വ്യാപാര കരാറില്‍ ഇന്ത്യക്ക് വിയറ്റ്‌നാം പാര, ട്രംപിന് മേല്‍ക്കൈ; വിദേശ സൂചനകൾ നെഗറ്റീവ്; അനിൽ അംബാനിക്കു തിരിച്ചടി

റിലയൻസ് കമ്യൂണിക്കേഷൻസ് അക്കൗണ്ട് തട്ടിപ്പാണെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ റിസർവ് ബാങ്കിനെ അറിയിക്കും
Morning business news
Morning business newsCanva
Published on

അമേരിക്കയുമായുള്ള വ്യാപാര ചർച്ച അനിശ്ചിതത്വത്തിലേക്കു നീങ്ങി. അമേരിക്കൻ ഉൽപന്നങ്ങൾക്കു നിയന്ത്രണമില്ലാത്ത പ്രവേശനം അനുവദിക്കാൻ കടുത്ത നമ്മർദമാണുളളത്. യുഎസ് സമ്മർദത്തിനു വിയറ്റ്നാം വഴങ്ങിയത് ഇന്ത്യയുടെ വിലപേശൽ ശേഷി കുറച്ചു. 

ഇതിനിടെ അമേരിക്കയുമായി 10 വർഷ പ്രതിരോധ സഹകരണ വാങ്ങൽ കരാറിന് ഇന്ത്യ സന്നദ്ധത അറിയിച്ചതു വ്യാപാര ചർച്ചയിൽ നല്ല പ്രതികരണം ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണു ഗവണ്മെൻ്റ്.

വിപണി സമാഹരണത്തിലാണോ തിരുത്തലിലാണോ എന്നതിൽ നിരീക്ഷകർ രണ്ടു തട്ടിലാണ്. ഇന്ത്യൻ ഓഹരികൾക്കു വില കൂടുതലാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. ഒപ്പം വിദേശ നിക്ഷേപകർ വിൽപന തുടരുകയും ചെയ്യുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ചരാത്രി 25,556.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,574 ലേക്കു കയറി. വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ബുധനാഴ്ച നേട്ടത്തിൽ അവസാനിച്ചു. എന്നാൽ യുകെയിലെ എഫ് ടിഎസ്ഇ 100 സൂചിക താഴ്ന്നു. പ്രധാനമന്ത്രി കെയ്ർ സ്റ്റാമർക്ക് എതിരേ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ വലിയ നീക്കം നടക്കുന്നുണ്ട്. ധനമന്ത്രി റേച്ചൽ റീവ്സിൻ്റെ ചെലവുചുരുക്കൽ നടപടികളെ സ്റ്റാമർ വേണ്ട രീതിയിൽ പിന്തുണച്ചില്ല എന്നതാണ് വിഷയം. റീവ്സ് രാജിവയ്ക്കുമോ എന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. യുകെ ഓഹരികൾക്കു പുറമേ പൗണ്ട് സ്റ്റെർലിംഗും സർക്കാർ കടപ്പത്രങ്ങളും താഴ്ചയിലായി.

യുഎസ് വിപണി ഇന്നലെയും ഭിന്ന ദിശകളിൽ നീങ്ങി. ഡൗ ജോൺസ് നാമമാത്രമായി താഴ്ന്നു. മറ്റു സൂചികകൾ ഉയർന്നു. 

അമേരിക്ക വിയറ്റ്നാമുമായി വ്യാപാര കരാർ ഒപ്പുവച്ചതു വിപണിയെ സന്തോഷിപ്പിച്ചു. എന്നാൽ യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ, മെക്സിക്കോ തുടങ്ങിയവയുമായുളള ചർച്ച എങ്ങുമെത്തിയിട്ടില്ല. ജൂലൈ ഒൻപതിനു മുൻപ് അവ പൂർത്തിയാകും എന്ന സൂചനയില്ല. അമേരിക്കയുടെ

