വിദേശ നിക്ഷേപകരിൽ പ്രതീക്ഷ; ക്രൂഡ് ഓയിൽ താഴുന്നു; യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിൽ; നേട്ടം കണക്കാക്കി ഇന്ത്യൻ വിപണി

ഉത്സവസീസൺ ഒക്ടോബറിലെ കാർവിൽപനയെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ആദ്യമായി പ്രതിമാസ വിൽപന അഞ്ചു ലക്ഷം കടന്നു
Stock Market Pre-opening Analysis
Morning News UpdatesImage: Canva
Published on: 

ക്രൂഡ് ഓയിൽ വില താഴുകയും അമേരിക്കൻ ഫ്യൂച്ചേഴ്സ് ആശ്വാസറാലി സൂചിപ്പിക്കുകയും ചെയ്യുന്നത് ഇന്ന് ഇന്ത്യൻ വിപണിക്കു നേട്ടം നൽകും. ഖത്തറിൽ യുഎസ് - ഇറാൻ പരോക്ഷ ചർച്ച തുടരുന്നു; കഴിഞ്ഞ രണ്ടാഴ്ച വിദേശ നിക്ഷേപകർ വിപണിയിൽ വാങ്ങലുകാരായി മാറിയതു വലിയ ശുഭപ്രതീക്ഷ നൽകുന്നു. ഒക്ടോബറിലെ റെക്കോർഡ് കാർവിൽപനയും ജിഎസ്ടി വളർച്ചയും യുപിഐ ഇടപാടിലെ മുന്നേറ്റവും വിപണിയെ സഹായിക്കുന്ന ഘടകങ്ങളാകും. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഭിന്നദിശകളിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ്

വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,242.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,212 വരെ താഴ്ന്നിട്ട് 23,300 നു മുകളിൽ കയറി. ഇന്ത്യൻ വിപണി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

റെക്കോർഡ് കാർ വിൽപന

ഉത്സവസീസൺ ഒക്ടോബറിലെ കാർവിൽപനയെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. ആദ്യമായി പ്രതിമാസ വിൽപന അഞ്ചു ലക്ഷം എണ്ണം കടന്നു. 13.6 ശതമാനം വളർച്ചയോടെ വിൽപന 5.4 ലക്ഷം ആയി. ഇലക്ട്രിക് കാറുകളുടെ വിൽപന 50 ശതമാനം വർധിച്ച് 3.5 ലക്ഷമായി. മാരുതി 20.5% വർധനയോടെ 2.12 ലക്ഷം കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റു. 21 ശതമാനം വളർച്ചയോടെ ടാറ്റാ മോട്ടോഴ്സ് 73,894 കാറുകളും രണ്ടു ശതമാനം നേട്ടത്തോടെ മഹീന്ദ്ര 73,338 കാുകളും വിറ്റു.

വിദേശികൾ പിൻവലിച്ചത് 2.95 ലക്ഷം കോടി രൂപ

കഴിഞ്ഞ ആഴ്ച വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ 6300 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തിയെങ്കിലും ഒക്ടോബറിൽ മൊത്തമെടുത്താൽ അവർ 34,843 കോടി രൂപ പിൻവലിക്കുകയാണു ചെയ്തത്. ഇതോടെ 2026 ലെ മൊത്തം പിൻവലിക്കൽ 2.95 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ ഏഴ് ആഴ്ചയും വലിയ വിൽപനക്കാരായിരുന്ന വിദേശ നിക്ഷേപകർ ഒരാഴ്ച വാങ്ങലുകാരായി മാറിയത് നിക്ഷേപ പ്രവണത തിരിച്ചു വന്നതിൻ്റെ സൂചനയായി കാണാൻ പലരും മടിക്കുന്നു. എങ്കിലും കഴിഞ്ഞ ആഴ്ച നാലു ദിവസങ്ങളിൽ അവർ ഗണ്യമായ വാങ്ങൽ നടത്തിയതു മുഖ്യസൂചികകൾക്കു തലേ ആഴ്ച ഉണ്ടായ നഷ്ടം നികത്താൻ സഹായിച്ചു. ഈയാഴ്ച വിദേശികൾ എന്താണു ചെയ്യുക എന്നതു വിപണിഗതി നിയന്ത്രിക്കുന്നതിൽ നിർണായകമാകും.

