
അമേരിക്കയുമായി ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കി 26 ശതമാനം പകരച്ചുങ്കത്തിൽ നിന്ന് ഇന്ത്യ ഒഴിവു നേടും എന്ന പ്രതീക്ഷയിലാണു വിപണി. അതു വിപണിയുടെ കയറ്റം തുടരാൻ സഹായിക്കും. ഇതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ വിപണി താഴ്ചയിലാകും.
യുഎസ് വിപണിയിൽ ടെക്നോളജി ഓഹരികൾ ഇന്നലെ കൂട്ടമായി താഴോട്ടു നീങ്ങി. എന്നാൽ ഇന്ത്യൻ ഐടി കമ്പനികളുടെ എഡിആർ ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു.
ഇന്ത്യയുടെ വളർച്ചത്തോത് കുറയുകയാണെന്നു ചില കണക്കുകൾ കാണിക്കുന്നു. വ്യവസായ ഉൽപാദന വളർച്ച തുടർച്ചയായ രണ്ടു മാസം താഴ്ന്ന നിലയിലായി. ജൂണിലെ ജിഎസ്ടി പിരിവിലെ വളർച്ച തീരെ കുറവായി. വാഹന വിൽപന തുടർച്ചയായ രണ്ടു മാസം താഴ്ന്നു. ഡീസൽ ഉപയോഗ വർധന നാമമാത്രമായി. യുപിഐ ഉപയോഗം കൂടിയെങ്കിലും കൈമാറുന്ന തുക കുറഞ്ഞു. ഈ സാഹചര്യം തുടർന്നാൽ കമ്പനികളുടെ ബിസിനസ് വളർച്ചയും ലാഭവർധനയും കുറവാകും. അത് കമ്പനി ഓഹരികളുടെ വില താഴ്ത്താനുള്ള സാഹചര്യം ഉണ്ടാക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,677 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,700 ലേക്കു കയറിയിട്ടു താഴ്ന്നു. വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. ബ്രിട്ടനിൽ ക്ഷേമപരിപാടികൾ പരിഷ്കരിക്കുന്ന ബില്ലിനെപ്പറ്റി ആശങ്ക വന്നത് കടപ്പത്ര വിലകൾ ഉയരാൻ കാരണമായി. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം താഴ്ന്നു. യുകെയിൽ പാർപ്പിട വിലകളും താഴ്ന്നു. യൂറോ മേഖലയിൽ ചില്ലറ വിലക്കയറ്റം രണ്ടു ശതമാനത്തിൽ എത്തിയത് കടപ്പത്ര വിലകൾ കൂട്ടി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞു. യൂറോ ഉയർന്ന് ഒന്നിന് 1.825 ഡോളർ വരെ കയറി. പിന്നീട് അൽപം താഴ്ന്നു.
യുഎസ് വിപണി ഇന്നലെ ഭിന്ന ദിശകളിൽ നീങ്ങി. ഡൗ ജോൺസ് 400 പോയിൻ്റ് ഉയർന്നപ്പോൾ എന്ന് ആൻഡ് പി സൂചിക നാമമാത്രമായും നാസ്ഡാക് 0.82 ശതമാനവും താഴ്ന്നു. ഏപ്രിൽ - ജൂൺ പാദത്തിൽ വിപണിയെ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ടെക്നോളജി ഓഹരികളിൽ നിന്നു നിക്ഷേപകർ പിന്മാറുന്നതാണ് ചൊവ്വാഴ്ച കണ്ടത്. കഴിഞ്ഞ പാദത്തിൽ 23 ശതമാനം ഉയർന്ന ടെക്നോളജി സെലക്റ്റ് എസ്പിഡിആർ ഫണ്ട് ഇന്നലെ 0.9 ശതമാനം താഴ്ന്നു. എൻവിഡിയ, മെെക്രോസോഫ്റ്റ് തുടങ്ങിയവയിൽ വിൽപന തകൃതിയായി. പകരം ഹെൽത്ത് കെയറും ഫാർമസ്യൂട്ടിക്കൽസും കയറി. അവ ഡൗ സൂചികയെ ഉയർത്തി.
