

മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ഇന്ത്യൻ ബജറ്റിൻ്റെ ആവേശം അനുഭവിക്കുന്നതിനു മുൻപ് ഡോണൾഡ് ട്രംപ് തുടങ്ങി വച്ച വ്യാപാരയുദ്ധം വിപണിയെ വല്ലാതെ ഉലയ്ക്കുന്നു. യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും ചോരപ്പുഴയിലായി. ഇന്ത്യൻ വിപണിയും തകർച്ചയോടെ തുടങ്ങും എന്നാണ് ആശങ്ക.
വ്യാപാരയുദ്ധം കറൻസി വിപണികളെ വല്ലാതെ ഉലച്ചു. യൂറോയും പൗണ്ടും ചൈനീസ് യുവാനും ദുർബലമായി. രൂപ ഇന്നു താഴ്ചയിലാകാം. സ്വർണവില ചാഞ്ചാടി. ക്രിപ്റ്റോ കറൻസികൾ ഇടിഞ്ഞു. വിപണികളിലെ ചാഞ്ചാട്ടവും അനിശ്ചിതത്വവും തുടരും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,630 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,390 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
അനിശ്ചിതത്വങ്ങൾക്കു നടുവിൽ യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. സ്റ്റോക്സ് 600 സൂചിക ജനുവരിയിൽ ആറു ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്.
യുഎസ് വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം നഷ്ടത്തിൽ അവസാനിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചുങ്കം ചുമത്തൽ പ്രഖ്യാപിച്ച ശേഷം ഞായറാഴ്ച രാത്രി യുഎസ് ഫ്യൂച്ചേഴ്സ് കുത്തനേ ഇടിഞ്ഞു. സൂചികകൾ ഒന്നര മുതൽ രണ്ടര വരെ ശതമാനം താഴ്ന്നു. കാനഡയിലും മെക്സിക്കോയിലും നിന്നുള്ള സാധനങ്ങൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ളവയ്ക്ക് 10 ശതമാനവും ചുങ്കമാണു ചുമത്തിയത്. കാനഡയിൽ നിന്നുള്ള ക്രൂഡ് ഓയിലിനു 10 ശതമാനം ചുങ്കമേ ഉള്ളൂ. കാനഡ യുഎസിൽ നിന്നുള്ള കുറേ ഇറക്കുമതിക്ക് ബദൽ ചുങ്കം പ്രഖ്യാപിച്ചു. ഏതിനൊക്കെ ആണെന്ന് അറിയിച്ചില്ല. യുഎസ് ചുങ്കം ചൊവ്വാഴ്ച പ്രാബല്യത്തിലാകും.
ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 1.8 ഉം എസ് ആൻഡ് പി 2.02 ഉം നാസ്ഡാക് 2.7 ഉം ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.565 ശതമാനത്തിലേക്കു കയറിയിട്ടു താണു.
ഏഷ്യൻ വിപണികൾ രാവിലെ ഇടിഞ്ഞു. ജപ്പാനിൽ നിക്കൈ 2.25 ശതമാനം വരെ താഴ്ന്നു. ചൈനീസ് വിപണികളും താഴ്ചയിലാണ്.
ബജറ്റിനു മികച്ച കൈയടി ലഭിച്ചെങ്കിലും ഓഹരിവിപണി സൂചികകൾ ചാഞ്ചാടിയ ശേഷം നാമമാത്ര നേട്ടവും നാമമാത്ര നഷ്ടവും ആയി അവസാനിച്ചു. റിയൽറ്റി, എഫ്എംസിജി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ സൂചികകൾ 19 മുതൽ 3.4 വരെ ശതമാനം ഉയർന്നു. ഐടിയും മെറ്റലും ഓയിൽ - ഗ്യാസും ഒന്നര ശതമാനത്തോളം ഇടിഞ്ഞു.
