

യുദ്ധഗതിയാണ് ഈ ദിവസങ്ങളിൽ വിപണിയെ നയിക്കുക. പശ്ചിമേഷ്യൻ യുദ്ധം നീളുന്നതനുസരിച്ചു വിപണികൾ ഇടിവ് തുടരും. യുദ്ധത്തിന് എളുപ്പം അന്ത്യം കാണാം എന്ന പ്രതീക്ഷ നിലവിൽ ഉയർന്നു വന്നിട്ടില്ല. എന്നാൽ എണ്ണവില അസഹനീയ നിലയിലേക്കു കയറാൻ തക്ക രീതിയിൽ യുദ്ധം മാറിയിട്ടില്ല എന്നത് ആശ്വാസം പകരുന്നു.
യുദ്ധം എത്ര നീളും, ക്രൂഡ് ഓയിൽ എത്ര കയറും എന്നിവയാണു വിപണിക്കു നിർണായക ഘടകങ്ങൾ. ഒരു മാസം നീളുന്ന യുദ്ധം കണക്കാക്കിയാണ് വിദേശ ഫണ്ടുകൾ നീങ്ങുന്നത്. അതിനപ്പുറം യുദ്ധം നീളുമെന്നോ ക്രൂഡ് ഓയിൽ വില 90 -100 ഡോളറിലേക്കു കയറുമെന്നോ വന്നാൽ വിപണി തകിടം മറിയും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,895.50 ൽ എത്തി. ഇന്നു രാവിലെ 24,967 വരെ കയറിയിട്ട് 24,818 വരെ ഇടിഞ്ഞു. ഇനിയും താഴ്ന്നേക്കാം.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് തിങ്കളാഴ്ച 1.73 ശതമാനം താഴ്‌ന്നു. തുടർ വ്യാപാരത്തിൽ 0.69 ശതമാനം ഉയർന്നു. വിപ്രോ 2.70 ശതമാനം താഴ്‌ന്ന ശേഷം തുടർവ്യാപാരത്തിൽ 0.43 ശതമാനം ഉയർന്നു.
യുഎസ് വിപണികൾ തിങ്കളാഴ്ചയും തുടക്കത്തിൽ വലിയ ഇടിവ് കാണിച്ചെങ്കിലും പിന്നീടു നഷ്‌ടം കുറച്ചു. 600 പോയിൻ്റ് നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഡൗ നാമമാത്ര നഷ്ടത്തിൽ അവസാനിച്ചപ്പോൾ മറ്റു സൂചികകൾ നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഡൗ ജോൺസ് 73.14 പോയിൻ്റ് (0.15%) താഴ്ന്ന് 48,904.78 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 2.74 പോയിൻ്റ് (0.04%) ഉയർന്ന് 6881.62 ലും നാസ്ഡാക് 80.65 പോയിൻ്റ് (0.36%) നേട്ടത്തോടെ 22,748.86 ലും ക്ലോസ് ചെയ്തു. താഴ്ചയിൽ വാങ്ങുന്നവരുടെ തിരക്കാണു വിപണിയെ കയറ്റിയത്. എൻവിഡിയ മൂന്നു ശതമാനം ഉയർന്നു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 0.23 ഉം എസ് ആൻഡ് പി 0.26 ഉം നാസ്ഡാക് 0.36 ഉം ശതമാനം താഴ്ചയിൽ നിൽക്കുന്നു.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച വലിയ ഇടിവിലായി. ജർമൻ, ഫ്രഞ്ച് വിപണികൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. യുകെ, യൂറോപ്യൻ സൂചികകൾ ഒന്നര ശതമാനവും.
ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 1.25 ശതമാനം ഇടിഞ്ഞിട്ട് ഒരു ശതമാനം നഷ്ടത്തിലേക്കു ചുരുങ്ങി. അവധിക്കു ശേഷം തുറന്ന ദക്ഷിണ കൊറിയയിൽ വിപണി രണ്ടു ശതമാനം വീണു. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം താണു. ഹോങ് കോങ് സൂചിക 0.50 ശതമാനം ഉയർന്നു. ചൈനീസ് വിപണി 0.15 ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി.
