തൊഴിൽ കൂടിയതു മൂലം പലിശപ്പേടി; ട്രംപിൻ്റെ വ്യാപാരയുദ്ധ ഭീഷണിയും; യുദ്ധഭീതിയിൽ കുറവില്ല; ഏഷ്യൻ വിപണികൾ കയറി; യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു

ജൂലൈയിൽ 20,200 കോടിയും ഓഗസ്റ്റിൽ 30,919 കോടിയും രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ച വിദേശികൾ സെപ്റ്റംബറിലെ ആദ്യ ആഴ്ച 7443 കോടി രൂപ പിൻവലിച്ചു
Stock Market Pre-opening Analysis
Morning Business NewsDhanam Media
Published on

അമേരിക്കയിൽ വീണ്ടും പലിശപ്പേടി ശക്തമായി. വ്യാപാരയുദ്ധ ഭീതിയും ഉയരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നത് ക്രൂഡ് ഓയിൽ വില കയറാൻ കാരണമാകും എന്നു വിപണി ഭയപ്പെടുന്നു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നേട്ടത്തിലാണെങ്കിലും യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഇന്ത്യൻ വിപണിക്കു ദുർബലമായ തുടക്കം പ്രതീക്ഷിക്കുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,010.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,960 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

പലിശപ്പേടി വീണ്ടും

പ്രതീക്ഷയിലും വളരെ കൂടുതൽ തൊഴിലുകൾ ഓഗസ്റ്റിൽ ഉണ്ടായതായ യുഎസ് റിപ്പോർട്ട് വീണ്ടും പലിശപ്പേടിക്കു വഴിതുറന്നു. 53,000 പ്രതീക്ഷിച്ച സ്ഥാനത്ത് 1,62,000 അവസരങ്ങൾ ഉണ്ടായി. തൊഴിലില്ലായ്മ 4.1 ശതമാനം മാത്രം. സാമ്പത്തിക കുഴപ്പം കൂടാതെ പലിശ കൂട്ടാൻ പറ്റിയ സാഹചര്യം. ഈ വെള്ളിയാഴ്ച വരുന്ന കണക്ക് ചില്ലറ വിലക്കയറ്റം 3.5 ശതമാനത്തിനു മുകളിലാണെന്നു കാണിച്ചാൽ ഫെഡറൽ റിസർവ് പലിശ കാൽ ശതമാനം കൂട്ടും എന്നാണു പ്രതീക്ഷ. പലിശ കൂട്ടലിന് 58.4 ശതമാനം സാധ്യത ഉള്ളതായി സിഎംഎ ഫെഡ് വാച്ച് കണക്കാക്കുന്നു.

ഇതിനിടെ പലിശ കുറച്ചില്ലെങ്കിൽ വ്യാപാരകമ്മി ഉള്ള രാജ്യങ്ങളുമായുള്ള വ്യാപാരം നിർത്തും എന്ന അസാധാരണ ഭീഷണി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തി. അപ്രതീക്ഷിതവും. പലിശയോടു ബന്ധമില്ലാത്തതുമായ ഈ ഭീഷണിയെ ഫെഡറൽ റിസർവും വിപണിയും എങ്ങനെ കൈകാര്യം ചെയ്യുമെന്നു കാത്തിരുന്നു കാണേണ്ടിവരും. ഇന്ത്യയും ചൈനയും യൂറോപ്യൻ യൂണിയനും ജപ്പാനുമൊക്കെ അമേരിക്കയ്ക്കു വ്യാപാരകമ്മി വരുത്തുന്ന രാജ്യങ്ങളാണ്. അവയോടു വ്യാപാരയുദ്ധം എങ്ങനെയാണു നടത്തുക എന്നു വ്യക്തമല്ല.

യുഎസിൽ ശരാശരി ഡീസൽ വില ഗാലന് 5.85 ഡോളർ എന്ന റെക്കോർഡിൽ എത്തി, ഇറാൻ യുദ്ധത്തോടും ട്രംപിനോടും എതിർപ്പ് വീണ്ടും കൂടി.

പ്രീ ഓപ്പണിൽ മാറ്റം

ബിഎസ്ഇയിലും എൻഎസ്ഇയിലും പ്രീ മാർക്കറ്റ് ( രാവിലെ 9.00 -9.15) വ്യാപാരത്തിൽ ചെറിയ മാറ്റം ഇന്നു നടപ്പാക്കും. ക്ലോസിംഗ് ഓക്‌ഷൻ സെഷനു (കാസ്)മായി പൊരുത്തപ്പെടുത്താനാണു മാറ്റം. 9.05 വരെ മാർക്കറ്റ് ഓർഡറുകളും ലിമിറ്റ് ഓർഡറുകളും സമർപ്പിക്കാം. അതിനു ശേഷം മാർക്കറ്റ് ഓർഡറുകൾ നടത്താനാവില്ല. 9.05-9.10 നിടയിൽ ലിമിറ്റ് ഓർഡറുകൾ മാത്രമേ പറ്റൂ. 9.08-9.10 -ൽ ലിമിറ്റ് ഓർഡറുകളുടെ സിസ്റ്റം ക്ലോഷർ നടക്കും.

