

തുടർച്ചയായ അഞ്ചു മാസത്തെ തകർച്ചയ്ക്കു ശേഷം ഇന്ത്യൻ വിപണി ഹ്രസ്വകാലത്തേക്കെങ്കിലും തിരിച്ചു കയറും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് നിക്ഷേപകർ ഇന്ന്. വിപണിയെ വലിച്ചു താഴ്ത്തിയ ദേശീയ, രാജ്യാന്തര ഘടകങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ല. എങ്കിലും ഓവർസോൾഡ് നിലയിലാണു വിപണി എന്ന സാങ്കേതിക ഘടകത്തിൽ ഊന്നിയാണ് പുൾബായ്ക്ക് റാലിയെപ്പറ്റിയുള്ള പ്രതീക്ഷ.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ക്രിപ്റ്റോ കറൻസികളുടെ സ്ട്രാറ്റജിക് റിസർവ് രൂപീകരിക്കും എന്നു ഞായറാഴ്ച പ്രഖ്യാപിച്ചത് ക്രിപ്റ്റോകളുടെ വിലയിൽ കുതിപ്പിനു കാരണമായി. അവയിലേക്കു കൂടുതൽ നിക്ഷേപം ഒഴുകും.
മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരായ ട്രംപിൻ്റെ ചുങ്കം വർധന നാളെ പ്രാബല്യത്തിൽ വരും. വർധന ഒഴിവാക്കാൻ ഇരു രാജ്യങ്ങളും യുഎസ് അധികൃതരുമായി ചർച്ച തുടരുകയാണ്. അടുത്ത മാസം ഉണ്ടാകുമെന്നു ഭയപ്പെടുന്ന ബദൽചുങ്കത്തിനു പരിഹാരം തേടി ഇന്ത്യൻ വാണിജ്യമന്ത്രി സുരേഷ് ഗോയൽ നാളെ അമേരിക്കയിൽ ചർച്ച തുടങ്ങും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച 22,360 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,368-ൽ എത്തി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നേരിയ കയറ്റത്തിൽ അവസാനിച്ചു. തുടർച്ചയായ 10 ആഴ്ച ഉയർന്നു എന്ന റെക്കോർഡും കുറിച്ചു.
യുഎസ് വിപണി വെള്ളിയാഴ്ച ചാഞ്ചാട്ടത്തിനു ശേഷം മികച്ച നേട്ടത്തിൽ അവസാനിച്ചു. ഡൗ പ്രതിവാരനേട്ടം ഉണ്ടാക്കിയപ്പോൾ മറ്റു രണ്ടു സൂചികകളും ആഴ്ചയിൽ നഷ്ടത്തിലായി. പ്രതിമാസകണക്കിൽ മൂന്നു സൂചികകളും നഷ്ടത്തിലാണ്. ജനുവരിയിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) എന്ന വിലക്കയറ്റ സൂചിക അൽപം താഴ്ന്നതു വിപണിയുടെ കയറ്റത്തെ സഹായിച്ചു. മുൻ ദിവസങ്ങളിൽ കുത്തനേ ഇടിഞ്ഞ എൻവിഡിയയും ടെസ്‌ലയും വെള്ളിയാഴ്ച നാലു ശതമാനം വീതം കയറി. വിൽപനപ്രതീക്ഷ താഴ്ത്തിയ കംപ്യൂട്ടർ നിർമാതാക്കളായ എച്ച്പി ഏഴും ഡെൽ അഞ്ചും ശതമാനം ഇടിഞ്ഞു.
മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരായ 25 ശതമാനം ചുങ്കം ചൊവ്വാഴ്ച നിലവിൽ വരുമെന്നാണു പ്രസിഡൻ്റ് ട്രംപ് പറഞ്ഞിട്ടുള്ളത്. ഇത് ഒഴിവാക്കണമെങ്കിൽ ആ രാജ്യങ്ങൾ ചെെനീസ് ഉൽപന്നങ്ങൾക്കു യുഎസ് ചുമത്തുന്നത്ര ചുങ്കം ചുമത്തണം എന്നും അതിർത്തിയിലുടെയുള്ള മയക്കുമരുന്നു കടത്തു കടയണമെന്നും ആണു ട്രംപ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ചു ചർച്ചകൾ തുടരുകയാണ്. ഫെബ്രുവരി ആദ്യം നടപ്പാക്കാനിരുന്ന ചുങ്കം വർധന ചർച്ചകൾക്കു വേണ്ടി ഒരു മാസത്തേക്കു നീട്ടിവച്ചിരുന്നതാണ്.
