പണനയവും ട്രംപും വിപണിഗതി നിർണയിക്കും; പലിശ കുറയ്ക്കാൻ സാധ്യതയെന്ന് പുതിയ നിഗമനം; പിഴച്ചുങ്കം ഇന്നു പ്രഖ്യാപിച്ചേക്കും; രൂപ വീണ്ടും തകർച്ചയിൽ

ഏഷ്യന്‍ വിപണികള്‍ ഭിന്നദിശകളില്‍; സ്വര്‍ണം കയറ്റം തുടരുന്നു; ക്രൂഡ് വിലയില്‍ ചാഞ്ചാട്ടം
Morning business news
Morning business newsCanva
Published on

രാവിലെ 10 മണിക്കു വരുന്ന റിസർവ് ബാങ്കിൻ്റെ പണനയവും ഇന്നു വൈകുന്നേരത്തിനകം വരുന്ന അമേരിക്കൻ പിഴച്ചുങ്കവും ആണ് ഇന്ത്യൻ വിപണിയെ ഈ ദിവസങ്ങളിൽ നയിക്കുക. 

റിസർവ് ബാങ്ക് ഇത്തവണ പലിശ കൂട്ടുകയില്ല എന്ന ധാരണയിൽ നിന്നു പല ധനശാസ്ത്രജ്ഞരും മാറി. തീരുവയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ വളർച്ച കുറയുന്നതു പിടിച്ചു നിർത്താനും കയറ്റുമതിയെ സഹായിക്കാനും പലിശ അൽപം കുറയ്ക്കുന്നതു നല്ലതാണ്. ഗവർണർ സഞ്ജയ് മൽഹോത്രയും പണനയ കമ്മിറ്റിയിലെ അംഗങ്ങളും റീപോ നിരക്ക് 0.25 ശതമാനം കുറയ്ക്കാൻ തീരുമാനിക്കും എന്നാണു പുതിയ വിലയിരുത്തൽ.

24 മണിക്കൂറിനകം ഇന്ത്യക്കു മേൽ പിഴച്ചുങ്കം പ്രഖ്യാപിക്കും എന്ന ട്രംപിൻ്റെ പുതിയ ഭീഷണി, വിപണി ക്ലോസ് ചെയ്ത ശേഷമാണ് വന്നത്. അത് ഇന്നത്തെ വ്യാപാരത്തിൽ പ്രതിഫലിക്കും. ഉയർന്ന പിഴച്ചുങ്കം കൂടി വന്നാൽ അമേരിക്കയിലേക്കുള്ള പല ഇനങ്ങളുടെയും കയറ്റുമതി അസാധ്യമാകും. ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ റിസർവ് ബാങ്ക് എത്ര കണ്ടു കുറയ്ക്കും എന്നും വിപണി കാത്തിരിക്കുന്നു. ചില്ലറവിലക്കയറ്റ പ്രതീക്ഷയും കുറയ്ക്കും.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് അധികാരികൾ പ്രേരിപ്പിച്ചതിൻ്റെയും അമേരിക്കയും യൂറോപ്പും റഷ്യയുമായി വലിയ തോതിൽ വ്യാപാരം നടത്തുന്നതിൻ്റെയും വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ വിമർശനങ്ങൾക്കു മറുപടി നൽകി. റഷ്യൻ എണ്ണ തുടർന്നും വാങ്ങും എന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,637.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ  24,654 ൽ ഓപ്പൺ ചെയ്തിട്ട് 24,690 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. 

യൂറോപ്പ് ഉയർന്നു

യൂറോപ്യൻ വിപണികൾ ഇന്നലെയും നേട്ടം ഉണ്ടാക്കി. കംപ്യൂട്ടർ ചിപ്പുകൾക്ക് അടുത്തയാഴ്ച ചുങ്കം പ്രഖ്യാപിക്കും എന്ന ട്രംപിൻ്റെ മുന്നറിയിപ്പ് വിപണിയുടെ നേട്ടം കുറച്ചു. സ്വിറ്റ്സർലൻഡിനു ചുമത്തിയ 39 ശതമാനം തീരുവ കുറച്ചെടുക്കാനായി ചർച്ചകൾക്കു പ്രസിഡൻ്റ് കരിൻ കെല്ലർ -സട്ടറും വൈസ്പ്രസിഡൻ്റ് ഗീ പർമേലിനും വാഷിംഗ്ടണിൽ എത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ വാദാനം ചെയ്ത 60,000 കോടി ഡോളർ നിക്ഷേപം ഉണ്ടായില്ലെങ്കിൽ തീരുവ 30 ശതമാനമായി കൂട്ടുമെന്നു ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകി. ഫാർമ കമ്പനികൾക്ക് 250 ശതമാനം വരെ ചുങ്കം ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തെ വിപണി ഗൗരവമായി എടുത്തില്ല.