ടെസ്‌ല മേധാവി ഇലോൺ മസ്കും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുളള പോര് വീണ്ടും രൂക്ഷമായി. ട്രംപ് ഭരണകൂടത്തിൻ്റെ നികുതിബിൽ ആണു വിഷയം. നാശം വിതയ്ക്കുന്ന ഭ്രാന്തൻ ബിൽ എന്നാണു മസ്ക് അതിനെ വിംശഷിപ്പിക്കുന്നത്. ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്നു ട്രംപും പറയുന്നു. ബില്ലിനെ നഖശിഖാന്തം എതിർക്കുന്ന മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ട്രംപിനെതിരായ പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചു. ട്രംപിൻ്റെ കമ്പനികൾക്കു നൽകുന്ന സബ്സിഡികൾ പരിശാേധിച്ച് റദ്ദാക്കാൻ ട്രംപ് നിർദേശം നൽകി. സബ്‌സിഡി ഇല്ലാതായാൽ മസ്ക് നാടു വിടേണ്ടി വരുമെന്ന് ട്രംപ് പരിഹസിച്ചു. മസ്കിൻ്റെ ലിസ്റ്റ് ചെയ്ത ഏക കമ്പനിയായ ടെസ്‌ലയുടെ ഓഹരി ഇന്നലെ ഏഴു ശതമാനത്തിലധികം ഇടിഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരായ പരിഹാസങ്ങൾ ട്രംപ് തുടർന്നു. രാജ്യത്തിനു വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത് പവൽ വരുത്തുന്നതെന്നു സ്വന്തം കൈപ്പടയിൽ അയച്ച കത്തിൽ ട്രംപ് കുറ്റപ്പെടുത്തി. ട്രംപിൻ്റെ തീരുവ നിർദേശങ്ങൾ വളരെ വല്ലതായിരുന്നതു കൊണ്ടാണ് പലിശ കുറയ്ക്കാതിരുന്നതെന്നു പവൽ ഇന്നലെ കേന്ദ്രബാങ്ക് മേധാവികളുടെ സമ്മേളനത്തിൽ പറഞ്ഞു.
ട്രംപിൻ്റെ നികുതി ബിൽ ഇന്നലെ സെനറ്റിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ കാസ്റ്റിംഗ് വോട്ടാേടെ പാസായി. മൂന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ കൂറുമാറി വോട്ട് ചെയ്തു. ഇനി ബിൽ ജനപ്രതിനിധിസഭയിൽ പാസാകണം അവിടെ കൂടുതൽ എതിർപ്പുണ്ട്. 2017 ൽ ട്രംപ് കൊണ്ടുവന്ന നികുതിയിളവുകൾ ഈ വർഷം അവസാനിക്കും. അവ പുനഃസ്ഥാപിക്കാനാണു ബിൽ. സൗജന്യ ചികിത്സ നൽകുന്ന മെഡിക്കെയിഡ് ഇൻഷ്വറൻസ് സ്കീമിൽ നിന്ന് ഒന്നേകാൽ കോടി ആൾക്കാരെ ബിൽ പുറത്താക്കും. ബിൽ നടപ്പായാൽ 10 വർഷം കൊണ്ട് അമേരിക്കയുടെ കടം 3.3 ട്രില്യൻ (ലക്ഷം കോടി) ഡോളർ കണ്ട് വർധിക്കും.
ഡൗ ജോൺസ് സൂചിക ഇന്നലെ 400.17 പോയിൻ്റ് (0.91%) ഉയർന്ന് 44,494.94 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 6.94 പോയിൻ്റ് (0.11%) താഴ്ന്ന് 6198.01 ൽ അവസാനിച്ചു. നാസ്ഡാക് 106.85 പോയിൻ്റ് (0.82%) നഷ്ടത്താേടെ 20,202.89 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നാമമാത്ര കയറ്റത്തിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.
