'ഓപ്പറേഷൻ സിന്ദൂർ' വിജയം ഇന്ത്യൻ വിപണിക്ക് തുണയാകും; യുഎസ്- ചൈന ചർച്ച ഈയാഴ്ച; ക്രൂഡ് ഓയിൽ കയറുന്നു
ഇന്ത്യ ഇന്നു പുലർച്ചെ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' മിസൈൽ ആക്രമണത്തിൽ പാക്കിസ്ഥാനിലെ ഒൻപതു ഭീകരതാവളങ്ങൾ തകർത്തു. തിരിച്ചടിക്കും എന്നു പാക്കിസ്ഥാൻ അവകാശപ്പെട്ടെങ്കിലും രാവിലെ വരെ കാര്യമായ ഒന്നും സംഭവിച്ചില്ല. ഇതിൻ്റെ ആശ്വാസവും ആത്മവിശ്വാസവും ഇന്നു വിപണിയെ സഹായിക്കാം. പാക്കിസ്ഥാൻ തിരിച്ചടിക്കുമോ, എങ്ങനെയാകും അത് എന്നിങ്ങനെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ വിപണിഗതിയെ നിയന്ത്രിക്കും.
ഇന്നു രാത്രി യുഎസ് ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനം വരും.
വ്യാപാരയുദ്ധം ഒത്തു തീർക്കാൻ യുഎസ്-ചൈന ചർച്ച ഈയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കും. നിർണായക പുരോഗതി അതിൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. യുഎസ് ഫ്യൂച്ചേഴ്സ് ഇതേ തുടർന്നു കയറ്റത്തിലാണ്.
ഇന്ത്യയും ബ്രിട്ടനുമായി സ്വതന്ത്രവ്യാപാര കരാർ ഉണ്ടാക്കി. ഇന്ത്യൻ കയറ്റുമതിക്കു ചുങ്കം ഒഴിവാക്കുന്നതാണു കരാർ. ബ്രിട്ടനിൽ നിന്ന് വരുന്ന വിസ്കിയുടെ നികുതി 150 ൽ നിന്ന് 75 ശതമാനമായി കുറയും.
ഇത്തരം അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിലും വ്യാപക യുദ്ധത്തെ പറ്റിയുള്ള ആശങ്ക വിപണിക്കു മേൽ കരിനിഴലായി നിൽക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,125 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 24,261 ൽ ഓപ്പൺ ചെയ്തിട്ട് 24,383 വരെ ഉയർന്നു. പിന്നീട് അൽപം താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ഇന്നലെ ദുർബലമായി. ജർമൻ ചാൻസലർ ഫ്രീഡ്രിഹ് മറ്റ്സ് ഒന്നാം വട്ട വോട്ടിംഗിൽ വിജയിക്കാതിരുന്നതു വിപണിയെ ഇടിച്ചിട്ടു. ഉച്ചയ്ക്കുശേഷം രണ്ടാം വോട്ടിംഗിൽ മറ്റ്സ് വിജയിച്ചതോടെ നഷ്ടം കുറച്ചു.
വ്യാപാരയുദ്ധത്തിനു പരിഹാരം കാണാത്തത് ചാെവ്വാഴ്ചയും യുഎസ് വിപണിയെ താഴ്ത്തി. വിപണി അടച്ച ശേഷം ഫ്യൂച്ചേഴ്സും നഷ്ടത്തിലാണു വ്യാപാരം ആരംഭിച്ചത്. അപ്പോഴാണു സ്വിറ്റ്സർലൻഡിൽ ഈയാഴ്ച അമേരിക്ക - ചൈന ഉന്നതതല ചർച്ച നടക്കുമെന്ന് അറിവായത്. തുടർന്നു ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലായി.
