പിഴച്ചുങ്കം വിപണിയുടെ ആശങ്ക കൂട്ടുന്നു; രൂപക്കും വെല്ലുവിളിയാകും; സർക്കാർ നിലപാടിനൊപ്പം നിൽക്കാൻ വിപണി

യുഎസ് വിപണികൾ കയറി, യൂറോപ്പും ഏഷ്യയും ഭിന്നദിശകളില്‍; സ്വര്‍ണം താഴ്ന്നു, ക്രൂഡ് വില കയറി
Morning business news
Morning business newsCanva
Published on

ഇന്ത്യക്കു മേൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചുമത്തിയ 25 ശതമാനം പിഴച്ചുങ്കം ഇന്നു വിപണിയെ ആശങ്കയിലാക്കും. ട്രംപിനു മുൻപിൽ കീഴടങ്ങില്ല എന്ന സർക്കാർ നിലപാടിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഓഹരിവിപണി ഉയരാൻ ശ്രമിക്കും എന്നാണു പ്രതീക്ഷ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതു നിർത്താനും ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നില്ല എന്ന് ഇന്നലെയും പറഞ്ഞു. റഷ്യൻ എണ്ണയ്ക്കു പകരം ഇന്ത്യ മറ്റു രാജ്യങ്ങളെ സമീപിച്ചാൽ ക്രൂഡ് ഓയിൽ വില 100 ഡോളർ കടക്കും എന്ന സാഹചര്യവും നിലവിലുണ്ട്. ദിവസം 1.75 ലക്ഷം വീപ്പ എണ്ണയാണ് ഇന്ത്യ വാങ്ങുന്നത്.

അമേരിക്ക ഇന്ത്യക്കു നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം ചുങ്കം ഇന്നു പ്രാബല്യത്തിലാകും. മറ്റു രാജ്യങ്ങൾക്കുളള ചുങ്കവും ഇന്നു നടപ്പിലായി. ഇന്ത്യയുടെ പിഴച്ചുങ്കം ഓഗസ്റ്റ് 28 നു നടപ്പാക്കും. ചൈനയ്ക്കുള്ള വർധിച്ച ചുങ്കം 12 നേ നടപ്പാക്കൂ. അതിനിടെ യുഎസ് - ചെെന ചർച്ച നടക്കാം.

ചുങ്കം 50 ശതമാനം ആകുന്നതോടെ ഏറ്റവുമധികം തീരുവ (50 ശതമാനം) ചുമത്തപ്പെട്ട രാജ്യങ്ങളായി ഇന്ത്യയും ബ്രസീലും മാറും. വരും ദിവസങ്ങളിൽ ചർച്ച നടത്തി തീരുവ കുറയ്ക്കാൻ ഇന്ത്യ ശ്രമിക്കും. 25 ന് യുഎസ് സംഘം ചർച്ചയ്ക്കു ഡൽഹിയിൽ വരും. ഗവണ്മെൻ്റ് ചർച്ചയിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. കാർഷികോൽപന്ന ഇറക്കുമതി അനുവദിക്കുക, അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള ചുങ്കം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക തുടങ്ങിയ അസ്വീകാര്യമായ അമേരിക്കൻ ആവശ്യങ്ങൾ സമ്മതിപ്പിക്കാനുളള സമ്മർദതന്ത്രമാണു ട്രംപിൻ്റേത് എന്നു പലരും കരുതുന്നു.

പിഴച്ചുങ്ക പ്രഖ്യാപനം രൂപയുടെ വില ഇടിയാൻ വഴിതെളിക്കും. ഇന്നലെ താഴ്ന്ന ഡോളർ സൂചിക ഇന്നു രാവിലെ ഉയരുന്നതും രൂപയ്ക്കു ഭീഷണിയാണ്.

ഇന്നലെ റിസർവ് ബാങ്ക് പലിശനിരക്കും മറ്റു നിരക്കുകളും മാറ്റാതെ പ്രഖ്യാപിച്ച പണനയം വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല വിലക്കയറ്റം ഇനി ഗണ്യമായി കുറയും എന്നു കണക്കാക്കുന്ന റിസർവ് ബാങ്ക് ജനുവരി മുതൽ വിലകൾ കൂടും എന്ന മുന്നറിയിപ്പും നൽകി. ജിഡിപി വളർച്ചയിലെ നിഗമനം മാറ്റിയിട്ടില്ല.

