വിദേശ സൂചനകളിൽ ആവേശം; ടെക് മേഖലയും നേട്ടത്തിൽ; ഏഷ്യൻ വിപണികൾ കയറ്റത്തിൽ; സ്വർണവും ക്രൂഡും കയറുന്നു

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷ സാധ്യതയില്‍ ഡോളര്‍ വില മാറി മറിയുന്നു; ക്രിപ്‌റ്റോകള്‍ ചാഞ്ചാടുന്നു
Morning business news
Morning business newsCamva
Published on

യുഎസ് വിപണിയും ടെക് ഓഹരികളും ഇന്നലെ കുതിച്ചതും ഏഷ്യൻ വിപണികൾ ഇന്നു കയറുന്നതും ഇന്ന് ഇന്ത്യൻ വിപണിക്ക് ചെറിയ ആവേശത്തുടക്കത്തിനു കാരണമാകും. മൂന്നു ദിവസത്തെ ഇടിവിനു ശേഷം ഒരു ആശ്വാസറാലി നിക്ഷേപകർ ആഗ്രഹിക്കുന്നുമുണ്ട്.

വ്യാപാരയുദ്ധ കാര്യത്തിൽ നിർണായകമായ ചില ചർച്ചകൾ ഈയാഴ്ച നടക്കും. യൂറോപ്യൻ യൂണിയനും അമേരിക്കയും വ്യാപാര പ്രതിനിധികൾ വഴി പാരീസിൽ ഇന്നു ചർച്ച നടത്തും. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും തമ്മിലുള്ള ടെലിഫോൺ സംഭാഷണം എന്ന് എന്നു തീരുമാനമായില്ല. എങ്കിലും ശുഭാപ്തിവിശ്വാസം വിപണിയിൽ ഉണ്ട്.

യുക്രെയ്നിൻ്റെ കനത്ത ആക്രമണത്തിനു റഷ്യ ഏതു തരം തിരിച്ചടി നൽകും എന്നാണു ലോകം ഈ ദിവസങ്ങളിൽ ഉറ്റുനോക്കുന്നത്. ഡോളറിൻ്റെ നിരക്കും അതനുസരിച്ചു മാറി മറിയുന്നുണ്ട്.

ക്രൂഡ് ഓയിൽ വില 65 ഡോളറിനു മുകളിൽ തുടരുന്നു. സ്വർണം ഇന്നലെ താഴ്ന്ന ശേഷം ഇന്നു തിരിച്ചു കയറി.

ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഈ ധനകാര്യ വർഷം 6.3 ശതമാനം മാത്രമായിരിക്കും എന്നാണ് ഒഇസിഡി കണക്കാക്കുന്നത്. വ്യാപാരയുദ്ധമാണ് അവർ കാണുന്ന ഭീഷണി. യുഎസ് വളർച്ച 1.6 ശതമാനം മാത്രമാകും എന്നാണു വിലയിരുത്തൽ.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,714 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,702 വരെ താഴ്ന്നിട്ട് 24,730 വരെ കയറി. ഇന്നു വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഉയർന്നു. യൂറോ സോണിലെ ചില്ലറ വിലക്കയറ്റം ലക്ഷ്യത്തിലും കുറവായതു യൂറോയെ അൽപം താഴ്ത്തി. രണ്ടു ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 1.9 ശതമാനം മാത്രമാണു വിലക്കയറ്റം. നാളെ യൂറോപ്യൻ കേന്ദ്രബാങ്ക് പലിശനിരക്ക് 0.25 ശതമാനം കുറയ്ക്കാൻ തീരുമാനിക്കും എന്നാണു പ്രതീക്ഷ. ഇന്ന് ഇയു വ്യാപാര പ്രതിനിധി യുഎസ് വ്യാപാര പ്രതിനിധിയുമായി പാരീസിൽ ചർച്ച നടത്തുന്നുണ്ട്.

