

ബജറ്റ് നിർദേശങ്ങൾ വളർച്ചയ്ക്കും മൂലധനനിക്ഷേപത്തിനും സഹായിക്കും എന്ന ധാരണ ഇന്നലെ വിപണിയെ സഹായിച്ചു. അമേരിക്ക ചുങ്കം ചുമത്തൽ തൽക്കാലം നീട്ടിവച്ചത് വിപണി പോസിറ്റീവ് ആയി കണക്കാക്കി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഏറെ നാളുകൾക്കു ശേഷം വാങ്ങലുകാരും ആയി.
ഇതെല്ലാം വിപണിയെ ഗണ്യമായി ഉയർത്തിയെങ്കിലും വിപണിയുടെ തിരുത്തൽ അവസാനിച്ചു എന്ന ധാരണ ഉണ്ടായിട്ടില്ല.
ഇന്നു റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി യോഗം തുടങ്ങും. വെള്ളിയാഴ്ച റീപോ നിരക്ക് കാൽ ശതമാനം (25 ബേസിസ് പോയിൻ്റ്) കുറയ്ക്കും എന്നാണു പ്രതീക്ഷ. റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ സഞ്ജയ് മൽഹോത്രയും പുതിയ ഡെപ്യൂട്ടി ഗവർണറും ആദ്യമായി പങ്കെടുക്കുന്ന യോഗമാണ് ഇന്നു തുടങ്ങുന്നത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,848.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,840 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ചുങ്കം വിഷയത്തിലെ അവ്യക്തത യൂറോപ്യൻ വിപണികളെ ഇന്നലെ തുടക്കത്തിൽ നഷ്ടത്തിലാക്കി എങ്കിലും ഒടുവിൽ നേട്ടത്തോടെ അവസാനിച്ചു. ഫെരാരി 21 ശതമാനം ലാഭവർധന കാണിച്ചു. ഡിയാജിയോയും പർണോ റക്കാഡും അടക്കം മദ്യ ഉൽപാദകർ താഴ്ചയിലായി.യുഎസ് വിപണി ചൊവ്വാഴ്ച നേട്ടത്തിൽ അവസാനിച്ചു. പ്രതീക്ഷയിലും മികച്ച വരുമാന വളർച്ച കാണിച്ച സോഫ്റ്റ്‌വേർ കമ്പനി പലാൻ്റിറിൻ്റെ ഓഹരി 24 ശതമാനം കുതിച്ചു.ഡൗ ജോൺസ് സൂചിക 134.13 പോയിൻ്റ് (0.30%) ഉയർന്ന് 44,556.04 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 43.31 പോയിൻ്റ് (0.72%) കയറി 6037.88 ലും നാസ്ഡാക് സൂചിക 262.06 പോയിൻ്റ് (1.35%) കുതിച്ച് 19,654.02 ലും അവസാനിച്ചു.വ്യാപാര സമയത്തിനു ശേഷം വന്ന ആൽഫബെറ്റ് റിസൽട്ട് ക്ലൗഡ് വരുമാനം പ്രതീക്ഷയിലും കുറവാണെന്നു കാണിച്ചു. കമ്പനി നിർമിതബുദ്ധി മേഖലയിൽ 7500 കോടി ഡോളർ ഇക്കൊല്ലം നിക്ഷേപിക്കും. ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. എഎംഡി വരുമാനത്തിൽ മികവ് കാണിച്ചെങ്കിലും ഡാറ്റാ സെന്റർ ബിസിനസ് ലക്ഷ്യം കണ്ടില്ല.ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.07 ഉം എസ് ആൻഡ് പി 0.28 ഉം നാസ്ഡാക് 0.38 ഉം ശതമാനം താഴ്ന്നു. യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.527 ശതമാനത്തിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ രാവിലെ ഉയർന്നു. ജപ്പാനിൽ നിക്കൈ 0.75 ശതമാനം വരെ കയറിയിട്ടു നേട്ടം കുറച്ചു.
വ്യാപാരയുദ്ധഭീഷണി നീങ്ങിയത് ഇന്ത്യൻ വിപണിയെ ഇന്നലെ ഒരു മാസത്തിനിടയിലെ മികച്ച കയറ്റത്തിലേക്കു നയിച്ചു. 2025 ൽ മുഖ്യ സൂചികകൾ നേട്ടത്തിലായി.
