ട്രംപിൻ്റെ പ്രസംഗം: ഇറാൻ്റെ ആണവ നിലയങ്ങൾ തകർക്കും; വിപണികൾ ഇടിയുന്നു; ഇന്ത്യ നോക്കുന്നത് എണ്ണ വിലയിലേക്ക്; ക്രൂഡ് ഓയില്‍ ഉയർന്നു

യുദ്ധം തീർന്നാലും ഹോർമുസ് കപ്പൽച്ചാൽ തുറന്നാലേ എണ്ണവില കുറയൂ. ഇന്ത്യയുടെ ആശങ്ക മാറണമെങ്കിൽ എണ്ണവില 80 ഡോളറിനു താഴെ വരണം
Morning business news
Morning business newsCanva
Published on

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻ്റെ പ്രസംഗം വിപണിയുടെ പ്രതീക്ഷകൾ തകർത്തു. ഏഷ്യൻ വിപണികൾ തുടക്കത്തിലെ നേട്ടത്തിൽ നിന്ന് കനത്ത നഷ്ടത്തിലേക്കു വീണു. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റിയും വലിയ ഇടിവിലായി. ഇന്നു രാവിലെ ഇന്ത്യൻ വിപണി വലിയ താഴ്ചയിലാകും വ്യാപാരം തുടങ്ങുക.

യുദ്ധത്തിൻ്റെ അന്ത്യം സംബന്ധിച്ച് ഒന്നും പറയാത്ത ട്രംപ് ഇറാൻ്റെ ആണവ നിലയങ്ങൾ തകർക്കും എന്ന് അവകാശപ്പെട്ടു. പ്രസംഗത്തിനു ശേഷം യുഎസ് ഫ്യൂച്ചേഴ്സ് കുത്തനേ ഇടിഞ്ഞു, എണ്ണ വില അഞ്ചു ശതമാനം ഉയർന്നു 106 ഡോളറിനു മുകളിൽ എത്തി. സ്വർണവില ഇടിഞ്ഞു.

യുഎസ് വിപണി നേട്ടത്തിൽ

ഇറാൻ യുദ്ധം താമസിയാതെ അവസാനിക്കും എന്ന പ്രതീക്ഷ നിലനിന്ന ഇന്നലെ യുഎസ് വിപണികൾ മിതമായ ഉയർച്ചയോടെ വ്യാപാര അവസാനിപ്പിച്ചു.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 224.23 പോയിൻ്റ് (0.48%) ഉയർന്ന് 46,565.74 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 46.80 പോയിൻ്റ് (0.72%) കയറി 6575.32 ൽ അവസാനിച്ചു. നാസ്ഡാക് 250.32 പോയിൻ്റ് (1.16%) കുതിപ്പോടെ 21,840.95 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്രമായി താഴ്ന്നു. ഡൗ ജോൺസ് 22 പോയിൻ്റും (0.05%) എസ് ആൻഡ് പി 5 പോയിൻ്റും (0.07%) നാസ്ഡാക് 18 പോയിൻ്റും (0.07%) താഴ്ന്നു നീങ്ങുന്നു.

ഇന്ത്യൻ എഡിആറുകൾ

എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ബുധനാഴ്ച 0.08 ശതമാനം ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ 0.56 ശതമാനം കയറി 25.04 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.69 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.24 ശതമാനം കയറി 26.04 ഡോളർ ആയി. ഇൻഫോസിസ് എഡിആർ 1.55 ശതമാനം താഴ്ന്നിട്ട് തുടർവ്യാപാരത്തിൽ 1.50 ശതമാനം ഉയർന്നു. വിപ്രോ 0.47 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 1.42 ശതമാനം കയറി.

യൂറോപ്യൻ വിപണികൾ ബുധനാഴ്ച രണ്ടര ശതമാനത്തിലധികം കുതിപ്പോടെ പുതിയ മാസത്തിനു തുടക്കമിട്ടു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നു വ്യാപാരം തുടങ്ങി. ജപ്പാനിൽ നിക്കൈയും ദക്ഷിണ കൊറിയയിൽ കോസ്‌പിയും ഒരു ശതമാനം വരെ ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും നേട്ടത്തോടെ വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി കുതിച്ചു

