
വാരാന്ത്യത്തിലെ ശുഭ പ്രതീക്ഷകൾക്കു മങ്ങലേറ്റു. അപ്രതീക്ഷിത നീക്കങ്ങൾ വിപണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഈ അനിശ്ചിതത്വം ഇന്നു വിപണികളിൽ പ്രതിഫലിക്കും.
ഒപെക്കും കൂട്ടാളികളും ക്രൂഡ് ഓയിൽ ഉൽപാദനം ഗണ്യമായി കൂട്ടാൻ തീരുമാനിച്ചത് ക്രൂഡ് വിലയെ അഞ്ചു ശതമാനത്തോളം താഴ്ത്തി. ബ്രെൻ്റ് ഇനം ക്രൂഡ് 60 ഡോളറിനു താഴെയായി.
ഡോളർ വീണ്ടും താഴാേട്ടു നീങ്ങി. ഡോളർ സൂചിക 100 നു താഴെ വന്നു. യൂറോയും മറ്റും കരുത്തു കൂട്ടി. ഡോളറിൻ്റെ വീഴ്ചയിൽ സ്വർണം ശക്തമായ തിരിച്ചു കയറ്റം നടത്തി.
ചലച്ചിത്രങ്ങൾക്കും തീരുവ ചുമത്തും എന്നു യുഎസ് പ്രസിഡൻ്റ് പറഞ്ഞതു വ്യാപാരയുദ്ധം പെട്ടെന്നു ശമിക്കുകയില്ലെന്ന സൂചനയായി. ചൈന -യുഎസ് ചർച്ച ഇനിയും ഔപചാരികമായി തുടങ്ങിയിട്ടില്ല.
യുഎസ് ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ബുധനാഴ്ച പണനയം പ്രഖ്യാപിക്കും. ഡോണൾഡ് ട്രംപ് ഭീഷണികൾ ആവർത്തിച്ചെങ്കിലും ഫെഡ് പലിശ കുറയ്ക്കില്ല എന്നാണു വിപണിയുടെ നിഗമനം. ഫെഡ് ചെയർമാൻ ജെറോം പവലിനെ ഡിസ്മിസ് ചെയ്യില്ലെന്നു ട്രംപ് ഇന്നലെയും പറഞ്ഞു.
കമ്പനികളെ മറ്റു കമ്പനികൾക്കു ചെറിയ വിലയ്ക്കു വിട്ടുകൊടുത്തു പാപ്പരത്ത നടപടികൾ അവസാനിപ്പിക്കുന്നതിനെ വിലക്കിയ സുപ്രീം കോടതി വിധി പല അനിശ്ചിതത്വങ്ങൾക്കും വഴി തുറന്നിട്ടുണ്ട്. വിധിക്കു തിരുത്തൽ ആവശ്യപ്പെടാനോ നിയമ മാറ്റത്തിനാേ സർക്കാർ തയാറായേക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,532 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,538 ൽ വ്യാപാരം തുടങ്ങിയിട്ട് 24,505 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മികച്ച നേട്ടത്തിൽ അവസാനിച്ചു. ജർമൻ സുചിക ഡാക്സ് 2.62 ഉം ഫ്രഞ്ച് സൂചിക സിഎസി 2.33 ഉംശതമാനം കുതിച്ചു. യുഎസ് - ചൈന ചർച്ചയുടെ സാധ്യതയാണ് വിപണികളെ ഉയർത്തിയത്.
യുഎസ് വിപണി വെള്ളിയാഴ്ച മികച്ച നേട്ടം ഉണ്ടാക്കി. എസ് ആൻഡ് പി 500 സൂചിക തുടർച്ചയായി ഒൻപതു ദിവസം ഉയർന്നു. 2004 നവംബറിനു ശേഷം ആദ്യമാണ് ഇങ്ങനെ. ചൈനയടക്കം പല രാജ്യങ്ങളുമായും വ്യാപാര ഉടമ്പടി ഉണ്ടാകും എന്ന പ്രതീക്ഷയാണു വിപണിയെ കയറ്റിയത്.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 564.47 പോയിൻ്റ് (1.39%) ഉയർന്ന് 41,317.43 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 82.53 പോയിൻ്റ് (1.47%) കയറി 5686.67 ൽ അവസാനിച്ചു. നാസ്ഡാക് 266.99 പോയിൻ്റ് (1.51%) കുതിച്ച് 17,977.73 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.57 ഉം എസ് ആൻഡ് പി 0.60 ഉം നാസ്ഡാക് 0.63 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. വാരാന്ത്യത്തിലെ ശുഭപ്രതീക്ഷ ഞായറാഴ്ച രാത്രി വിപണി കാണിക്കുന്നില്ല.
