
അനിശ്ചിതത്വവും ആശങ്കയും വർധിക്കുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവകൾ കുത്തനേ കൂട്ടുന്നതിനു വാശി പിടിക്കുന്നു. അമേരിക്ക പറയുന്നതു പോലെ വ്യാപാരനയം മാറ്റാത്തവരെയെല്ലാം പാഠം പഠിപ്പിക്കും എന്ന മട്ടിലാണ് അദ്ദേഹം നീങ്ങുന്നത് ഏക ആശ്വാസഘടകം പുതിയ തീരുവ നടപ്പാക്കൽ ഓഗസ്റ്റ് ഒന്നിലേക്കു നീക്കിയതാണ്.
ഇന്ത്യയുമായുള്ള കരാർ കാര്യം അനിശ്ചിതത്വത്തിലാണ്. കാർഷിക- ക്ഷീര മേഖലകളെ സംരക്ഷിക്കാനും ജനിതകമാറ്റം വരുത്തിയ ഉൽപന്നങ്ങൾ വിലക്കാനും ഇന്ത്യക്കുള്ള അവകാശം ട്രംപ് അംഗീകരിക്കുന്നില്ല. എല്ലാ യുഎസ് ഉൽപന്നങ്ങളും ഇന്ത്യ കുറഞ്ഞ തീരുവയിലോ തീരുവ ഇല്ലാതെയോ വാങ്ങണം, ഇന്ത്യൻ ഉൽപന്നങ്ങൾ 10 ശതമാനം ചുങ്കം നൽകണം ഇതാണു ട്രംപ് എടുത്ത നിലപാട് എന്നാണ് ഇന്ത്യൻ വക്താക്കളുടെ പ്രതികരണത്തിൽ നിന്നു മനസിലാക്കുന്നത്. ഓഗസ്റ്റ് ഒന്നിനു മുൻപ് ചർച്ച തുടരാൻ സാധ്യതയുണ്ട്. അതിനു മുൻപ് ഇന്ത്യക്കുള്ള പുതിയ തീരുവ ട്രംപ് പ്രഖ്യാപിച്ചേക്കും.
ഇന്നു മുതൽ തീരുവ അറിയിച്ചുള്ള കത്തുകൾ വിവിധ രാജ്യങ്ങൾക്ക് അയയ്ക്കും എന്നാണു ട്രംപും യുഎസ് ട്രഷറി - വാണിജ്യ സെക്രട്ടറിമാരും പറഞ്ഞിട്ടുള്ളത്. ആദ്യ 12 രാജ്യങ്ങൾക്കുള്ള കത്ത് കഴിഞ്ഞ ദിവസം ഒപ്പിട്ടു. രാജ്യങ്ങൾ ഏതാണെന്ന് പരസ്യമാക്കിയിട്ടില്ല.
വാണിജു വിഷയത്തിലെ ആശങ്കയുടെ പിന്നാലെയാണ് വിപണിയിലെ അമേരിക്കൻ നിക്ഷേപ കമ്പനിയുടെ തട്ടിപ്പും പുറത്തുവന്നത്. ഓപ്ഷൻസും ഫ്യൂച്ചേഴ്സും ക്യാഷ് മാർക്കറ്റും ഒരേ സമയം കളിച്ച് വിപണിയെയും സാധാരണ നിക്ഷേപകരെയും കളിപ്പിക്കുകയാണ് ജെയ്ൻ സ്ട്രീറ്റ് ചെയ്തത്. ഡെറിവേറ്റീവ് വിപണിയിൽ എടുക്കുന്നതിനു വിപരീതമായ നില ക്യാഷ് വിപണിയിൽ സ്വീകരിക്കും. ക്യാഷിൽ നഷ്ടം രേഖപ്പെടുത്തുന്ന കമ്പനി ഡെറിവേറ്റീവിൽ വൻലാഭം നേടും. സെബിയുടെ പ്രാരംഭ കുറ്റപത്രം 36,000 ൽ പരം കോടി രൂപയുടെ അന്യായലാഭം ജെയ്ൻ സ്ട്രീറ്റ് നേടിയതായാണു പറയുന്നത്. 4500 കോടിയോളം രൂപയുടെ പിഴ സെബി ചുമത്തി. അതിനായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
ജെയ്ൻ സ്ട്രീറ്റുമായി ഇടപാടുകൾ ഉണ്ടായിരുന്ന ഏഞ്ചൽ വൺ ബ്രോക്കിംഗ്, ഡെപ്പോസിറ്ററി സിഎസ്ഡിഎൽ, നുവാമ വെൽത്ത് മാനേജ്മെൻ്റ് എന്നിവയുടെയും ബിഎസ്ഇയുടെയും ഓഹരികൾ വെള്ളിയാഴ്ച ഗണ്യമായി താഴ്ന്നു. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരുമ്പാേൾ കൂടുതൽ ഓഹരികൾ ഇടിയാം.
