
യുഎസ് റേറ്റിംഗ് താഴ്ന്നാൽ എന്താ എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് ഇന്നലെ വിപണികൾ നൽകിയത്. ഡോളർ താഴുകയും യുഎസ് കടപ്പത്രവില ഇടിയുകയും സ്വർണം കുതിക്കുകയും ചെയ്തു. ഇന്നലെ യുഎസ് വിപണി കുത്തനേ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ന്നു. ക്രിപ്റ്റോ കറൻസികളുടെ വില കുതിച്ചു. ക്രൂഡ് ഓയിൽ വില താഴ്ന്നു.
റേറ്റിംഗ് താഴ്ത്തൽ യുഎസ് വിപണിയിൽ നിന്ന് ഇന്ത്യ അടക്കമുള്ള വികസ്വര വിപണികളിലേക്ക് പണം ഒഴുക്കും എന്ന പ്രതീക്ഷ വിപണിയിൽ ശക്തമാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,762.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,787 ലേക്കു കയറി. ഇന്നു വിപണി നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഭിന്ന ദിശകളിൽ അവസാനിച്ചു. ന്പോർട്സ് വെയർ കമ്പനി ജെഡി സ്പോർട്സ് ലാഭം കുത്തനേ കുറഞ്ഞപ്പോൾ ഓഹരി 10 ശതമാനം ഇടിഞ്ഞു.
ഇന്നലെ യുഎസ് കടപ്പത്രലേലം കാര്യമായ നിക്ഷേപപിന്തുണ കണ്ടില്ല. വർധിച്ചു വരുന്ന സർക്കാർ കമ്മിയും ഭീമമായ യുഎസ് കടബാധ്യതയും നിക്ഷേപകരെ യുഎസ് ആസ്തികളിൽ നിന്ന് അകറ്റുകയാണ്. ബാങ്ക് ഓഫ് അമേരിക്ക പറയുന്നത് സെൽ അമേരിക്ക, ബൈ എമേർജിംഗ് മാർക്കറ്റ് (അമേരിക്കൻ ആസ്തികൾ വിൽക്കുക, വികസ്വര വിപണികളിൽ നിക്ഷേപിക്കുക) എന്ന പ്രവണത വിപണിയിൽ ശക്തിപ്പെട്ടു വരികയാണ് എന്നത്രെ. വികസ്വര വിപണികളിലാണ് അടുത്ത ബുൾ കുതിപ്പ് പ്രതീക്ഷിക്കേണ്ടത് എന്നും ബാങ്കാം റിപ്പോർട്ടിൽ പറയുന്നു.
സുന്ദരം എന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച യുഎസ് ബജറ്റിനെപ്പറ്റി വിപണിക്ക് ആ കാഴ്ചപ്പാടില്ല. ചെലവുചുരുക്കലിനു ഫലപ്രദമായ നിർദേശങ്ങൾ ഇല്ല. ഈ ബജറ്റ് നടപ്പായാൽ യുഎസ് കമ്മിയും കടവും കൂടും. കമ്മി കൂടുമ്പോൾ കടപ്പത്രം വാങ്ങാൻ കൂടുതൽ പലിശ നൽകേണ്ടി വരും. അതു രാജ്യത്തു പലിശ കൂട്ടും. ജീവിതച്ചെലവും കൂടും.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 816.80 പോയിൻ്റ് (1.91%) ഇടിഞ്ഞ് 41,860.44 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 95.85 പോയിൻ്റ് (1.61%) താഴ്ന്ന് 5844.61 ൽ അവസാനിച്ചു. നാസ്ഡാക് 270.07 പോയിൻ്റ് (1.41%) നഷ്ടത്താേടെ 18,872.64 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ കയറ്റത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.17 ഉം നാസ്ഡാക് 0.16 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ് ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം താഴ്ന്നു. ഓസ്ട്രേലിയ, കൊറിയ, ഹോങ് കോങ്, ഷാങ് ഹായ് സൂചികകൾ താഴ്ന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി ഇന്നലെ മിതമായി ഉയർന്നു. പാശ്ചാത്യ നിക്ഷേപകർ അമേരിക്കയിലും മറ്റും നിന്നു പിൻവലിക്കുന്ന പണവുമായി ഇന്ത്യയിലേക്കു വിമാനം കയറും എന്ന ഫണ്ട് മാനേജർമാരുടെ പ്രസ്താവനകളിലാണ് വിപണി ആശ്വാസം കാണുന്നത്. ഏതായാലും ചൊവ്വാഴ്ച വലിയ വിൽപനക്കാരായ വിദേശനിക്ഷേപകർ ഇന്നലെ അറ്റ വാങ്ങലുകാരായി.
ബുധനാഴ്ച നിഫ്റ്റി 129.55 പോയിൻ്റ് (0.52%) കയറി 24,813.45 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 410.19 പോയിൻ്റ് (0.51%) നേട്ടത്തോടെ 81,596.63 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 197.75 പോയിൻ്റ് (0.36%) ഉയർന്ന് 55,075.10 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 436.95 പോയിൻ്റ് (0.78 ശതമാനം) കയറി 56,619.60 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 65.60 പോയിൻ്റ് (0.38 ശതമാനം) ഉയർന്ന് 17,548.60 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2242 ഓഹരികൾ ഉയർന്നപ്പോൾ 1746 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1753 എണ്ണം. താഴ്ന്നത് 1095 ഓഹരികൾ.