ഇന്ന് ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലുമാണ്. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,536.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ  24,537 ൽ ഓപ്പൺ ചെയ്തിട്ട് 24,576 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. 

യൂറോപ്പ് ഭിന്നദിശകളിൽ

യൂറോപ്യൻ വിപണികൾ ഇന്നലെ ഭിന്ന ദിശകളിൽ നീങ്ങി. സ്റ്റോക്സ് 600 നേരിയ താഴ്ചയിലായപ്പോൾ മറ്റു സൂചികകൾ ചെറിയ നേട്ടത്തിൽ അവസാനിച്ചു. 39 ശതമാനം ചുങ്കം നേരിടുന്ന സ്വിറ്റ്സർലൻഡിലെ സൂചിക ഒരു ശതമാനത്തോളം താഴ്ന്നു. 18 മാസത്തിനുള്ളിൽ ഔഷധങ്ങളുടെ തീരുവ 250 ശതമാനമാക്കും എന്ന ഭീഷണി സ്വിസ് സമ്പദ്ഘടനയെ തളർത്തുന്നതാണ്. ഫാർമ ഓഹരികൾ ഇടിഞ്ഞു. ജർമൻ, ഫ്രഞ്ച്, യുകെ സൂചികകൾ നേരിയ കയറ്റത്തിൽ അവസാനിച്ചു.

യുഎസ് വിപണികൾ കയറി

അമേരിക്കയിൽ 10,000 കോടി ഡോളറിൻ്റെ മൂലധന നിക്ഷേപം കൂടി നടത്തും എന്ന ആപ്പിളിൻ്റെ പ്രസ്താവന ഇന്നലെ യുഎസ് വിപണികളെ ഉയർത്തി. നേരത്തേ 50,000 കോടി ഡോളർ നിക്ഷേപം നാലു വർഷം കൊണ്ടു നടത്തും എന്ന് അറിയിച്ചിരുന്നു. പ്രതീക്ഷയിലും മോശമായ റിസൽട്ട് മൂലം സ്നാപ് 17 ഉം  എഎംഡി ആറും ശതമാനം ഇടിഞ്ഞു. മികച്ച റിസൽട്ടിൽ അരിസ്റ്റ നെറ്റ് വർക്സ് 17 ഉം മക് ഡോണൾഡ്സ് മൂന്നും ശതമാനം കുതിച്ചു.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 81.38 പോയിൻ്റ് (0.18%) ഉയർന്ന് 44,193.12 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 45.87 പോയിൻ്റ് (0.73%) നേട്ടത്തോടെ 6345.06 ൽ  അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 252.87 പോയിൻ്റ് (1.21%) കുതിച്ച് 21,169.42 ൽ ക്ലോസ് ചെയ്തു. 

ഫ്യൂച്ചേഴ്സ് വിപണി ചെറിയ നേട്ടത്തിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.25 ഉം  നാസ്ഡാക് 0.27 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. വ്യാപാര സമയം കഴിഞ്ഞാണ് സെമികണ്ടക്ടർ, ചിപ് ഇറക്കുമതികൾക്കു 100 ശതമാനം ചുങ്കം ഈടാക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. മികച്ച ബിസിനസ് വളർച്ച പ്രതീക്ഷ അറിയിച്ച എയർബിഎൻബി ഏഴു ശതമാനം കുതിച്ചു.

ഏഷ്യൻ വിപണികൾ ഇന്നും ഭിന്ന ദിശകളിലാണ്. ജാപ്പനീസ് നിക്കെെ സൂചിക 0.60 ശതമാനം നേട്ടത്തിലായി.  ഓസ്ട്രേലിയൻ, ദക്ഷിണ കൊറിയൻ വിപണികൾ താഴ്ന്നു. ഹോങ് കോങ്, ചെെനീസ് വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി താഴ്ന്നു

വിപണിയിലെ ഭൂരിപക്ഷത്തിൻ്റെ പ്രതീക്ഷ പോലെ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ അവലോകനം നടത്തി. വിപണിയിൽ അവലോകനം ചലനം ഉണ്ടാക്കിയതുമില്ല. തീരുവ ഭീഷണി വിപണിക്കു മുകളിൽ തൂങ്ങി നിന്നതു തന്നെ കാരണം. തീരുവ ഇരട്ടിപ്പിച്ചു കൊണ്ട് അമേരിക്ക പിഴച്ചുങ്കം ചുമത്തിയതു കയറ്റുമതിയെ സാരമായി ബാധിക്കുമെങ്കിലും ഗവണ്മെൻ്റിൻ്റെ നിലപാടിനോടു സഹകരിക്കുന്ന സമീപനമാകും വിപണി കാണിക്കുക. വിപണി തകർച്ച വരാതെ നിക്ഷേപകരും ബ്രോക്കർമാരും ശ്രദ്ധിക്കും എന്നാണു പ്രതീക്ഷ.

