
വ്യാപാര യുദ്ധം ശമിക്കും എന്നു കരുതിയപ്പോൾ പുതിയ സങ്കീർണതകൾ ഉടലെടുക്കുന്നു. ഇടിഞ്ഞ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ഡോളർ കരുത്തു നേടാനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. യൂറോ അടക്കമുള്ള കറൻസികൾ കയറി. നാളെ രാത്രി യുഎസ് ഫെഡ് നടത്തുന്ന പണനയ പ്രഖ്യാപനത്തിലേക്കാണു വിപണിയുടെ ശ്രദ്ധ. സ്വർണവും റെക്കോർഡ് കുതിപ്പിലാണ്. ഇന്ത്യ - പാക് അതിർത്തി സംഘർഷം അയവില്ലാതെ തുടരുന്നു.
ഏഷ്യൻ വിപണികൾ മിക്കതും ഇന്ന് അവധിയിലാണ്. യുഎസ് വിപണി ഇന്നലെ താഴ്ന്നു. അവിടെ ഫ്യൂച്ചേഴ്സും താഴ്ചയിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,581 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,609 വരെ കയറിയിട്ട് 24,560 ലേക്കു താഴ്ന്നു. നിഫ്റ്റി ഇന്നു കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെ ഭിന്ന ദിശകളിലായി. ജർമൻ സൂചിക ഉയർന്നു, ഫ്രഞ്ച് സൂചിക താഴ്ന്നു, യുകെ വിപണി അവധി ആയിരുന്നു. സ്പെയിൻ ആസ്ഥാനമായുള്ള സൻ്റാൻഡർ ബാങ്കിൻ്റെ പോളിഷ് സബ്സിഡിയറിയിൽ 49 ശതമാനം ഓഹരി ഓസ്ട്രിയയിലെ എർസ്റ്റ് ഗ്രൂപ്പ് ബാങ്കിനു കൈമാറി. ബ്രിട്ടീഷ് പെട്രോളിയത്തെ (ബിപി) ഏറ്റെടുക്കാൻ ഷെൽ ശ്രമിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഷെൽ വക്താവ് അവ്യക്തമായ ഒരു നിംഷധക്കുറിപ്പ് പുറത്തിറക്കി.
വ്യാപാരയുദ്ധത്തിനു പരിഹാരം കാണാത്തതും ചലച്ചിത്ര മേഖലയിലേക്കു യുദ്ധം വ്യാപിപ്പിച്ചതും യുഎസ് വിപണിയെ ഒൻപതു ദിവസത്തെ റാലിക്കു ശേഷം ഇന്നലെ താഴ്ത്തി. വിപണി ഒരു ശതമാനം വരെ ഇടിഞ്ഞ ശേഷം നഷ്ടം കുറച്ചാണു ക്ലോസ് ചെയ്തത്.
ചലച്ചിത്രങ്ങൾക്കു 100 ശതമാനമാണ് ചുങ്കം. ചലച്ചിത്ര നിർമാണം വിദേശരാജ്യങ്ങളിലേക്കു നീങ്ങുന്നതു തടയാനാണു നീക്കം. ഇതേ തുടർന്നു നെറ്റ്ഫ്ലിക്സ് ഓഹരി രണ്ടു ശതമാനം താഴ്ന്നു.
അമേരിക്കയും ചുങ്കം ഒഴിവാക്കിയാൽ ഔഷധങ്ങൾ, വാഹനഘടകങ്ങൾ, സ്‌റ്റീൽ എന്നിവയ്ക്ക് ചുങ്കം ഒഴിവാക്കാൻ ഇന്ത്യ സമ്മതിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഈയാഴ്ച ചില രാജ്യങ്ങളുമായി വ്യാപാരകരാർ ഉണ്ടാകുമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞതിനെ പരാമർശിച്ച് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞത് ചില കരാറുകൾ ഉടനേ ഉണ്ടാകും എന്നാണ്. ചൈനീസ് പ്രസിഡൻ്റ് ഷിയുമായി ചർച്ചയ്ക്ക് താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 98.60 പോയിൻ്റ് (0.24%) താഴ്ന്ന് 41,218.83 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 36.29 പോയിൻ്റ് (0.64%) നഷ്ടത്തോടെ 5650.38 ൽ അവസാനിച്ചു. നാസ്ഡാക് 133.49 പോയിൻ്റ് (0.74%) ഇടിഞ്ഞ് 17,844.24 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.21 ഉം നാസ്ഡാക് 0.44 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയയും അടക്കം പല ഏഷ്യൻ വിപണികളും ഇന്ന് അവധിയിലാണ്. ചൈനീസ് വിപണി ചെറിയ കയറ്റത്തിലാണ്.