യുഎസിൽ താഴ്ച

അമേരിക്കൻ സമ്പദ്ഘടനയുടെ 70 ശതമാനം വരുന്ന സേവന മേഖലയുടെ ജൂലൈയിലെ സൂചിക കാര്യമായ വർധന കാണിച്ചില്ല. ഇതു വിലക്കയറ്റവും വളർച്ചമുരടിപ്പും ഒന്നിച്ചു വരുന്ന സ്റ്റാഗ്ഫ്ലേഷനിലേക്കു നയിക്കും എന്ന ഭീതി ഇന്നലെ യുഎസ് വിപണികളെ ബാധിച്ചു. സൂചികകൾ താഴ്ചയിലായി. തൊഴിൽ വർധന നാമമാത്രമാണെന്നു വെള്ളിയാഴ്ച സർക്കാർ കണക്ക് കാണിച്ചിരുന്നു. കംപ്യൂട്ടർ ചിപ്പുകൾക്കും ഔഷധങ്ങൾക്കും അടുത്തയാഴ്ച തീരുവ ചുമത്തുമെന്ന മുന്നറിയിപ്പും വിപണിക്കു ക്ഷീണമായി.

ഡൗ ജോൺസ് സൂചിക ചാെവ്വാഴ്ച 61.90 പോയിൻ്റ് (0.14%) താഴ്ന്ന് 44,111.74 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 30.75 പോയിൻ്റ് (0.49%) നഷ്ടത്തോടെ 6299.19 ൽ  അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 137.03 പോയിൻ്റ് (0.65%) ഇടിഞ്ഞ് 20,916.55 ൽ ക്ലോസ് ചെയ്തു. 

ഫ്യൂച്ചേഴ്സ് വിപണി ഭിന്ന ദിശകളിലായി. ഡൗ 0.06 ശതമാനം ഉയർന്നും എസ് ആൻഡ് പി 0.04 ഉം  നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നും നീങ്ങുന്നു. എഎംഡിയും സ്നാപ്പും പ്രതീക്ഷയിലും മോശമായ റിസൽട്ട് പുറത്തുവിട്ടതിനെ തുടർന്ന് അനൗപചാരിക വിപണിയിൽ താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ് നിക്കെെ സൂചിക തുടക്കത്തിൽ താഴ്ന്നിട്ടു നേട്ടത്തിലായി.  ഓസ്ട്രേലിയൻ വിപണി അര ശതമാനം കയറി. ദക്ഷിണ കൊറിയൻ വിപണി ഉയർന്നു. ഹോങ് കോങ്, ചെെനീസ് വിപണികൾ താഴ്ന്നു.

ഇന്ത്യൻ വിപണി ദുർബലം

അമേരിക്ക ഇന്ത്യക്കു പിഴച്ചുങ്കം ചുമത്തുന്നതിനെ ഭയപ്പെടുന്നില്ല എന്നു കാണിക്കാൻ ശ്രമിച്ചെങ്കിലും വിപണി ഇന്നലെ ദുർബലമായി അവസാനിച്ചു. തീരുവ വിഷയത്തിനൊപ്പം റിസർവ് ബാങ്ക് ഇന്ന് എന്തു തീരുമാനിക്കും എന്നതിലെ ആശങ്ക വിപണിയെ ഉലച്ചു. രൂപയുടെ ഇടിവും വിപണിയെ ദുർബലമാക്കി.