അമേരിക്കൻ വിപണിയിലേക്കു വലിയ കയറ്റുമതി നടത്തുന്ന വസ്ത്ര, ഔഷധ കമ്പനികൾ ഇന്നലെയും ഇടിഞ്ഞു.  ഗോകൽദാസ്, വർധമാൻ, വെൽസ്പൺ, റെയ്മണ്ട്, ട്രൈഡൻ്റ്, ഇൻഡോ കൗണ്ട്, പേൾ ഗ്ലോബൽ, കെപിആർ മിൽസ് തുടങ്ങിയ വസ്ത്ര കയറ്റുമതിക്കാരുടെ ഓഹരികൾ ഒരാഴ്ചയ്ക്കുള്ളിൽ 20 ശതമാനം വരെ ഇടിഞ്ഞു. ഗോകൽദാസ് എക്സ്പോർട്സിൻ്റെ  വരുമാനത്തിൽ 70 ശതമാനവും യുഎസ് വിപണിയൽ നിന്നാണ്. മറ്റു കമ്പനികൾ പലതും പകുതിയിലേറെ വരുമാനം അമേരിക്കയിൽ നിന്നു നേടുന്നു. ഗോകൽദാസ് എക്സ്പോർട്സ് ഇന്നലെ അറ്റാദായം 53 ശതമാനം വർധിച്ചതായ റിസൽട്ട് പ്രഖ്യാപിച്ചിട്ടും ഓഹരി നാലര ശതമാനം ഇടിഞ്ഞാണ് അവസാനിച്ചത്. കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ഇന്നലെയും അഞ്ചു ശതമാനം താഴ്ന്നു. 

അരബിന്ദോ, ലൂപിൻ, ഡോ. റെഡ്ഡീസ്, സൺ, ടോറൻ്റ്, സിപ്ല, ഡിവിസ്, മാൻകെെൻഡ്, സൈഡസ്, ഗ്ലെൻ മാർക്ക്, ലോറസ്, ബയോകോൺ, ആൽകെം, തുടങ്ങിയ ഫാർമ കമ്പനികൾ മൂന്നര ശതമാനം വരെ താഴ്ന്നാണ് ഇന്നലെ അവസാനിച്ചത്.

ബാങ്കുകൾ ഒഴികെ എല്ലാ ബിസിനസ്  മേഖലകളും ഇന്നലെ താഴ്ന്നു. ഫാർമ,  ഐടി, റിയൽറ്റി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ഓട്ടോ, മെറ്റൽ മേഖലകൾ നഷ്ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യ സൂചികകളേക്കാൾ കൂടുതൽ താഴ്ന്നു. പ്രതിരോധ ഓഹരികൾ ഉയർന്നു. 69,000 കോടി രൂപയുടെ പ്രതിരോധ വാങ്ങലിന് അംഗീകാരം നൽകിയതാണു കാരണം.

നിഫ്റ്റി 75.35 പോയിൻ്റ് (0.31%) താഴ്ന്ന് 24,574.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 106.26 പോയിൻ്റ് (0.21%) നഷ്ടത്തോടെ 80,543.99 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 50.90 പോയിൻ്റ് (0.09%) ഉയർന്ന് 55,411.15 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 457.10 പോയിൻ്റ് (0.80%) താഴ്ന്ന് 56,749.75 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 201.95 പോയിൻ്റ് (1.13%) കുതിച്ച് 17,662.60 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1289 ഓഹരികൾ ഉയർന്നപ്പോൾ 2780 ഓഹരികൾ ഇടിഞ്ഞു.  എൻഎസ്ഇയിൽ ഉയർന്നത് 844 എണ്ണം. താഴ്ന്നത് 2127 ഓഹരികൾ.

