വ്യാപാരയുദ്ധവും സംഘർഷങ്ങളും അനിശ്ചിതത്വം കൂട്ടുന്നു; ട്രംപ് - ഷി ചർച്ചയിൽ പ്രതീക്ഷ; ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍; സ്വർണം കുതിക്കുന്നു

റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം നാളെ തുടങ്ങും, തീരുമാനങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും
Morning business news
Morning business newsCamva
Published on

യുഎസ്- ചൈന, യുഎസ് യൂറാേപ്പ് വ്യാപാരയുദ്ധങ്ങളും ഭൗമ-രാഷ്ട്രീയ സംഘട്ടനങ്ങളും വിപണികൾക്കു മേൽ അനിശ്ചിതത്വം വർധിപ്പിക്കുന്നു. സ്വർണവും ക്രൂഡ് ഓയിലും ഈ സാഹചര്യത്തിൽ കുതിച്ചു കയറുകയാണ്. വ്യാപാര യുദ്ധം പരിഹരിക്കുന്നതു സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും ഈ ദിവസങ്ങളിൽ ടെലിഫോൺ സംഭാഷണം നടത്തും.

ഇന്ത്യയുടെ റിസർവ് ബാങ്കിൻ്റെ പണനയ സമിതി നാളെ ത്രിദിന യോഗം ആരംഭിക്കും. തീരുമാനങ്ങൾ വെള്ളിയാഴ്ച രാവിലെ ഗവർണർ സഞ്ജയ് മൽഹോത്ര വെളിപ്പെടുത്തും. റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കും എന്നാണു പ്രതീക്ഷ.

ഉപരോധം മറികടന്ന് അദാനി ഗ്രൂപ്പ് ഇറാനിൽ നിന്നു പ്രകൃതി വാതകം കടത്തുന്നതായ സംശയത്തെ തുടർന്നു യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് അന്വേഷണം നടത്തുന്നതായി വോൾ സ്ട്രീറ്റ് ജേണൽ ഇന്നലെ റിപ്പോർട്ട് ചെയ്തു. അദാനി ഗ്രൂപ്പ് റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,892.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,858 വരെ താഴ്ന്നു. ഇന്നു വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു. ചൈന - യുഎസ് വാണിജ്യ ചർച്ച മുടങ്ങിയതും യൂറോപ്പിന് ഉയർന്ന തീരുവ ചുമത്തിയതും വിപണിയെ ആശങ്കപ്പെടുത്തി. വാഹന ഓഹരികൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു

യുഎസ് വിപണി തിങ്കളാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി ഒടുവിൽ നില മെച്ചപ്പെടുത്തി. തീരുവയുദ്ധം കൂടുതൽ രൂക്ഷമാകുന്നതിലെ ആശങ്ക പ്രസിഡൻ്റുമാർ (ട്രംപും ഷിയും) ടെലിഫോൺ സംഭാഷണത്തിന് ഒരുങ്ങുന്നു എന്നതുകൊണ്ട് ശമിച്ചു. സംഭാഷണം വെെകില്ല എന്നാണു പ്രതീക്ഷ. യുഎസ് സ്റ്റീലിനെ രക്ഷിക്കാൻ സ്റ്റീൽ അലൂമിനിയം തീരുവകൾ ഇരട്ടിപ്പിച്ച ട്രംപിൻ്റെ നടപടിയെ തുടർന്ന് മറ്റ് അമേരിക്കൻ സ്റ്റീൽ കമ്പനികളും ഉയർന്നു. ഖനനകമ്പനിയായ ക്ലീവ് ലാൻഡ് ക്ലിഫ്സ് 23 ശതമാനം കുതിച്ചു. യൂറോപ്യൻ സ്റ്റീലിനു ചുങ്കം ഇരട്ടിപ്പിച്ചതു യുഎസിൽ സ്റ്റീൽ വിലക്കയറ്റം രൂക്ഷമാക്കും എന്ന വിലയിരുത്തലുമുണ്ട്.

ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 35.41 പോയിൻ്റ് (0.08%) ഉയർന്ന് 42,305.48 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 24.25 പോയിൻ്റ് (0.41%) നേട്ടത്തോടെ 5935.94 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 128.85 പോയിൻ്റ് (0.67%) ഉയർന്ന് 19,242.61 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ്  താഴ്ചയിലാണ്. ഡൗ 0.22 ഉം  എസ് ആൻഡ് പി 0.24 ഉം നാസ്ഡാക് 0.25 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്.  ജപ്പാനിൽ നിക്കൈ 0.40 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.75 ശതമാനം കയറി. ഹോങ് കോങ് വിപണി  താഴ്ചയിലാണ്. 

ഭിന്നദിശകളിൽ ഇന്ത്യൻ വിപണി

അനിശ്ചിതത്വത്തിനിടയിൽ ഇന്നലെ ഇന്ത്യൻ വിപണി ഭിന്നദിശകളിൽ നീങ്ങി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മികച്ച കയറ്റം കാഴ്ചവച്ചപ്പോൾ മുഖ്യസൂചികകൾ നാമമാത്രമായി താഴ്ന്നു. സെൻസെക്സ് 80,654 നും 81,474 നും ഇടയിലും നിഫ്റ്റി 24,526 നും 24,754 നും ഇടയിലും കയറിയിറങ്ങി. റിയൽ എസ്റ്റേറ്റ് ഓഹരികളും പൊതുമേഖലാ ബാങ്കുകളും മികച്ച കുതിപ്പ് നടത്തി. അസംസ്കൃത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിച്ചുങ്കം പകുതിയാക്കിയത് എഫ്എംസിജി കമ്പനികളെ ഉയർത്തി. ഐടി, മെറ്റൽ ഓഹരികൾ ഗണ്യമായി താഴ്ന്നു.

തിങ്കളാഴ്ച നിഫ്റ്റി 34.10 പോയിൻ്റ് (0.14%) താഴ്ന്ന് 24,716.60 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 77.26 പോയിൻ്റ് (0.09%) നഷ്ടത്തോടെ 81,373.75 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 153.70 പോയിൻ്റ് (0.28%) കയറി 55,903.40 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 355.55 പോയിൻ്റ് (0.62 ശതമാനം) ഉയർന്ന് 57,775.55 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 212.25 പോയിൻ്റ് (1.19 ശതമാനം) കുതിച്ച് 18,095.55 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2064 ഓഹരികൾ ഉയർന്നപ്പോൾ 2052 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1529 എണ്ണം. താഴ്ന്നത് 1402 ഓഹരികൾ.

എൻഎസ്ഇയിൽ 68 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 38 എണ്ണമാണ്. 109 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 103 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ തിങ്കളാഴ്ച  ക്യാഷ് വിപണിയിൽ 2589.47 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5313.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 24,500-24,800 മേഖലയിൽ നിന്നു പുറത്തു കടക്കുന്നതിൽ വീണ്ടും പരാജയപ്പെട്ടു. ഇന്നു നിഫ്റ്റിക്ക് 24,580 ഉം 24,440 ഉം പിന്തുണയാകും. 24,760 ലും 24,805 ലും തടസം ഉണ്ടാകാം.

സ്വർണം കുതിച്ചു കയറി

വാണിജ്യയുദ്ധ ഭീഷണിയും രാജ്യാന്തര സംഘർഷ ഭീതിയും വളർന്നതു സ്വർണത്തിലേക്കു നിക്ഷേപകരെ നയിച്ചു. ഡോളർ ദുർബലമാകുക കൂടി ചെയ്തപ്പോൾ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ വീണ്ടും സ്വർണത്തെ ആശ്രയിക്കുന്ന നിലയായി. തിങ്കളാഴ്ച സ്വർണം ഔൺസിന് മൂന്നു ശതമാനത്തോളം കുതിച്ച് 3382.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 3390 ഡോളർ വരെ കയറിയിട്ട് 3370 ലേക്കു താഴ്ന്നു.