ചൈനീസ് ഉൽപന്നങ്ങൾക്കു നേരത്തേ ചുമത്തിയ പത്തിനു പുറമേ 10 ശതമാനം ചുങ്കം കൂടി ചാെവ്വാഴ്ച നിലവിൽ വരും എന്നാണു ട്രംപ് പറഞ്ഞിരിക്കുന്നത്. യുഎസ് ഉൽപന്നങ്ങൾക്കു ചൈന 15 ശതമാനം ചുങ്കം ബദലായി ചുമത്തിയിട്ടുണ്ട്. പുതിയ ചുങ്കത്തിനു ബദൽ നടപടി ഉണ്ടാകുമെന്നു പറഞ്ഞ ചെെന എന്താണു ചെയ്യുക എന്നു വിശദീകരിച്ചിട്ടില്ല.
എല്ലാ രാജ്യങ്ങൾക്കും അവർ ഈടാക്കുന്നതിനു തുല്യമായ ബദൽ ചുങ്കം ഏപ്രിൽ രണ്ടിനു നടപ്പാക്കും എന്നു കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. സ്റ്റീൽ, അലൂമിനിയം ഇറക്കുമതികൾക്കു ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം ചുങ്കം മാർച്ച് 12 നു പ്രാബല്യത്തിൽ ആകും. ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും പ്രതിനിധികൾ യുഎസ് ഭരണകൂടവുമായി സമവായ ചർച്ചകൾ തുടങ്ങി. പല രാജ്യങ്ങളും യുഎസ് ഉൽപന്നങ്ങൾക്കുള്ള ചുങ്കം വെട്ടിക്കുറയ്ക്കാൻ സന്നദ്ധരാണ് എന്നാണു സൂചന. ഇന്ത്യയുടെ വാണിജ്യമന്ത്രി സുരേഷ് ഗോയൽ ചർച്ചകൾക്കായി നാളെ വാഷിംഗ്ടണിൽ എത്തും.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 601.41 പോയിൻ്റ് (1.39%) കുതിച്ച് 43,840.90 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 92.93 പോയിൻ്റ് (1.59%) നേട്ടത്തോടെ 5954.50 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 302.84 പോയിൻ്റ് (1.63%) കയറി 18,847.30 ൽ ക്ലോസ് ചെയ്തു.ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഡൗ ജോൺസ് 0.13 ഉം എസ് ആൻഡ് പി 500 സൂചിക 0.12 ഉം നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ രാവിലെ ഉയർന്നു. വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്ക വിപണികളിൽ ദൃശ്യമാണ്. ജപ്പാനിൽ നിക്കെെ 1.3 ശതമാനം കയറി.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി വലിയ തകർച്ചയിലായി. എല്ലാ വ്യവസായ മേഖലകളും ഇടിഞ്ഞു. ഐടി, ഓട്ടോ, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ഹെൽത്ത് കെയർ തുടങ്ങിയവയാണു കൂടുതൽ താഴ്ന്നത്. ബിഎസ്ഇ ലിമിറ്റഡ് പത്തും എഫ്എസിടി 8.4 ഉം എംസിഎക്സ്, ഐആർഇഡിഎ ജൂബിലൻ്റ് ഫുഡ്സ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ എഴുവീതവും ശതമാനം ഇടിഞ്ഞു. ടാറ്റാ മോട്ടോഴ്സ് 4.5 ഉം മഹീന്ദ്ര ആൻഡ് മഹീന്ദ്ര അഞ്ചും ശതമാനം താഴ്ന്നു. ടെക് മഹീന്ദ്ര 6.4 ഉം വിപ്രോ 5.6 ഉം ശതമാനം ഇടിവിലായി.