ഇറക്കുമതി വളർച്ച മൂലം ജിഎസ്ടി പിരിവിൽ കുതിപ്പ്

ഒക്ടോബറിലെ ചരക്കുസേവന നികുതി (ജിഎസ് ടി) വരുമാനം 22.9 ശതമാനം കുതിച്ചു 2.31 ലക്ഷം കോടി രൂപയായി. നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർധനയാണിത്. സെപ്റ്റംബറിൽ 14.7% വർധിച്ചിരുന്നു. ഇതോടെ തുടർച്ചയായ നാലു മാസം പിരിവ് രണ്ടു ലക്ഷത്തിലധികമായി. ഇറക്കുമതി നികുതിയുടെ 42.2% വർധനയാണു വലിയ നേട്ടത്തിനു സഹായിച്ചത്. ആഭ്യന്തര വിൽപനയിലെ ജിഎസ്ടി 15.8% മാത്രമേ വർധിച്ചുള്ളൂ. ഏപ്രിൽ - ഒക്ടോബർ കാലയളവിലെ മൊത്തം ജിഎസ്ടി പിരിവ് 13.2 ശതമാനവും അറ്റ പിരിവ് 12.6 ശതമാനവും വർധിച്ചു.

ബൈനാൻസ് കവർച്ച: ആഘാതം 10,000 കോടി ഡോളർ

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബൈനാൻസിൽ നടന്ന ഡിജിറ്റൽ കവർച്ചയെ തുടർന്നു ക്രിപ്റ്റോ കറൻസികളുടെ വിപണിമൂല്യത്തിൽ 10,000 കോടി ഡോളറിൻ്റെ നഷ്‌ടം. മൊത്തം ക്രിപ്റ്റോ വിപണിമൂല്യം 2.7 ലക്ഷം കോടി ഡോളറിൽ നിന്നു 2.6 ലക്ഷം കോടി ഡോളറായി താഴ്ന്നു.

ഉത്തരകൊറിയൻ ഹാക്കർമാരാണു നുഴഞ്ഞുകയറ്റക്കാർ എന്നു കരുതപ്പെടുന്നു. ഏറ്റവും വലിയ ക്രിപ്റ്റോ എക്‌സ്ചേഞ്ചായ ബൈനാൻസിൽ നിന്ന് 630 കോടി ഡോളർ അടിച്ചുമാറ്റി. നഷ്ടപ്പെട്ടതിൽ 95 ശതമാനവും തിരിച്ചുപിടിച്ചെന്നു ബൈനാൻസ് അവകാശപ്പെട്ടു.

ഇന്നലെ ബൈനാൻസിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു. ആദ്യ ദിവസം 465 കോടി ഡോളർ പിൻവലിച്ചു, 101 കോടി ഡോളർ പുതിയ നിക്ഷേപം വന്നു. ബൈനാൻസിൻ്റെ 17,100 കോടി ഡോളർ ആസ്തിയുടെ 2.1 ശതമാനമേ അറ്റ പിൻവലിക്കൽ ഉണ്ടായുള്ളൂ.

റിലയൻസിനു ലാഭക്കുതിപ്പ്

ഒന്നാംപാദത്തിൽ ലാഭം കുറഞ്ഞ റിലയൻസ് ഇൻഡസ്ട്രീസ് രണ്ടാം പാദത്തിൽ കോട്ടം പരിഹരിച്ചു. വിറ്റുവരവിൽ 27.8 ശതമാനം, പ്രവർത്തന ലാഭത്തിൽ 23.9%, അറ്റാദായത്തിൽ 33.8% എന്നിങ്ങനെ വർധന ഉണ്ടായി. 3.62 ലക്ഷം കോടി വരുമാനത്തിൽ 29,550 കോടി രൂപയാണ് അറ്റാദായം. ഓയിൽ- കെമിക്കൽസ് ബിസിനസിൽ ലാഭം 67.9% കുതിച്ച് 25,203 കോടി രൂപയായി. കമ്പനിയുടെ കടം 1400 കോടി രൂപ കുറഞ്ഞ് 1,17,140 കോടി രൂപയിൽ നിൽക്കുന്നു.

