ്ട് റിയൽറ്റി ഇന്നു ലിസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ റയ്മണ്ട് ഓഹരിയും റയ്മണ്ട് ലൈഫ്സ്റ്റൈൽ ഓഹരിയും ഇന്നലെ യഥാക്രമം 15 ഉം 16 ഉം ശതമാനം കുതിച്ചു. ഏപ്രിൽ തുടക്കത്തിലെ താഴ്ന്ന നിലയിൽ നിന്ന് ഇവ 65 ശതമാനത്തോളം ഉയരത്തിലാണ്.

ഐഡിബിഐ ബാങ്കിൻ്റെ ഓഹരി വിൽപന സംബന്ധിച്ച രൂപരേഖ സെപ്റ്റംബർ ആദ്യം പുറപ്പെടുവിക്കും എന്നു ഗവണ്മെൻ്റ് സൂചിപ്പിച്ചു. ഏതാനും ദിവസമായി കയറ്റത്തിലായിരുന്ന ഓഹരി ഇന്നലെ അഞ്ചു ശതമാനം കുതിച്ചു.

ഇൻഡസ് ഇൻഡ് ബാങ്ക് എംഡി - സിഇഒ പദവിയിലേക്കുള്ള ചുരുക്കപ്പട്ടിക റിസർവ് ബാങ്കിനു സമർപ്പിച്ചു. ആക്സിസ് ബാങ്ക് ഡെപ്യൂട്ടി എംഡി രാജീവ് ആനന്ദാണ് ഒന്നാം സ്ഥാനത്ത്. മുൻപ് എച്ച്ഡിഎഫ്സി ബാങ്കിലായിരുന്ന രാഹുൽ ശുക്ലയും ബജാജ് ഫിനാൻസ് എംഡി അനൂപ് സാഹയും പട്ടികയിൽ ഉണ്ട്.

സ്വർണം കയറുന്നു

ഡോളറിൻ്റെ ഇടിവിൽ സ്വർണം വീണ്ടും കയറ്റത്തിലായി. ഔൺസിന് 3200 ഡോളറിലേക്കു തൽക്കാലം നീങ്ങും എന്നു കരുതിയ സ്വർണം ഇന്നലെ 3300 ഡോളറിനു മുകളിലേക്കു കുതിച്ചു കയറി. ഔൺസിന് 3308.72 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ വീണ്ടും കയറി 3213 ഡോളറിലായി.

കേരളത്തിൽ തിങ്കളാഴ്ച സ്വർണം പവന് 120 രൂപ കുറഞ്ഞ് 71,320 രൂപയായി. ജൂണിലെ ഏറ്റവും താഴ്ന്ന വില ആയിരുന്നു അത്.

വെള്ളിവില ഔൺസിന് 36.08 ഡോളറിലേക്കു കയറി. 

തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് 0.11 ശതമാനം താഴ്ന്നു ടണ്ണിന് 10,039.65 ഡോളറിൽ എത്തി. അലൂമിനിയം 0.68 ശതമാനം കയറി 2597.99 ഡോളർ ആയി. നിക്കലും ടിന്നും താഴ്ന്നപ്പോൾ ലെഡും  സിങ്കും ഉയർന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.80 ശതമാനം താഴ്ന്ന് 161.60 സെൻ്റിൽ എത്തി. കൊക്കോ 3.02 ശതമാനം താഴ്ന്ന് ടണ്ണിന് 9161.2 1 ഡോളർ ആയി. കാപ്പി 0.66 ശതമാനം ഉയർന്നു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 0.15 കുറഞ്ഞു.

ഡോളർ താഴ്ന്നു

 യുഎസ് ഡോളർ വീണ്ടും പിന്നോട്ടു മാറി. ഇന്നലെ സൂചിക 96.88 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 96.68 ലേക്കു താഴ്ന്നു.

കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.17 95 ഡോളറിലും പൗണ്ട് 1.3743 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 143.54 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില അൽപം കൂടി. അവയിലെ നിക്ഷേപനേട്ടം 4.222 ശതമാനത്തിലേക്ക് താഴ്ന്നു.

രൂപ ഇന്നലെ ദുർബലമായി. ഡോളർ 28 പൈസ കയറി  85.76 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.16 യുവാൻ എന്ന നിലയിലേക്കു കയറി.

ക്രൂഡ് ഓയിൽ കയറി, താണു

ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്നിട്ട് വീണ്ടും താഴ്ന്നു. ഒപെക് ഉൽപാദനം കൂട്ടും എന്ന സൂചന ഉണ്ട്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 67.61 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 64. ടു ഡോളറിലും  മർബൻ ക്രൂഡ് 68.91 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില നാമമാത്രമായി  കുറഞ്ഞു.

ക്രിപ്റ്റോ കറൻസികൾ താഴ്ന്നിട്ടു കയറി. ബിറ്റ് കോയിൻ 1,07,500  ഡോളറിൽ എത്തി. ഈഥർ 2500 ഡോളറിനു താഴെയാണ്. 

വിപണിസൂചനകൾ

(2025 ജൂൺ 30, തിങ്കൾ)

സെൻസെക്സ്30  83,606.46     -0.54%

നിഫ്റ്റി50       25,517.05          -0.47%

ബാങ്ക് നിഫ്റ്റി   57,312.75       -0.23%

മിഡ് ക്യാപ്100   59,741.20     +0.60%

സ്മോൾക്യാപ്100  19,075.10    +0.52%

ഡൗജോൺസ്   44,094.77      +0.63%

എസ്ആൻഡ്പി  6204.95      +0.52%

നാസ്ഡാക്      20,369.70       +0.47%

ഡോളർ($)     ₹85.76        +₹0.28

സ്വർണം(ഔൺസ്) $3308.72    +$33.92

സ്വർണം(പവൻ)       ₹71,320       -₹120

 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.63   +$0.30

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com