ജനങ്ങൾക്കു ചെലവാക്കാനാകുന്ന പണം വർധിപ്പിക്കുന്ന ബജറ്റ് നിർണായക മേഖലകളിൽ പിന്നാക്കം പോയതായി വിപണി കരുതുന്നു. റെയിൽവേക്കും റോഡ് പദ്ധതികൾക്കും പ്രതിരോധത്തിനും ഭവന നിർമാണത്തിനും ഊർജമേഖലയ്ക്കും അർഥപൂർണമായ വർധന ഇല്ല. വിലക്കയറ്റത്തിലും കുറവാണു മൂലധനച്ചെലവിലെ വർധന. പ്രായോഗികമായി മൂലധന നിക്ഷേപം കുറയും എന്നു വിപണി സംശയിക്കുന്നു. റെയിൽവേ ഓഹരികൾ കുത്തനേ ഇടിഞ്ഞു. മൂലധനാദായ നികുതി, ഓഹരി കൈമാറ്റ നികുതി എന്നിവയിൽ പ്രതീക്ഷിച്ച മാറ്റങ്ങൾ ഉണ്ടാകാത്തതിൽ വിപണിക്കു നിരാശയുണ്ട്.
ട്രംപിനെ ഭയന്നായാലും അല്ലെങ്കിലും ടൂ വീലറുകളും കാറുകളും അടക്കമുള്ള ഇറക്കുമതിക്കു ബജറ്റ് ചുങ്കം കുറച്ചു. ഇതിൻ്റെ പ്രധാന നേട്ടം യുഎസ് വാഹന നിർമാതാക്കൾക്കാണ്.
ശനിയാഴ്ച നിഫ്റ്റി 26.25 പോയിൻ്റ് (0.11%) താഴ്ന്ന് 23,482.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 5.39 പോയിൻ്റ് (0.01%) കയറി 77,505.96 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 80.25 പോയിൻ്റ് (0.16%) താഴ്ന്ന് 49,506.95 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.42 ശതമാനം താഴ്ന്ന് 53,486.15 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.41 ശതമാനം ഉയർന്ന് 16,979.75 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 1327.09 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 824.38 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2030 ഓഹരികൾ ഉയർന്നപ്പോൾ 1884 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1419 എണ്ണം ഉയർന്നു, താഴ്ന്നത് 13 28 എണ്ണം. നിഫ്റ്റിക്ക് ഇന്ന് 23,360 ലും 23,285 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,600 ഉം 23,670 ഉം തടസങ്ങൾ ആകാം.
പവർഗ്രിഡ്, ആദിത്യ ബിർല കാപ്പിറ്റൽ, ജിഐസി, ഡിവിസ് ലബോറട്ടറീസ്, അലെംബിക് ഫാർമ, ബാർബെക്യു നേഷൻ, ബോംബെ ഡൈയിംഗ്, ഡ്രെഡ്ജിംഗ് കോർപറേഷൻ, ഗേറ്റ് വേ ഡിസ്ട്രി പാർക്സ്, ഗ്ലാൻഡ് ഫാർമ, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ്, ജ്യോതി സ്ട്രക്ചേഴ്സ്, കെഇസി ഇൻ്റർനാഷണൽ ടാറ്റാ കെമിക്കൽസ്, വെൽസ്പൺ എൻ്റർപ്രൈസൈസ് തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തുവിടും.
നിയോജെൻ കെമിക്കൽസ് വരുമാനം 22.5 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 844 ശതമാനം കുതിച്ചു. ലാഭമാർജിൻ 12.3 ൽ നിന്ന് 17.2 ശതമാനം ആയി.
അനന്ത് രാജ് ലിമിറ്റഡ് വരുമാനം 36.3 ശതമാനം കൂടിയപ്പോൾ അറ്റാദായം 53.6 ശതമാനം ഉയർന്നു.
ആരതി ഇൻഡസ്ട്രീസ് വരുമാനം 6.2 ശതമാനം കൂടിയപ്പോൾ ലാഭം 63 ശതമാനം ഇടിഞ്ഞു.
പ്രസിഡൻ്റ് ട്രംപിൻ്റെ ചുങ്കം ചുമത്തൽ നാളെ ആരംഭിക്കാനിരിക്കെ ആശങ്കകൾ സ്വർണത്തെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചു. പിന്നീടു വില ഇടിഞ്ഞു. ഫെബ്രുവരി അവധി വില ഔൺസിന് 2850 ഡോളർ കടന്നു. സ്പോട്ട് വില 2800 ഡോളറിനു മുകളിൽ എത്തി. ഇന്നു രാവിലെ സ്വർണം ഔൺസിന് 2804.00 ഡോളറിൽ വ്യാപാരം തുടങ്ങിയിട്ട് 2784 ലേക്കു താഴ്ന്നു. ഡോളർ നിരക്ക് ഉയരുന്നതാണു വില താഴ്ത്തിയത്.