ഇന്ത്യൻ വിപണി തിങ്കളാഴ്ച രാവിലെ കുതിച്ചു കയറിയെങ്കിലും ആ നേട്ടം നിലനിർത്താനായില്ല. 81,049 വരെ കയറിയ സെൻസെക്സും 24,526 വരെ ഉയർന്ന നിഫ്റ്റിയും അവിടെ നിന്നു ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കൊട്ടക് മഹീന്ദ്ര ബാങ്കും ആ മേഖലയിലെ ദൗർബല്യങ്ങൾ വ്യക്തമാക്കുന്ന റിസൽട്ട് പ്രസിദ്ധീകരിച്ചതോടെ ആ ഓഹരികൾ ഇടിഞ്ഞു എസ്ബിഐ 1.25 ഉം കൊട്ടക് മഹീന്ദ്ര നാലരയും ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 0.36 ശതമാനം താഴ്ന്നു.
ക്രൂഡ് ഓയിൽ വിലയിടിവ് ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ മൂന്നു മുതൽ ആറര വരെ ശതമാനം ഉയർത്തി. പെയിൻ്റ്, വ്യോമയാന കമ്പനികളും നേട്ടത്തിലായി. ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കുന്ന ഒഎൻജിസിയും ഓയിൽ ഇന്ത്യയും ആദ്യം നാലു ശതമാനം താഴ്ന്നെങ്കിലും പിന്നീടു നഷ്ടം കുറച്ചു, ഓയിൽ ഇന്ത്യ നേട്ടത്തിലുമായി. വയർ - കേബിൾ നിർമാതാക്കളായ ആർആർ കേബൽ 14.85 ഉം ഭക്ഷവിതരണക്കാരായ സ്വിഗ്ഗി 12 ഉം ശതമാനം ഉയർന്നു.
അദാനി ഗ്രൂപ്പിനെതിരായ അഴിമതി കേസ് പിൻവലിക്കാൻ ഗ്രൂപ്പ് പ്രതിനിധികൾ യുഎസ് ഭരണകൂടത്തെ സമീപിച്ചതായ റിപ്പോർട്ടിനെ തുടർന്ന് ഗ്രൂപ്പ് കമ്പനികൾ ഇന്നലെ കുതിച്ചു. അദാനി എൻ്റർപ്രൈസസ് 8.5 ഉം ടോട്ടൽ ഗ്യാസ് 14 ഉം പവർ 6.5 ഉം പോർട്സ് 6.27ഉം ഗ്രീൻ 7.15 ഉം ശതമാനം കയറി.
ഓട്ടോ, എഫ്എംസിജി, ഓയിൽ - ഗ്യാസ്, മീഡിയ, ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ, മെറ്റൽ, ഹെൽത്ത് കെയർ, റിയൽറ്റി തുടങ്ങിയ മേഖലകൾ ഇന്നലെ ഉയർന്നു.
തിങ്കളാഴ്ച നിഫ്റ്റി 114.45 പോയിൻ്റ് (0.47%) കയറി 24,461.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 294.85 പോയിൻ്റ് (0.37%) നേട്ടത്തോടെ 80,796.84 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 195.85 പോയിൻ്റ് (0.36%) താഴ്ന്ന് 54,919.50 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 970.65 പോയിൻ്റ് (1.81 ശതമാനം) കുതിച്ച് 54,675.75 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 1.02 ശതമാനം കയറി 16,609.90 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2520 ഓഹരികൾ ഉയർന്നപ്പോൾ 1503 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2023 എണ്ണം. താഴ്ന്നത് 865 ഓഹരികൾ.
എൻഎസ്ഇയിൽ 29 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 32 എണ്ണമാണ്. 94 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 66 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 497.79 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2788.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി 24,550 -24,600 ലെ തടസം മറി കടക്കാനാണ് ഇനി ശ്രമിക്കുക. ഇന്നു നിഫ്റ്റിക്ക് 24,410 ഉം 24,335 ഉം പിന്തുണയാകും. 24,515 ലും 24,590 ലും തടസം ഉണ്ടാകാം.
