യുദ്ധഗതി ആശങ്കാജനകം; വിപണികൾ താഴ്ന്നു തുടങ്ങും എന്നു സൂചന; ഡോളറിനു കരുത്തു കൂടി; സ്വർണം താഴ്ന്നു

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി ഇന്നു യോഗം തുടങ്ങി. ബുധനാഴ്ച നയം പ്രഖ്യാപിക്കും
Morning business news
Morning business newsCanva
Published on

ഇറാൻ യുദ്ധഗതി ആശങ്കാജനകമായി. ഇന്നു വിപണികൾ ദുർബലമായി വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ചൊവ്വാഴ്ച വൈകുന്നേരത്തിനകം ഹോർമുസ് കപ്പൽച്ചാൽ സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനിലെ ഊർജനിലയങ്ങളും വ്യവസായ കോംപ്ലക്സുകളും തകർക്കുമെന്ന് അമേരിക്കൻ ഭീഷണി. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ. ഇറാനിൽ പെട്ടുപോയ വൈമാനികരെ സാഹസികമായി രക്ഷപെടുത്തിയ അമേരിക്ക ദിവസങ്ങൾക്കകം യുദ്ധം തീരുമെന്നും അവകാശപ്പെട്ടു. യുദ്ധഗതി ഇങ്ങനെ ആശങ്കാജനകമായി മാറി. ഇത് ഇന്നു വിപണികളെ നഷ്ടത്തുടക്കത്തിലേക്കു നയിക്കും.

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി ഇന്നു യോഗം തുടങ്ങി. ബുധനാഴ്ച രാവിലെ നയം പ്രഖ്യാപിക്കും. പലിശ നിരക്കിലോ സമീപനത്തിലോ മാറ്റം പ്രതീക്ഷിക്കുന്നില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 22,642.50ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,710 വരെ കയറിയിട്ട് 22,618.50 വരെ താഴ്ന്നു .ഇന്നു രാവിലെ വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി ഫ്ലാറ്റ്

യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച പ്രതീക്ഷയ്ക്കു മങ്ങലേറ്റ വ്യാഴാഴ്ച യുഎസ് സൂചികകൾ നാമമാത്രമായി കയറിയും ഇറങ്ങിയും ക്ലോസ് ചെയ്തു.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 61.07 പോയിൻ്റ് (0.13%) താഴ്‌ന്ന് 46,504.67 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.37 പോയിൻ്റ് (0.11%) കയറി 6582.69 ൽ അവസാനിച്ചു. നാസ്ഡാക് 38.23 പോയിൻ്റ് (0.18%) നേട്ടത്തോടെ 21,879.18 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ ജോൺസ് 100 പോയിൻ്റും (0. 21%) എസ് ആൻഡ് പി ഏഴു പോയിൻ്റും (0.11%) താഴ്ചയിൽ നീങ്ങുന്നു. നാസ്ഡാക് അഞ്ചു പോയിൻ്റ് (0.02%) ഉയർന്നു.

ഇന്ത്യൻ എഡിആറുകൾ

എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വ്യാഴാഴ്ച 0.28 ശതമാനം താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ 1.49 ശതമാനം കയറി 25.20 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.43 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.80 ശതമാനം കയറി 26.07 ഡോളർ ആയി. ഇൻഫോസിസ് എഡിആർ 3.31 ശതമാനം ഉയർന്നിട്ട് തുടർവ്യാപാരത്തിൽ 0.22 ശതമാനം താഴ്ന്നു. വിപ്രോ 2.37 ശതമാനം കയറിയിട്ട് തുടർവ്യാപാരത്തിൽ 2.78 ശതമാനം കൂടി ഉയർന്നു.

യൂറോപ്യൻ വിപണികൾ ബുധനാഴ്ച രണ്ടര ശതമാനത്തിലധികം കുതിപ്പോടെ പുതിയ മാസത്തിനു തുടക്കമിട്ടു.

ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു. ഹോർമുസിലൂടെ കപ്പൽ ഗതാഗതം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഇറാനും ഒമാനുമായി ചർച്ച നടത്തുന്നതായ റിപ്പോർട്ടുകളാണ്

വിപണിയെ സഹായിച്ചത്. ഇന്നു രാവിലെ ജപ്പാനിൽ നിക്കൈയും ദക്ഷിണ കൊറിയയിൽ കോസ്‌പിയും ഒരു ശതമാനത്തിലധികം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 1.20 ശതമാനം താഴ്ചയിലായി. ഷാങ്ഹായ് ഒരു ശതമാനവും ഹോങ് കോങ് 0.70 ശതമാനവും താഴ്ന്നു.