എണ്ണവില കുതിക്കുന്നത്, ഗൾഫിലേക്കുള്ള കയറ്റുമതി മുടങ്ങുന്നത്, യാത്രാപ്രശ്നം, ഗൾഫിൽ നിന്നുള്ള പണം വരവിലെ അനിശ്ചിതത്വം, ദുബായ് വഴിയുള്ള ധനകാര്യ ഇടപാടുകൾ തടസപ്പെടുന്നത് - ഇന്ത്യക്ക് വലിയ വിപണി തകർച്ചയ്ക്ക് എല്ലാ സാഹചര്യവും ഉണ്ട്. രാവിലെ പ്രീ മാർക്കറ്റിൽ വന്യമായ തകർച്ച ഉണ്ടായത് അതു കൊണ്ടാണ്. പിന്നീടു വിപണി കാത്തിരുന്നു കാണാം എന്നതിലേക്കു മാറി. എങ്കിലും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഓരോ നെഗറ്റീവ് വാർത്തയും വിപണിയെ താഴ്‌ത്തിപ്പോന്നു. സെൻസെക്സ് 78,543 വരെയും നിഫ്റ്റി 24,603 വരെയും ഇടിഞ്ഞ ശേഷം നഷ്ടം ഗണ്യമായി കുറച്ചു.
മെറ്റൽ, പ്രതിരോധ, ഫാർമ ഒഴികെ എല്ലാ മേഖലകളും ഇന്നലെ വലിയ നഷ്ടത്തിലായി. ടൂറിസവും വാഹനങ്ങളുമാണ് ഏറ്റവുമധികം ഇടിഞ്ഞത്. എണ്ണ ഖനന രംഗത്തുള്ള ജിൻഡൽ ഡ്രില്ലിംഗ് 17.26 ശതമാനവും മൊബൈൽ നെറ്റ് വർക്ക് രംഗത്തുള്ള തേജസ് നെറ്റ് വർക്ക്സ് 11.21 ഉം ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടൻസിയിലുള്ള ധ്രുവ് കൺസൾട്ടൻസി 10 ഉം ശതമാനം ഉയർന്നു.
സെൻസെക്സ് 1048.34 പോയിൻ്റ് (1.29%) ഇടിഞ്ഞ് 80,238.85 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 312.95 പോയിൻ്റ് (1.24%) നഷ്‌ടത്തോടെ 24,865.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 689.35 പോയിൻ്റ് (1.14%) താഴ്ന്ന് 59,839.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 935.10 പോയിൻ്റ് (1.58%) ഇടിഞ്ഞ് 58,180.50 ലും സ്മോൾ ക്യാപ് 100 സൂചിക 296.50 പോയിൻ്റ് (1.75%) താഴ്‌ന്ന് 16,632.40 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽകയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 754 ഓഹരികൾ കയറിയപ്പോൾ 3641 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 638 എണ്ണം ഉയർന്നു, 2580 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 48 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 695 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. അഞ്ചെണ്ണം അപ്പർ സർകീട്ടിലും മൂന്നെണ്ണം ലോവർ സർകീട്ടിലും എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ചയും അറ്റവിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 3295.64 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 8593.87 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
പശ്ചിമേഷ്യൻ യുദ്ധം സ്വർണവിലയെ ഇന്നു രാവിലെ വലിയ ചാഞ്ചാട്ടത്തിലാക്കി. ഇന്നലെ തുടക്കത്തിൽ ഔൺസിന് 5419.60 ഡോളർ വരെ കയറിയ മഞ്ഞലോഹം പിന്നീട് 5263 വരെ ഇടിഞ്ഞു. ഒടുവിൽ 0.81 ശതമാനം നേട്ടത്തോടെ ഔൺസിന് 5322.80 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഒരു ശതമാനം ഉയർന്ന വില 5377 ഡോളറിൽ നിൽക്കുന്നു.
വെള്ളിയും തിങ്കളാഴ്ച ചാഞ്ചാടി. രാവിലെ ഔൺസിന് 100.13 ഡോളറിൽ എത്തിയിട്ടു ഗണ്യമായി താഴ്‌ന്ന് 89.45 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 91.30 ഡോളറിലേക്കു കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം 1880 രൂപ ഇടിഞ്ഞു പവന് 1,25,040 രൂപയിൽ എത്തി. ശനിയാഴ്ച അന്താരാഷ്ട്ര വില മാറിയില്ലെങ്കിലും അന്നു രണ്ടു തവണ കേരളത്തിൽ വിലകൂട്ടി. അത് അമിതമായിരുന്നു എന്ന് ഇന്നലത്തെ വിപണി ചലനം കാണിച്ചു. വില കുതിക്കാം എന്ന ഊഹത്തിൻ്റെ ബലത്തിലായിരുന്നു വില കൂട്ടിയത്.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) തിങ്കളാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,69,880 രൂപ വരെ എത്തിയിട്ട് 1,66,199 ലേക്കു താഴ്‌ന്നു ക്ലോസ് ചെയ്തു. വെള്ളി 2,97,799 രൂപ വരെ കയറിയ ശേഷം 2,80,090 രൂപയിൽ അവസാനിച്ചു.
