ട്രംപിന്റെ നയങ്ങള്‍ മാറുന്നു; അനിശ്ചിതത്വം കൂടുന്നു; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; പണനയം നാളെ രാവിലെ; റീപോ നിരക്ക് കുറച്ചേക്കും

ഡോളറിന്റെ ദൗർബല്യവും വാണിജ്യയുദ്ധ ഭീഷണിയും രാജ്യാന്തര സംഘർഷഭീതിയും സ്വർണ വില ഉയർത്തുന്നു
Morning business news
Morning business newsCamva
Published on

വിപണികൾ അനിശ്ചിതത്വം മുന്നിൽ കാണുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവ കാര്യത്തിൽ കടുംപിടുത്തം തുടരുന്നതും നയങ്ങൾ അടിക്കടി മാറ്റുന്നതും അനിശ്ചിതത്വം കൂട്ടുകയാണ്. സ്റ്റീലിനും അലൂമിനിയത്തിനും ചുങ്കം 50 ശതമാനമാക്കിയതോടെ അമേരിക്കയുടെ ശരാശരി ഇറക്കുമതിച്ചുങ്കം 17.3 ശതമാനമായി. ഡിസംബറിൽ ഇതു 2.4 ശതമാനമായിരുന്നു. 

ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും തമ്മിലുള്ള സംഭാഷണം എന്നു നടക്കുമെന്ന് അറിവായിട്ടില്ല. ഷിയുമായി ധാരണ ഉണ്ടാക്കൽ എളുപ്പമല്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു.

വ്യാപാര കരാർ സംബന്ധിച്ച ഇന്ത്യ - യുഎസ് ചർച്ച കാര്യമായ പുരോഗതി നേടിയിട്ടില്ല. യുഎസ് സ്റ്റീലിന് ചുങ്കം കൂട്ടിയതിനെതിരേ ഇന്ത്യ ലോകവ്യാപാര സംഘടനയിൽ പരാതി നൽകിയതു ശ്രദ്ധേയമാണ്.

യുഎസിലെ സ്വകാര്യമേഖലാ തൊഴിലവസരങ്ങൾ പ്രതീക്ഷ പോലെ കൂടാത്തതു ഡോളറിനെ ദുർബലമാക്കി. ഇതു സ്വർണത്തെ ഉയർത്തി.

റിസർവ് ബാങ്കിൻ്റെ പണനയം നാളെ രാവിലെ പ്രഖ്യാപിക്കും. റീപോ നിരക്ക് കാൽ ശതമാനമെങ്കിലും കുറയ്ക്കും എന്നാണു പ്രതീക്ഷ. വായ്പകൾ വർധിപ്പിക്കാൻ തക്ക നടപടികളും റിസർവ് ബാങ്കിൽ നിന്ന് ഉണ്ടാകും എന്നാണു കരുതുന്നത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,747 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,730 വരെ താഴ്ന്നു. ഇന്നു വിപണി കാര്യമായ മാറ്റയില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ബുധനാഴ്ച മികച്ച നേട്ടത്തിലായി. യൂറോപ്യൻ യൂണിയൻ്റെ വ്യാപാര പ്രതിനിധി യുഎസ് വ്യാപാര പ്രതിനിധിയുമായി പാരീസിൽ നടത്തിയ ചർച്ച ആശാവഹമായ രീതിയിൽ പുരോഗമിക്കുന്നു എന്നാണു റിപ്പോർട്ട്. അമേരിക്ക സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് ചുങ്കം 50 ശതമാനമാക്കിയതിനെപ്പറ്റി യൂറോപ്യൻ വിപണിക്കു തൽക്കാലം ആശങ്കയില്ല. മറിച്ച് സ്റ്റീൽ, അലൂമിനിയം വില കുറയും എന്ന സാധ്യത വിപണിയെ ആശ്വസിപ്പിക്കുന്നു.

യുഎസ് വിപണി ബുധനാഴ്ച ചാഞ്ചാട്ടത്തിലായിരുന്നു. ഡൗ നാലു ദിവസത്തെ കയറ്റത്തിനു ശേഷം ഇന്നലെ അൽപം താഴ്ന്നു. എസ് ആൻഡ് പി നാമമാത്ര മാറ്റത്തോടെ അവസാനിച്ചു. ടെക് ഓഹരികൾ ഉയർന്നപ്പോൾ നാസ്ഡാക് നേട്ടം കുറിച്ചു.