ജപ്പാനും ചൈനയും അടക്കം മിക്ക ഏഷ്യൻ വിപണികളും ഇന്ന് അവധിയിലാണ്. ഓസ്ട്രേലിയയിൽ ലേബർ പാർട്ടി വീണ്ടും ജയിച്ചതിനെ തുടർന്ന് വിപണി 0.40 ശതമാനം താഴ്ന്നു.
ഇന്ത്യൻ വിപണി വെളളിയാഴ്ചയും ചാഞ്ചാട്ടത്തിലായിരുന്നു. ഉയർന്നു വ്യാപാരം തുടങ്ങി കൂടുതൽ കയറിയ ശേഷം വിപണി കുത്തനേ വീഴുകയും ഒടുവിൽ നേരിയ നേട്ടത്തിൽ അവസാനിപ്പിക്കുകയും ചെയ്തു. സെൻസെക്സ് 81,177.93 ഉം നിഫ്റ്റി 24,589.15 ഉം വരെ കയറിയിട്ട് ആയിരുന്നു ചാഞ്ചാട്ടം. ഓയിൽ - ഗ്യാസ്, മീഡിയ, ഐടി, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ കമ്പനികൾ എന്നിവ ഉയർന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ, മെറ്റൽ, ഹെൽത്ത് കെയർ, റിയൽറ്റി, എഫ്എംസിജി, ഓട്ടോ തുടങ്ങിയവ താഴ്ന്നു.
വെള്ളിയാഴ്ച നിഫ്റ്റി 12.50 പോയിൻ്റ് (0.05%) കയറി 24,346.70 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 259.75 പോയിൻ്റ് (0.32%) നേട്ടത്തോടെ 80,501.99 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 28.20 പോയിൻ്റ് (0.05%) ഉയർന്ന് 55,115.35 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 419.80 പോയിൻ്റ് (0.78 ശതമാനം) ഇടിഞ്ഞ് 53,705.10 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 0.04 ശതമാനം നഷ്ടത്തോടെ 16,441.80 ൽ ക്ലോസ് ചെയ്തു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 1.63 ശതമാനവും നിഫ്റ്റി 1.28 ശതമാനവും ഉയർന്നു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1702 ഓഹരികൾ ഉയർന്നപ്പോൾ 2244 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1192 എണ്ണം. താഴ്ന്നത് 1651 ഓഹരികൾ.
എൻഎസ്ഇയിൽ 246 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 31 എണ്ണമാണ്. 63 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 67 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച വാങ്ങൽ വർധിപ്പിച്ചു. അവർ ക്യാഷ് വിപണിയിൽ 2769.81 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 3290.49 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി തൽക്കാലം ചെറിയ പരിധിയിൽ കയറിയിറങ്ങും എന്നാണു പൊതുവേ വിലയിരുത്തുന്നത്. വിപണി ബുൾ മുന്നേറ്റത്തിലാണെന്നും പുതിയ റെക്കോർഡ് കുറിക്കുമെന്നും കരുതുന്നവരും സമീപ ആഴ്ചകളെപ്പറ്റി അത്ര ആവേശത്തിലല്ല. ഇന്നു നിഫ്റ്റിക്ക് 24,260 ഉം 24,175 ഉം പിന്തുണയാകും. 24,525 ലും 24,600 ലും തടസം ഉണ്ടാകാം.
എസ്ബിഐക്കു നാലാം പാദത്തിൽ അറ്റപലിശ വരുമാനം 2.7 ശതമാനം വർധിച്ചെങ്കിലും അറ്റാദായം 9.9 ശതമാനം കുറഞ്ഞു.42,775 കോടി അറ്റ പലിശ വരുമാനവും 24,210 കോടി മറ്റു വരുമാനവും ഉണ്ടായിട്ടും അറ്റാദായം 18,643 കോടി രൂപയിലേക്കു കുറഞ്ഞു. നഷ്ടസാധ്യതയ്ക്കുള്ള വകയിരുത്തൽ 57 ശതമാനം വർധിച്ച് 12,643കോടി രൂപ ആയതാണു ലാഭം കുറച്ചത്. നിക്ഷേപവർധന 12 ശതമാനവും വായ്പാവർധന 9.5 ശതമാനവും ആണ്. മൊത്ത എൻപിഎ 1.82 ഉം അറ്റ എൻപിഎ 0.47 ഉം ശതമാനമായി കുറഞ്ഞു. ഈ വർഷം ബാങ്ക് 25,000 കോടി രൂപയുടെ മൂലധനം സമാഹരിക്കും.