ഉൽപന്നങ്ങൾ ചുങ്കമില്ലാതെ വാങ്ങാം എന്നും വിയറ്റ്നാമിൻ്റെ ഉൽപന്നങ്ങൾ 20 ശതമാനവും  വിയറ്റ്നാം മറ്റിടങ്ങളിൽ നിന്നു വാങ്ങി കയറ്റുമതി ചെയ്യുന്നവ 40 ശതമാനവും ചുങ്കത്താേടെ അമേരിക്ക വാങ്ങാം എന്നുമാണ് കരാർ. ഈ സമീപനം മറ്റു രാജ്യങ്ങൾ അംഗീകരിക്കാൻ ഇടയില്ല. അമേരിക്കൻ ഉപഭോക്താക്കൾ സാധനങ്ങൾക്കു കൂടുതൽ വില നൽകേണ്ടി വരും എന്നതാണു കരാറിൻ്റെ ഒരു ഫലം.

സ്വകാര്യമേഖലയിൽ കഴിഞ്ഞ മാസം 33,000 തൊഴിലുകൾ കുറഞ്ഞതായ റിപ്പോർട്ട് വിപണിക്കു ക്ഷീണമായി. ഒരു ലക്ഷം ജോലികൾ വർധിക്കും എന്നു പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഇന്നു സർക്കാരിലെ അടക്കമുള്ള തൊഴിൽ കണക്ക് വരുന്നുണ്ട്. 1.1 ലക്ഷം വർധന അതിൽ  പ്രതീക്ഷിക്കുന്നുണ്ട്. വലിയ കുറവ് വന്നാൽ പലിശനിരക്ക് ഈ മാസം തന്നെ കുറയ്ക്കാൻ ഫെഡറൽ റിസർവ് (ഫെഡ്) നിർബന്ധിതമാകും എന്നു കരുതപ്പെടുന്നു.

ഇലോൺ മസ്കിൻ്റെ ടെസ്‌ല വാഹനങ്ങളുടെ വിൽപന വീണ്ടും കുറഞ്ഞു. എങ്കിലും ഓഹരി ഇന്നലെ അഞ്ചു ശതമാനം ഉയർന്നു.

പ്രസിഡൻ്റ് ട്രംപിൻ്റെ നികുതിബിൽ ജനപ്രതിനിധി സഭയിൽ ഇന്നലെ പാസാക്കിയില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ വിയോജിപ്പുകളാണു കാരണം. ഇന്നു പാസാക്കാൻ തീവ്രശ്രമം നടക്കുന്നുണ്ട്.

ഡൗ ജോൺസ് സൂചിക ഇന്നലെ 10.52 പോയിൻ്റ് (0.02%) താഴ്ന്ന് 44,484.42 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 29.41 പോയിൻ്റ് (0.47%) ഉയർന്ന് 6198.01 ൽ അവസാനിച്ചു. നാസ്ഡാക് 190.24 പോയിൻ്റ് (0.94%) നേട്ടത്താേടെ 20,393.13 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നാമമാത്ര കയറ്റത്തിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.04 ഉം  നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക താഴ്ന്നു തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി. കൊറിയൻ വിപണി 0.80 ശതമാനം ഉയർന്നു. ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്ചയിലാണു തുടങ്ങിയത്. വിയറ്റ്നാമുമായുള്ള യുഎസ് വ്യാപാരകരാർ വിശകലനം ചെയ്യുകയാണു വിപണി.

ഇന്ത്യൻ വിപണി ഇടിവിൽ

ഇന്ത്യൻ വിപണി ഇന്നലെ വലിയ താഴ്ചയിലായി. സൂചികകൾ ഇന്നലെ താഴ്ചയിൽ നിന്ന് ഗണ്യമായി തിരിച്ചു കയറിയാണു ക്ലോസ് ചെയ്തത്. എങ്കിലും ഹ്രസ്വകാല മുന്നേറ്റത്തിനുള്ള കരുത്ത് വിപണി കാണിക്കുന്നില്ല. അമേരിക്കയുമായുളള വ്യാപാര ചർച്ച ഇന്ത്യക്കു ക്ഷീണം വരുത്തുന്ന രീതിയിലേ അവസാനിക്കൂ എന്നു വിപണി ഇപ്പോൾ മനസിലാക്കുന്നു. ഇന്ത്യൻ വിപണി പൂർണമായും യുഎസ് ഉൽപന്നങ്ങൾക്കായി തുറന്നുകൊടുക്കാതെ ട്രംപ് വഴങ്ങില്ല എന്ന് വിയറ്റ്നാമുമായുള്ള കരാർ കാണിക്കുന്നു. ഇന്നും വിപണി താഴ്ചയിലാകാൻ ഇതു കാരണമാകും