എൻഎസ്ഇയിൽ 50 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 17 എണ്ണമാണ്. 75 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 65 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 2201.79 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 683.77 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 24,800 നു മുകളിൽ കയറി ക്ലോസ് ചെയ്തെങ്കിലും വിൽപന സമ്മർദത്തിൽ നിന്നു വിപണി രക്ഷപ്പെട്ടിട്ടില്ല. നിർണായകമായ 24,500 ലെ പിന്തുണ നഷ്ടപ്പെട്ടാൽ കൂടുതൽ താഴേക്കാകും യാത്ര. ഇന്നു നിഫ്റ്റിക്ക് 24,720 ഉം 24,650 ഉം പിന്തുണയാകും. 24,910 ലും 26,980 ലും തടസം ഉണ്ടാകാം.
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനു ശേഷം ഡോളർ സൂചിക ഇടിയുകയാണ്. യുഎസ് കടപ്പത്രങ്ങൾക്കു വില കുറയുന്നു. രണ്ടും സ്വർണത്തെ കയറ്റുന്ന കാര്യങ്ങൾ. ഇന്നലെ ഔൺസിന് 23.30 ഡോളർ ഉയർന്ന് സ്വർണം 3315.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഔൺസിന് 3338 ഡോളർ വരെ ഉയർന്നു.
കേരളത്തിൽ ഇന്നലെ പവന് 1760 രൂപ വർധിച് വില 71,440 രൂപയിൽ എത്തി. ഇന്നും വില ഉയരാം.
വെള്ളിവില ഔൺസിന് 33.65 ഡോളറിലാണ്.
ബുധനാഴ്ച വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പുവില 0.03 ശതമാനം ഉയർന്ന് ടണ്ണിന് 9532.10 ഡോളറിൽ എത്തി. അലൂമിനിയം വില 0.53 ശതമാനം കയറി ടണ്ണിന് 2489.14 ഡോളർ ആയി. ടിൻ 0.42 ഉം നിക്കൽ 0.36 ഉം സിങ്ക് 0.56 ഉം ശതമാനം ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 0.17 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172.20 സെൻ്റിൽ എത്തി. കൊക്കോ 2.16 ശതമാനം താഴ്ന്ന് 10,675.62 ഡോളറിൽ എത്തി. കാപ്പി 0.08 ശതമാനം താഴ്ന്നു. പാമോയിൽ വില 0.36 ശതമാനം താഴ്ന്നു.
ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന് 99.56 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.58 ലാണ്.
യൂറോ 1.1329 ഡോളറിലേക്കും പൗണ്ട് 1.3421 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 143.48 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് കടപ്പത്രവില ഇടിവ് തുടർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.601 ശതമാനത്തിലേക്കു കയറി. 30 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 5.09 ശതമാനമായി.
രൂപ വെള്ളിയാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങി, നേരിയ നേട്ടത്തിൽ അവസാനിച്ചു. ഡോളർ നാലു പൈസ കുറഞ്ഞ് 85.60 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.20 യുവാൻ എന്ന നിലയിലേക്കു കയറി.
ക്രൂഡ് ഓയിൽ ഇന്നലെയും താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 64.91 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ ബ്രെൻ്റ് 64.62 ഉം ഡബ്ല്യുടിഐ 61.30 ഉം മർബൻ ക്രൂഡ് 64.25 ഉം ഡോളറിലേക്കു താഴ്ന്നു.
ഡോളറിൻ്റെ ദൗർബല്യവും കടപ്പത്ര വിലയിടിവും ക്രിപ്റ്റോ കറൻസികളെ ഉയർത്തി. ബിറ്റ് കോയിൻ ഇന്നു രാവിലെ 1,10,100 ഡോളർ വരെ എത്തിയിട്ട് അൽപം താഴ്ന്നു. ഈഥർ 2590 ഡോളറിനടുത്തു തുടരുന്നു.
(2025 മേയ് 21, ബുധൻ)
സെൻസെക്സ്30 81,596.63 +0.51%
നിഫ്റ്റി50 24,813.45 +0.52%
ബാങ്ക് നിഫ്റ്റി 55,075.10 +0.36%
മിഡ് ക്യാപ്100 56,619.60 +0.78%
സ്മോൾക്യാപ്100 17,548.60 +0.38%
ഡൗജോൺസ് 41,860.44 -1.91%
എസ്ആൻഡ്പി 5844.61 -1.61%
നാസ്ഡാക് 18,872.64 -1.41%
ഡോളർ($) ₹85.60 -₹0.04
സ്വർണം(ഔൺസ്) $3315.50 +$23.30
സ്വർണം(പവൻ) ₹71,440 T₹1760
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.91 -$0.47
Read DhanamOnline in English
Subscribe to Dhanam Magazine