മേയ് മാസത്തിൽ യുഎസിലെ സ്വകാര്യമേഖലാ ജോലികളിൽ ഉണ്ടായ വർധന 37,000 മാത്രമാണെന്ന കണക്കുകൾ പുറത്തുവന്നു. പ്രതീക്ഷിച്ചത് 1.1 ലക്ഷം വർധനയാണ്. സാമ്പത്തിക രംഗത്തെപ്പറ്റി ആശങ്ക വളർത്തുന്നതായി ഈ കണക്ക്. ഏപ്രിലിലെ കണക്കിൽ കുറവ് വരുത്തിയിട്ടുമുണ്ട്. തൊഴിലവസരം കുറയുന്ന സാഹചര്യത്തിൽ യുഎസ് ഫെഡ് അടിയന്തരമായി പലിശ കുറയ്ക്കണമെന്നു പ്രസിഡൻ്റ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഫെഡ് അതിനു തയാറില്ല.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 91.90 പോയിൻ്റ് (0.22%) താഴ്ന് 42,427.74 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 0.44 പോയിൻ്റ് (0.01%) നേട്ടത്തോടെ 5970.81 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 61.53 പോയിൻ്റ് (0.32%) ഉയർന്ന് 19,460.49 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്. ഡൗ 0.09 ഉം  എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.13 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ നാമമാത്രമായി താഴ്ന്നു.   ഹോങ് കോങ്, ചൈനീസ് വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി.

ആശ്വാസറാലിയിൽ ഇന്ത്യ

അനിശ്ചിതത്വവും ആശങ്കകളും വിട്ടുമാ മാറുന്നില്ലെങ്കിലും ഇന്ത്യൻ വിപണി ഇന്നലെ മുന്നേറ്റത്തിലായി. വിദേശ ഫണ്ടുകൾ വാങ്ങലുകാരായതു തന്നെ പ്രധാന കാരണം. കറൻസി വിപണിയിൽ രൂപ ദുർബലമായെങ്കിലും ഓഹരികളെ അതു ബാധിച്ചില്ല. 

റിയൽറ്റി ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ ഉയർന്നു. റെയിൽവേ ഓഹരികൾ ഇന്നലെ മികച്ച കുതിപ്പ് നടത്തി. ഇർകോൺ 14 ഉം റെയിൽടെൽ 12 ഉം ആർവിഎൻഎൽ 6.9 ഉം ടെക്സ്മാകോ എട്ടും ശതമാനം ഉയർന്നു. റെയിൽവേ പദ്ധതികൾ ത്വരിതപ്പെടുത്തുന്നു എന്ന സൂചനയിലാണിത്.

അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രായെ പാപ്പർ നടപടികളിലേക്കു നീക്കിയ കമ്പനി നിയമ ട്രൈബ്യൂണൽ ഉത്തരവ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഓഹരി 11.11 ശതമാനം ഉയർന്ന് 380 രൂപയായി.

സെൻസെക്സ് ഇന്നലെ 81,087 വരെ ഉയർന്നെങ്കിലും 81,000 നു തൊട്ടു താഴെ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നടത്തിയ മികച്ച മുന്നേറ്റമാണു വിപണിക്ക് ഉണർവ് പകർന്നത്. 

ഫ്ലിപ്കാർട്ട് ആദിത്യ ബിർല ഫാഷനിലെ ആറു ശതമാനം ഓഹരി വിറ്റു. ഓഹരി ഒന്നിന് 80.32 രൂപ വച്ചായിരുന്നു വിൽപന. ആദിത്യ ബിർല ഫാഷൻ ഓഹരി 11 ശതമാനം ഇടിഞ്ഞു.

ഹെൽത്ത് കെയർ ടെക്നോളജി 6 മേഖലയിൽ പ്രവർത്തിക്കുന്ന ഇൻഡിജീൻ ലിമിറ്റഡിൽ നിന്നു പ്രൈവറ്റ് ഇക്വിറ്റി കാർലൈൽ പിന്മാറി. 10.2 ശതമാനം ഓഹരി, ഒന്നിന് 591 രൂപവച്ചു വിറ്റു. ഇൻഡിജീൻ ഓഹരി 4.7 ശതമാനം താഴ്ന്നു.

കെയ്ൻസ് ടെക്നോളജിയുടെ പ്രൊമോട്ടർ രമേശ് കുഞ്ഞിക്കണ്ണൻ 1.7 ശതമാനം ഓഹരി, ഒന്നിന് 5551 രൂപ വച്ചു വിറ്റു. ഓഹരി ഒരു ശതമാനം താഴ്ന്നു.

ബുധനാഴ്ച നിഫ്റ്റി 77.70 പോയിൻ്റ് (0.32%) ഉയർന്ന് 24,620.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 260.74 പോയിൻ്റ് (0.32%) കയറി 80,998.25 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 76.90 പോയിൻ്റ് (0.14%) ഉയർന്ന് 55,676.85 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 407.55 പോയിൻ്റ് (0.71 ശതമാനം) കുതിച്ച് 57,924.65 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 142.95 പോയിൻ്റ് (0.79 ശതമാനം) കയറി 18,257.10 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി. ബിഎസ്ഇയിൽ 2027 ഓഹരികൾ ഉയർന്നപ്പോൾ 1993 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1650 എണ്ണം. താഴ്ന്നത് 1236 ഓഹരികൾ.

എൻഎസ്ഇയിൽ 58 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 30 എണ്ണമാണ്. 105 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 62 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച  ക്യാഷ് വിപണിയിൽ 1076.18 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2566.82 കോടി രൂപയുടെ ഓഹരികളും വാങ്ങി.

നിഫ്റ്റി 24,500 ൽ പിന്തുണ ഉറപ്പിച്ചു കൊണ്ടു മുന്നേറ്റത്തിനു ശ്രമിക്കും. 24,700 ലും 24,850 ലും തടസം നേരിടാം.