യുഎസ് വിപണി ചൊവ്വാഴ്ച ദുർബല നിലയിൽ വ്യാപാരം തുടങ്ങിയിട്ടു മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. എൻവിഡിയയും ടെക് ഓഹരികളും ചേർന്നാണു വിപണിക്കു കുതിപ്പ് നൽകിയത്. നിർമിതബുദ്ധി ചിപ്പുകളുടെ വിൽപന വർധിക്കുന്നതിനെ തുടർന്ന് എൻവിഡിയ മൂന്നു ശതമാനം ഉയർന്നു. ഒപ്പം മെെക്രോ സോഫ്റ്റിനെ പിന്തള്ളി വിപണിമൂല്യം ഏറ്റവും കൂടിയ കമ്പനി എന്ന പദവി തിരിച്ചു പിടിച്ചു.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെൻ്റ് (ഒഇസിഡി) യുഎസിൻ്റെ 2025 ലെ വളർച്ച പ്രതീക്ഷ 2.2 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഇന്നലെ കുറച്ചു. താരിഫ് യുദ്ധവും നയപരമായ അനിശ്ചിതത്വവും ആണ് പ്രതികൂല ഘടകം ആയത്. യൂറോപ്യൻ യൂണിയനു മേൽ 50 ശതമാനം ചുങ്കം ചുമത്തിയാൽ ബദൽ നടപടികൾക്കു യൂറാേപ്പ് ഒരുങ്ങിയിട്ടുണ്ടെന്ന് യൂറോപ്യൻ വക്താക്കൾ പറഞ്ഞു. ഇന്നു വ്യാപാര പ്രതിനിധികൾ നടത്തുന്ന ചർച്ച നിർണായകമാകും. ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും തമ്മിലുള്ള ടെലിഫാേൺ ചർച്ച ഈയാഴ്ച നടക്കും എന്നാണു യുഎസ് പ്രതിനിധികൾ പറയുന്നത്.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 214.16 പോയിൻ്റ് (0.51%) ഉയർന്ന് 42,519.64 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 34.43 പോയിൻ്റ് (0.58%) നേട്ടത്തോടെ 5970.37 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 156.34 പോയിൻ്റ് (0.81%) ഉയർന്ന് 19,398.96 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് നേരിയ കയറ്റത്തിലാണ്. ഡൗ 0.06 ഉം  എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.04 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണ്.  ജപ്പാനിൽ നിക്കൈ 0.80 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.70 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും ഉയർന്നു വ്യാപാരം തുടങ്ങി.

മൂന്നാം ദിനവും താഴ്ന്ന് ഇന്ത്യ

അനിശ്ചിതത്വം മൂന്നാം ദിവസവും ഇന്ത്യൻ വിപണിയെ താഴ്ത്തി. രാവിലെ ചെറിയ നേട്ടത്തിനു ശ്രമിച്ച വിപണി പിന്നീടു വിൽപനസമ്മർദത്തിൽ താഴുകയായിരുന്നു. 

മേയ് മാസത്തിൽ 19,000 ൽ പരം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ച  വിദേശനിക്ഷേപകർ ജൂണിൽ ഇതുവരെ വിൽപനക്കാരാണ്. ഇന്ത്യയിലാണു ഭാവി, ഞങ്ങൾ ഇന്ത്യയിൽ ഓവർ ബോട്ട് ആണ് എന്നൊക്കെ ഫണ്ട് മാനേജർമാർ ചാനലുകളിൽ വന്നിരുന്നു പറയുന്നുണ്ടെങ്കിലും വിപണിയിൽ കാണുന്നതു വിൽപനയാണ്.