ഇന്ത്യൻ ഹോട്ടൽസ് കമ്പനിക്ക നാലാം പാദത്തിൽ വരുമാനം 27.3 ഉം പ്രവർത്തനലാഭം 30 ഉം അറ്റാദായം 25 ഉം ശതമാനം കുതിച്ചു. ലാഭമാർജിൻ 35.3 ശതമാനത്തിലേക്കു കയറി.
സിസിഎൽ പ്രൊഡക്ട്സിൻ്റെ വരുമാനം 15 ശതമാനം കൂടിയപ്പോൾ അറ്റാദായം 56.2 ശതമാനം കുതിച്ചു.
ഡിസിഎം ശ്രീറാമിൻ്റെ വരുമാനം 19.9 ശതമാനം ഉയർന്നപ്പോൾ അറ്റാദായ വർധന 51.9 ശതമാനം.
കംപ്യൂട്ടർ ഏജ് മാനേജ്മെൻ്റിൻ്റെ വരുമാനം 14.7 ശതമാനം കൂടിയപ്പോൾ അറ്റാദായ വർധന 10.2 ശതമാനം മാത്രം.
ബോംബെ ഡൈയിംഗിനു നാലാം പാദത്തിൽ വരുമാനം 5.7 ശതമാനം കുറഞ്ഞപ്പോൾ ലാഭം 82.6 ശതമാന ശതമാനം ഇടിഞ്ഞു.
സീ മീഡിയ കോർപറേഷൻ്റെ വരുമാനം 13 ശതമാനം കുറഞ്ഞപ്പോൾ നഷ്ടം അഞ്ചിരട്ടിയായി.
ജമ്മു ആൻഡ് കാഷ്മീർ ബാങ്കിന് അറ്റ പലിശ വരുമാനം 13.3 ശതമാനം കുറഞ്ഞപ്പോൾ ലാഭം 8.5 ശതമാനം താഴ്ന്നു.
വരുമാനം 4.9 ശതമാനം കൂടിയപ്പോൾ കോഫാേർജ് ലാഭം 21.2 ശതമാനം വർധിച്ചു.
പേടിഎം, ഹിന്ദുസ്ഥാൻ പെട്രോളിയം, ബാങ്ക് ഓഫ് ബറോഡ, അലെംബിക് ഫാർമ, ഗോദ്റെജ് കൺസ്യൂമർ, പിരമൾ എൻ്റർപ്രൈസസ്, ആരതി ഡ്രഗ്സ്, നെറോലാക് പെയിൻ്റ്സ്, പോളികാബ് ഇന്ത്യ, ആധാർ ഹൗസിംഗ്, റാഡികോ ഖേയ്താൻ, സുന്ദരം ക്ലേറ്റൺ, ജെബിഎം ഓട്ടോ, സിജി പവർ തുടങ്ങിയവ ഇന്നു റിസൽട്ട് പ്രഖ്യാപിക്കും.
ഡോളർ അപ്രതീക്ഷിതമായി ഇടിയുന്നതു സ്വർണത്തെ വീണ്ടും റെക്കോർഡ് നിലവാരത്തിനു സമീപത്തേക്ക് ഉയർത്തി. നാളെ വരുന്ന ഫെഡ് തീരുമാനത്തിൽ അവിചാരിതമായ ഒന്നും ഇല്ലെങ്കിൽ സ്വർണം ഉയർന്നു തുടരും. ഇന്നലെ 2.9 ശതമാനം നേട്ടത്തോടെ ഔൺസിന് 3335.40 ഡോളറിൽ സ്വർണം ക്ലാേസ് ചെയ്തു. സ്വർണം കഴിഞ്ഞ ആഴ്ചയിലെ നഷ്ടത്തിൻ്റെ പകുതി തിരിച്ചു പിടിച്ചു. ഇന്നു രാവിലെ 3380 ഡോളറിലേക്കു സ്വർണം കുതിച്ചു കയറി.
രാജ്യാന്തര സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതും വ്യാപാരയുദ്ധത്തിനു പരിഹാരം ദൃശ്യമാകാത്തതും സ്വർണം കയറുന്നതിനു സഹായിച്ചു.
തിങ്കളാഴ്ച കേരളത്തിൽ പവന് 160 രൂപ വർധിച്ച് 70,200 രൂപയായി.
വെള്ളിവില ഇന്നലെ ഔൺസിന് 32.46 ഡോളർ ആയി.