ഇന്ത്യൻ വിപണി ബുധനാഴ്ച ഏഷ്യൻ, യുഎസ് വിപണികളെ പിന്തുടർന്നു വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് നേട്ടം കുറച്ചു. യുദ്ധവിരാമത്തെ പറ്റിയുള്ള പ്രതീക്ഷ നിലനിർത്തിയെങ്കിലും ഹോർമുസ് കപ്പൽച്ചാൽ പൂർണമായും തുറന്നു കിട്ടുന്നില്ലെങ്കിൽ ക്രൂഡ് ഓയിൽ വില കാര്യമായി കുറയുകയില്ലെന്ന ആശങ്ക ഇന്ത്യക്കുണ്ട്. വിദേശനിക്ഷേപകർ ഇന്നലെയും വലിയ തോതിൽ വിൽപന നടത്തി. യുദ്ധം അവസാനിച്ചാലും സാമ്പത്തിക പ്രത്യാഘാതങ്ങൾ ഒന്നു രണ്ടു പാദങ്ങൾ കൂടി തുടരും എന്ന വിലയിരുത്തലും വിപണിയെ വലിയ നേട്ടത്തിൽ നിന്നു പിന്തിരിപ്പിച്ചു.

സെൻസെക്‌സ് ബുധനാഴ്ച 1186.77 പോയിൻ്റ് (1.65%) ഉയർന്ന് 73,134.32 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 348.00 പോയിൻ്റ് (1.56%) കയറി 22,679.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1173.30 പോയിൻ്റ് (2.33%) നേട്ടത്തോടെ 51,448.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1169.15 പോയിൻ്റ് (2.22%) ഉയർന്ന് 53,819.15 ലും സ്മോൾ ക്യാപ് 100 സൂചിക 506.00 പോയിൻ്റ് (3.33%) കുതിച്ചു 15,709.80 ലും അവസാനിച്ചു.

വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഉയർന്നു. ബിഎസ്ഇയിൽ 3819 ഓഹരികൾ കയറിയപ്പോൾ 521 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2930 എണ്ണം ഉയർന്നപ്പോൾ 277 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ ബുധനാഴ്ചയും കനത്ത വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 8331.15 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 7171.80 കോടി രൂപയുടെ അറ്റവാങ്ങലാണു നടത്തിയത്.

സ്വർണം കയറുന്നു

ഇന്നലെ 1.92 ശതമാനം ഉയർന്ന സ്വർണം ഔൺസിന് 4759.50 ഡോളറിലേക്കു കയറി. ഇന്നുരാവിലെ വീണ്ടും കുതിച്ച് 4801 ഡോളർ വരെ എത്തിയ ശേഷം അൽപം താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 1080 രൂപ വർധിച്ച് 1,12,160 രൂപയായി.

വെള്ളി ബുധനാഴ്ച 75.23 ഡോളറിലേക്കു കയറി.

പ്ലാറ്റിനം 1967 ഡോളർ, പല്ലാഡിയം 1475 ഡോളർ, റോഡിയം 9300 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഉയർന്നു

വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ചയും ഉയർന്നു. ചെമ്പ് 0.90 ശതമാനം കയറി ടണ്ണിന് 12,269.95 ഡോളറിൽ എത്തി. അലൂമിനിയം 0.83 ശതമാനം ഉയർന്ന് 3512.91 ഡോളർ ആയി. ഇന്നലെ ലെഡും സിങ്കും നിക്കലും ഉയർന്നു. ടിൻ 4.79 ശതമാനം കുതിച്ചു.

റബർ കയറി

രാജ്യാന്തര വിപണിയിൽ റബർ വീണ്ടും ഉയർന്നു. ഇന്നലെ 1.40 ശതമാനം കയറി കിലോഗ്രാമിന് 203.40 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.93 ശതമാനം ഉയർന്നു ടണ്ണിന് 18,016 യുവാൻ ആയി.

കൊക്കോ ഇന്നലെ 2.04 ശതമാനം ഉയർന്ന് ടണ്ണിന് 3367.18 ഡോളറിൽ എത്തി.

തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 0.47 ശതമാനം ഉയർന്നു പൗണ്ടിന് 299.74 സെൻ്റിൽ എത്തി. പാം ഓയിൽ വില 1.51 ശതമാനം കയറി ടണ്ണിനു 4901 മലേഷ്യൻ റിംഗിറ്റ് ആയി.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 0.93 ശതമാനം വരെ ഉയർന്നു. യൂറിയ ടണ്ണിന് 690 ഡോളറിൽ തുടർന്നു.