തിരിച്ചുകയറി ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച വലിയ തകർച്ചയിൽ വ്യാപാരം തുടങ്ങിയിട്ടു തിരിച്ചുകയറി നേട്ടത്തോടെ അവസാനിച്ചു. ദിവസത്തിലെ താഴ്ചയിൽ നിന്നു നിഫ്റ്റി 600 ഉം സെൻസെക്സ് രണ്ടായിരവും പോയിൻ്റ് ഉയർന്ന ശേഷമാണു ക്ലോസ് ചെയ്തത്. രൂപ രണ്ടു ശതമാനത്തോളം ഉയർന്നതും വിപണിയുടെ മനോഭാവത്തെ സഹായിച്ചു.

സെൻസെക്‌സ് വ്യാഴാഴ്ച 185.23 പോയിൻ്റ് (0.25%) ഉയർന്ന് 73,319.55 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 33.70 പോയിൻ്റ് (0.15%) കയറി 22,713.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 100.10 പോയിൻ്റ് (0.19%) നേട്ടത്തോടെ 51,548.15 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 142.10 പോയിൻ്റ് (0.16%) താഴ്ന്ന് 53,677.05 ലും സ്മോൾ ക്യാപ് 100 സൂചിക 59.30 പോയിൻ്റ് (0.38%) നഷ്‌ടത്തോടെ 15,650.50 ലും അവസാനിച്ചു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികളും ഉയർന്നു. ബിഎസ്ഇയിൽ 2649 ഓഹരികൾ കയറിയപ്പോൾ 1589 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2011 എണ്ണം ഉയർന്നപ്പോൾ 1209 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ വ്യാഴാഴ്ച കനത്ത വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 9931.13 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 7208.41 കോടി രൂപയുടെ അറ്റവാങ്ങലാണു നടത്തിയത്. ഏപ്രിലിലെ രണ്ടു ദിവസം കൊണ്ട് വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്ന് 19,837 കോടി രൂപ പിൻവലിച്ചു.

സ്വർണം ഇടിഞ്ഞു

യുദ്ധം നീളും എന്ന ആശങ്ക സ്വർണത്തെ വീണ്ടും താഴ്‌ത്തി. വ്യാഴാഴ്ച രണ്ടു ശതമാനത്തോളം ഇടിഞ്ഞ് ഔൺസിന് 4678 ഡോളറിൽ ക്ലോസ് ചെയ്തു. എങ്കിലും ആഴ്ചയിൽ മൂന്നു ശതമാനം നേട്ടം രേഖപ്പെടുത്തി. ഇന്നു രാവിലെ വില ഒരു ശതമാനത്തിലധികം താഴ്‌ന്ന് 4626 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 2920 രൂപ കുറഞ്ഞ് 1,09,240 രൂപയായി. വെള്ളിയാഴ്ച 1440 രൂപ കൂടി 1,10,680 രൂപയിൽ എത്തി അവിടെ തുടർന്നു. ഇന്നു രാജ്യാന്തര വിലയും രൂപയുടെ നിരക്കും അനുസരിച്ചു വില മാറും.

വെള്ളി വ്യാഴാഴ്ച 73.14 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72.06 ലേക്കു നീങ്ങി.

പ്ലാറ്റിനം 1971 ഡോളർ, പല്ലാഡിയം 1485 ഡോളർ, റോഡിയം 9300 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ താഴ്ന്നു

പ്രധാന വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഇടിഞ്ഞു. ചെമ്പ് 1.01 ശതമാനം താഴ്ന്നു ടണ്ണിന് 12,146.35 ഡോളറിൽ എത്തി. അലൂമിനിയം 1.18 ശതമാനം ഇടിഞ്ഞ് 3471.54 ഡോളർ ആയി. ലെഡ് നാമമാത്രമായി ഉയർന്നു. സിങ്കും നിക്കലും താഴ്ന്നു. ടിൻ 5.37 ശതമാനം ഇടിഞ്ഞു.

റബർ താഴ്ന്നു

രാജ്യാന്തര വിപണിയിൽ റബർ താഴ്ചയിലേക്കു മാറി. വ്യാഴാഴ്ച 2.26 ശതമാനം ഇടിഞ്ഞു കിലോഗ്രാമിന് 198.80 സെൻ്റിൽ എത്തി. കൃത്രിമ റബർ വില താഴ്ന്നു ടണ്ണിന് 17,766.67 യുവാൻ ആയി.

കൊക്കോ വില ടണ്ണിന് 3250.25 ഡോളറിലേക്കു താഴ്ന്നു.

തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി താഴ്ന്നു പൗണ്ടിന് 295.98 സെൻ്റിൽ എത്തി. പാം ഓയിൽ വില ഒരു ശതമാനം കയറി ടണ്ണിനു 4839 മലേഷ്യൻ റിംഗിറ്റ് ആയി.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 1.39 ശതമാനം വരെ ഉയർന്നു. യൂറിയ ടണ്ണിന് 687.50 ഡോളറിലേക്കു കുറഞ്ഞു.

ഡോളർ സൂചിക ഉയർന്നു

സമാധാന പ്രതീക്ഷ കുറഞ്ഞപ്പോൾ ഡോളർ വീണ്ടും കയറി. ഡോളർ സൂചിക വ്യാഴാഴ്ച 100.03 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.26 ലേക്കു കയറി.

യൂറോ 1.1511 ഡോളറിലേക്കും പൗണ്ട് 1.3187 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ദുർബലമായി ഡോളറിന് 159.75 യെൻ എന്ന നിലയിലേക്ക് എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.88 യുവാൻ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.362 ശതമാനമായി ഉയർന്നു.

ഡോളർ ഇടിഞ്ഞു

രൂപയ്ക്കെതിരേ ഷോർട്ട് വ്യാപാരം നടത്തുന്നതു തടയാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ വ്യാഴാഴ്ച ഫലം കണ്ടു. രൂപ രണ്ടു ശതമാനത്തോളം നേട്ടത്തോടെ ഡോളറിനു 92.84 രൂപ എന്ന നില വരെ കയറി. പിന്നീട് ഡോളർ 93.10 രൂപയിൽ ക്ലോസ് ചെയ്തു. തലേ ദിവസത്തേക്കാൾ 1.73 രൂപ കുറവ്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ വ്യാഴാഴ്ച രാത്രി 92.60 രൂപ വരെ താഴ്ന്നു. ഇന്നു രാവിലെ 93.03 രൂപയിലാണ്. രൂപ ഇന്നു കാര്യമായ നേട്ടം ഉണ്ടാക്കില്ല എന്നാണു സൂചന. ചൈനീസ് യുവാൻ 13.54 രൂപയിലേക്കു താഴ്ന്നു. യൂറോ 107.29 രൂപയിലേക്ക് ഇടിഞ്ഞു.

ക്രൂഡ് ഓയിൽ കയറുന്നു

യുദ്ധഭീതി വർധിച്ചതു ക്രൂഡ് ഓയിൽ വിലയെ വീണ്ടും ഉയർത്തി. വ്യാഴാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ എട്ടു ശതമാനം കുതിച്ച് 109.03 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കയറി വീപ്പയ്ക്ക് 111.68 ഡോളറിൽ എത്തിയിട്ടു 110.67 ലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 111.80 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 114.84 ഡോളറിലും എത്തി. ഇന്ത്യയുടെ പശ്ചിമേഷ്യൻ ക്രൂഡ് ബാസ്കറ്റ് വില കഴിഞ്ഞയാഴ്ച 120.84 ഡോളറായി താഴ്ന്നു.

ക്രിപ്റ്റോകൾ കയറുന്നു

ക്രിപ്റ്റോ കറൻസികൾ ഈസ്റ്ററിനു ശേഷ്യ ഉയർന്നു. ബിറ്റ്കോയിൻ 69,300 ഡോളറിനു മുകളിലായി. ഈഥർ 2120 ഡോളറിനും സൊലാന 82.00 ഡോളറിനും മുകളിൽ എത്തി.

വിപണിസൂചനകൾ

(2026 ഏപ്രിൽ 02, വ്യാഴം)

സെൻസെക്സ് 73,319.55 + 0.25%

നിഫ്റ്റി50 22,713.10 +0.15%

ബാങ്ക് നിഫ്റ്റി 51,548.75 +0.19%

മിഡ്ക്യാപ്100 53,677.05 -0.26%

സ്മോൾക്യാപ്100 15,650.50 -0.38%

ഡൗജോൺസ് 46,504.67 -0.13%

എസ്ആൻഡ്പി 6582.69 +0.11%

നാസ്ഡാക് 21,879.18 +0.18%

ഡോളർ ₹93.10 -₹1.73

സ്വർണം(ഔൺസ്)$4678.00 -81.50

സ്വർണം(പവൻ) ₹1,09,240 -₹2920

വെള്ളി ₹1,10,680 +₹1440

ക്രൂഡ്ഓയിൽബ്രെൻ്റ്$109.03 +$7.87

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com