സ്വിറ്റ്സർലൻഡിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റും വാണിജ്യ പ്രതിനിധി ജാമീസൺ ഗ്രീയറും ചൈനീസ് ഉപപ്രധാനമന്ത്രി ഹി ലിഫെംഗുമായാണു ചർച്ച നടത്തുക. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന അപ്രഖ്യാപിത ചർച്ചകൾ കുറെയേറെ കാര്യങ്ങളിൽ ധാരണയിലെത്താൻ സഹായിച്ചിട്ടിട്ടുണ്ട് എന്നാണു സൂചന. ചർച്ച വിജയിക്കുന്നതോടെ സാമ്പത്തിക രംഗത്തെ വലിയ അനിശ്ചിതത്വത്തിന് അവസാനമാകും.
ചാെവ്വാഴ്ച ഡൗ ജോൺസ് സൂചിക 389.83 പോയിൻ്റ് (0.95%) ഇടിഞ്ഞ് 40,829.00 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 43.47 പോയിൻ്റ് (0.77%) നഷ്ടത്തോടെ 5606.91 ൽ അവസാനിച്ചു. നാസ്ഡാക് 154.58 പോയിൻ്റ് (0.87%) താഴ്ന്ന് 17,689.66 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.67 ഉം എസ് ആൻഡ് പി 0.80 ഉം നാസ്ഡാക് 0.94 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ പൊതുവേ കയറ്റത്തിലാണ്. ചൈന - യുഎസ് ചർച്ച നടക്കുമെന്നത് ഹോങ് കോങ് സൂചികയെ രണ്ടരയും ഷാങ്ഹായ് സൂചികയെ ഒന്നേകാലും ശതമാനം ഉയർത്തി. ചൈന കുറഞ്ഞ പലിശ നിരക്ക് 0.10 ശതമാനം കുറച്ചു, ബാങ്കുകളുടെ റിസർവ് ബാധ്യത അര ശതമാനം താഴ്ത്തി. ജപ്പാനിൽ നിക്കൈ സൂചിക നേരിയ താഴ്ചയിലാണ്.
നേട്ടം നഷ്ടപ്പെടുത്തി ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചാെവ്വാഴ്ച രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയിട്ട് നഷ്ടത്തിലേക്കു വീണു. തലേന്നത്തെ നേട്ടമെല്ലാം വിപണി നഷ്ടപ്പെടുത്തി. ലാഭമെടുക്കലിനുള്ള തത്രപ്പാടാണു വിപണിയിൽ ഇന്നലെ കണ്ടത്.
ബാങ്ക്, ധനകാര്യ കമ്പനികൾ ഇന്നലെയും വലിയ നഷ്ടത്തിലായി. പാപ്പർ നടപടികളുടെ ഭാഗമായി കമ്പനികളെ വിറ്റു കുറേ പണം ഈടാക്കാനുള്ള സാധ്യത ഇല്ലാതാക്കുന്ന സുപ്രീം കോടതി വിധിയാണ് ഇവയെ താഴ്‌ത്തിയത്. വിധിക്കെതിരേ റിവ്യു ഹർജികൾ നൽകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സൂചിക ഇന്നലെ 4.84 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് ബറോഡ 10.99 ശതമാനം താഴ്ചയിലാണ്.
റിയൽറ്റി സൂചിക 3.58 ശതമാനം താഴ്ന്നു. ഗോദ്റെജ്, പുറവങ്കര, ശോഭ, പ്രസ്റ്റീജ് തുടങ്ങിയവ വലിയ നഷ്ടത്തിലായി.
അമേരിക്ക രണ്ടാഴ്ചയ്ക്കുള്ളിൽ ഔഷധ ഇറക്കുമതിക്കു തീരുവ പ്രഖ്യാപിക്കും എന്നത് ഫാർമ കയറ്റുമതിക്കാർക്ക് തിരിച്ചടിയായി.
യെസ് ബാങ്കിനെ ഏറ്റെടുക്കാൻ സുമിടോമോ മിട്സുയി ബാങ്കിംഗ് കോർപറേഷനു റിസർവ് ബാങ്ക് അനുമതി നൽകിയെന്ന റിപ്പോർട്ട് ബാങ്ക് ഓഹരിയെ ഉയർത്തി.