 കേരളത്തിൽ തിങ്കളാഴ്ച സ്വർണം പവൻ 1120 രൂപ കൂടി  72,480 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 34.63 ഡോളറിലേക്ക് ഉയർന്നു.

തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങൾ പൊതുവേ ഉയർന്നു. ചെമ്പ് 0.31 ശതമാനം കൂടി ടണ്ണിന് 9652.65 ഡോളറിൽ എത്തി. അലൂമിനിയം 1.19 ശതമാനം വർധിച്ച് 2474.15 ഡോളർ ആയി. ലെഡ്, സിങ്ക്, നിക്കൽ എന്നിവ ഉയർന്നപ്പോൾ ടിൻ 1.34 ശതമാനം താഴ്ന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 2.78 ശതമാനം താഴ്ന്ന് 157.50 സെൻ്റ് ആയി. കൊക്കോ 2.86 ശതമാനം താഴ്ന്നു ടണ്ണിന് 9483.30 ഡോളർ ആയി. കാപ്പി ഉയർന്നപ്പോൾ തേയില താഴോട്ടാണ്.

ഡോളർ സൂചിക താഴുന്നു

 ഡോളർ സൂചിക തിങ്കളാഴ്ചയും ദുർബലമായി. 98.71 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 98.78 ലാണ്.

കറൻസി വിനിമയത്തിൽ ഡോളർ  നഷ്ടത്തിലായി. യൂറോ 1.144 ഡോളറിലേക്കു കയറി. പൗണ്ട് 1.3548 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 142.66 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.448 ശതമാനത്തിലേക്കു കയറി. 

ഡോളറിൻ്റെ  ദൗർബല്യം രൂപയ്ക്കു നേട്ടമായി. തിങ്കളാഴ്ച ഡോളർ 19 പെെസ താഴ്ന്ന് 85.38 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ്  ഓയിൽ കയറി

ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടിയെങ്കിലും വില കയറുകയാണ്. പ്രതീക്ഷിച്ചത്ര ഉൽപാദന വർധന ഉണ്ടായാത്തതും രാജ്യാന്തര സംഘർഷം വർധിക്കുന്നതുമാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ മൂന്നു ശതമാനം കയറി ബാരലിന് 65.12 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 65.71 ഉം ഡബ്ല്യുടിഐ 63.15 ഉം മർബൻ ക്രൂഡ് 64.78 ഉം  ഡോളറിലേക്കു കയറി.  

ക്രിപ്റ്റോകൾ ഉയരുന്നു

ഏതാനും ദിവസം താഴോട്ടു നീങ്ങിയ ക്രിപ്റ്റോ കറൻസികൾ ഇന്നലെ ഉയർന്നു.  ബിറ്റ് കോയിൻ 1.06 ലക്ഷം ഡോളറിൽ എത്തി. ഈഥർ 2620 ഡോളറിനടുത്തേക്കു കയറി. 

വിപണിസൂചനകൾ

(2025 ജൂൺ 02, തിങ്കൾ)

സെൻസെക്സ്30   81,373.75     -0.09%

നിഫ്റ്റി50       24,716.60         -0.14%

ബാങ്ക് നിഫ്റ്റി   55,903.40       +0.28%

മിഡ് ക്യാപ്100   57,775.55     +0.62%

സ്മോൾക്യാപ്100  18,095.55    +1.19%

ഡൗജോൺസ്   42,305.50    +0.08%

എസ്ആൻഡ്പി   5935.94      +0.41%

നാസ്ഡാക്      19,242.60    +0.67%

ഡോളർ($)     ₹85.38        -₹0.19

സ്വർണം(ഔൺസ്) $3382.60   +$92.30

സ്വർണം(പവൻ)    ₹72,480     +₹1120

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.12   +$2.24

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com