കേരളത്തിൽ ശനിയാഴ്ച സ്വർണവില പവന് 120 രൂപ വർധിച്ച് 61,960 രൂപ എന്ന റെക്കോർഡ് കുറിച്ചു.
വെള്ളിവില അൽപം കയറി ഔൺസിന് 31.42 ഡോളറിൽ എത്തി.
ട്രംപിൻ്റെ ചുങ്കം ചുമത്തലിനെ തുടർന്ന് ഡോളർ സൂചിക കുതിച്ച് 109.66 വരെ കയറി. പിന്നീട് അൽപം താഴ്ന്നു. ഇനിയും കയറുമെന്നാണു സൂചന. അതു രൂപയെ കൂടുതൽ താഴ്ചയിലാക്കും.ഡോളർ 86.61 രൂപ എന്ന റെക്കോർഡിലാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഇന്ന് ഓപ്പണിംഗ് റെക്കോർഡ് താഴ്ചയിലാകാം.യൂറോ വില 1.02 ഡോളറിലേക്ക് ഇടിഞ്ഞു.
ആദ്യത്തെ ചുങ്കം നടപടികളിൽ നിന്നു ക്രൂഡ് ഓയിൽ ഒഴിവാക്കാത്ത പ്രസിഡൻ്റ് ട്രംപിൻ്റെ നിലപാട് ക്രൂഡ് ഓയിൽ വില ഉയർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഒരു ശതമാനം കയറി 76.29 ഡോളറിൽ വ്യാപാരം തുടങ്ങി. ഡബ്ല്യുടിഐ ഇനം രണ്ടു ശതമാനത്തിലധികം കയറി 74.09 ഡോളറിൽ പുതിയ ആഴ്ച ആരംഭിച്ചു. പിന്നീട് 73.80 ലേക്കു താഴ്ന്നു. യുഎഇയുടെ മർബൻ ക്രൂഡ് 77.78 ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോ കറൻസികൾ കുത്തനേ ഇടിഞ്ഞു. ബിറ്റ് കോയിൻ പത്തുശതമാനം ഇടിഞ്ഞ് 91,000 ഡോളറിലേക്കു നീങ്ങി. ഈഥർ വില 2500 ഡോളറിനു താഴെ ആയി.
ട്രംപിൻ്റെ ചുങ്കം നടപ്പാക്കലിനെ ഭയനു വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച താഴ്ന്നു. ചെമ്പ് 0.89 ശതമാനം കുറഞ്ഞ് ടണ്ണിന് 8928.47 ഡോളറിലെത്തി. അലൂമിനിയം 1.28 ശതമാനം ഇടിഞ്ഞ് 2592.63 ഡോളർ ആയി. ടിൻ 0.58 ഉം ലെഡ് 0.77 ഉം സിങ്ക് 1.14 ഉം നിക്കൽ 1.04 ഉം ശതമാനം താഴ്ന്നു.
(2024 ഫെബ്രുവരി 01, ശനി)
സെൻസെക്സ് 30 77,505.96 +0.01%
നിഫ്റ്റി50 23,482.15 -0.11%
ബാങ്ക് നിഫ്റ്റി 49,506.95 -0.16%
മിഡ് ക്യാപ് 100 53,486.15 -0.42%
സ്മോൾ ക്യാപ് 100 16,979.75 +0.41%
ഡൗ ജോൺസ് 44,544. 66 -0.75%
എസ് ആൻഡ് പി 6040.53 -0.50%
നാസ്ഡാക് 19,627.44 -0.2 S%
ഡോളർ($) ₹86.61 -₹0.02
ഡോളർ സൂചിക 109.63 +1.13
സ്വർണം (ഔൺസ്) $2804.00 +$02.80
സ്വർണം(പവൻ) ₹61,960 +₹120.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.95 +$00.25
Read DhanamOnline in English
Subscribe to Dhanam Magazine