പ്രശ്നകടങ്ങൾക്കു കൂടുതൽ വകയിരുത്തൽ വേണ്ടി വന്നതു കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ലാഭം 14.1 ശതമാനം താഴ്ത്തി. വകയിരുത്തലുകൾ 244.8 ശതമാനം വർധിച്ച് 909.4 കോടി രൂപയായി. അറ്റ പലിശ വരുമാനം 5.4 ശതമാനം വർധിച്ചു. മൊത്ത എൻപിഎ 1.42 ഉം അറ്റ എൻപിഎ 0.31 ഉം ശതമാനമായി കുറഞ്ഞു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഹോട്ടൽസ്, സീ മീഡിയ, ബോംബെ ഡൈയിംഗ്, കോഫോർജ്, സിഗ്നിറ്റി ടെക്നോളജീസ്, കംപ്യൂട്ടർ ഏജ് മാനേജ്മെൻ്റ്, കാപ്രി ഗ്ലോബൽ, ജമ്മു ആൻഡ് കാശ്മീർ ബാങ്ക് തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ടുകൾ പ്രസാക്ഷീകരിക്കും.
സ്വർണം താഴോട്ടു യാത്ര തുടർന്ന കഴിഞ്ഞ ആഴ്ചയിൽ രാജ്യാന്തര വിപണിയിലെ വില രണ്ടര ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച ഉയർന്ന ശേഷം തുടർന്നു മൂന്നു ദിവസം കൊണ്ട് 106 ഡോളർ നഷ്ടപ്പെടുത്തി. വാരാന്ത്യ നഷ്ടം 82 ഡോളർ. വെള്ളിയാഴ്ച ഔൺസിന് 3241.30 ഡോളറിൽ ക്ലാേസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില 3267 ഡോളറിലേക്കു കുതിച്ചുകയറി. രാവിലെ 0.80 ശതമാനം ആണു സ്വർണക്കുതിപ്പ്. ഡോളർ താഴുന്നതും ഫെഡറൽ റിസർവ് പലിശനിരക്കു കുറയ്ക്കുകയില്ല എന്ന സൂചനയും സ്വർണത്തെ സഹായിച്ചു. വ്യാപാരയുദ്ധത്തിനു പെട്ടെന്നു സമാപനം ഉണ്ടായില്ല എന്ന ആശങ്കയും സ്വർണത്തെ കയറ്റുന്നു.
അക്ഷയ തൃതീയ കഴിഞ്ഞ ശേഷം കേരളത്തിൽ പവന് 1800 രൂപ കുറഞ്ഞ് 70,040 രൂപയായി. വെള്ളിവില വാരാന്ത്യത്തിൽ ഔൺസിന് 31.90 ഡോളറിലായിരുന്നു. ആഴ്ചയിലെ നഷ്ടം 3.3 ശതമാനം. ഇന്നു രാവിലെ 32.07 ഡോളർ ആയി.
ചെമ്പുവില വെള്ളിയാഴ്ച 1.96 ശതമാനം കുതിച്ച് ടണ്ണിനു 9375 ഡോളറിൽ എത്തി. യുഎസ് - ചെെന വ്യാപാര ധാരണയ്ക്കുള്ള സാധ്യതയാണു കാരണം. അലൂമിനിയം വില 0.91 ശതമാനം കയറി ടണ്ണിന് 2435.65 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങളും ഗണ്യമായി ഉയർന്നു. . നിക്കൽ2.13 ഉം ടിൻ 0.47 ഉം സിങ്ക് 0.54 ഉം ശതമാനം കയറി..
രാജ്യാന്തര വിപണിയിൽ റബർ വില മാറ്റമില്ലാതെ കിലോഗ്രാമിന് 169.00 സെൻ്റിൽ തുടർന്നു. കൊക്കോ 1.85 ശതമാനം കയറി 8930.54 ഡോളറിൽ എത്തി. കാപ്പി 0.85 ശതമാനം താഴ്ന്നു. പാമോയിൽ വില 0.77 ശതമാനം താഴ്ന്നു.
ഡോളർ സൂചിക വെള്ളിയാഴ്ച 100.33 വരെ കയറിയിട്ട് 100.03 വരെ താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.69 ലേക്ക് താഴ്ന്നു.
യൂറോ ഇന്നു രാവിലെ 1.1337 ഡോളറിലേക്കു കയറി. പൗണ്ട് 1.3288 ഡോളറിലേക്കും ജാപ്പനീസ് യെൻ ഡോളറിന് 144.21 യെൻ എന്ന നിരക്കിലേക്കും കയറി.
യുഎസ് കടപ്പത്രവില വീണ്ടും കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.308 ശതമാനത്തിലേക്ക് കയറി. പലിശനിലവാരം എങ്ങോട്ടു നീങ്ങുന്നു എന്നതിനെപ്പറ്റി കടപ്പത്ര വിപണിയുടെ കാഴ്ചപ്പാടാണ് നിക്ഷേപനേട്ടത്തിൽ പ്രതിഫലിക്കുന്നത്.
