റിസർവ് ബാങ്കിനെ നോക്കി ഇന്ത്യൻ വിപണി; പലിശ കുറയ്ക്കലിൽ സാഹസത്തിന് മൽഹോത്ര മുതിരുമോ? യുഎസ്- ഇന്ത്യ വ്യാപാര ചർച്ച തുടരും; യുഎസ് - ചൈന ചർച്ച പുനരാരംഭിക്കും

ട്രംപ് - മസ്ക് പോര് രൂക്ഷം; ഇന്ന് വരുന്ന യുഎസ് തൊഴിൽ കണക്ക് സ്വർണവിലയുടെ ഹ്രസ്വകാലഗതി നിർണയിക്കും.
Morning business news
Morning business newsCamva
Published on

വിപണികൾ നിർണായക സാമ്പത്തിക വിവരങ്ങൾ കാത്തു നിൽക്കുകയാണ്. ഇന്ത്യൻ വിപണി റിസർവ് ബാങ്കിൻ്റെ പണനയത്തിലേക്കു കണ്ണും കാതും തിരിച്ചിരിക്കുന്നു. അമേരിക്കൻ വിപണി മേയിലെ തൊഴിൽ കണക്കിനെ ഉറ്റു നോക്കുന്നു

റിസർവ് ബാങ്ക് മൂന്നാം തവണയും പലിശ (റീപാേ നിരക്ക്) കുറയ്ക്കും എന്നതിൽ ആർക്കും സംശയമില്ല. ഒരു പക്ഷേ 25 ബേസിസ് പോയിൻ്റിനു (കാൽ ശതമാനം) പകരം 40 ബേസിസ് പോയിൻ്റോ ഒരു പക്ഷേ 50 ബേസിസ് പോയിൻ്റോ (അര ശതമാനം) കുറച്ചാലോ എന്നു പലരും പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാൽ വിപണി ശക്തമായ മുന്നേറ്റം നടത്തും. വളർച്ച താഴ്ന്നു നിൽക്കുകയും വിലക്കയറ്റം നന്നേ കുറക്കുകയും ചെയ്യുമ്പോൾ സഞ്ജയ് മൽഹോത്ര സാഹസിക നീക്കത്തിനു തയറാകാം.

അമേരിക്കയിൽ തൊഴിൽ വളർച്ച കുറയും എന്ന് ഉറപ്പായി. എത്ര കുറയും എന്നേ ഇന്ന് അറിയാനുള്ളൂ. യുഎസ് - ചൈന വ്യാപാര ചർച്ച പുനരാരംഭിക്കും എന്നതാണ് ഇന്നലെ നടന്ന ട്രംപ് -ഷി ടെലിഫോൺ സംഭാഷണത്തിൻ്റെ ഫലം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,830 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,854 വരെ കയറിയിട്ട് 24,838 വരെ താഴ്ന്നു. ഇന്നു വിപണി ചെറിയ  താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഫ്രാൻസിലെ സിഎസി സൂചിക മാത്രം താഴ്ന്നു. യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) പലിശ 0.25% (25 ബേസിസ് പോയിൻ്റ്) കുറച്ചതു വിപണിയെ സന്തോഷിപ്പിച്ചു. എട്ടാം തവണയാണ് ഇസിബി പലിശ കുറച്ചത്. ഇതോടെ പലിശ രണ്ടു ശതമാനമായി. ഇതേ തുടർന്നു സർക്കാർ ബോണ്ടുകൾക്കു വില കൂടി.

യുഎസ് വിപണി വ്യാഴാഴ്ച താഴ്ന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി നടത്തിയ ചർച്ചയേക്കാൾ വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ടെസ്‌ല ഉടമ ഇലോൺ മസ്‌കും ട്രംപും തമ്മിലുള്ള പോരാണ്. ചൈനയുമായി വ്യാപാരകരാർചർച്ച തുടരും എന്നതു മാത്രമാണ് ഇന്നലെ ടെലിഫോൺ ചർച്ചയിൽ ഉണ്ടായ പോസിറ്റീവ് കാര്യം. അപൂർവധാതുക്കൾ നൽകുന്നത് അടക്കമുള്ള വിഷയങ്ങളിൽ ചർച്ച ധാരണ ഉണ്ടാക്കിയില്ല. ചർച്ച ഒന്നര മണിക്കൂർ നീണ്ടു.

മേയ് മാസത്തിൽ അമേരിക്കയിലെ കാർഷികേതര തൊഴിൽ കണക്ക് ഇന്നു പുറത്തുവരും. കഴിഞ്ഞ മാസത്തെ 1.77 ലക്ഷത്തിൽ നിന്നു ഗണ്യമായി കുറഞ്ഞ് 1.25 ലക്ഷം തൊഴിലവസരം ഉണ്ടായി എന്നാണു വിദഗ്ധരുടെ നിഗമനം. സമ്പദ്ഘടനയ്ക്കു സാരമായ ക്ഷീണം ഉണ്ടെന്നാണ് ഇതു കാണിക്കുന്നത്.