യുഎസ് - ചെെന വ്യാപാര ധാരണയ്ക്കുള്ള സാധ്യത കുറഞ്ഞതോടെ തിങ്കളാഴ്ച ചെമ്പുവില 1.87 ശതമാനം ഇടിഞ്ഞ് ടണ്ണിനു 9199.84 ഡോളറിൽ എത്തി. അലൂമിനിയം വില അൽപം കയറി ടണ്ണിന് 2440.40 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങളും ഗണ്യമായി ഉയർന്നു. ടിൻ 3.05 ഉം സിങ്ക് 1.43 ഉം ശതമാനം കയറി..
രാജ്യാന്തര വിപണിയിൽ റബർ വില 0.83 ശതമാനം ഉയർന്നു കിലോഗ്രാമിന് 169.70 സെൻ്റിൽ എത്തി. കൊക്കോ 3.09 ശതമാനം ഇടിഞ്ഞ് 8654.67 ഡോളറിൽ എത്തി. കാപ്പി 1.57 ശതമാനം ഉയർന്നു. പാമോയിൽ വില 1.08 ശതമാനം താഴ്ന്നു.
ഡോളർ സൂചിക തിങ്കളാഴ്ച വീണ്ടും താഴ്ന്ന് 99.46 വരെ എത്തി. പിന്നീടു കയറി 99.83 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.08 വരെ ഉയർന്നു.
യൂറോ ഇന്നു രാവിലെ 1.1281 ഡോളറിലേക്കു കയറി. പൗണ്ട് 1.3264 ഡോളറിലേക്കും ജാപ്പനീസ് യെൻ ഡോളറിന് 144.17 യെൻ എന്ന നിരക്കിലേക്കും കയറി.
യുഎസ് കടപ്പത്രവില വീണ്ടും കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.351 ശതമാനത്തിലേക്ക് കയറി.
രൂപ തിങ്കളാഴ്ച രാവിലെ ഉയർന്ന് ഡോളറിന് 84.23 രൂപ വരെ എത്തി. പിന്നീടു റിസർവ് ബാങ്കിൻ്റെ ഇടപെടലിനെ തുടർന്നു ഡോളർ അൽപം കയറിയെങ്കിലും ഒടുവിൽ 84.25 രൂപയിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ ഡോളറിനു 33 പൈസ കുറഞ്ഞു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.27 യുവാനിൽ തുടർന്നു.
ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാൻ ഒപെക് പ്ലസ് തീരുമാനിച്ചതിൻ്റെ തുടർചലനങ്ങൾ ഇന്നലെയും വിപണിയിൽ കണ്ടു. എണ്ണവില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 60.23 ഡോളറും ഡബ്ല്യുടിഐ ഇനം 57.20 ഡോളറും ആയി. യുഎഇയുടെ മർബൻ ക്രൂഡ് 59.96 ഉം ആയി. ഇന്നു രാവിലെ വില ഒന്നര ശതമാനത്തോളം കുതിച്ചു. ബ്രെൻ്റ് 61.06 ലേക്കും ഡബ്ള്യുടിഐ 57.93 ലേക്കും എത്തി. മർബൻ ക്രൂഡ് 60.97 ഡോളർ ആയി.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാടുകയാണ്. ഡോളർ കയറിയിറങ്ങുന്നതാണു കാരണം. ബിറ്റ് കോയിൻ ഇന്നു രാവിലെ 94,800 ഡോളറിനു താഴെയായി. ഈഥർ 1820 ഡോളറിനടുത്താണ്.
(2025 മേയ് 05, തിങ്കൾ)
സെൻസെക്സ്30 80,796.84 +0.37%
നിഫ്റ്റി50 24,461.15 +0.47%
ബാങ്ക് നിഫ്റ്റി 54,919.50 -0.36%
മിഡ് ക്യാപ്100 54,675.75 +1.81%
സ്മോൾക്യാപ്100 16,609.90 +1.02%
ഡൗജോൺസ് 41,218.80 -0.24%
എസ്ആൻഡ്പി 5650.38 -0.64%
നാസ്ഡാക് 17,844.20 -0.74%
ഡോളർ($) ₹84.25 -₹0.33
സ്വർണം(ഔൺസ്) $3335.40 +$94.10
സ്വർണം(പവൻ) ₹70,200 +₹160.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $60.23 -$1.06
Read DhanamOnline in English
Subscribe to Dhanam Magazine