ഇറാനു നേരെ വീണ്ടും ഭീഷണി; ക്രൂഡ് ഓയിൽ ഉയർന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ; വിദേശികൾ വീണ്ടും വാങ്ങലുകാരായി; ഇന്ത്യൻ വിപണിയിൽ ഉത്സാഹം

ദീർഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷിക്കുന്ന മഴ. ജൂലൈ അഞ്ചു വരെയുള്ള കണക്കനുസരിച്ചു ഖാരിഫ് കൃഷിയിറക്കൽ 20.77 ശതമാനം കുറവാണ്
Pre Market Analysis
Morning business newsCanva
Published on

കരാർ ഉണ്ടായില്ലെങ്കിൽ ഇറാൻ്റെ പാലങ്ങളും വൈദ്യുതനിലയങ്ങളും റിഫൈനറികളും നശിപ്പിക്കുമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ക്രൂഡ് ഓയിൽ വില ഇതേ തുടർന്ന് അര ശതമാനം കയറി. ഏഷ്യൻ വിപണികൾ താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. സ്വർണം താഴുകയും ഡോളർ ഉയരുകയും ചെയ്തു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,580.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,594 വരെ കയറിയിട്ട് അൽപം താഴ്ന്നു. ഇന്നു വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ കമ്മി 20%, കൃഷിയിറക്കൽ കമ്മി 20.77%

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂലൈ ആറിലെ നിലവച്ച് 20 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരാഴ്ച മുൻപ് 40 ശതമാനം കുറവുണ്ടായിരുന്നു . ദീർഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷിക്കുന്ന മഴ. ജൂലൈ അഞ്ചു വരെയുള്ള കണക്കനുസരിച്ചു ഖാരിഫ് കൃഷിയിറക്കൽ 20.77 ശതമാനം കുറവാണ്. കൃഷിയിറക്കലിലെ കുറവ് സ്ഥലവിസ്തൃതിയുടെ ശതമാനത്തിൽ: എണ്ണക്കുരുക്കൾ 39.3, പയറുവർഗങ്ങൾ 21.8, പരുക്കൻ ധാന്യങ്ങൾ 16.3, പരുത്തി 23. എൽ നിനോ മൂലം കൃഷി കുറയുന്നതു വിലക്കയറ്റം കൂട്ടുമെന്നു റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് വിലയിരുത്തി. ചില്ലറ വിലക്കയറ്റം 5.1 ശതമാനം ആകുകയും ഗ്രാമീണ ഡിമാൻഡ് കുറയുകയും ചെയ്യും എന്ന് അവർ കരുതുന്നു. ഇതു സർക്കാരിൻ്റെ ധനകാര്യ നിലയെയും ബാധിക്കും.

യുഎസ് വിപണി മുന്നേറി

ചിപ് കമ്പനികളിലെ വിൽപന പ്രളയം ശമിച്ചത് യുഎസ് വിപണികളെ നേട്ടത്തിലാക്കി. സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷികാഘോഷത്തിനു ശേഷമുള്ള ആദ്യദിനം ഡൗ ജോൺസ് 53,000 കടന്നു റെക്കോർഡ് കുറിക്കുകയും ചെയ്തു.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 155.84 പോയിൻ്റ് (0.29 ശതമാനം) ഉയർന്ന് 53,055.91 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 54.19 പോയിൻ്റ് (0.72%) കയറി 7537.43 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 288.49 പോയിൻ്റ് (1.12%) കുതിച്ച് 26,121.16 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിൽ

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 63 പോയിൻ്റ് (0.12%) കയറി. എസ് ആൻഡ് പി 10 പോയിൻ്റും (0.13%) നാസ്ഡാക് 200 പോയിൻ്റും (0.66%) താഴ്ന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് തിങ്കളാഴ്ച വിപണിസമയത്ത് 6.33 ശതമാനം കുതിച്ചിട്ടു തുടർവ്യാപാരത്തിൽ 0.36 ശതമാനം താഴ്‌ന്ന് 27.30 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് രണ്ടു ശതമാനം ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ 0.44% താഴ്ന്ന് 29.95 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 2.51% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 1.10% കയറി 11.00 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 2.65% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.09 ശതമാനം ഉയർന്ന് 1.86 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് പലവഴി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച പലവഴി നീങ്ങി. ക്ലോസ് ചെയ്തു. യൂറോപ്യൻ സ്റ്റോക്സ് 600 ഉം ഫ്രഞ്ച് യുകെ സൂചികകളും താഴ്ന്നു. ജർമൻ വിപണി കയറി.