അതിവേഗം വിവിധ പ്ലാറ്റ്ഫോമുകളിൽ സങ്കീർണമായ വ്യാപാരം (ഹൈ ഫ്രീക്വൻസി ട്രേഡ് - എച്ച്എഫ്ടി) നടത്താൻ സഹായിക്കുന്ന അൽഗോരിഥങ്ങളുമായാണ് ജെയ്ൻ സ്ട്രീറ്റും മറ്റു ചില വിദേശ നിക്ഷേപകരും ഇന്ത്യയിൽ വന്നിട്ടുള്ളത്. സാധാരണ വ്യക്തികൾക്കും ഫണ്ടുകൾക്കും ഈ അൽഗോരിഥങ്ങളോടു മത്സരിക്കാൻ പറ്റില്ല. ഡെറിവേറ്റീവ് വ്യാപാരം അതിവേഗം വളർന്നത് ഇവർ വന്ന ശേഷമാണ്. പക്ഷേ ഓപ്ഷൻസിലെ വിലനീക്കം കണ്ടു വിപണിയിൽ ഇടപ്പെടുന്നവരെ നഷ്ടത്തിലാക്കുന്ന നീക്കങ്ങൾ ഇവർ ക്യാഷ് മാർക്കറ്റിലും ഫ്യൂച്ചേഴ്സിലും നടത്തുന്നു. അവർ അബദ്ധം കാണിക്കുന്നു എന്നു കണ്ടു നിൽക്കുന്നവർ കരുതുമ്പോൾ ഓപ്ഷൻസിൽ ശതകോടികളുടെ ലാഭം ഇവർ കൊയ്യുന്നു. ഒരു ദിവസം തന്നെ 700 കോടിയിലധികം രൂപയുടെ ലാഭം ജെയ്ൻ സ്ട്രീറ്റ് നേടിയതായി എഫ്ഐആറിൽ പറയുന്നുണ്ട്. ഇതിൻ്റെ നിഴലിലാകും ഇന്നത്തെ വ്യാപാരം.
ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടു നീങ്ങുന്നതു വിപണിക്ക് ആശ്വാസമാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,512 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,553 ലേക്കു കയറി. വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിൽ അവസാനിച്ചു. യുഎസിൻ്റെ വ്യാപാര നീക്കത്തെ സംബന്ധിച്ച ആശങ്ക വിപണിയിൽ നിറഞ്ഞുനിന്നു. ഫ്രഞ്ച് ബ്രാൻഡികൾക്ക് 34.5% ആൻ്റി ഡംപിംഗ് (വില താഴ്ത്തി വിൽപന) ഡ്യൂട്ടി ചുമത്തുമെന്ന പ്രഖ്യാപനം ഫ്രഞ്ച് മദ്യകമ്പനികളെ ഉലച്ചു. ഉയർന്ന വില നിലനിർത്തും എന്നു കരാർ ചെയ്ത റെമി ക്വാൻട്രോ പോലെ ചില കമ്പനികൾക്ക് ഇതു മൂലം കുഴപ്പമില്ല. മേയ് മാസത്തിൽ ജർമൻ ഫാക്ടറികൾക്കുള്ള നിർമാണ കരാർ 1.4 ശതമാനം കുറഞ്ഞതു ജർമൻ വളർച്ചയെപ്പറ്റി ആശങ്ക ഉണ്ടാക്കുന്നു.