ജിയോ പ്ലാറ്റ്ഫോംസിൻ്റെ വരുമാനം 11.4 കൂടിയപ്പോൾ അറ്റാദായം 13.7% വർധിച്ചു. 40,475 കോടി രൂപ വരുമാനത്തിൽ 8387 കോടി രൂപ അറ്റാദായം ഉണ്ട്. കമ്പനിയുടെ കടം 1,22,914 കോടി രൂപയുണ്ട്. റിലയൻസ് റീട്ടെയിൽ വിറ്റുവരവ് 6.4% കൂടി 91,716 കോടി രൂപയായി. റീട്ടെയിലിൻ്റെ പ്രവർത്തന ലാഭം 10.2% കുറഞ്ഞ് 6120 കോടി രൂപയിൽ ഒതുങ്ങി.

ടെക്, എഐ തകർച്ച തുടരുമോ?

ടെക്നോളജി, എഐ ഓഹരികൾ വെള്ളിയാഴ്ച കണ്ട ഇടിവ് തുടരുമോ എന്നതാണ് വിപണി ഈയാഴ്ച നേരിടുന്ന വലിയ ചോദ്യം. ടെക് ഓഹരികൾക്ക് ആധിപത്യമുള്ള നാസ്ഡാക് കോംപസിറ്റ് സൂചിക 2.86 ഉം നാസ്ഡാക് 100 സൂചിക 3.46 ഉം എസ് ആൻഡ് പി 500 ലെ ടെക് മേഖലാസൂചിക 4.3ഉം ശതമാനം ഇടിഞ്ഞു. തകർച്ചയുടെ കാരണം എഐ ശേഷിക്കു വേണ്ടി വലുതും ചെറുതുമായ കമ്പനികൾ നടത്തുന്ന ഭീമമായ മൂലധനനിക്ഷേപം വേണ്ടത്ര ആദായം ഉണ്ടാക്കുമോ എന്ന സംശയമാണ്. ഒരാഴ്ച മുൻപ് മെറ്റാ പ്ലാറ്റ്ഫോംസ് ക്യാഷ് ഫ്ലോ നെഗറ്റീവ് ആണെന്നു കാണിച്ചു. കഴിഞ്ഞ ആഴ്ച ഗൂഗിളും (ആൽഫബെറ്റ്) ആമസോണും ക്യാഷ് ഫ്ലോ നെഗറ്റീവ് ആയി. ഈ കമ്പനികളൊന്നും എഐ നിക്ഷേപം കുറയ്ക്കുന്നതായി സൂചിപ്പിച്ചില്ല. മറിച്ചു നിക്ഷേപം കൂട്ടാനാണ് പരിപാടി.

ഭീമമായ മുതൽമുടക്കിനു മതിയായ ലാഭം ഉണ്ടാകുമെന്ന ഉറപ്പാണു നിക്ഷേപകർ ആവശ്യപ്പെടുന്നത്. കമ്പനികൾ അതിന് എന്തു ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ടെക് ഓഹരികളുടെ ഈയാഴ്ചത്തെ പ്രകടനം. വെള്ളിയാഴ്ച അമേരിക്കൻ ടെക് മേഖല ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം നഷ്‌ടപ്പെടുത്തി.

ഗൂഗിൾ മുതൽ ആമസോൺ വരെയുള്ള ഭീമൻ ടെക് കമ്പനികൾ ഈ വർഷം 75,000 കോടി ഡോളർ മൂലധന നിക്ഷേപമാണു നടത്തുന്നത്. അതേ സമയം അവയുടെ പ്രധാന വരുമാന ഇനങ്ങളായ പരസ്യത്തിലും റീട്ടെയിൽ ബിസിനസിലും ഇടിവ് വരുന്നു. ഈ യാഥാർഥ്യത്തെ കമ്പനികൾ എങ്ങനെ അഭിമുഖീകരിക്കും എന്ന് വ്യക്തമായാലേ ഓഹരികൾ ശക്തമായി തിരിച്ചുകയറൂ.

