പലിശ കുറയുമെന്ന് പ്രതീക്ഷ; വിദേശസൂചനകൾ പോസിറ്റീവ്; ഡോളർ 88 രൂപ ലക്ഷ്യമിടുന്നു; ക്രൂഡ് ഓയിൽ താഴ്ചയിൽ

വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായതും ഇന്ത്യൻ ഓഹരികൾ വിലയേറിയതാണെന്ന വിലയിരുത്തലും വിപണിയെ ആശങ്കയിലാക്കും.
TCM, Morning Business News
Morning business newscanva
Published on

റിസർവ് ബാങ്ക് റീപോ നിരക്ക് കുറയ്ക്കും എന്ന് ഓഹരിവിപണി കരുതുന്നു. അത് ഓഹരികളെ ഉയർത്തും. എന്നാൽ രൂപ താഴും. ഡോളർ ഈയാഴ്ച തന്നെ 88 രൂപ കടക്കും എന്നു കറൻസി വിപണി കണക്കാക്കുന്നു. അടുത്തയാഴ്ച നടക്കുന്ന മോദി - ട്രംപ് കൂടിക്കാഴ്ച ഇന്ത്യയുടെ വാണിജ്യ ആശങ്കകൾ പരിഹരിക്കും എന്ന പ്രതീക്ഷയും വിപണിയിൽ ഉണ്ട്. അതും ഓഹരികൾ കയറാൻ സഹായിക്കും.

വിദേശ നിക്ഷേപകർ വീണ്ടും വിൽപനക്കാരായതും ഇന്ത്യൻ ഓഹരികൾ വിലയേറിയതാണെന്ന വിലയിരുത്തൽ വിദേശ ബ്രോക്കറേജുകൾ തുടരുന്നതും വിപണിയെ ആശങ്കയിലാക്കും.

യുഎസ്, ഏഷ്യൻ വിപണികൾ കയറുന്നതു വിപണിക്കു നല്ല സൂചനയാണു നൽകുന്നത്. ഡൽഹിയിൽ ബിജെപി വിജയം സൂചിപ്പിച്ച എക്സിറ്റ് പോൾ ഫലങ്ങളും വിപണിയെ സഹായിക്കും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,804.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,810 ലേക്കു കയറി.  ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തോടെ അവസാനിച്ചു. ലാഭവർധനയെ തുടർന്നു ബാങ്കോ സാൻ്റാൻഡർ 8.3 ഉം ഫാർമ ഭീമൻ ജിഎസ്കെ 7.6 ശതമാനവും കുതിച്ചു. 

യുഎസ് വിപണി ബുധനാഴ്ചയും നേട്ടത്തിൽ ക്ലോസ് ചെയ്തു. ആപ്പിളും ആൽഫബെറ്റും എഎംഡിയും താഴ്ന്നെങ്കിലും എൻവിഡിയ അഞ്ചു ശതമാനത്തിലധികം ഉയർന്നതു നാസ്ഡാക് സൂചികയെ കയറ്റി.

ഡൗ ജോൺസ് സൂചിക 317.24 പോയിൻ്റ് (0.71%) ഉയർന്ന് 44,873.28 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 23.60 പോയിൻ്റ് (0.39%) കയറി 6061.48 ലും നാസ്ഡാക് സൂചിക 38.31 പോയിൻ്റ് (0.19%) ഉയർന്ന് 19,692.33 ലും അവസാനിച്ചു.

വ്യാപാര സമയത്തിനു ശേഷം വന്ന ക്വാൽകോം റിസൽട്ട് വരുമാനം കുറവാണെന്നു കാണിച്ചു. ഓഹരി അഞ്ചു ശതമാനം താഴ്ന്നു. ഫോഡ് മോട്ടോഴ്സ് വരുമാനവർധന ബുദ്ധിമുട്ടാണെന്നു സൂചിപ്പിച്ചതോടെ അഞ്ചു ശതമാനം ഇടിഞ്ഞു. ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.15 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക്  0.11 ഉം ശതമാനം താഴ്ന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.424 ശതമാനത്തിലേക്കു താഴ്ന്നു. സ്വകാര്യം മേഖലയിൽ തൊഴിലവസരം പ്രതീക്ഷയിലധികം കൂടിയതും കടപ്പത്രം ഇറക്കൽ കുറയ്ക്കുമെന്ന ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയും കടപ്പത്ര വിലകൾ ഉയർത്തി.

ഏഷ്യൻ വിപണികൾ രാവിലെ ഉയർന്നു. ജപ്പാനിൽ നിക്കൈ 0.50 ശതമാനം വരെ കയറി.