വെള്ളിയാഴ്ച സ്വാതന്ത്ര്യദിനം പ്രമാണിച്ച് അമേരിക്കൻ വിപണി അവധി ആയിരുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.22 ഉം എസ് ആൻഡ് പി 0.36 ഉം നാസ്ഡാക് 0.40 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴുകയാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.55 ശതമാനം താഴ്ന്നു. കൊറിയൻ വിപണി 0.50 ശതമാനം താഴ്ചയിലാണ്. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
ഇന്ത്യൻ വിപണി വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടത്തിനു ശേഷം നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. അമേരിക്കയുമായി വ്യാപാര ഉടമ്പടി ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്കയാണു വിപണിയെ താഴ്ത്തിയത്. വാഷിംഗ്ടണിൽ നിന്നു തിരിച്ചു വന്ന സംഘമോ മാധ്യമങ്ങളെ കണ്ട വാണിജ്യമന്ത്രിയോ കാര്യങ്ങൾ വ്യക്തമാക്കിയുമില്ല. ആരെങ്കിലും സമയപരിധി നിശ്ചയിച്ചാൽ അതിനു വഴങ്ങി കരാർ ഉണ്ടാക്കാൻ ഇന്ത്യയെ കിട്ടില്ലെന്നും ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാത്ത കരാർ ഒപ്പിടില്ലെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. എന്നാൽ ഇനി എന്ത് എന്നു വിശദമാക്കിയില്ല. ഇടക്കാല കരാർ പ്രതീക്ഷ ഇല്ലാതായി എന്നാണു വിപണി വ്യാഖ്യാനിച്ചത്.
വെള്ളിയാഴ്ച നിഫ്റ്റി 55.70 പോയിൻ്റ് (0.22%) ഉയർന്ന് 25,461 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 193.42 പോയിൻ്റ് (0.23%) നേട്ടത്തോടെ 83,432.89 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 239.95 പോയിൻ്റ് (0.42%) കയറി 57,031.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 5.5 പോയിൻ്റ് (0.01 ശതമാനം) താഴ്ന്ന് 59,677.75 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 6.0 പോയിൻ്റ് (0.03 ശതമാനം) കയറി 19,033.05 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2202 ഓഹരികൾ ഉയർന്നപ്പോൾ 1845 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1576 എണ്ണം. താഴ്ന്നത് 1345 ഓഹരികൾ.
എൻഎസ്ഇയിൽ 59 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 35 എണ്ണമാണ്. 101 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 45 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വിൽപന തുടർന്നു. വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ അവർ 760.11 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1028.84 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഇന്ത്യ - യുഎസ് വ്യാപാര കരാറിൻ്റെ അവസ്ഥയും യുഎസ് തീരുവ തീരുമാനവും ആണ് ഈ ആഴ്ചയിൽ വിപണിഗതിയെ നിയന്ത്രിക്കുക.
നിഫ്റ്റി 25,300 ൽ കരുത്ത് വീണ്ടെടുത്തു തിരിച്ചുകയറുന്നതാണു വെള്ളിയാഴ്ച കണ്ടത്. 25,300 ലെ പിന്തുണ നിലനിർത്താനായാൽ 25,700 ലേക്കു നീങ്ങുന്നതിനു ശ്രമിക്കാം. മറിച്ചായാൽ 25,000-ലാേ അതിനു താഴെയാേ പോകാം.
ഇന്നു നിഫ്റ്റിക്ക് 25,370 ഉം 25,330 ഉം പിന്തുണയാകും. 25,475 ലും 25,560 ലും തടസം ഉണ്ടാകാം.
യുഎസിൽ പലിശ ഉടനേ കുറയില്ലെന്ന സൂചനയിൽ വ്യാഴാഴ്ച താഴ്ന്ന സ്വർണവില വെള്ളിയാഴ്ച അൽപം ഉയർന്നു. ഔൺസിന് 3337.93 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 3318 ഡോളറിലേക്ക് ഇടിഞ്ഞു.
