

അമേരിക്കയുമായുള്ള നിർദിഷ്ട വ്യാപാരകരാറിൽ എന്തെല്ലാം ഉപാധികൾക്ക് ഇന്ത്യ വഴങ്ങും എന്ന ആശങ്ക വിപണിയിൽ വളരുകയാണ്. നാളെ ഇടക്കാല കരാർ ഉണ്ടാകും എന്നാണു സൂചന. ചൈനയെ ഒറ്റപ്പെടുത്തുന്ന യുഎസ് നയം ഇന്ത്യക്കു പ്രശ്നമാകുമോ എന്ന ഭീതിയും ഉയരുന്നുണ്ട്. ചൈനീസ് ഘടകങ്ങൾ വാങ്ങി അസംബിൾ ചെയ്യുമ്പോൾ 65 ശതമാനം മൂല്യവർധന അമേരിക്ക നിർബന്ധിക്കുന്നു. ഇല്ലെങ്കിൽ അവയ്ക്ക് ഇരട്ടി ചുങ്കം ഈടാക്കാനാണു വിയറ്റ്നാമുമായുള്ള കരാറിലെ വ്യവസ്ഥ. 35 ശതമാനം മൂല്യവർധന മതി എന്നു വയ്ക്കണമെന്നാണ് ഇന്ത്യ വാദിക്കുന്നത്. യുഎസ് വഴങ്ങുന്ന സൂചന ഇല്ല.
അമേരിക്ക ഇന്ത്യയുമായി നാളെയെങ്കിലും വ്യാപാരകരാർ ഒപ്പിടും എന്ന പ്രതീക്ഷ വാഷിംഗ്ടണിലുള്ള ഇന്ത്യൻസംഘം പ്രകടിപ്പിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ ചോളവും സോയാബീൻ പിണ്ണാക്കും അടക്കം കാലിത്തീറ്റയ്ക്കുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ സന്നദ്ധമാകും എന്നാണു സൂചന. മറ്റു ധാന്യങ്ങളും ആപ്പിൾ ഒഴികെയുള്ള പഴങ്ങളും ഇപ്പോഴത്തെ ഇടക്കാല കരാറിൻ്റെ ഭാഗമാകില്ല. അവയെപ്പറ്റി ചർച്ച തുടരും.
അമേരിക്കയിൽ കഴിഞ്ഞ മാസം തൊഴിലവസരങ്ങൾ പ്രതീക്ഷയിലധികം വർധിച്ചത് പലിശ ഉടനേ കുറയ്ക്കില്ല എന്ന സൂചന നൽകുന്നു. ഇന്ത്യയിൽ നിന്നു വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതു തുടരാൻ അതും കാരണമാകും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,560 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,522 ലേക്കു താഴ്ക്കു. വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും നേട്ടത്തിൽ അവസാനിച്ചു. യുഎസിൽ പലിശ ഉടനേ കുറയ്ക്കില്ലെന്ന സൂചന നൽകിയ തൊഴിൽ കണക്ക് യൂറോപ്യൻ ഓഹരികളെയും ഉയർത്തി. ധനമന്ത്രി റേച്ചൽ റീവ്സിനെ മാറ്റാൻ നീക്കമില്ലെന്നു പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ വ്യക്തമാക്കുകയും ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ചു പങ്കെടുക്കുകയും ചെയ്തതോടെ ബ്രിട്ടനിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമായി. എങ്കിലും ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ജനപിന്തുണ ഇടിയുന്ന വിഷയത്തിനു പരിഹാരമായില്ല.
യുഎസ് വിപണി ഇന്നലെ മികച്ച കുതിപ്പ് നടത്തി. തീരുവകളെച്ചൊല്ലി അനിശ്ചിതത്വം വളർന്നിട്ടും സാമ്പത്തിക വളർച്ചയ്ക്കു കോട്ടമില്ലെന്ന് ജൂണിലെ തൊഴിൽ കണക്ക് കാണിച്ചു. ഒരു ലക്ഷം പ്രതീക്ഷിച്ച സ്ഥാനത്തു കാർഷികേതര തൊഴിൽ അവസരങ്ങൾ 1.47 ലക്ഷം കണ്ട് വർധിച്ചു. തൊഴിലില്ലായ്മ 4.1 ശതമാനമായി കുറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിലും ആരോഗ്യസേവന തുറയിലും അവസരങ്ങൾ ഗണ്യമായി വർധിച്ചു. ഈ കണക്ക് വളർച്ച ഉന്മേഷകരമായി തുടരുന്നു എന്നു വ്യക്തമാക്കി. ഈ മാസത്തെ യോഗത്തിൽ പലിശ കുറയ്ക്കാനുള്ള സമ്മർദത്തിൽ നിന്നു ഫെഡറൽ റിസർവിനു രക്ഷയായി. സെപ്റ്റംബറിൽ പലിശ കുറയ്ക്കാനാണു ഫെഡ് ആലോചിക്കുന്നത്. ഈ മാറ്റം ഓഹരികളെ ഉയർത്തി, കടപ്പത്ര വിലകൾ താഴ്ത്തി, അവയിലെ നിക്ഷേപനേട്ടം കൂടി, സ്വർണം താഴ്ന്നു.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നികുതി ബിൽ യുഎസ് ജനപ്രതിനിധി സഭ ഇന്നലെ നേരിയ ഭൂരിപക്ഷത്തിൽ പാസാക്കി. നാലു വോട്ട് (218-214) ഭൂരിപക്ഷമേ കിട്ടിയുള്ളു എങ്കിലും ട്രംപിന് വലിയ രാഷ്ട്രീയ വിജയമായി അത്. 2017 ൽ ട്രംപ് കൊണ്ടു വന്നതും അടുത്ത വർഷം അവസാനിക്കുന്നതുമായ നികുതിയിളവുകൾ തുടരുന്നതാണു ബിൽ. 1.2 കോടി ആൾക്കാരെ മെഡിക്കെയിഡ് സുരക്ഷയിൽ നിന്നു നീക്കുന്ന ബിൽ മറ്റു ചില ക്ഷേമപദ്ധതികളും വെട്ടിച്ചുരുക്കുന്നു. ടിപ്പുകളും മറ്റും നികുതിയിൽ നിന്ന് ഒഴിവാക്കുന്ന ബിൽ യുഎസ് സർക്കാരിൻ്റെ കമ്മിയും അതുവഴി കടബാധ്യതയും അമിതമായി വർധിപ്പിക്കും.
