

തീരുവയുദ്ധം ഫണം വിടർത്തി. ആർക്കും ഇളവില്ല. ഏറ്റവും കുറഞ്ഞത് 10 ശതമാനം. ഇന്ത്യക്ക് 26 ശതമാനം. ചൈനയ്ക്ക് 34 ശതമാനം. യൂറോപ്യൻ യൂണിയന് 20 ശതമാനം ജപ്പാന് 24, വിയറ്റ്നാമിന് 46, ദക്ഷിണ കൊറിയയ്ക്ക് 25 എന്നിങ്ങനെയാണു നിരക്ക്. ബ്രിട്ടൻ, ബ്രസീൽ, യുഎഇ, സൗദി അറേബ്യ, സിംഗപ്പുർ തുടങ്ങിയവയ്ക്കു 10 ശതമാനം. പാക്കിസ്ഥാന് 29 ഉം ശ്രീലങ്കയ്ക്കു 44 ഉം ബംഗ്ലാദേശിന് 37 ഉം ശതമാനമാണു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ചുമത്തിയ തീരുവ.
എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച ഉയർന്ന നിരക്കാണു ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കൻ വിപണിയുടെ ഫ്യൂച്ചേഴ്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ഏഷ്യൻ വിപണികൾ ഒന്നു മുതൽ മൂന്നു വരെ ശതമാനം താഴ്ചയിലായി. ഇന്ത്യൻ വിപണിയും ഗണ്യമായി താഴുമെന്നാണു സൂചന.
ഇന്ത്യ അടക്കം ഏതു രാജ്യത്തിനും ചുങ്കം കുറയ്ക്കുകയും ഇറക്കുമതി നിയന്ത്രണം നീക്കുകയും ചെയ്താൽ തീരുവയിൽ ആനുപാതിക ഇളവ് കിട്ടുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പിന്നീടു പറഞ്ഞു. ഇന്ത്യയുടെ പ്രതികരണം ഇന്നു പാർലമെൻ്റിൽ പ്രഖ്യാപിച്ചേക്കാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,137 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,150 ലാണ്. ഇന്ത്യൻ വിപണി വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ബുധനാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. തീരുവപ്പേടി തന്നെ കാരണം. തീരുവ പ്രഖ്യാപനത്തിനു തൊട്ടു മുൻപു യുഎസ് വിപണിയും നേട്ടത്തിലാണ് അവസാനിച്ചത്. യുഎസ് സമ്പദ്ഘടനയ്ക്കു കരുത്തു പകരുന്നതാകും ട്രംപിൻ്റെ നടപടി എന്ന പ്രതീക്ഷ വിപണിയിൽ ദൃശ്യമായി.
ബുധനാഴ്ച ഡൗ ജോൺസ് 235.36 പോയിൻ്റ് (0.56%) ഉയർന്ന് 42,225.32 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.90 പോയിൻ്റ് (0.67%) കയറി 5670.97 ൽ അവസാനിച്ചു. നാസ്ഡാക് 151.15 പോയിൻ്റ് (0.87%) ഉയർന്ന് 17,601.05 ൽ എത്തി.
ട്രംപിൻ്റെ പ്രഖ്യാപനത്തിനു ശേഷം യുഎസ് ഫ്യൂച്ചേഴ്സ് കനത്ത നഷ്ടത്തിലേക്കു വീണു. ഡൗ രണ്ടരയും ഉം എസ് ആൻഡ് പി 3.32 ഉം നാസ്ഡാക് 4.25 ഉം ശതമാനം ഇടിഞ്ഞു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു തകർച്ചയിലാണ്. ജപ്പാനിൽ നിക്കെെ മൂന്നര ശതമാനം ഇടിഞ്ഞു. ചെെനീസ് വിപണിയും താഴ്ന്നു.
ട്രംപ് അങ്ങനെ ചെയ്യില്ല എന്ന അമിത വിശ്വാസത്തിൽ ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തോടെ അവസാനിച്ചു. ശുഭസൂചനകൾ ഉണ്ടെന്നു സർക്കാർ വക്താക്കൾ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം രണ്ടാം ദിവസവും കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 2818 ഓഹരികൾ ഉയർന്നപ്പോൾ 1133 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2148 എണ്ണം. താഴ്ന്നത് 757 എണ്ണം.
എൻഎസ്ഇയിൽ 39 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 43 എണ്ണമാണ്. 247 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 26 എണ്ണം മാത്രമാണ് ലോവർ സർക്കീട്ടിൽ എത്തിയത്.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1538.88 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2808.83 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബുധനാഴ്ച നിഫ്റ്റി 166.65 പോയിൻ്റ് (0.72%) കയറി 23,332.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 592.93 പോയിൻ്റ് (0.78%) ഉയർന്ന് 76,617.44 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 520.55 പോയിൻ്റ് (1.02%) കയറി 51,348.05 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.61 ശതമാനം നേട്ടത്തോടെ 52,053.20 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 1.12 ശതമാനം ഉയർന്ന് 16,162.45 ൽ ക്ലോസ് ചെയ്തു.
വിപണി മനോഭാവം കരുതലോടെയുള്ള പ്രതീക്ഷയുടേതായിരുന്നു. പക്ഷേ ട്രംപിൻ്റെ പ്രഖ്യാപനം കഴിഞ്ഞപ്പോൾ അത് ആശങ്കയിലേക്കു വഴുതിവീണു.
