വ്യാപാരയുദ്ധത്തിൽ അയവിന് സാധ്യത; വിപണികളിൽ കരുതലോടെയുള്ള പ്രതീക്ഷ; ക്രൂഡ് ഓയിൽ വില ഇടിയുന്നു

ഏഷ്യന്‍ വിപണികള്‍ ഭിന്നദിശയില്‍; സ്വര്‍ണം കുതിപ്പ് തുടരുന്നു; ക്രിപ്‌റ്റോകള്‍ ചാഞ്ചാട്ടത്തില്‍
TCM, Morning Business News
Morning business newscanva
Published on

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അയൽ രാജ്യങ്ങൾക്കെതിരേ ചുമത്തിയ ഉയർന്ന ചുങ്കം കുറയ്ക്കും എന്ന സൂചന ആഗാേള വിപണികളിൽ ചെറിയ ആശ്വാസം ഉണ്ടാക്കി. ഇന്നു രാത്രിയോടെയേ അതിൻ്റെ വിശദാംശങ്ങൾ അറിയൂ. യുക്രെയ്ൻ വിഷയത്തിലും ചില പുതിയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുഎസ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തിൽ ട്രംപ് നടത്തുന്ന പ്രസംഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. വിപണികളുടെ ഗതി ട്രംപിൻ്റെ വാക്കിനെയും പ്രവൃത്തിയെയും ആശ്രയിച്ചാണിരിക്കുന്നത്. 

ഇന്ത്യൻ വിപണി ഇന്നലെ തിരിച്ചു കയറ്റത്തിനു ശ്രമിച്ചതു ഫലിച്ചില്ല എങ്കിലും വിപണി ശുഭാപ്തിവിശ്വാസം കൈവിട്ടിട്ടില്ല. വ്യാപാരയുദ്ധത്തിൽ അയവുവരുമെന്നു വ്യക്‌തമായാൽ വിപണി ഗണ്യമായ മുന്നേറ്റം ഉണ്ടാക്കും. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച 22,081.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,130-ൽ എത്തി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച വലിയ വീഴ്ചയിലായി.  ട്രംപിൻ്റെ ചുങ്കം ഭീഷണിയും യുക്രെയ്നുള്ള സെെനിക സഹായം നിർത്തിയതും ആണു വിപണികളെ മൂന്നര ശതമാനത്തിലധികം ഇടിച്ചത്.

യുഎസ് വിപണി ചൊവ്വാഴ്ചയും തകർച്ചയിലായി. ട്രംപിൻ്റെ വ്യാപാരയുദ്ധം വിപണിയെ വല്ലാതെ ഉലച്ചു. രണ്ടു ദിവസം കൊണ്ട് ഡൗ ജോൺസ് 1300 ലധികം പോയിൻ്റ് നഷ്ടപ്പെടുത്തി. എസ് ആൻഡ് പി ട്രംപിൻ്റെ വിജയത്തിനു മുമ്പുള്ള നിലയിലേക്കു താണു. വ്യാപാരയുദ്ധം വിലക്കയറ്റം കൂട്ടുക മാത്രമല്ല സാമ്പത്തിക മാന്ദ്യവും വരുത്തും എന്നു ജെപി മോർഗൻ വിലയിരുത്തി. കാനഡയോടും മെക്സിക്കോയോടും ചുങ്കം കാര്യത്തിൽ ഒത്തു തീർപ്പ് ഉണ്ടാക്കും എന്ന് വ്യാപാരസമയം കഴിഞ്ഞ ശേഷം വാണിജ്യ സെക്രട്ടറി  ഹവാഡ് ലുട്നിക്ക് അറിയിച്ചു. ബുധനാഴ്ച തന്നെ ധാരണ പരസ്യമാക്കാൻ പറ്റും എന്നാണ് ലുട്നിക്ക് പ്രത്യാശ പ്രകടിപ്പിച്ചത്. ഇതിനു ശേഷം ഫ്യൂച്ചേഴ്സ് വിപണി നല്ല കുതിപ്പ് നടത്തി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 670.25 പോയിൻ്റ് (1.55%) താഴ്ന്ന് 42,520.99 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 71.57 പോയിൻ്റ് (1.22%) ഇടിഞ്ഞ് 5778.15 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 65.03 പോയിൻ്റ് (0.35%) നഷ്ടത്തോടെ 18,285.16 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ജോൺസ് 0.51 ഉം എസ് ആൻഡ് പി 500 സൂചിക 0.63 ഉം നാസ്ഡാക്  0.64 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ 15 ശതമാനത്തിലധികം ഇടിഞ്ഞ നിർമിതബുദ്ധി ചിപ് കമ്പനി എൻവിഡിയ ഇന്നലെ 1.69 ശതമാനം ഉയർന്നു. വ്യാപാര ശേഷം ഓഹരി 2.2 ശതമാനം കൂടി കയറി.