മെറ്റാ പ്ലാറ്റ്ഫോംസിൻ്റെ എഎ മൈനസ് ക്രെഡിറ്റ് റേറ്റിംഗ് പ്രതീക്ഷ എസ് ആൻഡ് പി നെഗറ്റീവ് ആയി താഴ്‌ത്തിയതും അടുത്ത ദിവസം വിപണിയെ ഉലയ്ക്കാം.

യുഎസ് വിപണി ഇടിഞ്ഞു

ടെക്നോളജി ഓഹരികളെപ്പറ്റിയുള്ള ആശങ്ക വെള്ളിയാഴ്ച യുഎസ് വിപണിയെ ഇടിവിലാക്കി. നാളെ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പും അതിനു ശേഷം ഇറാനു നേരേ ആക്രമണം പുനരാരംഭിക്കുന്നതും വിപണിയുടെ ആശങ്കകൾ വർധിപ്പിച്ചു. ഇൻ്റെൽ ഓഹരി 29 ശതമാനം ഇടിഞ്ഞു. എൻവിഡിയ അഞ്ചു ശതമാനത്തോളം താഴ്ന്നപ്പോൾ വിപണിമൂല്യം അഞ്ചുലക്ഷം കോടി ഡോളറിനു താഴെ വന്നു. ആപ്പിൾ 5.03 ലക്ഷം കോടി ഡോളറുമായി ഏറ്റവും വിലയുള്ള കമ്പനിയായി മാറി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 572.25 പോയിൻ്റ് (1.09 ശതമാനം) താഴ്ന്ന് 51,770.31 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 140.32 പോയിൻ്റ് (1.82%) നഷ്ടത്തോടെ 7580.07 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 747.73 പോയിൻ്റ് (2.86%) ഇടിഞ്ഞ് 24,436.99 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് നേട്ടത്തിൽ

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ് . ഡൗ ജോൺസ് 134 പോയിൻ്റും (0.26 ശതമാനം) എസ് ആൻഡ് പി 26 പോയിൻ്റും (0.33%) നാസ്ഡാക് 194 പോയിൻ്റും (0.68%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 1.74 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 1.98 ശതമാനം ഇടിഞ്ഞ് 21.74 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.10% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.27% താണ് 29.37 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 2.87% കയറിയ ശേഷം തുടർ വ്യാപാരത്തിൽ 0.72% താഴ്ന്നു 12.46 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 2.37% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.26% താഴ്ന്നു 2.154 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് താഴ്ന്നു

ലണ്ടനിലെ എഫ്‌ടിഎസ്ഇ ഒഴികെയുള്ള യൂറോപ്യൻ ഓഹരിവിപണി സൂചികകൾകൾ വെള്ളിയാഴ്ച വലിയ നഷ്‌ടത്തിൽ അവസാനിച്ചു. ടെക്നോളജി കമ്പനികൾ താഴ്ചയിലായി.

ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക 0.80 ശതമാനം കയറി. ജപ്പാനിലെ നിക്കൈ സൂചിക 0.10 ശതമാനം താണു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം നഷ്‌ടത്തിലാണ്. തായ്‌വാൻ സൂചിക 0.75 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.42 ശതമാനം ഉയർന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് നാമമാത്ര നേട്ടത്തിലാണ്.

മുഖ്യസൂചികകൾ കയറി, വിശാലവിപണി ഇടിഞ്ഞു

വിദേശനിക്ഷേപകർ വാങ്ങലുകാരായതിൻ്റെ ആവേശത്തിൽ വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിലെ മുഖ്യ സൂചികകൾ നേട്ടം തുടർന്നു. ആഴ്ചയിൽ സെൻസെക്സ് 1.8 ഉം നിഫ്റ്റി രണ്ടും ശതമാനം ഉയർന്നു. എന്നാൽ വിശാലവിപണി താഴ്ന്നു. മിഡ് ക്യാപ് 100 സൂചിക വെള്ളിയാഴ്ച 0.93 ഉം സ്മോൾ ക്യാപ് 100 സൂചിക 1.85 ഉം ശതമാനം ഇടിവിലാണ് അവസാനിച്ചത്.