കൊച്ചിൻ ഷിപ്പ് യാർഡ്, മസഗോൺ ഡോക്ക്, ഗാർഡൻ റീച്ച് തുടങ്ങിയ കപ്പൽ നിർമാണ കമ്പനികളും ഷിപ്പിംഗ് കോർപറേഷനും നാലു ശതമാനത്തിലധികം ഇടിഞ്ഞു.
ചൊവ്വാഴ്ച നിഫ്റ്റി 81.55 പോയിൻ്റ് (0.33%) താഴ്ന്ന് 24,379.60 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 155.77 പോയിൻ്റ് (0.19%) നഷ്ടത്തോടെ 80,641.07 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 648.10 പോയിൻ്റ് (1.18%) താഴ്ന്ന് 54,271.40 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 1239.90 പോയിൻ്റ് (2.27 ശതമാനം) ഇടിഞ്ഞ് 53,435.85 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 441.75 പോയിൻ്റ് (2.50 ശതമാനം) തകർന്ന് 16,195.15 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 742 ഓഹരികൾ ഉയർന്നപ്പോൾ 3209 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 545 എണ്ണം. താഴ്ന്നത് 233 1 ഓഹരികൾ.
എൻഎസ്ഇയിൽ 25 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 56 എണ്ണമാണ്. 35 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 122 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 3794.52 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 1397.68 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 24,300 ലെ പിന്തുണ നഷ്ടമാക്കിയാൽ 24,050 വരെ താഴാം. ഇന്നു നിഫ്റ്റിക്ക് 24,340 ഉം 24,235 ഉം പിന്തുണയാകും. 24,480 ലും 24,580 ലും തടസം ഉണ്ടാകാം.
റിസൽട്ടുകൾ ഇന്ന്
കോൾ ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഡാബർ, എംആർഎഫ്, വണ്ടർല ഹോളിഡെയ്സ്, വോൾട്ടാസ്, സൊനാറ്റാ സോഫ്റ്റ്‌വേർ, മാംഗളൂർ കെമിക്കൽസ്, നിവാ ബൂപാ, ടാറ്റാ കെമിക്കൽസ്, യുനൈറ്റഡ് ബ്രൂവറീസ് തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ടുകൾ പുറത്തുവിടും.
സ്വർണം വീണ്ടും കുതിച്ചു, ഇടിഞ്ഞു
ഡോളർ അപ്രതീക്ഷിതമായി ഇടിഞ്ഞതും രാജ്യാന്തര സാഹചര്യങ്ങളും സ്വർണത്തെ വീണ്ടും റെക്കോർഡ് നിലവാരത്തിന് അടുത്തെത്തിച്ചു. ഇന്നലെയും സ്വർണവില മൂന്നു ശതമാനം കയറി ഔൺസിന് 3434.50 ഡോളറിൽ ക്ലാേസ് ചെയ്തു. പക്ഷേ ഇന്നു രാവിലെ വില രണ്ടു ശതമാനം ഇടിഞ്ഞ് 3370 ഡോളറിൽ എത്തി. യുഎസ്- ചൈന ചർച്ച സ്ഥിരീകരിച്ചതാണു സ്വർണത്തെ താഴ്ത്തിയത്.
തിങ്കളാഴ്ച കേരളത്തിൽ പവന് 2000 രൂപ വർധിച്ച് 72,200 രൂപയായി. ഇന്നും വില കൂടാം.
വെള്ളിവില ഇന്നലെ ഔൺസിന് 33.04 ഡോളർ ആയി. ഇന്നു 32.89ലേക്കു താഴ്ന്നു.
യുഎസ് - ചെെന വ്യാപാര ധാരണയ്ക്കുള്ള സാധ്യത തെളിഞ്ഞതോടെ ചാെവ്വാഴ്ച ചെമ്പുവില 3.26 ശതമാനം കുതിച്ച് ടണ്ണിനു 9499.85 ഡോളറിൽ എത്തി. അലൂമിനിയം വില അൽപം കുറഞ്ഞ് ടണ്ണിന് 2426.40 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങളും ഗണ്യമായി ഉയർന്നു. ടിൻ 3.13 ഉം സിങ്ക് 0.54 ഉം നിക്കൽ 0.97 ഉം ശതമാനം കയറി.
