എങ്ങും തകർച്ച; ഇന്ത്യ പിടിച്ചു നിന്നു; വ്യാപാര ചർച്ചയിൽ ഇന്ത്യക്കു പ്രതീക്ഷ; അമേരിക്ക മാന്ദ്യ ഭീഷണിയിൽ; ക്രൂഡ് ഓയിൽ 70 ഡോളറിനു താഴെ

കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണ് യുഎസ് വിപണി ഇന്നലെ അവസാനിച്ചത്; ലാഭമെടുപ്പിൽ താഴ്ന്ന് സ്വർണം
Morning business news
Morning business newscanva
Published on

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുവയുദ്ധം വിപണികളെ ചോരപ്പുഴയിൽ മുക്കി. ഏറ്റവും വലിയ തകർച്ച അമേരിക്കൻ വിപണികളിലാണ് ഉണ്ടായത്. ഡോളറും ഇടിഞ്ഞു. തീരുവ അമേരിക്കൻ സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കു വീഴ്ത്തും എന്ന ആശങ്ക പരക്കെ ഉണ്ട്.

പകരച്ചുങ്കത്തിൽ ഇന്ത്യക്ക് ഇളവുകിട്ടും എന്ന പ്രതീക്ഷയിൽ ഇന്ത്യൻ വിപണി ഇന്നലെ ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്നും വിപണി നഷ്ടത്തിലാകും എന്നാണു സൂചന. സർക്കാർ ഔപചാരികമായ എന്തെങ്കിലും ആശ്വാസം പ്രഖ്യാപിക്കും വരെ ഇടിവ് തുടരാം. അമേരിക്കവുമായുളള വ്യാപാര ഉടമ്പടി ചർച്ച വേഗത്തിലാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം എന്തെങ്കിലും ശുഭവാർത്ത ഉണ്ടാകാം. എന്നാൽ  അമേരിക്ക മാന്ദ്യത്തിലേക്കു നീങ്ങിയാൽ ആശ്വാസപ്രഖ്യാപനങ്ങൾ കഥയില്ലാത്തതാകും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,226 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,205 ലാണ്. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച മൂന്നു ശതമാനത്തിലധികം നഷ്ടത്തിൽ ക്ലോസ് ചെയ്തു. തീരുവ വർധന വിൽപനയെ ബാധിക്കും എന്ന ഭീതി പ്രമുഖ മദ്യ ബ്രാൻഡുകളയും താഴ്ത്തി.

കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണു  യുഎസ് വിപണി ഇന്നലെ അവസാനിച്ചത്. എസ് ആൻഡ് പി 500 ലെ 400 ലധികം ഓഹരികൾ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു. ഫെബ്രുവരിയിലെ റെക്കോർഡ് നിലയിൽ നിന്നു 12 ശതമാനം താഴെയാണ് എസ് ആൻഡ് പി ഇപ്പോൾ. വിദേശത്ത് ഫാക്ടറികൾ ഉള്ള നൈക് 14 ഉം ആപ്പിൾ ഒൻപതും ശതമാനം ഇടിഞ്ഞു. എൻവിഡിയ എട്ടും ഇലോൺ മസ്കിൻ്റെ ടെസ്‌ല അഞ്ചും ശതമാനം താഴ്ചയിലായി. 

ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച തീരുവകൾ കുറയ്ക്കുന്നില്ലെങ്കിൽ സാമ്പത്തികമാന്ദ്യം ഉറപ്പാണെന്നു ജെപി മോർഗനിലെ സാമ്പത്തിക വിശകലനക്കാർ വിലയിരുത്തി. എന്നാൽ വിപണികൾ ഉയരുമെന്നും രാജ്യം കുതിക്കുമെന്നും മറ്റു രാജ്യങ്ങൾ അമേരിക്കയുമായി ഡീലിനു ശ്രമിക്കുമെന്നും ട്രംപ് ഇന്നലെ പറഞ്ഞു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 1679.39 പോയിൻ്റ് (3.98%) തകർന്നു 40,545.93 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 274.45 പോയിൻ്റ് (4.84%) ഇടിഞ്ഞ് 5396.52 ൽ അവസാനിച്ചു. നാസ്ഡാക് 1050.44 പോയിൻ്റ് (5.97%) നഷ്ടത്തോടെ 16,550.61 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.25 ഉം എസ് ആൻഡ് പി 0.17 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. നാസ്ഡാക് 0.07 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികൾ ഇന്നും തകർച്ചയിലാണ്. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ രണ്ടു ശതമാനവും കൊറിയയിൽ കോസ്‌പി സൂചിക ഒന്നര ശതമാനവും താഴ്ചയിലാണ്.