ട്രംപിൻ്റെ തീരുവനയം ഭാഗികമായി നടപ്പിൽ വന്ന മേയിൽ യുഎസ് ഇറക്കുമതി ഗണ്യമായി കുറഞ്ഞു. വ്യാപാര കമ്മിയും കുറഞ്ഞു. കയറ്റുമതി മൂന്നു ശതമാനം കൂടിയപ്പോൾ ഇറക്കുമതി 16.3 ശതമാനം ഇടിഞ്ഞു. തീരുവ കൂടും മുൻപ് ഇറക്കുമതിയിൽ വലിയ കുതിപ്പ് ഉണ്ടായതാണ്.

ഇന്നലെ ഡൗ ജോൺസ് സൂചിക 108 പോയിൻ്റ് (0.25%) താഴ്ന്ന് 42,319.74 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 31.51 പോയിൻ്റ് (0.53%) നഷ്ടത്തോടെ 5939.30 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 162.04 പോയിൻ്റ് (0.83%) ഇടിഞ്ഞ് 19,298.45 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ്  കയറ്റത്തിലാണ്. ഡൗ 0.24 ഉം  എസ് ആൻഡ് പി 0.13 ഉം ശതമാനം ഉയർന്നു. നാസ്ഡാക് 0.03 ശതമാനം താഴ്ന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 0.35 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി.

ആശ്വാസറാലി തുടർന്ന് ഇന്ത്യ

വ്യാപാരം തുടങ്ങിയപ്പോൾ ചാഞ്ചാട്ടത്തിലായെങ്കിലും ഇന്ത്യൻ വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. എന്നാൽ വ്യാപാരത്തിനിടെ എത്തിയ ഉയരങ്ങളിൽ നിന്നു ഗണ്യമായി താഴ്ന്നാണു ക്ലോസിംഗ്. 

ഇന്ത്യയുമായുളള വ്യാപാരകരാർ ചർച്ചയ്ക്ക് യുഎസ് പ്രതിനിധിസംഘം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. എല്ലാ രാജ്യങ്ങൾക്കും ചുമത്തിയ 10 ശതമാനം തീരുവ, കൂടുതൽ തൊഴിലാളികൾ ആവശ്യമുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, തുകൽ, പാദരക്ഷകൾ എന്നിവയ്ക്ക് ഒഴിവാക്കണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ സാധിക്കില്ലെങ്കിൽ പിന്നീടു ചെയ്യാം എന്ന ഉറപ്പ് കരാറിൽ ചേർത്താലും മതി എന്നാണ് ഇന്ത്യ പറയുന്നത്. 

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ഇന്നലെ 13.2 ശതമാനം കുതിച്ചു. ഒരു മാസം കൊണ്ട് 60 ശതമാനം ഉയർന്ന ഓഹരി ഇന്നലെ 2362.10 രൂപയിൽ ക്ലോസ് ചെയ്തു. ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക് എന്നിവ ഇന്നലെ നാമമാത്രമായി ഉയർന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ രാസവള കമ്പനികൾ ഇന്നലെ താഴ്ചയിലായി. എഫ്എസിടി ഓഹരി രാവിലെ ഏഴു ശതമാനം കുതിച്ചിട്ട് 1.3 ശതമാനം നഷ്ടത്തിൽ അവസാനിച്ചു. തലേ ദിവസം മികച്ച മുന്നേറ്റം നടത്തിയ റെയിൽവേ ഓഹരികളും ഇന്നലെ താഴ്ന്നു.

ബാങ്കുകൾ ആണ് ഇന്നലെ ദുർബലമായത്. ബാങ്ക് നിഫ്റ്റി 0.15 ശതമാനം ഉയർന്നെങ്കിലും പൊതുമേഖലാ ബാങ്ക് സൂചിക 0.58 ഉം സ്വകാര്യമേഖലാ ബാങ്ക് സൂചിക 0.10 ഉം ശതമാനം ഇടിവിലായി. റിയൽറ്റിയും ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും മികച്ച മുന്നേറ്റം നടത്തി.

കഴിഞ്ഞ ദിവസം പാപ്പർ നടപടികളിൽ നിന്നു താൽക്കാലിക രക്ഷ നേടിയ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇന്നലെ അഞ്ചു ശതമാനത്തോളം താഴ്ന്നു. ഒരു വർഷം കൊണ്ട് 150 ശതമാനം ഉയർന്ന ഓഹരിയിൽ ഇന്നലെ ലാഭമെടുക്കലാണ് നടന്നത്. കരസേനയ്ക്കായി 155 മില്ലിമീറ്റർ പീരങ്കി ഉണ്ടകൾ നിർമിക്കാൻ കരാർ ലഭിച്ച കമ്പനി അവ കയറ്റുമതി ചെയ്യാനും ഉദ്ദേശിക്കുന്നു.