കേരളത്തിൽ വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞ് 72,400 രൂപയായി. ശനിയാഴ്ച 80 രൂപ കൂടി72,480 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 36.86 ഡോളറിൽ വെള്ളിയാഴ്ച ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 36.94 ലേക്ക് ഉയർന്നു. പിന്നീടു താഴ്ന്നു. വ്യാവസായിക ഡിമാൻഡ് വർധിക്കുന്നതാണു കാരണം.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. ചെമ്പ് 1.48 ശതമാനം താഴ്ന്നു ടണ്ണിന് 9970.50 ഡോളറിൽ എത്തി. അലൂമിനിയം 0.83 ശതമാനം കുറഞ്ഞ് 2590.00 ഡോളർ ആയി. നിക്കലും ലെഡും സിങ്കും ടിന്നും താഴ്ന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.83 ശതമാനം കുറഞ്ഞ് 163.90 സെൻ്റിൽ എത്തി. കൊക്കോ ടണ്ണിന് 7949.69 ഡോളറിൽ തുടർന്നു. കാപ്പി, തേയില വിലകൾ മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ വില 0.76 ശതമാനം താഴ്ന്നു.
യുഎസ് ഡോളർ വെള്ളിയാഴ്ച ചെറിയ മേഖലയിൽ ചാഞ്ചാടിയിട്ട് താഴ്ന്നു 96.92 ൽ ക്ലോസ് ചെയ്തു. . ഇന്നു രാവിലെ സൂചിക 96.70 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ വീണ്ടും ദുർബലമായി. യൂറോ 1.1782 ഡോളറിലേക്കു കയറി. പൗണ്ട് കുറച്ചു താഴ്ന്ന ശേഷം 1.365 ഡോളറിലേക്കു കയറി. ജാപ്പനീസ് യെൻ ഡോളറിന് 144.38 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കൂടി. അവയിലെ നിക്ഷേപനേട്ടം 4.324 ശതമാനത്തിലേക്ക് താഴ്ന്നു.
രൂപ വെള്ളിയാഴ്ച ദുർബലമായി ' ഡോളർ എട്ടു പൈസ നേട്ടത്തോടെ 85.39 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ഒപെകും മിത്രരാജ്യങ്ങളും ഉൾപ്പെട്ട ഒപെക് ഉൽപാദനം കൂട്ടാൻ വാരാന്ത്യത്തിൽ തീരുമാനിച്ചു. ഇതു വിപണിയിൽ ക്രൂഡ് മിച്ചമാകാൻ വഴി തെളിക്കും എന്നാണു വിലയിരുത്തൽ. അമേരിക്ക തീരുവ കൂട്ടുന്നതു വഴി ഉണ്ടാകുന്ന വളർച്ചക്കുറവും ഡിമാൻഡ് കുറയ്ക്കാം തിങ്കളാഴ്ച വിപണിയുടെ തുടക്കത്തിൽ തന്നെ വില ഒരു ശതമാനം ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 67.40 ഡോളറിൽ എത്തി. പിന്നീട് അൽപം കയറി ഡബ്ല്യുടിഐ ഇനം 65.60 ഡോളറിലും മർബൻ ക്രൂഡ് 68.78 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില രണ്ടു ശതമാനം ഇടിഞ്ഞു.
ക്രിപ്റ്റോ കറൻസികൾ ഉയർന്നു നിൽക്കുന്നു. ബിറ്റ് കോയിൻ 1,09,2500 ഡോളറിനടുത്താണ്.. ഈഥർ 2570 ഡോളർ കടന്നു.
ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് പങ്കെടുക്കുന്നില്ല. പകരം പ്രധാനമന്ത്രി ലി ചിയാങ് ആണു ചൈനയെ പ്രതിനിധീകരിച്ചത്. ഇതാദ്യമാണു ഷി ബ്രിക്സ് ഉച്ചകോടിയിൽ നിന്നു വിട്ടു നിൽക്കുന്നത്. 2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിലും ഷി പങ്കെടുത്തില്ല.