തകരാതെ ഇന്ത്യൻ വിപണി

ട്രംപ് ഇന്ത്യക്കുളള പകരച്ചുങ്കം കുറയ്ക്കാൻ തയാറാകും എന്ന വിശ്വാസമാണ് ഇന്നലെ ഇന്ത്യൻ വിപണിയെ വലിയ തകർച്ചയിൽ നിന്നു മാറ്റി നിർത്തിയത്. അമേരിക്കയുമായി നടക്കുന്ന വ്യാപാര ഉടമ്പടി ചർച്ചയിൽ ആഴ്ചകൾക്കകം ധാരണ ഉണ്ടാകും എന്നാണ് സർക്കാർ നൽകുന്ന സൂചന. പകരച്ചുങ്കം ഒഴിവാക്കി എല്ലാവർക്കും ഉള്ള 10 ശതമാനത്തിലേക്ക് തീരുവ നിലവാരം മാറിയാൽ ഇന്ത്യയുടെ കയറ്റുമതികൾ സുഗമമായി നടക്കും. ഇന്ത്യയുടെ വ്യാപാര എതിരാളികൾക്കു കൂടുതൽ ചുങ്കം നിലനിന്നു എന്നും വരാം. പക്ഷേ ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയ്ക്കുകയും ഇറക്കുമതി നിയന്ത്രണങ്ങൾ പലതും മാറ്റുകയും ചെയ്യേണ്ടിവരും.

വ്യാഴാഴ്ച നിഫ്റ്റി 82.25 പോയിൻ്റ് (0.35%) താഴ്ന്ന് 23,250.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 322.08 പോയിൻ്റ് (0.42%) കുറഞ്ഞ് 76,295.36 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 249.30 പോയിൻ്റ് (0.49%) കയറി 51,597.35 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.21 ശതമാനം നേട്ടത്തോടെ 52,162.15 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.58 ശതമാനം ഉയർന്ന് 16,255.45 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം മൂന്നാം ദിവസവും കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2788 ഓഹരികൾ  ഉയർന്നപ്പോൾ 1212 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2057 എണ്ണം. താഴ്ന്നത് 829 മാത്രം.

എൻഎസ്ഇയിൽ 37 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 24 എണ്ണമാണ്. 287 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 25 എണ്ണം മാത്രമാണ് ലോവർ സർക്കീട്ടിൽ എത്തിയത്.

വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2806 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 221.47 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

വിപണി മനോഭാവം ജാഗ്രതയോടെ ഉള്ള പ്രതീക്ഷയുടേതായിരുന്നു. നിഫ്റ്റി 23,130 നു മുകളിൽ നിന്നത് ശുഭസൂചനയായി ചാർട്ടിസ്റ്റുകൾ കരുതുന്നു.

ചാർട്ടുകൾ പ്രകാരം ഇന്നു നിഫ്റ്റിക്ക് 23,170 ലും 23,070 ലും പിന്തുണ പ്രതീക്ഷിക്കാം. 23,300 ലും 23,400 ലും തടസം ഉണ്ടാകാം.

ലാഭമെടുപ്പിൽ താഴ്ന്നു സ്വർണം 

വലിയ അനിശ്ചിതത്വം മാറിയതോടെ സ്വർണത്തിൽ ലാഭമെടുപ്പ് തകൃതിയായി. ഇനി തൽക്കാലം കാര്യമായ കയറ്റം ഉണ്ടാകില്ലെന്നാണു വിപണിയുടെ വിലയിരുത്തൽ. ഓഹരികളുടെയും ഡോളറിൻ്റെയും തകർച്ച തുടരുകയോ സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയോ ഒക്കെ ചെയ്താൽ കാര്യങ്ങൾ വ്യത്യസ്തമാകാം. അല്ലെങ്കിൽ സ്വർണവിപണി കുറേ ആഴ്ചകളിലെ മലകയറ്റത്തിനു ശേഷം വിശ്രമം അഥവാ സമാഹരണ ഘട്ടത്തിലേക്കു കടക്കാം.