അമേരിക്കൻ വിപണിയിലേക്കു വലിയ കയറ്റുമതി നടത്തുന്ന വസ്ത്ര, ഔഷധ കമ്പനികൾ ഇന്നലെ ഇടിഞ്ഞു. അരബിന്ദോ, ലൂപിൻ, ഡോ. റെഡ്ഡീസ്, സൺ, ടോറൻ്റ് തുടങ്ങിയ ഫാർമ കമ്പനികൾ നാലു മുതൽ ഏഴു വരെ ശതമാനം താഴ്ന്നാണ് അവസാനിച്ചത്. ഗോകൽദാസ്, വർധമാൻ, വെൽസ്പൺ, റയമണ്ട്, ട്രൈഡൻ്റ് തുടങ്ങിയ വസ്ത്ര കയറ്റുമതിക്കാർ ഏഴു മുതൽ 17 വരെ ശതമാനം ഇടിഞ്ഞു. കിറ്റെക്സ് ഗാർമെൻ്റ്സ് മികച്ച റിസൽട്ട് പുറത്തു വിട്ടെങ്കിലും ഓഹരി അഞ്ചു ശതമാനം താഴ്ന്നു. ഒരു മാസത്തിനകം കിറ്റെക്സ് ഓഹരി 30 ശതമാനം ഇടിഞ്ഞു.

റിലയൻസും ഓയിൽ മാർക്കറ്റിംഗ് കമ്പനികളും അടക്കം ഓയിൽ - ഗ്യാസ് മേഖലയിലെ കമ്പനികൾ നഷ്ടത്തിലായി. സ്വകാര്യ മേഖലയിലെ വലിയ ബാങ്കുകൾ ഇടിഞ്ഞതും സൂചികകൾക്ക് ആഘാതമായി.

ഇന്നലെ വാഹന, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ മാത്രമാണ് നേട്ടം കുറിച്ചത്. ഫാർമ, ഓയിൽ, എഫ്എംസിജി, ഐടി, റിയൽറ്റി, ഹെൽത്ത് കെയർ, ബാങ്ക്, ധനകാര്യ മേഖലകൾ നഷ്ടത്തിൽ അവസാനിച്ചു. 

നിഫ്റ്റി 73.20 പോയിൻ്റ് (0.30%) താഴ്ന്ന് 24,649.55 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 308.47 പോയിൻ്റ് (0.38%) നഷ്ടത്തോടെ 80,710.25 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 259.10 പോയിൻ്റ് (0.47%) കുറഞ്ഞ് 55,360.25 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 225.50 പോയിൻ്റ് (0.39%) താഴ്ന്ന് 57,206.85 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 28.85 പോയിൻ്റ് (0.16%) നഷ്ടത്തോടെ 17,864.55 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1672 ഓഹരികൾ ഉയർന്നപ്പോൾ 2371 ഓഹരികൾ ഇടിഞ്ഞു.  എൻഎസ്ഇയിൽ ഉയർന്നത് 1200 എണ്ണം. താഴ്ന്നത് 1784 ഓഹരികൾ.

എൻഎസ്ഇയിൽ 50 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 55 എണ്ണമാണ്. 79 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 62 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 22.48 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3840.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

നിഫ്റ്റിയുടെ മൊമൻ്റം സൂചകങ്ങൾ ബെയറിഷ് സൂചനകൾ തുടർന്നു. ഇന്നു നിഫ്റ്റിക്ക് 24,570 ഉം 24,510 ഉം പിന്തുണയാകും. 24,715 ലും 24,800 ലും തടസം ഉണ്ടാകാം.

സ്വർണം ഉയർന്നു

സെപ്റ്റംബറിൽ അമേരിക്കൻ ഫെഡ് പലിശ കുറയ്ക്കും എന്ന കണക്കുകൂട്ടലിൽ സ്വർണവിപണി കയറിയിറങ്ങി. ചൊവ്വാഴ്ച 490 ഡോളർ കയറിയ സ്വർണം ഔൺസിന് 3381.60 ഡോളറിൽ ക്ലോസ് ചെയ്തു. അവധിവില 3431 ഡോളറിനു മുകളിലായി. ഇന്നു രാവിലെ സ്വർണം  3379 ഡോളറിലാണ്.

കേരളത്തിൽ ചൊവ്വാഴ്ച പവൻ വില 600 രൂപ വർധിച്ച് 74,960 രൂപയിൽ എത്തി. ജൂലൈ 23 ലെ 75,040 രൂപയാണ് റെക്കോർഡ് വില. ഇന്നു രൂപയുടെ നിരക്ക് താഴ്ന്നാൽ സ്വർണവില കയറും. 

വെള്ളിവില ഔൺസിന് 37.84 ഡോളറിൽ എത്തി. 