വ്യാപാരചർച്ചകളിൽ എടുത്തു പറയത്തക്ക കാര്യങ്ങളൊന്നും ഇന്നലെ നടന്നില്ല. വിയറ്റ്നാമുമായുള്ള കരാർ ചൈനയുടെ ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന നടപടിക്കു തടയിടുന്നതാണ്. ചെെനീസ് ഉൽപന്നങ്ങളോ യന്ത്രഭാഗങ്ങളോ വാങ്ങി അസംബിൾ ചെയ്തോ നാമമാത്രമായ മൂല്യവർധന വരുത്തിയോ കയറ്റുമതി ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങൾക്ക് ട്രംപിൻ്റെ നിലപാട് തിരിച്ചടിയാകും. 65 ശതമാനം മൂല്യവർധന ഇല്ലെങ്കിൽ 40 ശതമാനം പിഴച്ചുങ്കം ആണു ട്രംപ് വിയറ്റ്നാമിനു മേൽ ചുമത്തുന്നത്. ഇന്ത്യക്കും ഈ നയം ദോഷമാകും.
ഡൗ ജോൺസ് സൂചിക ഇന്നലെ 344.11 പോയിൻ്റ് (0.77%) ഉയർന്ന് 44,828.53 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 51.93 പോയിൻ്റ് (0.83%) കയറി 6279.35 എന്ന റെക്കോർഡിൽ അവസാനിച്ചു. നാസ്ഡാക് 207.97 പോയിൻ്റ് (1.02%) കുതിപ്പോടെ 20,601.10 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നാമമാത്ര താഴ്ചയിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.35 ശതമാനം കയറി. കൊറിയൻ വിപണി 0.60 ശതമാനം ഉയർന്നു. ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്ചയിലാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി ഇന്നലെ വലിയ ചാഞ്ചാട്ടത്തിനു ശേഷം താഴ്ന്നു ക്ലോസ് ചെയ്തു. 200 പോയിൻ്റ് കയറിയിറങ്ങിയ നിഫ്റ്റി ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. അമേരിക്കയുമായുളള ഇടക്കാല വ്യാപാരകരാർ ഈയാഴ്ച ഒപ്പുവയ്ക്കും എന്ന റിപ്പോർട്ട് വിപണിയെ ഉയർത്തി. എന്നാൽ ഇന്ത്യ നടത്തേണ്ടി വരുന്ന വിട്ടു വീഴ്ചകളെപ്പറ്റിയുള്ള കിംവദന്തികൾ വിപണിയെ താഴോട്ടു വലിച്ചു. യുഎസ് പലിശ കുറയ്ക്കൽ നീണ്ടു പോകുന്നതും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും താഴ്ചയ്ക്കു കാരണമായി.
വ്യാഴാഴ്ച നിഫ്റ്റി 48.10 പോയിൻ്റ് (0.19%) താഴ്ന്ന് 25,405.30 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 170.22 പോയിൻ്റ് (0.20%) നഷ്ടത്തോടെ 83,239.47 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 207.25 പോയിൻ്റ് (0.36%) ഇടിഞ്ഞ് 56,791.95 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 16 പോയിൻ്റ് (0.03 ശതമാനം) ഉയർന്ന് 59,683.25 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 49.95 പോയിൻ്റ് (0.26 ശതമാനം) കയറി 19,027.05 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1939 ഓഹരികൾ ഉയർന്നപ്പോൾ 2084 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1450 എണ്ണം. താഴ്ന്നത് 1470 ഓഹരികൾ.