ഏഷ്യൻ വിപണികൾ താഴ്ചയിൽ

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി അഞ്ചു ശതമാനം ഇടിഞ്ഞു. ജാപ്പനീസ് സൂചിക നിക്കൈ 1.5 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.10 ശതമാനം ഇടിവിലാണ്. ഹോങ് കോങ് വിപണി 0.40 ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് സൂചിക 0.55 ശതമാനം താഴ്ന്നു.

വിദേശികൾ വീണ്ടും വാങ്ങുന്നു; കുതിപ്പിൽ ഇന്ത്യൻ വിപണി

വിദേശനിക്ഷേപകർ വീണ്ടും വിപണിയിൽ വാങ്ങലുകാരായത് തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ വിപണിസൂചികകളെ കയറ്റി.

ജൂൺ ആദ്യപകുതി വരെ ഓഹരിവിപണിയിൽ വലിയ വിൽപനക്കാരായിരുന്ന വിദേശികൾ മൂന്നാഴ്ചയായി വാങ്ങലിലാണ്. ജൂൺ 15 വരെ 64,000 കോടി രൂപയിൽ പരം ഓഹരികൾ വിറ്റഴിച്ച അവർ ജൂൺ 16-30 കടലയളവിൽ 14,109 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ജൂലൈയിലെ നാലു ദിവസം കൊണ്ടു 2985 കോടി കൂടി നിക്ഷേപിച്ചു. ധനകാര്യ കമ്പനികൾ, കൺസ്യൂമർ ഡ്യുറബിൾസ്, കൺസ്ട്രക്‌ഷൻ കമ്പനികൾ, ഹെൽത്ത് കെയർ, കൺസ്യൂമർ സർവീസസ് മേഖലകളിലാണു കൂടുതൽ നിക്ഷേപം. ടെലികോമിൽ നിന്ന്റ വിറ്റു മാറുകയാണ്.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ 243.03 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3791.42 കോടി രൂപയുടെ വാങ്ങലും നടത്തി.

ഇന്നലെ ഐടിയും മീഡിയയും പൊതുമേഖലാ ബാങ്കുകളും താഴ്ചയിലായി. റിയൽറ്റിയും കൺസ്യൂമർ ഡ്യുറബിൾസും ഓട്ടോയും ഓയിലും മെറ്റലും നല്ല നേട്ടം ഉണ്ടാക്കി.

ഒന്നാം പാദ പ്രവർത്തനകണക്ക് എച്ച്ഡിഎഫ്സി ബാങ്കിനെ 3.36 ഉം ഇൻഡസ് ഇൻഡ് ബാങ്കിനെ 3.76 ഉം ശതമാനം ഉയർത്തിയപ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്ക് 3.97 ശതമാനം ഇടിഞ്ഞു.

ഏറോസ്പേസ്, പ്രതിരോധ മേഖലകളിൽ പ്രവർത്തിക്കുന്ന അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരിവിൽപന അടക്കം ധനസമാഹരണ കാര്യങ്ങൾ തീരുമാനിക്കാൻ ബോർഡ് യോഗം ചേരും എന്ന സൂചനയിൽ ഇന്നലെ 6.23 ശതമാനം ഇടിഞ്ഞു. ഈയിടെ ഓഹരി ഗണ്യമായി ഉയർന്നതാണ്. പ്രതിരോധ മേഖലയിലെ സെൻടെക് 6.66 ഉം ഡൈനാമാറ്റിക് 6.08 ഉം പരസ് 4.86 ഉം ശതമാനം ഉയർന്നു..