വ്യാവസായിക ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 0.48 ശതമാനം താഴ്ന്നു ടണ്ണിന് 9576.40 ഡോളറിൽ എത്തി. അലൂമിനിയം 0.30 ശതമാനം ഉയർന്ന് 2566.15 ഡോളർ ആയി. നിക്കലും ലെഡും സിങ്കും  ഉയർന്നു. ടിൻ താഴ്ന്നു.

രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 1.03 ശതമാനം ഉയർന്ന് 166.10 സെൻ്റിൽ എത്തി. കൊക്കോ 3.22 ശതമാനം കയറി ടണ്ണിന് 8363.00 ഡോളർ ആയി. കാപ്പി 3.52 ശതമാനം ഉയർന്നു. തേയില 0.73 ശതമാനം താഴ്ന്നു. പാം ഓയിൽ വില 2.48 ശതമാനം കയറി.

ഡോളർ സ്റ്റെഡി, രൂപ ഇടിവിൽ

മുൻ ദിവസങ്ങളെ അപേക്ഷിച്ചു  ഡോളർ സൂചിക ചൊവ്വാഴ്ച കാര്യമായ മാറ്റമില്ലാതെ നിന്നു. സൂചിക 98.78 ൽ തന്നെ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.81 ലാണ്. 

കറൻസി വിപണിയിൽ യൂറോ 1.1566 ഡോളറിലേക്കും പൗണ്ട്  1.3295 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.65 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.218 ശതമാനത്തിലേക്കു കയറി.

ഡോളർ സ്റ്റെഡി ആണെങ്കിലും രൂപ വീഴ്ച തുടരുകയാണ്. അമേരിക്കൻ തീരുവ ആക്രമണം ആണു കാരണം.

ഇന്നലെ 87.87 രൂപ വരെ ഉയർന്ന ഡോളർ 14 പെെസ നേട്ടത്തോടെ 87.80 രൂപയിൽ ക്ലോസ് ചെയ്തു. ഇതു റെക്കോർഡ് നിലയാണ്. 

രൂപ ഇന്നും ദുർബലമായേക്കാം. ഡോളർ 88 രൂപ കടക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ. റിസർവ് ബാങ്ക് പലിശ കുറയ്ക്കുന്നതും രൂപയെ താഴ്ത്താം. 

മറ്റ് ഏഷ്യൻ കറൻസികൾ ഇന്നലെയും നേട്ടം തുടർന്നു. ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു. 

ക്രൂഡ് ഓയിൽ ചാഞ്ചാടുന്നു

ക്രൂഡ് ഓയിൽ ഇന്നലെ ഗണ്യമായി താഴ്ന്നിട്ട് ഇന്നു രാവിലെ ഉയർന്നു.  ചൊവ്വാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഒന്നം ശതമാനം താണ് 67.64 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 67.95 ഡോളറിലും ഡബ്ല്യുടിഐ 65.43 ഡോളറിലും  മർബൻ ക്രൂഡ് 70.75 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒരു ശതമാനം ഉയർന്നു.

ക്രിപ്റ്റോ കറൻസികൾ തിരിച്ചു കയറാൻ പ്രയാസപ്പെടുന്നു. ബിറ്റ് കോയിൻ 1,13,750 ഡോളറിനു താഴെയായി. ഈഥർ മൂന്നു ശതമാനം താഴ്ത്ത് 3575 ഡോളറിലായി.

വിപണിസൂചനകൾ

(2025 ഓഗസ്റ്റ് 05, ചൊവ്വ)

സെൻസെക്സ്30 80,710.25    -0.38%

നിഫ്റ്റി50       24,649.55         -0.30%

ബാങ്ക് നിഫ്റ്റി   55,360.25     -0.47%

മിഡ് ക്യാപ്100  57,206.85    -0.39%

സ്മോൾക്യാപ്100 17,864.55   -0.16%

ഡൗജോൺസ്  44,111.74   -0.14%

എസ്ആൻഡ്പി  6299.19    -0.49%

നാസ്ഡാക്      20,916.55     -0.6.5%

ഡോളർ($)     ₹87.80       +₹0.14

സ്വർണം(ഔൺസ്) $3381.60    +$04.90

സ്വർണം(പവൻ)   ₹74,960    +₹600

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.64   -$1.12

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com