നിഫ്റ്റി 23,000- 22,900 ലെ പിന്തുണ നിലനിർത്തിയില്ലെങ്കിൽ വലിയ ഇടിവ് ഉണ്ടാകും എന്നാണു ചാർട്ടുകൾ കാണിക്കുന്നത്.
ചാർട്ടുകൾ പ്രകാരം ഇന്നു നിഫ്റ്റിക്ക് 23,205 ലും 23,090 ലും പിന്തുണ പ്രതീക്ഷിക്കാം. 23,350 ലും 23,470 ലും തടസം ഉണ്ടാകാം.
വലിയ അനിശ്ചിതത്വം മാറി. സ്വർണ ഇറക്കുമതിക്കു ട്രംപ് തീരുവ ചുമത്തിയില്ല. പക്ഷേ വ്യാപാരയുദ്ധം ഉദ്ദേശിച്ചതിലും കടുപ്പമാണെന്ന് ട്രംപ് പ്രഖ്യാപിച്ച നിരക്കുകളും രാജ്യങ്ങളുടെ പ്രഥമപ്രതികരണങ്ങളും കാണിക്കുന്നു. സ്വർണവില വീണ്ടും ഉയർന്നത് അതിൻ്റെ ഫലമാണ്.
ബുധനാഴ്ച സ്വർണം ഔൺസിനു 3140.20 ഡോളറിൽ ക്ലോസ് ചെയ്ത ശേഷമായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. തുടർന്നു വില 3164.90 ഡോളറിലേക്കു കുതിച്ചു. ഇന്നു രാവിലെ 3158.90 ഡോളറിലാണ്.
കേരളത്തിൽ ബുധനാഴ്ച പവന് വിലമാറ്റം ഉണ്ടായില്ല. 68,080 രൂപ എന്ന റെക്കോർഡിൽ തുടർന്നു. ഡോളർ നിരക്ക് മാറുന്നതനുസരിച്ച് ഇന്നു വിലയിൽ മാറ്റം വരാം.
വെള്ളിവില ഔൺസിന് 33.86 ഡോളറിലേക്കു കയറി.
ഡോളർ സൂചിക ബുധനാഴ്ച അൽപം താഴ്ന്ന് 103.81 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക ഇടിഞ്ഞ് 103.07 ആയി.
യുഎസ് കടപ്പത്രവില ബുധനാഴ്ച കുതിച്ചു കയറി. അവയിലെ നിക്ഷേപനേട്ടം ഇടിഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.06 ശതമാനത്തിൽ എത്തി. അമേരിക്കയിൽ മാന്ദ്യത്തിനുള്ള സാധ്യതയാണ് കടപ്പത്ര വിപണി കാണുന്നത്.
ക്രൂഡ് ഓയിൽ വില ബുധനാഴ്ച കാര്യമായ മാറ്റമില്ലാതെ തുടർന്നു. പക്ഷേ ട്രംപിൻ്റെ തീരുവ പ്രഖ്യാപനത്തെ തുടർന്നു വിപണി വലിയ ഇടിവിലേക്കു മാറി. ആഗോള വാണിജ്യത്തിൽ വലിയ തടസം ഉണ്ടാകുമെന്നും അതു വളർച്ചയ്ക്കു കോട്ടം തട്ടിക്കുമെന്നും വിപണി കരുതുന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യും റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസും ഇന്നു മന്ത്രിതല യോഗം നടത്തുന്നുണ്ട്. ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടുന്ന കാര്യം തീരുമാനിക്കാനാണു യോഗം വിളിച്ചത്. പക്ഷേ മാറിയ സാഹചര്യത്തിൽ ഉൽപാദനം കൂട്ടുന്ന തീരുമാനം മാറ്റി വച്ചേക്കും.
ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 74.95 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.24 ഡോളറിലേക്ക് ഇടിഞ്ഞു. ഡബ്ല്യുടിഐ ഇനം മൂന്നു ശതമാനം ഇടിഞ്ഞ് 69.91 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.18 ഉം ഡോളറിലേക്കു നീങ്ങി.
ട്രംപിൻ്റെ പ്രഖ്യാപനം ക്രിപ്റ്റോ കറൻസികളെ ഇടിച്ചിട്ടു. പിന്നീടു തിരിച്ചു കയറി. 82,270 ഡോളറിൽ എത്തിയ ശേഷം 83,700ലേക്ക് ഉയർന്നു. ഈഥർ 1830 ഡോളറിനു സമീപം ആയി.
(2025 ഏപ്രിൽ 02, ബുധൻ)
സെൻസെക്സ്30 76,617.44 +0.78%
നിഫ്റ്റി50 23,332.35 +0.72%
ബാങ്ക് നിഫ്റ്റി 51,348.05 +1.02%
മിഡ് ക്യാപ്100 52,053.20 +1.61%
സ്മോൾക്യാപ്100 16,162.45 +1.12%
ഡൗജോൺസ് 42,225.30 +0.56%
എസ് ആൻഡ് പി 5670.97 +0.67%
നാസ്ഡാക് 17,601.10 +0.87%
ഡോളർ($) ₹85.51 ₹0.04
സ്വർണം(ഔൺസ്) $3140.20 +$24.90
സ്വർണം(പവൻ) ₹68,080 +₹00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $73.37 -$1.12 '
Read DhanamOnline in English
Subscribe to Dhanam Magazine