ബുധനാഴ്ച നിഫ്റ്റി 88.40 പോയിൻ്റ് (0.35%) താഴ്ന്ന് 25,453.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 287.60 പോയിൻ്റ് (0.34%) നഷ്ടത്തോടെ 83,409.69 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 400.25 പോയിൻ്റ് (0.80%) ഇടിഞ്ഞ് 56,999. 20 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 82.80 പോയിൻ്റ് (0.14 ശതമാനം) കുറഞ്ഞ് 59,667.25 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 78.60 പോയിൻ്റ് (0.41 ശതമാനം) താഴ്ന്ന് 18,977.10 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി.  ബിഎസ്ഇയിൽ 1736 ഓഹരികൾ ഉയർന്നപ്പോൾ 2277 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1205 എണ്ണം. താഴ്ന്നത് 1720 ഓഹരികൾ.

എൻഎസ്ഇയിൽ 65 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 36 എണ്ണമാണ്. 93 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 48 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വിൽപന തുടർന്നു. ബുധനാഴ്ച ക്യാഷ് വിപണിയിൽ അവർ 1561.62 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3036.68 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

വിപണി ഇന്നും ദുർബലമായി നീങ്ങും എന്നാണു കരുതപ്പെടുന്നത്. പിന്തുണ നിലകൾ താഴേക്കു നീക്കുന്നതായി ഇന്നലെ 25,500 നു താഴേക്കുള്ള വിപണിയുടെ വീഴ്ച. 25,200 ൽ പിന്തുണ പ്രതീക്ഷിക്കാം. 25,200- 25,700 മേഖലയിൽ വിപണി കയറിയിറങ്ങാം. ഇന്നു നിഫ്റ്റിക്ക് 25,400 ഉം 25,335 ഉം പിന്തുണയാകും. 25,570 ലും 25,625 ലും തടസം ഉണ്ടാകാം.

അനിൽ അംബാനിക്കു തിരിച്ചടി

അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് അക്കൗണ്ട് തട്ടിപ്പാണെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിലയിരുത്തി. വിവരം റിസർവ് ബാങ്കിനെ അറിയിക്കാൻ തീരുമാനിച്ചു. ബാങ്കിൻ്റെ ഫ്രോഡ് ഐഡൻ്റിഫിക്കേഷൻ കമ്മിറ്റിയാണ് നടപടി തുടങ്ങിയത്. റിലയൻസ് കമ്യൂണിക്കേഷൻസ് ഓഹരിക്ക് ഇന്നലെ 1.57 രൂപയാണ് വില. 

അനിലിൻ്റെ റിലയൻസ് ഇൻഫ്രാ, റിലയൻസ് പവർ എന്നിവയെ ഈ നടപടി ബാധിക്കും. നഷ്ടത്തിലായിരുന്ന ആ കമ്പനികൾ ഇപ്പോൾ പച്ചപിടിച്ചു വരികയായിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഓഹരി 397 രൂപയിലും റിലയൻസ് പവർ 68 രൂപയിലുമാണ് ഇന്നലെ ക്ലാേസ് ചെയ്തത്. മൂന്ന് ഓഹരികളും ഇന്നലെ രണ്ടര ശതമാനം ഇടിഞ്ഞിരുന്നു.

2017 ൽ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ടതാണ് റിലയൻസ് കമ്യൂണിക്കേഷൻ്റെ വായ്പ. എസ്ബിഐയുടെ പുതിയ നടപടി സുപ്രീം കോടതി വിധികൾക്ക് എതിരാണെന്ന് അനിൽ അംബാനിയുടെ അഭിഭാഷകർ പറഞ്ഞു.