രാജ്യാന്തര വിപണിയിൽ റബർ വില 1.59 ശതമാനം ഉയർന്നു കിലോഗ്രാമിന് 172.40 സെൻ്റിൽ എത്തി. കൊക്കോ 2.40 ശതമാനം ഉയർന്ന് 8862.31 ഡോളറിൽ എത്തി. കാപ്പി 0.82 ശതമാനം ഉയർന്നു. പാമോയിൽ വില 0.44 ശതമാനം താഴ്ന്നു.
ഡോളർ സൂചിക 100 നു താഴെ; രൂപ താഴ്ന്നു
ഡോളർ സൂചിക ചാെവ്വാഴ്ച രാവിലെ 100 നു മുകളിൽ ആയിരുന്നെങ്കിലും അവിടെ നിൽക്കാനായില്ല. 99.24 ലേക്കു താഴ്ന്നു ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 99.52 വരെ ഉയർന്നു.
യൂറോ ഇന്ന് 1.1342 ഡോളറിലേക്കു കയറി. പൗണ്ട് 1.3348 ഡോളറിലേക്കും ജാപ്പനീസ് യെൻ ഡോളറിന് 142.96 യെൻ എന്ന നിരക്കിലേക്കും ഉയർന്നു.
യുഎസ് കടപ്പത്രവില ഇന്നു രാവിലെ താഴ്ന്നു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.312 ശതമാനത്തിലേക്ക് കയറി.
രൂപ ചൊവ്വാഴ്ച രാവിലെ ഡോളറിന് 84.28 രൂപ എന്ന നിലയിൽ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ താഴ്ന്നു. .
തലേന്നത്തേക്കാൾ ഡോളറിനു 18 പൈസ വർധിച്ച് 84.43 ൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.22 യുവാൻ എന്ന നിലയിലേക്കു കയറി. മറ്റ് ഏഷ്യൻ കറൻസികളും ഈ ദിവസങ്ങളിൽ ഡോളറിനെതിരേ ഉയർന്നിട്ടുണ്ട്.
ക്രൂഡ് ഓയിൽ കയറുന്നു
ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടലിൻ്റെ ആഘാതം മറി കടന്ന് വിപണി വീണ്ടും കയറ്റത്തിലായി. ബ്രെൻ്റ് ഇനം ഇന്നലെ ബാരലിന് 3.2 ശതമാനം കയറി 62.45 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 59.47 ഡോളറും ആയി. ഇന്നു രാവിലെ ബ്രെൻ്റ് 62.49 ലേക്കും ഡബ്ള്യുടിഐ 59.51 ലേക്കും എത്തി. മർബൻ ക്രൂഡ് 62.69 ഡോളർ ആയി.
ക്രിപ്റ്റോകൾ ഉയർന്നു
ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ ഉയർന്ന് 97,500 ഡോളറിനു സമീപമെത്തി. ഈഥർ 1840 ഡോളറിനു മുകളിലാണ്.
വിപണിസൂചനകൾ
(2025 മേയ് 06, ചൊവ്വ)
സെൻസെക്സ്30 80,641.07 -0.19%
നിഫ്റ്റി50 24,379.60 -0.33%
ബാങ്ക് നിഫ്റ്റി 54,271.40 -1.18%
മിഡ് ക്യാപ്100 53,435.85 -2.27%
സ്മോൾക്യാപ്100 16,195.15 -2.50%
ഡൗജോൺസ് 40,829.00 -0.95%
എസ്ആൻഡ്പി 5606.91 -0.77%
നാസ്ഡാക് 17,689.70 -0.87%
ഡോളർ($) ₹84.43 +₹0.18
സ്വർണം(ഔൺസ്) $3434.50 +$99.10
സ്വർണം(പവൻ) ₹72,200 +₹2000.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $62.15 +$1.92
Read DhanamOnline in English
Subscribe to Dhanam Magazine