ഇലോൺ മസ്കിൻ്റെ ടെസ്‌ല ഇന്നലെ 4.43 ശതമാനം ഇടിഞ്ഞു. ഒരു മാസം കൊണ്ട് 30 ശതമാനം താഴ്ന്ന ടെസ്‌ല റെക്കോർഡ് ഉയരത്തിൽ നിന്നു 45 ശതമാനം താഴെയാണ്. ടെസ്‌ല കാർ വിൽപന ഈയിടെ ഗണ്യമായി കുറഞ്ഞിരുന്നു. മസ്കിൻ്റെ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ് റോക്കറ്റ് വിക്ഷേപണം തകരാർ മൂലം നിർത്തി വയ്ക്കേണ്ടി വന്നതും വിപണി മനാേഭാവത്തെ ബാധിച്ചു.

ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലായി. ജപ്പാനിൽ നിക്കൈ അര ശതമാനത്തോളം ഉയർന്നിട്ടു നഷ്ടത്തിലേക്കു മാറി.ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം താഴ്ന്നു.  ദക്ഷിണ കൊറിയൻ സൂചിക ഒരു ശതമാനത്തിലധികം കയറി. ഹോങ് കോങ് വിപണി രണ്ടു ശതമാനത്തിലധികം കുതിച്ചു. ചൈനീസ് സൂചികകൾ നേട്ടത്തിലാണ്. ചൈനീസ് പാർലമെൻ്റ് ഈ വർഷത്തെ ജിഡിപി വളർച്ച ലക്ഷ്യം അഞ്ചു ശതമാനമായി നിശ്ചയിച്ചു. കഴിഞ്ഞ വർഷം വളർച്ച അഞ്ചു ശതമാനമായിരുന്നു.ധനകമ്മി നാലു ശതമാനമായിരിക്കും. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കമ്മിയാണിത്.

ചാഞ്ചാട്ടം തുടർന്ന് ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചൊവ്വാഴ്ചയും ചാഞ്ചാട്ടം നടത്തി. ആഗോള വിപണികളുടെ ചുവടു പിടിച്ച് വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നേട്ടത്തിലേക്കു കയറി. എന്നാൽ നാമമാത്ര നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ 10 ദിവസം ഇടിഞ്ഞ് ഒൻപതു മാസം മുൻപത്തെ നിലയിൽ എത്തി.

ബാങ്ക്, ധനകാര്യ , മീഡിയ, മെറ്റൽ, ഓയിൽ -ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി മേഖലകൾ നേട്ടം ഉണ്ടാക്കി. ഓട്ടോ, ഐടി, എഫ്എംസിജി, ഹെൽത്ത് കെയർ, ഫാർമ,  മേഖലകൾ താഴ്ന്നു.

നിഫ്റ്റി 36.65 പോയിൻ്റ് (0.17%) കുറഞ്ഞ് 22,082.65 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 96.01 പോയിൻ്റ് (0.13%) താഴ്ന്ന് 72,989.93 ൽ വ്യാപാരം  അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി  130.90 പോയിൻ്റ് (0.27%) ഉയർന്ന് 48,245.20 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.05 ശതമാനം കയറി 48,007.85 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.69 ശതമാനം ഉയർന്ന് 14,762.60 ൽ ക്ലോസ് ചെയ്തു.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3405.82 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 4851.43 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ദിവസങ്ങൾക്ക് ശേഷം കയറ്റത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 2152 ഓഹരികൾ ഉയർന്നപ്പോൾ 1804 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1658 എണ്ണം ഉയർന്നു, താഴ്ന്നത് 1215 എണ്ണം. 

വിപണി മനോഭാവം ബെയറിഷ് ആയി തുടരുമ്പോൾ തന്നെ വിപണി അടിത്തട്ടിൽ എത്തി എന്നു കരുതുന്നവരുടെ എണ്ണം വർധിച്ചു. അനുകൂലമായ ചെറിയ വാർത്ത വന്നാൽ വിപണി പെട്ടെന്ന് ഉയരും എന്നതാണു നില. ഇങ്ങനെയൊരു വിപണിയിൽ വ്യാജ മുന്നേറ്റങ്ങളും ഉണ്ടാകാം. ഇന്നു നിഫ്റ്റിക്ക് 22,000 ലും 21,960 ലും പിന്തുണ പ്രതീക്ഷിക്കാം. 22,100 ലും 22,190 ലും തടസം ഉണ്ടാകാം.

2900 ഡോളർ കടന്നു സ്വർണം

സ്വർണം കുതിപ്പു തുടർന്നു.  വ്യാപാരയുദ്ധം മുറുകിയതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ തിരിയുന്നുണ്ട്. കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഡോളർ സൂചിക വീണ്ടും ഒന്നര ശതമാനത്തോളം താഴ്ന്നതും സ്വർണവിലയെ ഔൺസിന് 2900 ഡോളറിനു മുകളിലേക്കു കയറ്റി.  ഈ വർഷം 3100 ഡോളർ വരെ സ്വർണം എത്തുമെന്നാണ് ഗോൾഡ്മാൻ സാക്സിൻ്റെ പുതിയ നിഗമനം.