വിദേശ ബ്രോക്കറേജുകൾ ലക്ഷ്യ വില ഉയർത്തിക്കൊണ്ട് വാങ്ങൽ ശിപാർശ നൽകിയത് റിലയൻസ് ഇൻഡസ്ട്രീസിനെ ഉയർത്തി. ഒന്നു രണ്ടു വർഷം കൊണ്ട് റിലയൻസിൻ്റെ ലാഭക്ഷമതയിൽ ഗണ്യമായ വർധനയാണ് ബ്രോക്കറേജുകൾ പ്രവചിക്കുന്നത്.

വ്യാഴാഴ്ച നിഫ്റ്റി 130.70 പോയിൻ്റ് (0.53%) ഉയർന്ന് 24,750.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 443.79 പോയിൻ്റ് (0.55%) കയറി 81,442.04 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 84.00 പോയിൻ്റ് (0.15%) ഉയർന്ന് 55,760.85 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 378.35 പോയിൻ്റ് (0.65 ശതമാനം) കയറി 58,303.00 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 175.50 പോയിൻ്റ് (0.96 ശതമാനം) കുതിച്ച് 18,432.60 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി. ബിഎസ്ഇയിൽ 2257 ഓഹരികൾ ഉയർന്നപ്പോൾ 1725 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1738 എണ്ണം. താഴ്ന്നത് 1144 ഓഹരികൾ.

എൻഎസ്ഇയിൽ 72 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 21 എണ്ണമാണ്. 126 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 43 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വ്യാഴാഴ്ച  ക്യാഷ് വിപണിയിൽ 208.47 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2382.40 കോടി രൂപയുടെ ഓഹരികളും വാങ്ങി.

24,500ലെ നിർണായക പിന്തുണ നിലനിർത്തിയ നിഫ്റ്റി ഇനി 24,900 ൽ കടുത്ത തടസം നേരിടും. ഇന്നു നിഫ്റ്റിക്ക് 24,650 ഉം 24,580 ഉം പിന്തുണയാകും. 24,870 ലും 24,930 ലും തടസം ഉണ്ടാകാം.

സ്വർണം കയറിയിറങ്ങി

ഡോളറിന്റെ ദൗർബല്യവും വാണിജ്യയുദ്ധ ഭീഷണിയും രാജ്യാന്തര സംഘർഷഭീതിയും സ്വർണത്തെ ഇന്നലെ ഔൺസിനു 3404 ഡോളർ വരെ ഉയർത്തി. പിന്നീടു വിപണി ലാഭമെടുപ്പിലേക്കു നീങ്ങി. ഒടുവിൽ നാമമാത്ര നഷ്ടത്തിൽ ഔൺസിന് 3353.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3369 ഡോളർ വരെ കയറി. ഇന്നു വരുന്ന യുഎസ് തൊഴിൽ കണക്ക് സ്വർണവിലയുടെ ഹ്രസ്വകാലഗതി നിർണയിക്കും.

കേരളത്തിൽ വ്യാഴാഴ്ച സ്വർണം പവന് 320 രൂപ കൂടി  73,040 രൂപയിൽ എത്തി. 

വെള്ളിവില 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ഔൺസിന് 36.14 ഡോളർ വരെ കയറിയ വെള്ളി 35.80 ഡോളറിൽ ക്ലോസ് ചെയ്തു.

വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.05 ശതമാനം ഉയർന്ന് ടണ്ണിന് 9678.50 ഡോളറിൽ എത്തി. അലൂമിനിയം 0.27 ശതമാനം താഴ്ന്ന് 2479.65 ഡോളർ ആയി. സിങ്കും ലെഡും താഴ്ന്നപ്പോൾ നിക്കലും ടിന്നും ഉയർന്നു.  

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.62 ശതമാനം താഴ്ന്ന 160 സെൻ്റ് ആയി. കൊക്കോ 3.09 ശതമാനം കയറി ടണ്ണിന് 10,107.73 ഡോളർ ആയി. കാപ്പി 3.58 ശതമാനം ഉയർന്നപ്പോൾ തേയില നാമമാത്രമായി താഴ്ന്നു.

ഡോളർ സൂചിക താഴോട്ട്

ഡോളർ വീണ്ടും താഴോട്ടു നീങ്ങി. ഡോളർ സൂചിക താഴ്ന്ന് 98.74 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.70 ലാണ്.

കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1445 ഡോളറിലേക്കു കയറി. പൗണ്ട് 1.3576 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 143.70 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.387 ശതമാനത്തിലേക്കു കയറി. 