ആമസോൺ ചെയർമാൻ ജെഫ് ബെസോസ് കമ്പനിയുടെ 33 ലക്ഷം ഓഹരികൾ കഴിഞ്ഞ മാസം വിറ്റു വില 73.67 കോടി ഡോളർ. അടുത്ത മാർച്ചിനകം രണ്ടരക്കോടി ഓഹരികൾ വിൽക്കാനുളള ഒരു പദ്ധതി കഴിഞ്ഞ വർഷം അംഗീകരിച്ചിട്ടുള്ളതാണ്. തൻ്റെ ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനു വേണ്ടിയാണ് ഓഹരി വിൽക്കുന്നത്. കഴിഞ്ഞ ദിവസം ബെസോസ് ഇറ്റലിയിലെ വെനീസിൽ നടന്ന ആർഭാട ചടങ്ങിൽ തൻ്റെ കാമുകിയെ വിവാഹം കഴിച്ചതു വലിയ വാർത്തയായിരുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ തുടക്കത്തിൽ 0.75 ശതമാനം താഴ്ന്നു. കൊറിയൻ വിപണി 0.45 ശതമാനം താഴ്ന്നു. ഹോങ് കോങ് വിപണി ഉയർന്നു. ചൈനീസ് വിപണികൾ താഴ്ചയിലാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി ഇന്നലെ ദുർബലമായി. ചെറിയ പരിധിയിൽ കയറിയിറങ്ങിയ വിപണി നാമമാത്രമെന്നു പറയാവുന്ന നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഇന്നലെ 25,501 നും 25,593 നും ഇടയിലായിരുന്നു. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ വമ്പൻ ഓഹരികളിലെ കയറ്റമാണു വിപണിയെ 'പച്ച' യിൽ ക്ലോസ് ചെയ്യാൻ സഹായിച്ചത്.
വാഷിംഗ്ടണിൽ നടക്കുന്ന ഇന്ത്യ -അമേരിക്ക വ്യാപാര ചർച്ച ഒരു താൽക്കാലിക കരാറിനു രൂപം കൊടുക്കും എന്നാണ് ഏറ്റവും ഒടുവിലെ സൂചന. വലിയ തർക്കവിഷയങ്ങൾക്കായി തുടർചർച്ച വരും മാസങ്ങളിൽ നടത്തും. അതു കണക്കിലെടുത്ത് 26 ശതമാനം പകരച്ചുങ്കം ഒഴിവാക്കിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഞായറാഴ്ച മടങ്ങേണ്ടിയിരുന്ന ഇന്ത്യൻ സംഘം മടക്കയാത്ര അനിശ്ചിതമായി നീട്ടി. 26 ശതമാനം ചുങ്കം ഒഴിവാക്കാനായാൽ വിപണിക്കു നല്ല കുതിപ്പ് പ്രതീക്ഷിക്കാം. മറിച്ചായാൽ വിപണി ഇടിയും. അടുത്ത ബുധനാഴ്ചയ്ക്കു മുൻപ് തീരുമാനം ഉണ്ടാകണം.
ചൊവ്വാഴ്ച നിഫ്റ്റി 24.75 പോയിൻ്റ് (0.10%) ഉയർന്ന് 25,541.80 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 90.83 പോയിൻ്റ് (0.11%) നേട്ടത്തോടെ 83,697.29 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 146.70 പോയിൻ്റ് (0.26%) ഉയർന്ന് 57,459.45 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 8.85 പോയിൻ്റ് (0.01 ശതമാനം) കയറി 59,750.05 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 19.40 പോയിൻ്റ് (0.10 ശതമാനം) താഴ്ന്ന് 19,055.1 70 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയിൽ ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1941 ഓഹരികൾ ഉയർന്നപ്പോൾ 2077 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ കയറ്റം തന്നെ മുന്നിൽ ഉയർന്നത് 1488 എണ്ണം. താഴ്ന്നത് 1449 ഓഹരികൾ.