ഐടി, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ വലിയ മുന്നേറ്റം നടത്തി. പ്രതിരോധ, കാപ്പിറ്റൽ മാർക്കറ്റ്, കൺസ്യൂമർ ഡ്യുറബിൾസ്, വാഹന, റിയൽറ്റി, മീഡിയ, എഫ്എംസിജി, ഓയിൽ, ബാങ്ക് മേഖലകൾ താഴ്ന്നു.

വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ താഴ്ന്നു. ബിഎസ്ഇയിൽ 1351 ഓഹരികൾ ഉയർന്നു, 3015 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 1004 ഓഹരികൾ കയറിയപ്പോൾ 2506 എണ്ണം ഇടിഞ്ഞു.

വെള്ളിയാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 3598.54 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 817.51 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വെള്ളിയാഴ്ച സെൻസെക്‌സ് 308.49 പോയിൻ്റ് (0.42%) കയറി 74,459.53 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 116.35 പോയിൻ്റ് (0.51%) ഉയർന്ന് 23,053.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 222.70 പോയിൻ്റ് (0.41%) നഷ്ടത്തോടെ 54,686.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 550.40 പോയിൻ്റ് (0.93%) താഴ്ന്ന് 57,301.25 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 347.75 പോയിൻ്റ് (1.85%) ഇടിഞ്ഞ് 18,463.60 ൽ ക്ലോസ് ചെയ്തു.

സ്വർണം ചാഞ്ചാട്ടത്തിൽ

പലിശപ്പേടിയിൽ വെള്ളിയാഴ്ച കുത്തുന ഇടിഞ്ഞ സ്വർണവും വെള്ളിയും ഇന്നു രാവിലെ ചാഞ്ചാട്ടത്തിലാണ്. വലിയ ഇടിവിനു ശേഷം ആശ്വാസറാലി പ്രതീക്ഷിച്ചു നേട്ടത്തോടെയാണു രാവിലെ ഏഷ്യൻ വിപണികളിൽ വ്യാപാരം തുടങ്ങിയത് പക്ഷേ അധികം മുന്നേറ്റം സാധിച്ചില്ല. ജൂലൈയിൽ എത്തിയ താഴ്ന്ന നിലയായ 3975 ഡോളറും കഴിഞ്ഞ് 3876 ഡോളറിലേക്കാണു സ്വർണം വെള്ളിയാഴ്ച താഴ്ന്നത്. ഇന്നു രാവിലെ അവിടെ നിന്നു കയറിയ സ്വർണം 3915 വരെ എത്തിയിട്ടു താഴ്ന്നു ചാഞ്ചാട്ടമായി. ക്രൂഡ് ഓയിൽ വില 110 ഡോളറിനടുത്തേക്കു താഴുന്നതാണു സ്വർണത്തെ രാവിലെ കയറ്റുന്നത്.

വെള്ളിയാഴ്ച സ്വർണം 3869 ഡോളർ വരെ താഴ്ന്ന ശേഷം 146.10 ഡോളർ (3.64%) നഷ്‌ടത്തോടെ ഔൺസിന് 3876.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഒരു ശതമാനം കയറി 3915.90 ഡോളർ വരെ എത്തിയിട്ട് അൽപം താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 1240 രൂപയും ശനിയാഴ്ച 2480 രൂപയും കുറഞ്ഞ് 1,01,840 രൂപയിൽ എത്തി.

വെള്ളിവില വെള്ളിയാഴ്ച 5.84 ശതമാനം ഇടിഞ്ഞ് ഔൺസിന് 49.25 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 49.86 ഡോളറിൽ എത്തി.

പ്ലാറ്റിനം 1442 ഡോളർ, പല്ലാഡിയം 970 ഡോളർ, റോഡിയം 8550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ ഭിന്നദിശകളിൽ

റബർ വില വിദേശത്തു താഴ്ച തുടർന്നപ്പോൾ കേരളത്തിൽ കയറ്റം തുടർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 285.10 ഡോളറും ആർഎസ്എസ് മൂന്ന് 281.70 ഡോളറും ആയി താഴ്ന്നു. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ശനിയാഴ്ച ക്വിൻ്റലിന് 29,900 രൂപയിൽ എത്തി.