ഡോളറിൻ്റെ ദൗർബല്യം ഇന്നലെ രൂപയ്ക്കു നേട്ടമായി. വ്യാഴാഴ്ച ഡോളർ 85.79 രൂപയിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 11 പൈസ കുറവാണിത്.

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.18 യുവാൻ എന്ന നിലയിലേക്കു കയറി.

ക്രൂഡ്  ഓയിൽ കയറി

ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻ്റ് ഇനം ക്രൂഡ  ബാരലിന് 65.22 ഡോളറിൽ എത്തി. ഇന്നു രാവിലെ ഡബ്ല്യുടിഐ ഇനം 63.22 ഉം മർബൻ ക്രൂഡ് 65.15 ഉം  ഡോളറിലാണ്.  

ക്രിപ്റ്റോകൾ ഇടിയുന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. പ്രസിഡൻ്റ് ട്രംപും ഇലോൺ മസ്കുമായുള്ള പോര് ക്രിപ്റ്റോ വിപണിയെ ബാധിക്കുന്നുണ്ട്. ബിറ്റ് കോയിൻ 1.01 ലക്ഷം ഡോളർ വര താഴ്ന്നിട്ട് 1.02 ലക്ഷം ഡോളറിലേക്കു കയറി. ഈഥർ 2420 ഡോളറിലേക്ക് ഇടിഞ്ഞു. പല ക്രിപ്റ്റോകളും 10 ശതമാനം വരെ താഴ്ന്നു. 

ട്രംപ് - മസ്ക് പോര് രൂക്ഷം

ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെൻ്റ് എഫിഷ്യൻസി (ഡോജ്) മേധാവി സ്ഥാനം ഉപേക്ഷിച്ച ഇലോൺ മസ്ക്, ട്രംപിൻ്റെ നികുതിബിൽ പിൻവലിക്കാനുള്ള പോരാട്ടത്തിലാണ്. ഇതു ട്രംപിന് ഇഷ്ടമായില്ല മസ്കിനു വട്ടാണെന്നു ട്രംപ് വിമർശിച്ചു. തൻ്റെ പണവും സമൂഹമാധ്യമ പ്രചാരണവും വഴിയാണു ട്രംപ് വിജയിച്ചത് എന്നവകാശപ്പെട്ട മസ്കിനോട് സർക്കാർ മസ്കിൻ്റെ കമ്പനികൾക്കു നൽകിയ കരാറുകൾ റദ്ദാക്കും എന്നു ഭീഷണിപ്പെടുത്തി. താൻ ഒത്തിരി സഹായിച്ചിട്ടും മസ്ക്  നന്ദി കാണിക്കുന്നില്ല എന്നും ട്രംപ് പറഞ്ഞു.ഇതിനിടെ ബാലപീഡകനായി ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റൈൻ്റെ വിമാനത്തിൽ ട്രംപ് പലതവണ സഞ്ചരിച്ചിട്ടുണ്ടെന്നും അതു സംബന്ധിച്ച കേസ് ഫയലുകൾ ട്രംപ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും മസ്ക് ആരോപിച്ചു. ഇതിനോടു ട്രംപ് പ്രതികരിച്ചില്ല.വിപണിയിൽ മസ്കിൻ്റെ ടെസ്‌ല ഓഹരി ഇന്നലെ 14 ശതമാനത്തിലധികം ഇടിഞ്ഞു. വിപണിമൂല്യത്തിൽ 15,200 കോടി ഡോളറാണ് ഒറ്റ ദിവസം നഷ്ടമായത്. ടെസ്‌ല ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യത്തിൽ നിന്നു താഴോട്ടു പോയി. ജനുവരി ഒന്നിനു ശേഷം ടെസ്‌ല ഓഹരി 25 ശതമാനം താഴ്ന്നിട്ടുണ്ട്. ട്രംപിൻ്റെ ട്രംപ് മീഡിയ ഗ്രൂപ്പിൻ്റെ ഓഹരി ഇന്നലെ ഏഴു ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2025 ജൂൺ 05, വ്യാഴം)

സെൻസെക്സ്30   81,442.04     +0.55%

നിഫ്റ്റി50       24,750.90         +0.53%

ബാങ്ക് നിഫ്റ്റി   55,760.85       +0.15%

മിഡ് ക്യാപ്100   58,303.00     +0.65%

സ്മോൾക്യാപ്100  18,432.60    +0.96%

ഡൗജോൺസ്   42,319.70     -0.25%

എസ്ആൻഡ്പി   5939.30      -0.53%

നാസ്ഡാക്      19,298.40      -0.83%

ഡോളർ($)     ₹85.79        -₹0.11

സ്വർണം(ഔൺസ്) $3353.40   -$00.40

സ്വർണം(പവൻ)    ₹73,040     +₹320                    

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.29    +$0.43

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com