സ്വർണം ഉയർന്നു, താഴ്ന്നു

ഡോളറിൻ്റെ ഇടിവിൽ കയറിയ സ്വർണം ഇന്നലെ വീണ്ടും ഉയർന്ന് 3366 ഡോളർ വരെ കയറി.  ഔൺസിന് 3363.34 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ കുത്തനെ ഇടിഞ്ഞു 3345 ഡോളറിലായി.

കേരളത്തിൽ ബുധനാഴ്ച പവന് 360 രൂപ വർധിച്ച് 72,520 രൂപയായി. 

വെള്ളിവില ഔൺസിന് 36.32 ഡോളറിലേക്ക് ഉയർന്നു.

ബുധനാഴ്ചയും വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് 0.18 ശതമാനം താഴ്ന്നു ടണ്ണിന് 10,042.65 ഡോളറിൽ എത്തി. അലൂമിനിയം 0.59 ശതമാനം കയറി 2618.45 ഡോളർ ആയി. നിക്കലും ലെഡും ഉയർന്നപ്പോൾ സിങ്കും ടിന്നും താഴ്സു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1.54 ശതമാനം കയറി 165.00 സെൻ്റിൽ എത്തി. കൊക്കോ 6.69 ശതമാനം താഴ്ന്ന് ടണ്ണിന് 8156.86 ഡോളർ ആയി. കാപ്പി 0.25 ശതമാനം ഉയർന്നു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 0.39 ശതമാനം കയറി.

ഡോളർ താഴ്ന്നു തന്നെ

 യുഎസ് ഡോളർ ഇന്നലെ ചെറിയ മേഖലയിൽ ചാഞ്ചാടിയിട്ട്  താഴ്ന്ന് ക്ലോസ് ചെയ്തു. ഇന്നലെ സൂചിക 96.78 ൽ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 96.70 ലേക്കു താഴ്ന്നു.

കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1809 ഡോളറിൽ എത്തി. ബ്രിട്ടനിലെ രാഷ്ട്രീയ പ്രതിസന്ധി മൂലം പൗണ്ട് 1.365 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 143.60 യെൻ എന്ന നിരക്കിലാണ്. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.265 ശതമാനത്തിലേക്ക് കയറി.

രൂപ ഇന്നലെ ദുർബലമായി ഡോളർ 18 പൈസ കയറി 85.70 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിൽ തുടർന്നു.

ക്രൂഡ് ഓയിൽ ഉയർന്നു

ക്രൂഡ് ഓയിൽ വില ഉയർന്നു. യുഎന്നിൻ്റെ കീഴിലുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചതാണു പ്രധാനകാരണം. അമേരിക്കയിൽ പാറയടരുകൾക്കിടയിൽ നിന്നുള്ള ഷെയ്ൽ ഖനനം കുറഞ്ഞതും കാരണമായി. ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് രണ്ടു ഡോളർ കയറി 69.11 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 68.85 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 67.19 ഡോളറിലും  മർബൻ ക്രൂഡ് 70.03 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില 0.45 ശതമാനം കൂടി.

ക്രിപ്റ്റോ കറൻസികൾ കയറി. ബിറ്റ് കോയിൻ 1,09,000  ഡോളറിൽ എത്തി. ഈഥർ 2600 ഡോളർ വരെ കയറി. മറ്റു ക്രിപ്റ്റോകളും ഉയർന്നു.

വിപണി സൂചനകൾ

(2025 ജൂലൈ 02, ബുധൻ)

സെൻസെക്സ്30 83,409.69 -0.34%

നിഫ്റ്റി50       25,453.40         -0.35%

ബാങ്ക് നിഫ്റ്റി   56,999. 20    -0.80%

മിഡ് ക്യാപ്100  59,667.25   -0.14%

സ്മോൾക്യാപ്100 18,977.10 -0.41%

ഡൗജോൺസ്  44,484.42  -0.02%

എസ്ആൻഡ്പി  6227.42    +0.47%

നാസ്ഡാക്      20,393.13    +0.94%

ഡോളർ($)     ₹85.70       +₹0.18

സ്വർണം(ഔൺസ്)$3363.34 +$24.45

സ്വർണം(പവൻ)   ₹72,520     +₹360                              ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.11 +$2.00

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com