ഇന്ത്യൻ വിപണി കിതച്ചു

വ്യാപാരയുദ്ധഭീഷണി നീങ്ങിയെങ്കിലും ഇന്ത്യൻ വിപണി ഇന്നലെ ദുർബലമായി. വിദേശനിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും വിൽപനക്കാരായതും ലാഭമെടുക്കലും വിപണിയെ താഴ്ത്തി. രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ നിഫ്റ്റി 23,800 കയറിയ ശേഷമാണ് ഇടിവിലായത്.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മികച്ച നേട്ടം ഉണ്ടാക്കിയപ്പോൾ ലാർജ് ക്യാപ് ഓഹരികൾ ഇടിഞ്ഞു. എഫ്എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ മേഖലകൾ താഴ്ന്നു. മെറ്റൽ, ഓയിൽ - ഗ്യാസ്, മീഡിയ, ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽ, പൊതുമേഖലാ ബാങ്ക് മേഖലകളാണു നേട്ടം ഉണ്ടാക്കിയത്.

പലിശ കുറയ്ക്കാൻ സഹായിക്കും വിധം റിസർവ് ബാങ്ക്  റീപോ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷ ഈ ദിവസങ്ങളിൽ വിപണി പ്രകടിപ്പിക്കുന്നുണ്ട്. ബജറ്റ് ആദായനികുതി കുറച്ചതാണ് ഈ പ്രതീക്ഷയ്ക്കു കാരണം. നാളെ രാവിലെ പണനയ പ്രഖ്യാപനം ഉണ്ടാകും.

പലിശ കുറയും എന്ന ധാരണ രൂപയുടെ താഴ്ചയ്ക്കും വഴി തെളിച്ചു. ഈയാഴ്ച തന്നെ ഡോളർ 88 രൂപയിലേക്കു കയറും എന്നു പലരും കരുതുന്നു.

ബുധനാഴ്ച നിഫ്റ്റി 42.95 പോയിൻ്റ് (0.18%) താഴ്ന്ന് 23,696.30 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 312.53 പോയിൻ്റ് (0.40%) കുറഞ്ഞ് 78,271.28 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 185.10 പോയിൻ്റ് (0.37%) കയറി 50,343.05 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.68 ശതമാനം  കയറി 54,180.85 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.85 ശതമാനം കുതിച്ച് 17,108.50 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1682.83 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 996.28 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2515 ഓഹരികൾ ഉയർന്നപ്പോൾ 1467 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1969 എണ്ണം ഉയർന്നു, താഴ്ന്നത് 857 എണ്ണം. നിഫ്റ്റി 23,800 നു മുകളിൽ നിലനിന്നാൽ 24,000-24,100 മേഖലയിലേക്കുള്ള യാത്ര പുനരാരംഭിക്കും എന്നാണു വിലയിരുത്തൽ.നിഫ്റ്റിക്ക് ഇന്ന് 23,680 ലും 23,600 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,780 ഉം 23,860 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ

എസ്ബിഐ, ഐടിസി, ഹീറോ മോട്ടോ കോർപ്, ട്രെൻ്റ്, ബ്രിട്ടാനിയ, ഭാരതി എയർടെൽ, രാംകോ സിമൻ്റ്, കൊച്ചിൻ ഷിപ്പ് യാർഡ്, അപ്പോളാേ ടയേഴ്സ്, പിവിആർ ഐനോക്സ്, ജെകെ ലക്ഷ്മി സിമൻ്റ്, ഗൾഫ് ഓയിൽ, മദർസൺ സുമി വയറിംഗ്, എൻസിസി, മിൻഡാ കോർപറേഷൻ, അരബിന്ദോ ഫാർമ, ഭാരത് ഡൈനാമിക്സ്, ബിഇഎംഎൽ, ഫിനോലെക്സ് ഇൻഡസ്ട്രീസ് തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തുവിടും.

സ്വിഗ്ഗി മൂന്നാം പാദത്തിൽ വരുമാനം 31 ശതമാനം വർധിപ്പിച്ചെങ്കിലും കമ്പനി ലാഭത്തിൽ നിന്ന് 799 കോടി രൂപ നഷ്ടത്തിലേക്കു മാറി.

സ്വർണം വീണ്ടും കയറി

സ്വർണം റെക്കോർഡ് തകർത്തു കയറ്റം തുടരുകയാണ്. സ്പോട്ട് വില 0.80 ശതമാനം ഉയർന്ന് 2867.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം ഔൺസിന് 2870 ഡോളർ വരെ കയറി. ഏപ്രിൽ അവധിവില 2900 ഡോളറിൽ എത്തി.

കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 760 രൂപ കയറി 63,240 രൂപ എന്ന റെക്കോർഡ് കുറിച്ചു. വില ഇന്നും ഉയരും.