ചാെവ്വാഴ്ച നിഫ്റ്റി 378.20 പോയിൻ്റ് (1.62%) കുതിച്ച് 23,739.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1397.07 പോയിൻ്റ് (1.81%) ഉയർന്ന് 78,583.81 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 947.40 പോയിൻ്റ് (1.93%) കുതിച്ച് 50,157.95 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.50 ശതമാനം കയറി 53,813.80 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.09 ശതമാനം ഉയന്ന് 16,798.50 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 809.23 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 430.70 കോടി രൂപയുടെ അറ്റ വിൽപനയും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2422 ഓഹരികൾ ഉയർന്നപ്പോൾ 1499 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1951 എണ്ണം ഉയർന്നു, താഴ്ന്നത് 863 എണ്ണം. നിഫ്റ്റി 23,600 നു മുകളിൽ നിലനിന്നാൽ 23,900-24,000 മേഖലയിലേക്കു നീങ്ങാനാകും.നിഫ്റ്റിക്ക് ഇന്ന് 23,510 ലും 23,430 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,770 ഉം 23,850 ഉം തടസങ്ങൾ ആകാം.
ചുങ്കം ചുമത്തൽ സംബന്ധിച്ച ആശങ്കകൾ തൽക്കാലത്തേക്കു മാറിയെങ്കിലും സ്വർണം വീണ്ടും റെക്കോർഡ് തകർത്തു കയറുകയാണ്. സ്പോട്ട് വില ഒരു ശതമാനം ഉയർന്ന് 2844.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം ഔൺസിന് 2848 ഡോളർ വരെ കയറിയിട്ടു താഴ്ന്നു.
കേരളത്തിൽ ചാെവ്വാഴ്ച സ്വർണവില പവന് 840 രൂപ കയറി 62,480 രൂപ എന്ന റെക്കോർഡ് കുറിച്ചു. വില ഇന്നും ഉയരും.
വെള്ളിവില ഔൺസിന് 32.09 ഡോളറിൽ എത്തി.
ചുങ്കം വിഷയം തൽക്കാലം ഒഴിവായതു രൂപയ്ക്ക് അൽപം ആശ്വാസമായി. ഡോളർ സൂചിക ഇടിഞ്ഞു. സൂചിക 107.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 107.91 ൽ ആണ്. ഡോളർ 87.03 രൂപ എന്ന റെക്കോർഡിലാണു ഇന്നലെ വ്യാപാരം തുടങ്ങിയത് പിന്നീട് 87.07 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നും ബലപ്പെടും.
ചുങ്കം നടപടികൾ മരവിപ്പിച്ചെങ്കിലും ക്രൂഡ് ഓയിൽ വിപണി താഴ്ന്നില്ല. ഇറാനെതിരേ ഉപരോധം കടുപ്പിക്കും എന്ന യുഎസ് നിലപാടാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.20 ഡോളറിലേക്കു കയറി. ഇന്നു രാവിലെ 76.14 ഡോളർ ആയി കുറഞ്ഞു. ഡബ്ല്യുടിഐ ഇനം 72.81 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 78.37 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം ഉടരുകയാണ്. ബിറ്റ് കോയിൻ നാലു ശതമാനം ഇടിഞ്ഞ് 97,800 ഡോളറിനടുത്ത് എത്തി. ഈഥർ വില 2725 ഡോളറിന് അടുത്തായി.വ്യാവസായിക ലോഹങ്ങൾ ചാെവ്വാഴ്ച ആശ്വാസ കയറ്റം നടത്തി. ചെമ്പ് 0.51 ശതമാനം ഉയർന്ന് ടണ്ണിന് 9024.70 ഡോളറിലെത്തി. അലൂമിനിയം 0.45 ശതമാനം കയറി 2634.94 ഡോളർ ആയി. ടിൻ 2.05 ഉം ലെഡ് 1.51 ഉം സിങ്ക് 2.10 ഉം നിക്കൽ 1.06 ഉം ശതമാനം ഉയർന്നു.
(2024 ഫെബ്രുവരി 04, ചൊവ്വ)
സെൻസെക്സ് 30 78,583.81 +1.81%
നിഫ്റ്റി50 23,739.25 +1.62%
ബാങ്ക് നിഫ്റ്റി 50,157.95 +1.93%
മിഡ് ക്യാപ് 100 53,813.80 +1.56%
സ്മോൾ ക്യാപ് 100 16,798.50 +1.09%
ഡൗ ജോൺസ് 44,556.00 +0.30%
എസ് ആൻഡ് പി 6037.88 +0.72%
നാസ്ഡാക് 19,654.00 +1.35%
ഡോളർ($) ₹87.07 -₹0.12
ഡോളർ സൂചിക 108.00 -0.99
സ്വർണം (ഔൺസ്) $2844.80 +$28.60
സ്വർണം(പവൻ) ₹62,480 +₹840.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.20 +$00.72
Read DhanamOnline in English
Subscribe to Dhanam Magazine