ഡോളർ സൂചിക താഴ്ന്നു

യുദ്ധം താമസിയാതെ തീരും എന്ന പ്രതീക്ഷയിൽ ഡോളർ വീണ്ടും താഴ്‌ന്നു. ഡോളർ സൂചിക ഇന്നലെ 99.55 ൽ ക്ലോസ് ചെയ്തു.

യൂറോ 1.1589 ഡോളറിലേക്കും പൗണ്ട് 1.3301 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 158.71 യെൻ എന്ന നിലയിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.87 യുവാൻ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.323 ശതമാനമായി ഉയർന്നു.

ഡോളർ ഇടിയും

ഡോളർ- രൂപ അവധി വ്യാപാരത്തിൽ രൂപയ്ക്കെതിരേ ഷോർട്ട് വ്യാപാരം നടത്തുന്നതു തടയാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടി ഫലം കണ്ടുതുടങ്ങി. തിങ്കളാഴ്ച വ്യാപാരതുടക്കത്തിൽ ഡോളർ 92.95 രൂപ വരെ ഇടിഞ്ഞു. പക്ഷേ പിന്നീടു രൂപ ദുർബലമായി. ഡോളർ 95.22 രൂപ വരെ ഉയർന്നു റെക്കോർഡ് കുറിച്ചിട്ട് 94.83 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് നടപടി വിഫലമായി എന്ന പ്രതീതി ഇതു മൂലം ഉണ്ടായി. എന്നാൽ തുടർന്നു രൂപ ഉയരുന്നതായി അവധി വിപണി കാണിക്കുന്നു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ചൊവ്വാഴ്ച രാത്രി 93.25 രൂപ വരെ താഴ്ന്നു. ഇന്നലെ 93.79 വരെ കയറിയിട്ട് 92.60 രൂപ വരെ താഴ്ന്നു. ഇന്നു രാവിലെ 92.64 രൂപയിലാണ്. ചൈനീസ് യുവാൻ 13.57 രൂപയിലേക്കു താഴ്ന്നു. യൂറോ 108.05 രൂപയിലേക്ക് ഇടിഞ്ഞു. ഇന്നലെ ഇന്ത്യയിലെ കറൻസി വിപണി അവധിയിലായിരുന്നു.

ക്രൂഡ് ഓയിൽ താഴ്ചയിൽ

യുദ്ധഭീതി കുറഞ്ഞതു ക്രൂഡ് ഓയിൽ വിലയെ വീണ്ടും താഴ്‌ത്തി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ താഴ്ന്നു 99 ഡോളർ വരെ ചെന്നിട്ടു കയറി 101.16 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീപ്പയ്ക്ക് 105.42 ഡോളറിലേക്കു കയറി

ഡബ്ള്യുടിഐ ഇനം ക്രൂഡ് 98.70 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 103.63 ഡോളറിലും എത്തി. ഇന്ത്യയുടെ പശ്ചിമേഷ്യൻ ക്രൂഡ് ബാസ്കറ്റ് വില കഴിഞ്ഞയാഴ്ചയിലെ 159 ഡോളറിൽ നിന്നു 124.85 ഡോളറായി താഴ്ന്നു.

ക്രിപ്റ്റോകൾ കയറി

സമാധാന പ്രതീക്ഷയിൽ ക്രിപ്റ്റോ കറൻസികൾ ഉയർന്നു നീങ്ങുന്നു. ബിറ്റ്കോയിൻ 68,100 ഡോളറിനു മുകളിലായി. ഈഥർ 2140 ഡോളറിനും സൊലാന 81.00 ഡോളറിനും മുകളിൽ എത്തി.

വിപണിസൂചനകൾ

(2026 ഏപ്രിൽ 01, ബുധൻ)

സെൻസെക്സ് 73,134.32 +1.65%

നിഫ്റ്റി50 22,679.40 +1.56%

ബാങ്ക് നിഫ്റ്റി 51,448.65 +2.33%

മിഡ്ക്യാപ്100 53,819.15 +2.22%

സ്മോൾക്യാപ്100 15,709.80 +3.33%

ഡൗജോൺസ് 46,565.74 +0.48%

എസ്ആൻഡ്പി 6575.32 +0.72%

നാസ്ഡാക് 21,840.95 +1.16%

ഡോളർ ₹94.83 +₹0.00

സ്വർണം(ഔൺസ്)$4759.50 +89.70

സ്വർണം(പവൻ) ₹1,12,160 +₹1080

ക്രൂഡ്ഓയിൽബ്രെൻ്റ്$101.16 -$2.81

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com