 രാജ്യാന്തര വില ഇന്നലെ ഔൺസിന് 2928 ഡോളർ വരെ കയറിയിട്ട് 2917.70 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ട്രംപ് വ്യാപാര യുദ്ധത്തിൽ നിലപാട് മയപ്പെടുത്തിയത് സ്വർണവിലയെ താഴ്ത്തി. ഇന്നു രാവിലെ വില 2910 ഡോളറിലേക്ക് ഇടിഞ്ഞു.

കേരളത്തിൽ ഇന്നലെ ആഭരണ സ്വർണം പവന് 560 രൂപ വർധിച്ച് 64,080 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 32.04 ഡോളറിലേക്കു കയറി.

ഡോളർ ഇടിയുകയാണ്. ഡോളർ സൂചിക ഇന്നലെ 106.75 ൽ നിന്ന് 105.74 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.66 ലാണ് സൂചിക.

രൂപ ചൊവ്വാഴ്ചയും ബലപ്പെട്ടു. ഡോളർ 10 പൈസ കുറഞ്ഞ് 87.27 രൂപയിൽ ക്ലോസ് ചെയ്തു. 

യുഎസ് കടപ്പത്രങ്ങളുടെ വില കുറഞ്ഞു, അവയിലെ നിക്ഷേപനേട്ടം ഉയർന്നു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.12 ൽ നിന്ന് 4.26 ശതമാനത്തിലേക്കു കയറി.

ക്രൂഡ് ഓയിൽ ഇടിയുന്നു 

ക്രൂഡ് ഓയിൽ വില താഴ്ന്ന മേഖലയിൽ കയറിയിറങ്ങി. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഏപ്രിലിൽ ഉൽപാദനം കൂട്ടാനുള്ള തീരുമാനം  ആവർത്തിച്ചു പ്രഖ്യാപിച്ചതാണ് പ്രധാന കാരണം. വ്യാപാരയുദ്ധം ആഗോള വളർച്ചയ്ക്കു കാേട്ടം വരുത്തും എന്ന ഭീതിയും വിലയിടിക്കുന്നു. ചാെവ്വാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 69.75 ഡോളർ വരെ ഇടിഞ്ഞ ശേഷം കയറി 71.04 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 70.90 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 67.81 ഡോളർ വരെ താഴ്ന്നു. യുഎഇയുടെ മർബൻ ക്രൂഡ് 71.25 ഡോളറിലേക്കു നീങ്ങി. 


ക്രിപ്റ്റോകൾ ചാഞ്ചാട്ടത്തിൽ

ക്രിപ്റ്റോ കറൻസികൾ ഇന്നലെ ഉയർന്നു. 80,000 ഡോളറിനടുത്തേക്കു താഴ്ന്ന ബിറ്റ് കോയിൻ തിരികെ 87,700 ഡോളർ വരെ കയറി. 2020 ഡോളറിലേക്കു വീണ ഈഥർ 2175 ഡോളർ വരെ എത്തി. വിലയിലെ ചാഞ്ചാട്ടം ഈ ദിവസങ്ങളിൽ തുടരും എന്നാണു സൂചന.

വ്യാവസായിക ലോഹങ്ങൾ ചാെവ്വാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.70 ശതമാനം താഴ്ന്ന് ടണ്ണിന് 9328.39 ഡോളറിലെത്തി. അലൂമിനിയം 0.06 ശതമാനം ഉയർന്ന് 2617.32 ഡോളർ ആയി. ടിൻ 1.42 ഉം നിക്കൽ 1.08 ഉം ലെഡ് 0.94 ഉം ശതമാനം ഉയർന്നു. സിങ്ക് 0.30 ഉം  ശതമാനം താഴ്ന്നു. 

വിപണിസൂചനകൾ

(2025 മാർച്ച് 04, ചൊവ്വ)

സെൻസെക്സ് 30       72,989.93      -0.13%
നിഫ്റ്റി50      22,082.65          -0.17%
ബാങ്ക് നിഫ്റ്റി    48,245.20    +0.27%

മിഡ് ക്യാപ്100   48,007.85   +0.05%
സ്മോൾ ക്യാപ് 100    14,762.60   +0.69%

ഡൗ ജോൺസ്    42,521.00       -1.55%

എസ് ആൻഡ് പി    5778.15     -1.22%

നാസ്ഡാക്     18,285.20      -0.35%

ഡോളർ($)         ₹87.27       -₹0.10
ഡോളർ സൂചിക   105.74     -1.02
സ്വർണം (ഔൺസ്)   $2917.70   +$23.70

സ്വർണം(പവൻ) ₹64,080      +₹560     

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ    $71.04 -$00.52

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com