ലോഹങ്ങൾ താഴോട്ട്

ലെഡ് ഒഴികെ വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. ചെമ്പ് 0.76 ശതമാനം താഴ്ന്നു ടണ്ണിന് 14,449.00 ഡോളർ ആയി. അലൂമിനിയം 0.31 ശതമാനം കുറഞ്ഞ് 3069.00 ഡോളറിൽ എത്തി. നിക്കലും ടിന്നും സിങ്കും താഴ്ന്നു. ലെഡ് ഉയർന്നു.

കൊക്കോ താഴ്ന്നു

കൊക്കോ വില നാമമാത്രമായി കുറഞ്ഞ് ടണ്ണിന് 5453 ഡോളറിൽ ക്ലോസ് ചെയ്തു.

അറബിക്ക കാപ്പി പൗണ്ടിന് 0.61 ശതമാനം കൂടി 2.872 ഡോളർ ആയി.

പാം ഓയിൽ 1.17 ശതമാനം ഉയർന്നു ടണ്ണിന് 4681 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക ചാഞ്ചാടുന്നു

യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച ഇടിഞ്ഞ് 101.88 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.99 ലേക്ക് കയറിയശേഷം അൽപം താഴ്ന്നു.

യൂറോ ഇന്ന് 1.1195 ഡോളറിലും പൗണ്ട് 1.3389 ഡോളറിലും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.47 യെൻ ആയി.

ചൈനീസ് യുവാൻ ഡോളറിന് 6.66 യുവാനിൽ തുടരുന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.914 ശതമാനമായി താഴ്ന്നു.

രൂപ ഉയർന്നു

രൂപ വെള്ളിയാഴ്ച മികച്ച മുന്നേറ്റം നടത്തി. ഡോളർ 31 പൈസ കുറഞ്ഞു 94.95 രൂപയിൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 95.00 രൂപയിലേക്കു കയറി. ഡോളർ സൂചികയിലെ ഇടിവ് രൂപയ്ക്കു സഹായമാകും.

ചൈനീസ് യുവാൻ 14.23 രൂപയും യൂറോ 105.95 രൂപയുമായി താഴ്ന്നു.

ക്രൂഡ് ഓയിൽ താഴുന്നു

വെള്ളിയാഴ്ച രാവിലെ 118 ഡോളറിനടുത്ത് എത്തിയ ക്രൂഡ് ഓയിൽ ഗണ്യമായി ഇടിഞ്ഞു. ഇന്നു രാവിലെ വീണ്ടും താഴ്ചയിലാണ്.

വെള്ളിയാഴ്ച 113.43 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ രണ്ടു ശതമാനം താഴ്ന്നു 110.92 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 101.55 ഡോളറിലാണ്.

ക്രിപ്റ്റോകൾ കയറുന്നു

ബൈനാൻസിലെ നുഴഞ്ഞുകയറ്റത്തെ തുടർന്നു വെള്ളിയാഴ്ച ഇടിഞ്ഞ ക്രിപ്റ്റോ കറൻസികൾ തിച്ചെ കയറ്റത്തിലായി. ബിറ്റ്കോയിൻ 78,200 ഡോളറിനു മുകളിലായി. ഈഥർ 2280 ഡോളറിനും സൊലാന 94.75 ഡോളറിനും മുകളിലാണ്.

വിപണിസൂചനകൾ

(2026 ഒക്‌ടോബർ 30, വെള്ളി)

സെൻസെക്സ് 74,459.53 +0.42%

നിഫ്റ്റി50 23,053.10 +0.51%

ബാങ്ക് നിഫ്റ്റി 54,686.95 -0.41%

മിഡ്ക്യാപ്100 57,301.25 -0.93%

സ്മോൾക്യാപ്100 18,463.60 -1.85%

ഡൗജോൺസ് 51,770.31 -1.09%

എസ്ആൻഡ്പി 7580.07 -1.82%

നാസ്ഡാക് 25,436.99 -2.86%

ഡോളർ ₹94.95 -₹0.31

സ്വർണം(ഔൺസ്)$3876.40 -$146.10

സ്വർണം(പവൻ) ₹1,04,320 -₹1240

ശനി ₹1,01,840 -₹2480

ക്രൂഡ്ഓയിൽബ്രെൻ്റ് $113.43 -$1.46

Read DhanamOnline in English

Subscribe to Dhanam Magazine

```html ```