തിങ്കളാഴ്ച സെൻസെക്‌സ് 521.16 പോയിൻ്റ് (0.67%) ഉയർന്ന് 78,285.07 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 159.50 പോയിൻ്റ് (0.66%) നേട്ടത്തോടെ 24,430.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 353.00 പോയിൻ്റ് (0.61%) കയറി 58,291.50 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 281.20 പോയിൻ്റ് (0.45%) ഉയർന്ന് 62,471.50 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 144.00 പോയിൻ്റ് (0.75%) കയറി 19,319.10 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ താഴ്ന്നു. ബിഎസ്ഇയിൽ 1985 ഓഹരികൾ കയറി, 2366 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1570 എണ്ണം ഉയർന്നപ്പോൾ 1754 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

കൊച്ചിൻ ഷിപ്പ് യാർഡിലെ 5.04 ശതമാനം ഓഹരി ഓഫർ ഫോർ സെയിൽ വഴി വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 1400 രൂപയാണ് തറവില. ഇന്നലെ 1.02 ശതമാനം താഴ്‌ന്ന് 1508.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. വിൽപന ഇന്നു തുടങ്ങും. റീട്ടെയിൽ നിക്ഷേപകർക്കു നാളെയാണ് അവസരം.

ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനി ട്രെൻ്റ് ഒന്നാം പാദത്തിൽ വിറ്റുവരവ് 19 ശതമാനം വർധിപ്പിച്ചു.

ടൈറ്റൻ ലിമിറ്റഡ് ഒന്നാം പാദത്തിൽ കൺസ്യൂമർ ബിസിനസ് 41 ശതമാനം വർധിപ്പിച്ചു.

ദേവയാനി ഫുഡ്സിൻ്റെ കെനിയയിലെ ബിസിനസ് വരുൺ ബിവറേജസിൻ്റെ കെനിയൻ ഉപകമ്പനി 305 കോടി രൂപയ്ക്കു വാങ്ങാൻ കരാർ ഉണ്ടാക്കി.

ജൂബിലൻ്റ് ഫുഡ് വർക്സ് ജൂൺ പാദത്തിൽ വിറ്റുവരവ് 14.1 ശതമാനം വർധിപ്പിച്ചു.

സ്വർണം താഴോട്ട്

പലിശവർധന ഉടനെയില്ല എന്ന വിശ്വാസം ശരിയല്ലെന്ന സംസാരം വിപണിയിൽ പ്രബലമാകുന്നു. ബുധനാഴ്ച ഫെഡറൽ റിസർവ് പുറത്തു വിടുന്ന മിനിറ്റ്സിൽ കൃത്യത ലഭിക്കും എന്നാണു പ്രതീക്ഷ. പലിശപ്പേടിയിൽ സ്വർണം താഴോട്ടു നീങ്ങി. ഇന്നലെ 10 ഡോളർ കുറഞ്ഞ് ഔൺസിന് 4166 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 0.75 ശതമാനം ഇടിഞ്ഞ് 4128 ഡോളർ വരെ എത്തി. പിന്നീട് അൽപം കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ 80 രൂപ കുറഞ്ഞ് 1,07,520 രൂപ ആയി.

വെള്ളിവില ഇന്നലെ ഔൺസിന് 62.17 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 61.16 ഡോളറിലേക്കു താഴ്ന്നു.

പ്ലാറ്റിനം 1617 ഡോളർ, പല്ലാഡിയം 1244 ഡോളർ, റോഡിയം 7700 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഉയർന്നു

തിങ്കളാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും ഉയർന്നു. ചെമ്പ് 0.07 ശതമാനം ഉയർന്നു ടണ്ണിനു 13,307.35 ഡോളർ ആയി. അലൂമിനിയം 0.73 ശതമാനം കയറി 3108.34 ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും ടിന്നും ഉയർന്നു. നിക്കൽ താഴ്ന്നു.

റബർ കയറ്റം തുടരുന്നു

രാജ്യാന്തര റബർ വില തിങ്കളാഴ്ചയും വർധിച്ചു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 293.60 ഡോളറിലും ആർഎസ്എസ് മൂന്ന് 290.20 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,100 രൂപയിലേക്കു കയറി.