സെൻസെക്സ് ഇന്നലെ 81,774 വരെ ഉയരുകയും 80,575 വരെ താഴുകയും ചെയ്ത ശേഷമാണ് 0.78 ശതമാനം നഷ്ടത്തിൽ അവസാനിച്ചത്. നിഫ്റ്റി 24,845 വരെ കയറിയിട്ട് 24,502 വരെ താഴ്ന്നു. രാവിലെ 56,000 നു മുകളിൽ റെക്കോർഡ് കുറിച്ചു വ്യാപാരം തുടങ്ങിയ ബാങ്ക് നിഫ്റ്റി അര ശതമാനത്തിലേറെ താഴ്ന്ന് അവസാനിച്ചു. ആദ്യം നേട്ടത്തിലായിരുന്ന മിഡ് ക്യാപ് 100 സൂചിക നല്ല നഷ്ടത്തിൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് 100 സൂചിക നേരിയ നേട്ടത്തിൽ അവസാനിച്ചു.

റിയൽറ്റിയും മീഡിയയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. സ്വകാര്യ ബാങ്കുകൾക്കാണു കൂടുതൽ നഷ്ടം. മഴ നേരത്തേ പെയ്തത് എയർ കണ്ടീഷണർ വിൽപനയെ സാരമായി ബാധിച്ചു. വരുന്ന മാസങ്ങളിൽ വിൽപന വീണ്ടെടുക്കാം എന്നു കൺസ്യൂമർ ഡുറബിൾസ് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും അതു നടക്കും എന്ന സൂചനയില്ല.

ചൊവ്വാഴ്ച നിഫ്റ്റി 174.10 പോയിൻ്റ് (0.70%) താഴ്ന്ന് 24,542.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 636.24 പോയിൻ്റ് (0.78%) ഇടിഞ്ഞ് 80,737.51 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 303.45 പോയിൻ്റ് (0.54%) താഴ്ന്ന് 55,599.95 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 258.45 പോയിൻ്റ് (0.45 ശതമാനം) കുറഞ്ഞ് 57,517.10 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 18.60 പോയിൻ്റ് (0.10 ശതമാനം) കയറി 18,114.15 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി. ബിഎസ്ഇയിൽ 1673 ഓഹരികൾ ഉയർന്നപ്പോൾ 2344 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1224 എണ്ണം. താഴ്ന്നത് 1696 ഓഹരികൾ.

എൻഎസ്ഇയിൽ 60 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 25 എണ്ണമാണ്. 103 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 71 എണ്ണം ലോവർ സർകീട്ടിൽ എത്തി..

വിദേശനിക്ഷേപകർ തിങ്കളാഴ്ച  ക്യാഷ് വിപണിയിൽ 2853.83 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 5907.97 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 24,500-24,800 മേഖലയുടെ താഴത്തെ പരിധിയിലേക്കു നീങ്ങിയെങ്കിലും ആ പിന്തുണ നില നഷ്ടപ്പെടുത്തിയില്ല എന്ന ആശ്വാസം ഉണ്ട്. സൂചിക 24,400 നു താഴെ പോയാൽ കൂടുതൽ ബെയറിഷ് ആയി മാറും. ഇന്നു നിഫ്റ്റിക്ക് 24,450 ഉം 24,390 ഉം പിന്തുണയാകും. 24,760 ലും 24,845 ലും തടസം ഉണ്ടാകാം

സ്വർണം ചാഞ്ചാടുന്നു

വാണിജ്യയുദ്ധ ഭീഷണിയും രാജ്യാന്തര സംഘർഷ ഭീതിയും മൂലം തിങ്കളാഴ്ച കുതിച്ചു കയറിയ സ്വർണവില ഇന്നലെ അൽപം താഴ്ചയിലായി. ഡോളർ സൂചിക ഉയർന്നതാണു പ്രധാന കാരണം. ചൊവ്വാഴ്ച സ്വർണം ഔൺസിന് ഒരു ശതമാനത്തോളം താഴ്ന്ന് 3353.80 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ സ്വർണം 3370 ഡോളർ വരെ കയറി.