എൻഎസ്ഇയിൽ 96 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 24 എണ്ണമാണ്. 119 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 43 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വിൽപന തുടർന്നു. ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ അവർ 1970.14 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 771.08 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ഇന്നും സമാഹരണം തുടരും എന്നാണു കരുതപ്പെടുന്നത്. 25,700ലെ തടസം മറികടക്കുക സുഗമമായിരിക്കില്ല. അതു കടന്നാൽ 26,000 ലക്ഷ്യമാകും.
താഴ്ചയിൽ 25,300 പിന്തുണയാകും. ഇന്നു നിഫ്റ്റിക്ക് 25,510 ഉം 25,455 ഉം പിന്തുണയാകും. 25,575 ലും 25,635 ലും തടസം ഉണ്ടാകാം.
ഡോളറിൻ്റെ ഇടിവിൽ കയറിയ സ്വർണം വീണ്ടും ഉയർന്നു. ഇന്നലെ 3356 ഡോളർ വരെ വില എത്തി. പിന്നീട് ഔൺസിന് 3338.89 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ വീണ്ടും കയറി 3340 ഡോളറിലായി. കേരളത്തിൽ ചൊവ്വാഴ്ച പവന് 840 രൂപ വർധിച്ച് 72,160 രൂപയായി. വെള്ളിവില ഔൺസിന് 36.03 ഡോളറാണ്.
ചൊവ്വാഴ്ചയും വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് 0.21 ശതമാനം താഴ്ന്നു ടണ്ണിന് 10,060.30 ഡോളറിൽ എത്തി. അലൂമിനിയം 0. 19 ശതമാനം കയറി 2603.05 ഡോളർ ആയി. നിക്കലും ലെഡും സിങ്കും താഴ്ന്നപ്പോൾ ടിൻ ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.56 ശതമാനം കയറി 162.50 സെൻ്റിൽ എത്തി. കൊക്കോ 4.58 ശതമാനം താഴ്ന്ന് ടണ്ണിന് 8741.32 ഡോളർ ആയി. കാപ്പി 2.85 ശതമാനം താഴ്ന്നു. തേയില വില 4.43 ശതമാനം കുറഞ്ഞു. പാം ഓയിൽ വില 0.50 കയറി.
യുഎസ് ഡോളർ ഇന്നലെ ചാഞ്ചാടിയിട്ട് വീണ്ടും താഴ്ചയിലായി. ഇന്നലെ സൂചിക 96.82 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 96.62 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1808 ഡോളറിലും പൗണ്ട് 1.375 ഡോളറിലും ആയി. ജാപ്പനീസ് യെൻ ഡോളറിന് 143.49 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.244 ശതമാനത്തിലേക്ക് കയറി.
രൂപ ഇന്നലെ കരുത്തു കാണിച്ചു.. ഡോളർ 26 പൈസ കുറഞ്ഞ് 85.52 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില ചെറിയ മേഖലയിൽ കയറിയിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 67.11 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 65.39 ഡോളറിലും മർബൻ ക്രൂഡ് 68.48 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില 1.2 ശതമാനം കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ് കോയിൻ 1,05,500 ഡോളറിൽ എത്തി. ഈഥർ 2400 ഡോളറിനു താഴെയാണ്.
(2025 ജൂലൈ 01, ചൊവ്വ)
സെൻസെക്സ്30 83,697.29 +0.11%
നിഫ്റ്റി50 25,541.8 +0.10%
ബാങ്ക് നിഫ്റ്റി 57,459.45 +0.26%
മിഡ് ക്യാപ്100 59,750.05 +0.01%
സ്മോൾക്യാപ്10019,055.70 -0.10%
ഡൗജോൺസ് 44, 494.94 +0.91%
എസ്ആൻഡ്പി 6198.01 -0.11%
നാസ്ഡാക് 20,202.89 -0.82%
ഡോളർ($) ₹85.52 -₹0.26
സ്വർണം(ഔൺസ്)$3338.89 +$30.17
സ്വർണം(പവൻ) ₹72,160 +₹840 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.11 -$0.52
Read DhanamOnline in English
Subscribe to Dhanam Magazine