വ്യാഴാഴ്ച സ്വർണം വലിയ കയറ്റിറക്കങ്ങൾക്കു ശേഷം ഔൺസിനു 3115.70 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു.  ഇന്നു രാവിലെ 3112 ഡോളറിലാണ്.

കേരളത്തിൽ വ്യാഴാഴ്ച പവന് 400 രൂപ കൂടി 68,480 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നു വിലയിൽ ഇടിവുണ്ടാകാം.

വെള്ളിവില ഔൺസിന് 31.98 ഡോളറിലേക്ക് ഇടിഞ്ഞു. ഇടിവ് തുടരാം എന്നാണു സൂചന.

ഡോളർ സൂചിക വ്യാഴാഴ്ച രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 102.07 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.87 ആയി. ട്രംപ് പ്രസിഡൻ്റ് ആയ ശേഷം സൂചികയിൽ ഉണ്ടായ കയറ്റമത്രയും പോയി. ഡോളർ നിരക്ക് താഴുന്നതിൽ ട്രംപിന് എതിർപ്പില്ല. സൂചിക താണാൽ യുഎസ്  കയറ്റുമതി കൂടും എന്ന നിഗമനമാണു കാരണം.

യുഎസ് കടപ്പത്രവില വ്യാഴാഴ്ചയും ഉയർന്നു. അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.028 ശതമാനത്തിൽ എത്തി. അമേരിക്കയിൽ മാന്ദ്യത്തിനുള്ള സാധ്യതയാണ് കടപ്പത്ര വിപണി കാണുന്നത്.

ക്രൂഡ്  ഓയിൽ ഇടിഞ്ഞു

ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച ഏഴു ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് ഓയിൽ ഉൽപാദന ഉൽപാദനം കൂട്ടാൻ  പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യും റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസും ഇന്നലെ തീരുമാനിച്ചതാണു കാരണം. പ്രതിദിന ഉൽപാദം 4.11 ലക്ഷം വീപ്പ കണ്ട് കൂട്ടാനാണ് തീരുമാനം. പ്രതിദിനം 1.4 ലക്ഷം വീപ്പയാകും വർധിപ്പിക്കുക എന്ന പ്രതീക്ഷ പാളി. മേയിൽ വർധന നടപ്പാക്കും. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, കസാഖ്സ്ഥാൻ, അൾജീറിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഉൽപാദനം കൂട്ടുന്നത്.

 ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 70 ഡോളറിനു താഴെ എത്തിയ ശേഷം 70.14 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 69.87 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 66.67 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.07 ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ ഇടിഞ്ഞു

ട്രംപിൻ്റെ പ്രഖ്യാപനങ്ങൾ ക്രിപ്റ്റോ കറൻസികളെ ചാഞ്ചാട്ടത്തിലാക്കി. ബിറ്റ്കോയിൻ 81,000 - 85,000 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നുരാവിലെ 83,000 നു മുകളിലാണ്. ഈഥർ 1900 നു മുകളിൽ കയറിയ ശേഷം 1810 ഡോളറിനു സമീപം ആയി.

വിപണിസൂചനകൾ

(2025 ഏപ്രിൽ 03, വ്യാഴം)

സെൻസെക്സ്30    76,295.36   -0.42%

നിഫ്റ്റി50       23,250.10        -0.35%

ബാങ്ക് നിഫ്റ്റി      51,597.35     +0.49%

മിഡ് ക്യാപ്100    52,162.15     + 0.21%

സ്മോൾക്യാപ്100  16,255.45    +0.58%

ഡൗജോൺസ്     40,545.93     -3.98%

എസ് ആൻഡ് പി    5396.52    -4.84%

നാസ്ഡാക്      16,550.61    -5.9'7%

ഡോളർ($)     ₹85.45      -₹0.06

സ്വർണം(ഔൺസ്)  $3115.70   -$24.50

സ്വർണം(പവൻ) ₹68,480       +₹400 

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $70.14    -$3.23

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com