രൂപ വെള്ളിയാഴ്ച രാവിലെ വലിയ കുതിപ്പ് നടത്തി ഡോളറിന് 83.76 രൂപ വരെ എത്തി. തുടർന്നു റിസർവ് ബാങ്ക് വലിയ ഇടപെടൽ നടത്തി രൂപയെ താഴ്ത്തി. ഏകദേശം 300 കോടി ഡോളർ ബാങ്ക് വാങ്ങി. ഡോളർ തലേന്നത്തേക്കാൾ ഒൻപതു പൈസ കയറി 84.58 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.27 യുവാനിൽ തുടർന്നു.
ജൂണിൽ ക്രൂഡ് ഓയിൽ ഉൽപാദനം ഗണ്യമായി കൂട്ടാൻ ഒപെക് പ്ലസ് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന സംഘടനയും റഷ്യ അടക്കം മിത്രങ്ങളും ചേർന്നത്) ശനിയാഴ്ച തീരുമാനിച്ചത് എണ്ണവിപണിയെ തകിടം മറിച്ചു. ക്രൂഡ് ഓയിൽ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. പ്രതിദിന ഉൽപാദനത്തിൽ 4.11 ലക്ഷം വീപ്പ വർധിപ്പിക്കാനാണു തീരുമാനം. അപ്രതീക്ഷിതമായിരുന്നു വർധനയും അതിൻ്റെ തോതും.
വിലയിടിവ് എല്ലാ ഉൽപാദകരെയും പ്രതികൂലമായി ബാധിക്കുമെങ്കിലും കൂടുതൽ ക്ഷീണം അമേരിക്കയിലെ ഷെയ്ൽ ഉൽപാദകർക്കാകും. പാറ അടരുകളിൽ നിന്നു ക്രൂഡ് ഓയിൽ ശേഖരിക്കുന്ന ആ കമ്പനികൾ നാമമാത്ര ലാഭത്തിലാണു പ്രവർത്തിക്കുന്നത്. ഉൽപാദനം നഷ്ടത്തിലായാൽ ഭൂരിഭാഗം കമ്പനികളും രംഗം വിടുമെന്ന് ഒപെക് വിലയിരുത്തുന്നു.
കഴിഞ്ഞയാഴ്ച ക്രൂഡ് വില ഇടിഞ്ഞിട്ടു കയറിയതാണ്. ബ്രെൻ്റ് ഇനം ബാരലിന് അഞ്ചു ശതമാനത്തിലധികം താഴ്ന്ന് 59.30 ഡോളറിൽ എത്തി. പിന്നീട് ഇറാനെതിരേ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചതോടെ തിരിച്ചു കയറി 62.47 ഡോളർ ആയി. അവിടെ നിന്നാണു ഞായറാഴ്ചത്തെ വ്യാപാരത്തിൽ വില ഇടിഞ്ഞത്. ബ്രെൻ്റ് ഇനം ബാരലിന് 58.90 ഡോളറും ഡബ്ല്യുടിഐ 55.80 ഡോളറും വരെ താഴ്ന്നു. യുഎഇയുടെ മർബൻ ക്രൂഡ് 58.57 ആയി. ഇന്നു രാവിലെ ബ്രെൻ്റ് 59.26 ലും ഡബ്ള്യുടിഐ 56.18 ലുമാണ്.
ക്രിപ്റ്റോ കറൻസികൾ ഇടിവിലാണ്. ബിറ്റ് കോയിൻ വാരാന്ത്യത്തിലെ 97,000 ഡോളർ നിലവാരത്തിൽ നിന്ന് ഇന്നു രാവിലെ 94,500 നു താഴെയായി. ഈഥർ 1810 ഡോളറിനടുത്താണ്.
(2025 മേയ് 02, വെള്ളി)
സെൻസെക്സ്30 80,501.99 +0.32%
നിഫ്റ്റി50 24,346.70 +0.05%
ബാങ്ക് നിഫ്റ്റി 55,115.35 +0.05%
മിഡ് ക്യാപ്100 53,705.10 -0.78%
സ്മോൾക്യാപ്100 16,441.80 -1.73%
ഡൗജോൺസ് 41,317.43 +1.39%
എസ്ആൻഡ്പി 5686.67 +1.47%
നാസ്ഡാക് 17,977.73 +1.51%
ഡോളർ($) ₹84.58 +₹0.09
സ്വർണം(ഔൺസ്) $3241.30 -$01.00
സ്വർണം(പവൻ) ₹70,040 -₹160.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $61.29 -$0.58
Read DhanamOnline in English
Subscribe to Dhanam Magazine