എൻഎസ്ഇയിൽ 69 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 46 എണ്ണമാണ്. 98 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 52 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വിൽപന തുടർന്നു. വ്യാഴാഴ്ച ക്യാഷ് വിപണിയിൽ അവർ 1481.19 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1333.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യ - യുഎസ് വ്യാപാര കരാർ കാര്യത്തിലെ പുരോഗതിയും അതിലെ വ്യവസ്ഥകളും അറിവാകുന്നതോടെ വിപണി കുറേക്കൂടി ഉയരത്തിലേക്കു നീങ്ങും എന്നാണു പ്രതീക്ഷ. ഇന്ത്യക്കു മേൽ എത്ര ശതമാനം ചുങ്കം വരും എന്നതാണു പ്രധാന ചിന്താവിഷയം. വിയറ്റ്നാമിന് 20 ശതമാനം ചുമത്തിയ നിലയ്ക്ക് ഇന്ത്യ വലിയ കിഴിവ് പ്രതീക്ഷിക്കുന്നില്ല. ചുങ്കം കൂടുതലായാൽ വിപണി താഴും.
ഇന്നു നിഫ്റ്റിക്ക് 25,380 ഉം 25,330 ഉം പിന്തുണയാകും. 25,540 ലും 25,665 ലും തടസം ഉണ്ടാകാം.
യുഎസിൽ പലിശ ഉടനേ കുറയില്ലെന്ന സൂചന സ്വർണത്തെ വീണ്ടും താഴ്ത്തി. ഒരു ശതമാനം താഴ്ന്ന് ഔൺസിന് 3327.21 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 3328 ഡോളറിലേക്കു കയറി.
കേരളത്തിൽ വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 72,840 രൂപയായി. ഇന്നു കുറയാം.
വെള്ളിവില ഔൺസിന് 36.78 ഡോളറിലേക്ക് ഉയർന്നു. വ്യാവസായിക ആവശ്യം വർധിക്കുന്നതാണു കാരണം.
വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ചയും ഭിന്നദിശകളിലായി. ചെമ്പ് 0.77 ശതമാനം ഉയർന്ന് ടണ്ണിന് 10,119.65 ഡോളറിൽ എത്തി. അലൂമിനിയം 0.25 ശതമാനം താഴ്ന്ന് 2611.80 ഡോളർ ആയി. നിക്കലും ലെഡും സിങ്കും ടിന്നും ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.18 ശതമാനം കയറി 165.30 സെൻ്റിൽ എത്തി. കൊക്കോ 2.54 ശതമാനം താഴ്ന്ന് ടണ്ണിന് 7949.69 ഡോളർ ആയി. കാപ്പി 2.30 ശതമാനം ഇടിഞ്ഞു. തേയില വില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 0.37 ശതമാനം താഴ്ന്നു.
യുഎസ് ഡോളർ ഇന്നലെ ചെറിയ മേഖലയിൽ ചാഞ്ചാടിയിട്ട് ഉയർന്നു ക്ലോസ് ചെയ്തു. ഇന്നലെ സൂചിക 97.18 ൽ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 97.03 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ കരുത്തു നേടി. യൂറോ 1.177 ഡോളറിലേക്കു താണു. പൗണ്ട് കുറച്ചു താഴ്ന്ന ശേഷം 1.366 ഡോളറിലേക്കു കയറി. ജാപ്പനീസ് യെൻ ഡോളറിന് 144.59 യെൻ എന്ന നിരക്കിലേക്കു താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.348 ശതമാനത്തിലേക്ക് കയറി.
രൂപ ഇന്നലെ മികച്ച കുതിപ്പ് നടത്തി. ഒരവസരത്തിൽ ഡോളറിന് 85.19 രൂപ എന്ന നിലവരെ എത്തി. പിന്നീട് 39 പൈസ നേട്ടത്തോടെ ഡോളറിന് 85.31 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ഡോളർ കരുത്തു നേടിയതാണു കാരണം. ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 68.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 68.77 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 67.06 ഡോളറിലും മർബൻ ക്രൂഡ് 70.04 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില നാമമാത്രമായി കുറഞ്ഞു.
ക്രിപ്റ്റോ കറൻസികൾ കയറ്റം തുടർന്നു. ബിറ്റ് കോയിൻ 1,09,740 ഡോളറിൽ എത്തി. ഈഥർ 2600 ഡോളറിനടുത്താണ്.
(2025 ജൂലൈ 03, വ്യാഴം)
സെൻസെക്സ്30 83,239.47 -0.20%
നിഫ്റ്റി50 25,405.30 -0.19%
ബാങ്ക് നിഫ്റ്റി 56,791.95 -0.36%
മിഡ് ക്യാപ്100 59,683.25 +0.03%
സ്മോൾക്യാപ്100 19,027.05 +0.26%
ഡൗജോൺസ് 44,828.53 +0.77%
എസ്ആൻഡ്പി 6279.35 +0.83%
നാസ്ഡാക് 20,601.10 +1.02%
ഡോളർ($) ₹85.31 -₹0.39
സ്വർണം(ഔൺസ്)$3327.21 -$36.13
സ്വർണം(പവൻ) ₹72,840 +₹320
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.80 -$0.31
Read DhanamOnline in English
Subscribe to Dhanam Magazine