നിഫ്റ്റി 420.35 പോയിൻ്റ് (1.86%) കുറഞ്ഞ് 22,124.70 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1414.33 പോയിൻ്റ് (1.90%) ഇടിഞ്ഞ് 73,198.10 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 399.10 പോയിൻ്റ് (0.82%) താഴ്ന്ന് 48,344.70 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.49 ശതമാനം (1221.55 പോയിൻ്റ്) താഴ്ന്ന് 47,915.20 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 3.01 ശതമാനം (456. 40 പോയിൻ്റ്) ഇടിഞ്ഞ് 14,700.20 ൽ ക്ലോസ് ചെയ്തു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 11,639.02 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 12,308.63 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. ഫെബ്രുവരിയിൽ വിദേശികൾ 41,749 കോടി രൂപയുടെ ഓഹരികളാണു മൊത്തം വിറ്റഴിച്ചത്. ജനുവരിയിലെ വിൽപന 81,903 കോടി ആയിരുന്നു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇടിവിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 660 ഓഹരികൾ ഉയർന്നപ്പോൾ 3343 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 490 എണ്ണം ഉയർന്നു, താഴ്ന്നത് 2414 എണ്ണം.
വിപണി മനോഭാവം ബെയറിഷ് ആയി തുടരുന്നു. എന്നാൽ നിഫ്റ്റി ഓവർസോൾഡ് നില തുടർച്ചയായ നാലാം ദിവസവും കാണിച്ചു. സമീപ മാസങ്ങളിൽ 16 ശതമാനം ഇടിഞ്ഞ സൂചിക ഒരു പുൾ ബായ്ക്ക് റാലി നടത്തുമെന്ന പ്രതീക്ഷ വിപണിയിൽ പ്രബലമാണ്. ഇന്നു നിഫ്റ്റിക്ക് 22,095 ലും 22,010 ലും പിന്തുണ പ്രതീക്ഷിക്കാം. 22,360 ലും 22,450 ലും തടസം ഉണ്ടാകാം.
വ്യാപാരയുദ്ധം മുറുകുന്നതും യുക്രെയ്നിലെ അനിശ്ചിതത്വവും സ്വർണവിപണിയെ വീണ്ടും കയറ്റും. വെള്ളിയാഴ്ച ഔൺസിന് 2858 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഏഷ്യൻ വ്യാപാരത്തിൽ തുടങ്ങിയതു തന്നെ 2875 ഡോളറിനു മുകളിലാണ്. യൂറോപ്പിൽ ഉടലെടുക്കുന്ന അരക്ഷിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള പ്രാധാന്യം വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൂചിപ്പിച്ചതുപോലെ എല്ലാ കോളിളക്കങ്ങളും അവസാനമായി സ്വർണത്തിൻ്റെ കയറ്റത്തിലാണ് എത്തുക എന്നതാണു ചരിത്രം.
രാജ്യാന്തര വില ഇന്നു രാവിലെ ഔൺസിന് 2875 ഡോളറിൽ എത്തിയ ശേഷം 2868 ലേക്കു താഴ്ന്നു.
കേരളത്തിൽ വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞ് 63,600 രൂപ ആയി. ശനിയാഴ്ച വില 80 രൂപ കുറഞ്ഞ് 63,520 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 31.27 ഡോളറിലാണ്.
ഡോളർ സൂചിക വെള്ളിയാഴ്ച ഗണ്യമായി ഉയർന്ന് 107.61 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 107.25 ലാണ് സൂചിക.രൂപ വെള്ളിയാഴ്ച ദുർബലമായി. ഡോളർ 30 പൈസ കയറി 87.50 രൂപ ആയി. ഡോളർ ഇനിയും കയറും എന്നാണു വിപണിയിലെ നിഗമനം.യുഎസ് കടപ്പത്രങ്ങളുടെ വില ഇന്നു രാവിലെ കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം കൂടി.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.20 ൽ നിന്ന് 4.248 ശതമാനത്തിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിലെ താഴ്ചയിൽ നിന്ന് ഇന്നു രാവിലെ ഉയർന്നു. യുക്രെയ്ൻ സമാധാനപ്രതീക്ഷ അകന്ന സാഹചര്യത്തിൽ ക്രൂഡ് വീണ്ടും 73 ഡോളറിനു മുകളിലായി. ഈ ദിവസങ്ങളിലെ
നയതന്ത്ര നീക്കങ്ങളും നാളെ യുഎസ് നടപ്പാക്കുന്ന ചുങ്കം വർധനയുമാണ് ഇനി ക്രൂഡ് വിലയെ നയിക്കുക.