ഇത്തവണ ഷി വിട്ടു നിൽക്കുന്നത് അദ്ദേഹം അധികാരം വിടുന്നതിനു മുന്നോടിയായി ചുമതലകൾ പങ്കുവയ്ക്കുന്നതിൻ്റെ തുടക്കമായി പലരും ചിത്രീകരിക്കുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഇന്ന് ഇതു സംബന്ധിച്ച ഒരു വിശകലനം പ്രസിദ്ധീകരിച്ചത് വാർത്തയായിട്ടുണ്ട്.ഹു ജിൻടാവോയെ പിന്തുടർന്ന് 2012-ൽ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും 2013-ൽ ചൈനീസ് പ്രസിഡൻ്റും കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാനും ആയ ഷി മൂന്നു പദവിയിലും മൂന്നാമത്തെ കാലാവധിയിലാണ്. 1976-ൽ മാവോ അന്തരിച്ച ശേഷം ഒരു ചൈനീസ് ഭരണാധിപനും രണ്ടു കാലാവധിയിലധികം കിട്ടിയിട്ടില്ല. പാർട്ടിയിൽ ജിയാംഗ് സെമിനു ശേഷം (1989-2003) ആർക്കും മൂന്നു കാലാവധി നൽകിയില്ല.
2016-ൽ "നേതൃത്വത്തിൻ്റെ കാതൽ " എന്ന പദവി കൂടി ലഭിച്ച ഷിയുടെ ഇപ്പോഴത്തെ പാർട്ടി നേതൃത്വ കാലാവധി 2027-ൽ അവസാനിക്കും. രാഷ്ട്രത്തലവൻ പദവി 2028 ലും. പാർട്ടി പദവിയും മിലിട്ടറി കമ്മീഷൻ ചെയർമാൻ പദവും നിലനിർത്തി പ്രസിഡൻ്റ് പദവി ഏതെങ്കിലും വിശ്വസ്തന് 2028 ൽ കൈമാറാൻ ഷി ഒരുങ്ങുന്നു എന്നാണു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഷിക്ക് 75 വയസ് ആകും. പാർട്ടിയിലെയും മിലിട്ടറി കമ്മീഷനിലെയും പദവി 2032 ലാകാം ഒഴിയുക എന്നും അഭ്യൂഹമുണ്ട്.കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയിൽ നിന്നു വളരെ ദുർബല വളർച്ചയിലേക്കു ചൈന താഴ്ന്ന സാഹചര്യത്തിൽ സാമ്പത്തിക നയത്തിലും രാജ്യത്തിൻ്റെ മുൻഗണനകളിലും മാറ്റം വേണമെന്ന ആവശ്യം പലേടത്തും ഉയരുന്നുണ്ട്. ഷിയുടെ കരുത്തും പാർട്ടിയിലെ സ്വധീനവും കുറയുന്നു എന്ന വിലയിരുത്തലും ചില വിദേശ നയതന്ത്രജ്ഞർ നടത്തുന്നുണ്ട്.
(2025 ജൂലൈ 04, വെള്ളി)
സെൻസെക്സ്30 83,432.89 +0.23%
നിഫ്റ്റി50 25,461.00 +0.22%
ബാങ്ക് നിഫ്റ്റി 57,031.90 +0.42%
മിഡ് ക്യാപ്100 59,677.75 -0.01%
സ്മോൾക്യാപ്100 19,033.05 +0.03%
ഡൗജോൺസ് 44,828.50 +0.00%
എസ്ആൻഡ്പി 6279.35 +0.00%
നാസ്ഡാക് 20,601.10 + 0.00%
ഡോളർ($) ₹85.39 +₹0.08
സ്വർണം(ഔൺസ്)$3337.93 +$10.72
സ്വർണം(പവൻ) ₹72,400 -₹480
ശനി ₹72,480 +₹80
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.30 -$0.50
Read DhanamOnline in English
Subscribe to Dhanam Magazine