പ്ലാറ്റിനം 2316 ഉം പല്ലാഡിയം 1774 ഉം റോഡിയം 11,750 ഉം ഡോളറിലാണ്.
അലൂമിനിയം കുതിപ്പ് തുടർന്നു. മറ്റു ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് വിലമാറ്റം ഇല്ലാതെ ടണ്ണിനു 13,439.50 ഡോളറിൽ നിന്നു. അലൂമിനിയം 1.43 ശതമാനം കയറി ടണ്ണിന് 3196.49 ഡോളറിൽ ക്ലോസ് ചെയ്തു. ടിന്നും നിക്കലും താഴ്‌ന്നു, സിങ്കും ലെഡും ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ 0.15 ശതമാനം കയറി കിലോഗ്രാമിന് 204.80 സെൻ്റിൽ എത്തി. 2024 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ദക്ഷിണ-പൂർവ ഏഷ്യയിൽ ഉൽപാദനം കുറഞ്ഞ സീസൺ ആയതാണു വിലയെ ഉയർത്തുന്നത്.
കൊക്കോ വില ഉയർന്നു. വെള്ളിയാഴ്ച എത്തിയ 2870 ഡോളറിൽ നിന്നു 3000 ഡോളറിനു മുകളിൽ കയറിയിട്ട് അൽപം കുറഞ്ഞു. 3.4 ശതമാനം നേട്ടത്തോടെ ടണ്ണിന് 2987 ഡോളറിൽ ക്ലോസ് ചെയ്തു. 2024-25 ലെ മിച്ചം 49,000 ടണ്ണിൽ നിന്ന് 75,000 ടൺ ആയി ഐസിസിഒ ഉയർത്തി. ആ വർഷത്തെ ഉൽപാദനം 47.28 ലക്ഷം ടൺ എന്നാണ് എസ്റ്റിമേറ്റ്. 2025-26 ൽ മിച്ചം 3.65 ലക്ഷം ടൺ ആകുമെന്ന് ഹെഡ്ജ് പോയിൻ്റ് ഗ്ലോബൽ മാർക്കറ്റ്സ് കണക്കു കൂട്ടുന്നു. ഐവറി കോസ്റ്റിൽ 17.8 ലക്ഷം ടൺ, ഘാനയിൽ 6.5 ലക്ഷം, ഇക്വഡോറിൽ 6.15 ലക്ഷം എന്നിങ്ങനെ ഉൽപാദനം കണക്കാക്കുന്നു.
തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 1.16 ശതമാനം കയറി. പാം ഓയിൽ വില ടണ്ണിനു 4046 മലേഷ്യൻ റിംഗിറ്റിൽ തുടരുന്നു.
പശ്ചിമേഷ്യൻ യുദ്ധം ഡോളറിനു കരുത്തായി. വെള്ളിയാഴ്ച 97.61 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്നലെ 98.38 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.56 ലേക്കു കയറി. ഒരു ദിവസം കൊണ്ട് 0.96 ശതമാനം കയറ്റം.
യൂറോ 1.1693 ഡോളറിലേക്കും പൗണ്ട് 1.3407 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.42 യെൻ എന്ന നിലയിലേക്കു വീണു. ചൈനീസ് യുവാൻ ഡോളറിന് 6.88 യുവാൻ എന്ന നിരക്കിലേക്കു താഴ്‌ന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.04 ശതമാനമായി ഉയർന്നു. യുഎസ് കടപ്പത്രങ്ങൾ വാങ്ങാൻ പ്രതീക്ഷിച്ചത്ര തിരക്ക് വരാത്തതാണു കാരണം.