കേരളത്തിൽ ചൊവ്വാഴ്ച സ്വർണം പവന് 160 രൂപ കൂടി  72,640 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 34.62 ഡോളറിലേക്ക് കയറി. 2012 നു ശേഷം ആദ്യമായാണ് ഈയാഴ്ച വെള്ളി ഔൺസിന് 34 ഡോളറിനു മുകളിൽ എത്തുന്നത്. 

ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ചെമ്പ് 0.10 ശതമാനം താഴ്ന്നു ടണ്ണിന് 9642.90 ഡോളറിൽ എത്തി. അലൂമിനിയം 0.58 ശതമാനം ഇടിഞ്ഞ് 2459.73 ഡോളർ ആയി. സിങ്ക്, നിക്കൽ, ടിൻ എന്നിവ ഉയർന്നു. ലെഡ് താഴ്ന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.76 ശതമാനം ഉയർന്ന് 158.70 സെൻ്റ് ആയി. കൊക്കോ 2.86 ശതമാനം തിരച്ചുകയറി ടണ്ണിന് 9754.83 ഡോളർ ആയി. കാപ്പിയും തേയിലയും താഴ്ന്നു.

ഡോളർ സൂചിക കയറുന്നു

 ഡോളർ സൂചിക ഇന്നലെ ഉയർന്നു. 99.23 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 99.18 ലാണ്.

കറൻസി വിനിമയത്തിൽ ഡോളർ തിരിച്ചു കയറി. യൂറോ മേഖലയിൽ വിലക്കയറ്റം പ്രതീക്ഷയിലും കുറവായതു യൂറോയെ താഴ്ത്തി.

യൂറോ 1.138 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.3518 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 144.24 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.45 ശതമാനത്തിലേക്കു കയറി. യുഎസ് വളർച്ച കുറവാകും എന്ന ഒഇസിഡി വിലയിരുത്തൽ കടപ്പത്ര വില കുറച്ചു.

ഡോളറിൻ്റെ  കരുത്തു രൂപയ്ക്കു ക്ഷീണമായി.ചൊവ്വാഴ്ച ഡോളർ 20 പെെസ ഉയർന്ന് 85.59 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ്  ഓയിൽ കയറുന്നു

ക്രൂഡ് ഓയിൽ വില കയറ്റം തുടർന്നു.  ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ  ബാരലിന് 65.63 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 65.57 ഉം ഡബ്ല്യുടിഐ 63. 34 ഉം മർബൻ ക്രൂഡ് 65.40 ഉം  ഡോളറിലാണ്.  

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടത്തിലാണ്. ബിറ്റ് കോയിൻ 1.056 ലക്ഷം ഡോളറിലേക്കു താഴ്ന്നു. യുഎസ് പ്രസിഡൻ്റ് ട്രൂത്ത് സോഷ്യൽ മീഡിയയും ക്രിപ്റ്റോ ഡോട് കോമും ചേർന്നു ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബിറ്റ് കോയിൻ ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ) തുടങ്ങാൻ പോകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈഥർ 2620 ഡോളറിനടുത്തു തുടരുന്നു. 

വിപണി സൂചനകൾ

(2025 ജൂൺ 03, ചൊവ്വ)

സെൻസെക്സ്30   80,737.51     -0.78%

നിഫ്റ്റി50       24,542.50         -0.70%

ബാങ്ക് നിഫ്റ്റി   55,599.95       -0.54%

മിഡ് ക്യാപ്100   57,517.10     -0.45%

സ്മോൾക്യാപ്100  18,114.15    +0.10%

ഡൗജോൺസ്   42,519.64    +0.51%

എസ്ആൻഡ്പി   5970.37      +0.58%

നാസ്ഡാക്      19,398.96      +0.81%

ഡോളർ($)     ₹85.59        +₹0.20

സ്വർണം(ഔൺസ്) $3353.80   -$28.80

സ്വർണം(പവൻ)    ₹72,640     +₹160                    

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.63    +$0.52

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com