വെള്ളിവില ഔൺസിന് 32.25 ഡോളറിൽ എത്തി.

രൂപ ഇടിയുന്നു

യുഎസ് സർക്കാർ കടമെടുപ്പ് വെട്ടിക്കുറയ്ക്കും എന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞതു കടപ്പത്രങ്ങളുടെ വില കൂട്ടി, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.53 ൽ നിന്ന് 4.42 ലേക്കു താഴ്ന്നു. ഇതേ തുടർന്നു ഡോളർ സൂചിക 107.58 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 107.61 ലേക്കു കയറി. ഡോളർ സൂചിക താഴ്ന്നിട്ടും രൂപ ദുർബലമായി. ഡോളർ ഇന്നലെ 40  പൈസ കയറി 87.47 രൂപയിൽ ക്ലോസ് ചെയ്തു. ഇടയ്ക്കു 87.49 രൂപ എന്ന ഇൻട്രാ ഡേ റെക്കോർഡ് കുറിച്ചു. നാളെ റിസർവ് ബാങ്ക് റീപോ നിരക്ക് 0.25 ശതമാനം (25 ബേസിസ് പോയിൻ്റ്) കുറയ്ക്കും എന്ന നിഗമനത്തിലാണു വിപണി. പലിശനിരക്ക് കുറയുന്നതോടെ ഡോളർ 88 രൂപയിലേക്കു കയറും എന്നാണു കരുതപ്പെടുന്നത്. മറ്റ് ഏഷ്യൻ കറൻസികളും താഴ്ചയിലാണ്. ഡോളറിന് 7.18 യുവാനിൽ നിന്ന് 7.27 യുവാനിലേക്കു ചെെനീസ് കറൻസി ഇന്നലെ താഴ്ന്നു.

ക്രൂഡ് ഓയിൽ ഇടിഞ്ഞു

ചെെന -യുഎസ് വ്യാപാരയുദ്ധം തുടങ്ങിയതോടെ ക്രൂഡ് ഓയിൽ ഇടിഞ്ഞു. ചൈനീസ് ഉൽപന്നങ്ങൾക്കു യുഎസ് 10 ശതമാനം ചുങ്കം ചുമത്തി. കുറേ യുഎസ് ഉൽപന്നങ്ങൾക്കു ചൈന 15 ശതമാനം ചുങ്കം ഏർപ്പെടുത്തി. ആഗോള വാണിജ്യവും വളർച്ചയും കുറയും എന്നാണു വിപണി കണക്കാക്കുന്നത്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രണ്ടു ശതമാനം ഇടിഞ്ഞ് 74.69 ഡോളറിൽ എത്തി. ഇന്നു രാവിലെ 74.72 ഡോളർ ആയി ഉയർന്നു. ഡബ്ല്യുടിഐ ഇനം 71.19 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.20 ഡോളറിലേക്കു കയറി. 

ക്രിപ്റ്റോകൾ പല ദിശകളിൽ

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടരുകയാണ്. ചില കറൻസികൾ ഇടിഞ്ഞപ്പോൾ മറ്റു ചിലത് ഉയർന്നു.  ബിറ്റ് കോയിൻ രണ്ടു ശതമാനം ഇടിഞ്ഞ് 97,100 ഡോളറിനടുത്ത് എത്തി. ഈഥർ വില ഉയർന്ന് 2800 ഡോളറിന് സമീപമാണ്.വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.99 ശതമാനം ഉയർന്ന് ടണ്ണിന് 9114. 34 ഡോളറിലെത്തി. അലൂമിനിയം 0.72 ശതമാനം താഴ്ന്ന് 2616.08 ഡോളർ ആയി. ടിൻ 0.39 ഉം ലെഡ് 0.94 ഉം നിക്കൽ 0.86 ഉം ശതമാനം ഉയർന്നു. സിങ്ക് 1.34 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഫെബ്രുവരി 05, ബുധൻ)

സെൻസെക്സ് 30       78,271.28      -0.40%

നിഫ്റ്റി50      23,696.31          -0.18%

ബാങ്ക് നിഫ്റ്റി    50,343.05   +0.37%

മിഡ് ക്യാപ് 100      54,180.85   +0.68%

സ്മോൾ ക്യാപ് 100    17,108.50   +1.85%

ഡൗ ജോൺസ്    44,873.28      +0.71%

എസ് ആൻഡ് പി    6061.48     +0.39%

നാസ്ഡാക്     19,692.33      +0.19%

ഡോളർ($)         ₹87.47       +₹0.40

ഡോളർ സൂചിക   107.58     -0.41
സ്വർണം (ഔൺസ്)   $2867.40   +$23.10

സ്വർണം(പവൻ)     ₹63,240                  +₹760.00 

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ     $74.69   -$01.51

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com