തിങ്കളാഴ്ച രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. ഡോളർ 0.60 ശതമാനം ഉയർന്ന് 91.47 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നും രൂപ ദുർബലമാകാം എന്നാണു സൂചന. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 91.62 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.31 രൂപയിലേക്ക് ഉയർന്നു. യൂറോ 107.13 രൂപയായി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.
ആശങ്കപ്പെട്ടതുപോലെയുള്ള വലിയ കുതിപ്പ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായില്ല. എട്ടു ശതമാനത്തിൽ താഴെയാണു തിങ്കളാഴ്ച ഉണ്ടായത്. യുദ്ധം അധികം നീളുകയില്ല എന്ന പ്രതീക്ഷയിലാണു വിപണി. ഇറാനിൽ അമേരിക്കൻ പാവ ഭരണകൂടം വരുമെന്നും അതോടെ ക്രൂഡ് ഓയിൽ വില കുത്തനേ ഇടിയുമെന്നും ചിലർ കണക്കാക്കുന്നുണ്ട്. തിങ്കളാഴ്ച ഗൾഫ് വിപണികൾ അടച്ചിട്ടതും വിലക്കുതിപ്പ് തടഞ്ഞു. ഇന്നും ഗൾഫ് വിപണികൾ അടച്ചിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലുടെയുള്ള കപ്പൽ നീക്കം വിലക്കി എന്ന് ഇറാൻ പറഞ്ഞു. എങ്കിലും പരിസരത്തു വരുന്ന ടാങ്കറുകളെ ആക്രമിച്ചു തുടങ്ങിയിട്ടില്ല. തിങ്കളാഴ്ച മൂന്നു ടാങ്കറുകൾ ഹോർമുസിലൂടെ 28 ലക്ഷം ബാരൽ എണ്ണയുമായി പോയി എന്നു കെപ്ലർ റിപ്പോർട്ട് ചെയ്തു. 700 ലധികം ടാങ്കറുകൾ കാത്തു കിടപ്പുണ്ട്.
യുദ്ധം നീളുകയും ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയും ചെയ്താൽ ക്രൂഡ് വില ബാരലിനു 100 ഡോളറും കടന്നു കുതിക്കും എന്നു വിപണി കണക്കാക്കുന്നു. 2007 ലെ 147 ഡോളറിനു മുകളിലേക്കു വരെ വില കയറാം. ലോകത്തിലെ കടലിലൂടെയുള്ള ക്രൂഡ് ഓയിലിൻ്റെയും ദ്രവീകൃത പ്രകൃതി വാതകത്തിൻ്റെ (എൽഎൻജി)യും 20 -22 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണു നീങ്ങുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയിൽ പകുതി ഇതു വഴിയാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ മുന്തിയ പങ്കും ഇതു വഴി തന്നെ.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 78.87 ഡോളറിലേക്കു കയറി.
ഡബ്ള്യുടിഐ ഇനം 72.01 ഉം യുഎഇയുടെ മർബൻ 79.50 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 2.998 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ ഉയർന്നു നിൽക്കുകയാണ്. ക്രിപ്റ്റോകളെ സുരക്ഷിതമായി കണ്ട് നിക്ഷേപം വരുന്നു എന്ന നിഗമനത്തിലാണിത്. ബിറ്റ്കോയിൻ ഇന്നു രാവിലെ 69,000 ഡോളറിനു മുകളിൽ കയറി. ഈഥർ 2035 ഡോളറിനും സൊലാന 87 ഡോളറിനും മുകളിൽ നിൽക്കുന്നു.
(2026 മാർച്ച് 02, തിങ്കൾ)
സെൻസെക്സ് 80,238.85 -1.29%
നിഫ്റ്റി50 24,865.70 -1.24%
ബാങ്ക് നിഫ്റ്റി 59,839.65 -1.14%
മിഡ്ക്യാപ്100 58,180.50 -1.58%
സ്മോൾക്യാപ്100 16,632.40 -1.75%
ഡൗ ജോൺസ് 48,904.78 -0.15%
എസ് ആൻഡ് പി 6881.62 +0.04%
നാസ്ഡാക് 22,748.86 +0.36%
ഡോളർ ₹91.47 +₹0.49
സ്വർണം(ഔൺസ്) $5322.80 +$42.60
സ്വർണം (പവൻ) ₹1,25,040 -₹1880
ക്രൂഡ്ഓയിൽബ്രെൻ്റ് $77.74 +$4.87
Read DhanamOnline in English
Subscribe to Dhanam Magazine