വെള്ളിയാഴ്ച 73 ഡോളറിനു താഴെ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 73.53 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 70.44 ഡോളർ വരെ കയറി. യുഎഇയുടെ മർബൻ ക്രൂഡ് 73.63 ഡോളറിലേക്കു നീങ്ങി.
കഴിഞ്ഞയാഴ്ച കുത്തനേ ഇടിഞ്ഞ ക്രിപ്റ്റോ കറൻസികൾക്കു പുതുജീവൻ നൽകിക്കാെണ്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച ക്രിപ്റ്റോ റിസർവ് പ്രഖ്യാപിച്ചു. ബിറ്റ് കോയിൻ, ഈഥർ, എക്സ് ആർപി, സൊലാനോയുടെ സാേൾ ടോക്കൺ, കാർഡാനോയുടെ എഡിഎ എന്നിവ ഉൾപ്പെട്ടതാണു ട്രംപിൻ്റെ ക്രിപ്റ്റോ സ്ട്രാറ്റജിക് റിസർവ്. റിസർവിൻ്റെ വലുപ്പവും മറ്റു കാര്യങ്ങളും ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വിശദീകരിച്ചില്ല.
കഴിഞ്ഞയാഴ്ച 78,200 ഡോളർ വരെ താഴ്ന്ന ബിറ്റ്കോയിൻ ഇന്നലെ 10 ശതമാനത്തിലധികം കുതിച്ച് 94,000 നു മുകളിൽ കയറി. പിന്നീട് 93,000ലേക്കു താഴ്ന്നു. ജനുവരിയിൽ 1,09,000 ഡോളർ വരെ ഉയർന്നതാണു ബിറ്റ്കോയിൻ. ഈഥർ 13 ശതമാനം ഉയർന്ന് 2515 ഡോളറിൽ എത്തി. സൊലാന 27 ശതമാനവും എക്സ്ആർപി 36 ശതമാനവും കുതിച്ചു.
യുഎസിനെ ക്രിപ്റ്റോ തലസ്ഥാനം ആക്കുമെന്നു പറഞ്ഞ ട്രംപ് മറ്റു നടപടികൾ ഒന്നും വ്യക്തമാക്കിയിട്ടില്ല. റിസർവ് സ്വർണവും വിദേശകറൻസികളും പോലെ കരുതപ്പെടുമോ എന്നും വ്യക്തമല്ല. ഇവയുടെ നിയന്ത്രണ സംവിധാനവും വിശദീകരിച്ചിട്ടില്ല.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. ചെമ്പ് 0.46 ശതമാനം കുറഞ്ഞ് ടണ്ണിന് 9338.06 ഡോളറിലെത്തി. അലൂമിനിയം 0.99 ശതമാനം ഇടിഞ്ഞ് 2602.85 ഡോളർ ആയി. ടിൻ 1.47 ഉം ലെഡ് 0.03 ഉം
നിക്കൽ 1.30 ഉം സിങ്ക് 1.39 ഉം ശതമാനം താഴ്ന്നു.
(2024 ഫെബ്രുവരി 28, വെള്ളി)
സെൻസെക്സ് 30 73,198.10 -1.90%
നിഫ്റ്റി50 22,124.70 -1.86%
ബാങ്ക് നിഫ്റ്റി 48,344.70 -0.82%
മിഡ് ക്യാപ് 100 47,915.20 -2.49%
സ്മോൾ ക്യാപ് 100 14,700.20 -3.01%
ഡൗ ജോൺസ് 43,840.90 +1.39%
എസ് ആൻഡ് പി 5954.50 +1.59%
നാസ്ഡാക് 18,847.30 +1.63%
ഡോളർ($) ₹87.50 +₹0.30
ഡോളർ സൂചിക 107.56 +0.32
സ്വർണം (ഔൺസ്) $2858.10 -$19.50
സ്വർണം(പവൻ) ₹63,520 -₹560
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.16 -$00.64
Read DhanamOnline in English
Subscribe to Dhanam Magazine