ഇന്നു നിഫ്റ്റിക്ക് 24,550 ഉം 24,485 ഉം പിന്തുണയാകും. 24,670 ലും 24,715 ലും തടസം ഉണ്ടാകാം.

സ്വർണം കയറുന്നു

ഡോളറിന്റെ ദൗർബല്യവും വാണിജ്യയുദ്ധ ഭീഷണിയും രാജ്യാന്തര സംഘർഷഭീതിയും സ്വർണത്തെ ഉയർത്തുകയാണ്. ഇന്നലെ ഔൺസിന് 20.90 ഡോളർ ഉയർന്ന് 3374.70 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 3380 ഡോളർ വരെ കയറിയിട്ട് താഴ്ന്നു. വില ഇനിയും കയറും എന്നാണു സൂചന. യുഎസിൽ സ്വകാര്യമേഖലയിലെ തൊഴിൽ വർധന പ്രതീക്ഷിച്ചതിലും വളരെ കുറവായത് പലിശ കുറയ്ക്കൽ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. അതും ഡോളറിനെ ദുർബലമാക്കും.

കേരളത്തിൽ ബുധനാഴ്ച സ്വർണം പവന് 80 രൂപ കൂടി  72,720 രൂപയിൽ എത്തി. വെള്ളിവില ഔൺസിന് 34.42 ഡോളറിലാണ്.

ബുധനാഴ്ച വ്യാവസായിക ലോഹങ്ങൾ കയറ്റത്തിലായിരുന്നു. ചെമ്പ് 0.32 ശതമാനം ഉയർന്ന് ടണ്ണിന് 9673.35 ഡോളറിൽ എത്തി. അലൂമിനിയം 1.08 ശതമാനം കയറി 2486.35 ഡോളർ ആയി. സിങ്ക്, ലെഡ് നിക്കൽ, ടിൻ എന്നിവ ഉയർന്നു.  

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1.45 ശതമാനം ഉയർന്ന് 161 സെൻ്റ് ആയി. കൊക്കോ 0.51 ശതമാനം കയറി ടണ്ണിന് 9804.33 ഡോളർ ആയി. കാപ്പി 1.65 ശതമാനം ഉയർന്നപ്പോൾ തേയില നാമമാത്രമായി താഴ്ന്നു.

ഡോളർ സൂചിക താഴോട്ട്

ഡോളർ വീണ്ടും താഴോട്ടു നീങ്ങി. യുഎസ് തൊഴിൽ വർധന കുറഞ്ഞതാണു കാരണം. ഡോളർ സൂചിക താഴ്ന്ന് 98.79 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.76 ലാണ്.

കറൻസി വിപണിയിൽ ഡോളർ ദുർബലമായി. യൂറോ 1.1424 ഡോളറിലേക്കു കയറി. പൗണ്ട് 1.3555 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 142.83 യെൻ എന്ന നിരക്കിലേക്ക് കയറി.

യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.367 ശതമാനത്തിലേക്കു താഴ്ന്നു. യുഎസ് പലിശ കുറയ്ക്കാനുള്ള സാധ്യത വിപണി കാണുന്നു.

ഡോളറിൻ്റെ ദൗർബല്യം ഇന്നലെ രൂപയ്ക്കു സഹായമായില്ല. ബുധനാഴ്ച ഡോളർ 86.03 രൂപ വരെ ഉയർന്നതാണ്. റിസർവ് ബാങ്ക് ഇടപെട്ടാണു ഡോളറിനെ 85.90 രൂപയിൽ ക്ലോസ് ചെയ്യിച്ചത്. തലേന്നത്തേക്കാൾ 31 പൈസ കൂടുതലാണിത്.

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ്  ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ  ബാരലിന് 64.86 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 64.82 ഉം ഡബ്ല്യുടിഐ 62.72 ഉം മർബൻ ക്രൂഡ് 64.60 ഉം  ഡോളറിലാണ്.  

ക്രിപ്റ്റോകൾ താഴ്ചയിൽ

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ് കോയിൻ 1.049 ലക്ഷം ഡോളറിലേക്കു താഴ്ന്നു. ഈഥർ 2600 ഡോളറിനടുത്തു തുടരുന്നു. 

വിപണി സൂചനകൾ

(2025 ജൂൺ 04, ബുധൻ)

സെൻസെക്സ്30   80,998.25     +0.32%

നിഫ്റ്റി50       24,620.20         +0.32%

ബാങ്ക് നിഫ്റ്റി   55,676.85       +0.14%

മിഡ് ക്യാപ്100   57,924.65     +0.71%

സ്മോൾക്യാപ്100  18,257.10    +0.79%

ഡൗജോൺസ്   42,427.74     -0.22%

എസ്ആൻഡ്പി   5970.81      +0.01%

നാസ്ഡാക്      19,460.49      +0.32%

ഡോളർ($)     ₹85.90        +₹0.31

സ്വർണം(ഔൺസ്) $3374.70   +$20.90

സ്വർണം(പവൻ)    ₹72,720     +₹80                   

 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.86    -$0.77

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com