എൻഎസ്ഇയിൽ 35 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 85 എണ്ണമാണ്. 62 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 95 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 4999.10 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 6794.28 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

നിഫ്റ്റിയുടെ മൊമൻ്റം സൂചകങ്ങൾ ബെയറിഷ് സൂചനകൾ തുടർന്നു. പിഴച്ചുങ്കം വിപണിക്ക് ഇന്നു വലിയ ആഘാതം ആകാം. ഇന്നു നിഫ്റ്റിക്ക് 24,510 ഉം 24,460 ഉം പിന്തുണയാകും. 24,650 ലും 24,680 ലും തടസം ഉണ്ടാകാം.

സ്വർണം താഴ്ന്നു

സ്വർണവില അൽപം താഴ്ന്നു. ബുധനാഴ്ച 11.20 ഡോളർ താഴ്ന്ന സ്വർണം ഔൺസിന് 3370.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം  3372 ഡോളറിലാണ്.

കേരളത്തിൽ ബുധനാഴ്ച പവൻ വില 80 രൂപ വർധിച്ച് 75,040 രൂപ എന്ന  ജൂലൈ 23 ലെ റെക്കോർഡ് വിലയിൽ എത്തി. 

വെള്ളിവില ഔൺസിന് 37.82 ഡോളറിലാണ്. 

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. ചെമ്പ് 0.29 ശതമാനം കയറി ടണ്ണിന് 9604.40 ഡോളറിൽ എത്തി. അലൂമിനിയം 2.21 ശതമാനം കുതിച്ച് 2622.77 ഡോളർ ആയി. നിക്കലും ലെഡും സിങ്കും ടിന്നും കയറി

രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 0.90 ശതമാനം ഉയർന്ന് 167.60 സെൻ്റിൽ എത്തി. കൊക്കോ 1.28 ശതമാനം കയറി ടണ്ണിന് 8470.00 ഡോളർ ആയി. കാപ്പി 1.77 ശതമാനം താഴ്ന്നു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 0.23 ശതമാനം കുറഞ്ഞു.

ഡോളർ താഴ്ന്നു, രൂപ കയറി

ഡോളർ സൂചിക ബുധനാഴ്ച ഇടിഞ്ഞ് 98.18 ൽ  ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.30 ലാണ്. 

കറൻസി വിപണിയിൽ യൂറോ 1.1653 ഡോളറിലേക്കും പൗണ്ട്  1.3348 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.58 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു. 

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.24 ശതമാനത്തിലേക്കു കയറി.

ഡോളർ ദുർബലമായതു രൂപയെ ഇന്നലെ ഉയർത്തി. ഡോളർ ഏഴു പെെസ കുറഞ്ഞ് 87.73 രൂപയിൽ ക്ലോസ് ചെയ്തു. 

അമേരിക്ക പ്രഖ്യാപിച്ച പിഴച്ചുങ്കത്തിൻ്റെ പേരിൽ രൂപ ഇന്നു ദുർബലമായേക്കാം. ഡോളർ 88 രൂപ കടക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടർന്നു. 

ക്രൂഡ് ഓയിൽ കയറി

ക്രൂഡ് ഓയിൽ ബുധനാഴ്ചയും താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ്  66.89 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ അര ശതമാനം കയറിയ  ബ്രെൻ്റ് 67.46 ഡോളറിലും ഡബ്ല്യുടിഐ 64.92 ഡോളറിലും  മർബൻ ക്രൂഡ് 69.58 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.60 ശതമാനം ഉയർന്നു.

ക്രിപ്റ്റോ കറൻസികൾ തിരിച്ചു കയറുകയാണ്. ബിറ്റ് കോയിൻ 1,15,000 ഡോളറിനു മുകളിലായി. ഈഥർ മൂന്നര ശതമാനം ഉയർന്ന് 3700 ഡോളറിൽ എത്തി.

വിപണിസൂചനകൾ

(2025 ഓഗസ്റ്റ് 06, ബുധൻ)

സെൻസെക്സ്30 80,543.99    -0.21%

നിഫ്റ്റി50       24,574. 20         -0.31%

ബാങ്ക് നിഫ്റ്റി   55,411.15     +0.09%

മിഡ് ക്യാപ്100  56,749.75    -0.80%

സ്മോൾക്യാപ്100 17,662.60   -1.13%

ഡൗജോൺസ്  44,193.12   +0.18%

എസ്ആൻഡ്പി  6345.06    +0.73%

നാസ്ഡാക്      21,169.42     +1.21%

ഡോളർ($)     ₹87.73       -₹0.07

സ്വർണം(ഔൺസ്) $3370.40    -$11.20

സ്വർണം(പവൻ)   ₹75,040    +₹80

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.89   -$0.75

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com