കൊക്കോ വില തിങ്കളാഴ്ച 13.49 ശതമാനം കുതിച്ചു ടണ്ണിന് 5694 ഡോളറിൽ എത്തി. ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നാണു വിലയിരുത്തൽ. അവധിവില 5300 ഡോളറിനു മുകളിലാണ്.

അറബിക്ക കാപ്പിവില 15.82 ശതമാനം കുതിച്ചു പൗണ്ടിന് 3.50 ഡോളർ ആയി. ബ്രസീലിൽ കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞു. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളർ സൂചിക കയറുന്നു

യുഎസ് ഡോളർ ഇന്നലെ ചെറിയ ചാഞ്ചാട്ടത്തിനു ശേഷം 100.86 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.91ലേക്കു കയറി.

യൂറോ 1.1442 ഡോളറിലേക്കും പൗണ്ട് 1.3393 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 162.14 യെൻ വരെ ചെന്നിട്ട് 161.90 ലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.80 യുവാൻ ആയി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.481 ശതമാനമായി ഉയർന്നു.

രൂപയ്ക്കു ദൗർബല്യം

എണ്ണക്കമ്പനികൾ കൂടുതൽ ഡോളർ വാങ്ങിയതോടെ തിങ്കളാഴ്ച ഇന്ത്യൻ രൂപ അൽപം താഴ്ന്നു. ഡോളർ 19 പൈസ വർധിച്ച് 95.40 രൂപയിൽ അവസാനിച്ചു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.60 രൂപയിൽ നിന്നു 95.39 രൂപയിലക്കു താഴ്ന്നു. ചൈനീസ് യുവാൻ 14.04 രൂപയിലേക്കും യൂറോ 109.16 രൂപയിലേക്കും എത്തി.

ക്രൂഡ് ഓയിൽ കയറി

ഹോർമുസ് ശാന്തമായി തുടരുന്നതും ഒപെക് പ്ലസ് ഉൽപാദനം കൂട്ടുന്നതും സൗദി അറേബ്യ വില താഴ്ത്തുന്നതും ക്രൂഡ് ഓയിൽ വിലയെ ഇന്നലെ സ്റ്റെഡിയായി നിർത്തി. ഇന്നു വില കയറി. ഇന്നലെ 71.99 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം രാവിലെ 72.19 ഡോളറിലും ഡബ്ള്യുടിഐ ഇനം 68. 76 ഡോളറിലും എത്തി.

ക്രിപ്റ്റോകൾ ഉയരുന്നു

താൻ വലിയ ക്രിപ്റ്റോ വിശ്വാസിയാണ് എന്ന ട്രംപിൻ്റെ പ്രസ്താവന ക്രിപ്റ്റോ കറൻസികളെ വീണ്ടും ഉയർത്തി. ബിറ്റ് കോയിൻ 63,800 ഡോളറിനു മുകളിൽ എത്തി. ഈഥർ 1790 ഡോളറിനും സൊലാന 82 ഡോളറിനും മുകളിലായി.

വിപണിസൂചനകൾ

(2026 ജൂലൈ 06, തിങ്കൾ)

സെൻസെക്സ് 78,285.07 +0.67%

നിഫ്റ്റി50 24,430.35 +0.66%

ബാങ്ക് നിഫ്റ്റി 58,291.50 +0.61%

മിഡ്ക്യാപ്100 62,471.50 +0.45%

സ്മോൾക്യാപ്100 19,319.10 +0.75%

ഡൗജോൺസ് 53,055.91 +0.29%

എസ്ആൻഡ്പി 7537.43 +0.72%

നാസ്ഡാക് 26,121.16 +1.12%

ഡോളർ ₹95.40 +₹0.19

സ്വർണം(ഔൺസ്)$4166.00 -$10.10

സ്വർണം(പവൻ) ₹1,07,520 -₹80

ക്രൂഡ്ഓയിൽബ്രെൻ്റ്$71.99 -$0.13

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com