യുഎസ് വിപണി ഇടിഞ്ഞു

പലിശ കൂട്ടാൻ വീണ്ടും സാധ്യത വർധിച്ചതു വെള്ളിയാഴ്ച യുഎസ് വിപണിയെ നഷ്‌ടത്തിലാക്കി. ക്രൂഡ് ഓയിൽ വില ചെറിയ കയറ്റവും കാണിച്ചു. കടപ്പത്ര നിക്ഷേപനേട്ടം ഉയർന്നു.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 271.86 പോയിൻ്റ് (0.51 ശതമാനം) താഴ്‌ന്ന് 53,414.25 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.11 പോയിൻ്റ് (0.38%) നഷ്ടത്തോടെ 7718.60 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 77.07 പോയിൻ്റ് (0.29%) കുറഞ്ഞ് 26,506.99 ൽ ക്ലോസ് ചെയ്തു.

ആഴ്ചയിൽ ഡൗ 0.3 ശതമാനം താഴ്ന്നപ്പോൾ എസ് ആൻഡ് പി 0.1 ഉം നാസ്ഡാക് 0.4 ഉം ശതമാനം ഉയർന്നു.

സ്റ്റീയറിംഗും പെഡലും ഇല്ലാത്ത സൈബർ കാബ്, ടെസ്‌ല വെള്ളിയാഴ്ച അവതരിപ്പിച്ചു. വിപണിയുടെ പ്രതികരണം നിഷേധാത്മകമായിരുന്നു. ടെസ്‌ല ഓഹരി ആറു ശതമാനം ഇടിഞ്ഞു.

ഫ്യൂച്ചേഴ്സ് താഴ്ചയിൽ

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലായി. ഡൗ ജോൺസ് 162 പോയിൻ്റും (0. 30%) എസ് ആൻഡ് പി 6 പോയിൻ്റും (0.08%) നാസ്ഡാക് 10 പോയിൻ്റും (0.03%) താഴ്ന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 0.43 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.95% ഉയർന്ന് 23.40 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.72% കുറഞ്ഞ ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 30.30 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 3.23% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.34 ശതമാനം കയറി 11.74 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 0.56% ഉയർന്നും തുടർ വ്യാപാരത്തിൽ 0.47 ശതമാനം താഴ്ന്നും 1.802 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് താഴ്ന്നു

ജർമൻ സൂചിക ഒഴികെ യൂറോപ്യൻ ഓഹരിവിപണികൾ വെള്ളിയാഴ്ച താഴ്ന്നു. ഫോക്സ് വാഗൻ്റെ അഴിച്ചു പണിയും മുന്നേറ്റവും ജർമൻ സൂചികയ്ക്ക് ആഴ്ചയിൽ 1.66 ശതമാനം നേട്ടം നൽകി. പുതിയ കാർ വിൽപന 10 ശതമാനം വർധിച്ചത് യുകെ വിപണിക്ക് പ്രതിവാര നേട്ടം ഉണ്ടാക്കി.

ഏഷ്യ നേട്ടത്തിൽ

ഏഷ്യൻ വിപണികൾ ഇന്നും മുന്നേറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 2.15 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.30 ശതമാനം കയറി. ദക്ഷിണ കൊറിയയിൽ കോസ്‌പി മൂന്നു ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക നാമമാത്രമായി താഴ്ന്നു. തായ്‌വാൻ സൂചിക 1.35 ശതമാനം നേട്ടത്തിലായി. ഷാങ്ഹായ് സൂചിക 0.40 ശതമാനം ഉയർന്നു.

നാലു ദിവസത്തിനു ശേഷം നേട്ടം

നാലു ദിവസം തടർച്ചയായി താഴ്ന്ന ശേഷം ഇന്ത്യൻ വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. മുഖ്യ സൂചികകൾ നേട്ടം ഉണ്ടാക്കിയെങ്കിലും മിഡ് ക്യാപ്പുകൾ താഴ്ന്നു. തുടർച്ചയായ നാലാമത്തെ ആഴ്ചയും വിപണിക്കു പ്രതിവാര നഷ്ടമായിരുന്നു.

വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വലിയ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 3111.94 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകൾ 8930.12 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ജൂലൈയിൽ 20,200 കോടിയും ഓഗസ്റ്റിൽ 30,919 കോടിയും രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ച വിദേശികൾ സെപ്റ്റംബറിലെ ആദ്യ ആഴ്ച 7443 കോടി രൂപ പിൻവലിച്ചു.

വെള്ളിയാഴ്ച സെൻസെക്‌സ് 362.57 പോയിൻ്റ് (0.48%) ഉയർന്ന് 76,515.43 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 24.25 പോയിൻ്റ് (0.10%) കയറി 23,897.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 10.95 പോയിൻ്റ് (0.02%) നഷ്ടത്തോടെ 57,369.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 156.15 പോയിൻ്റ് (0.25%) താഴ്ന്ന് 63,079.05 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 44.70 പോയിൻ്റ് (0.22%) ഉയർന്ന് 20,095.45 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2388 ഓഹരികൾ കയറി, 1991 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2004 എണ്ണം ഉയർന്നപ്പോൾ 1503 എണ്ണം താഴ്ന്നു.

സ്വർണം 4400 ഡോളറിനു താഴെ

പലിശപ്പേടി വീണ്ടും വന്നതോടെ സ്വർണം താഴ്ചയിലായി. വെള്ളിയാഴ്ച ഒരു ശതമാനം താഴ്ന്ന് ഔൺസിന് 4431.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4389 ഡോളർ വരെ താഴ്ന്നിട്ടു 4400 നു മുകളിലായി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 960 രൂപ വർധിച്ച് 1,14,880 രൂപ ആയി. ശനിയാഴ്ച 1360 രൂപ ഇടിഞ്ഞ് 1,13,520 രൂപയിൽ എത്തി.

വെള്ളിവില വെള്ളിയാഴ്ച ഔൺസിന് 66.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.90 ലേക്കു താഴ്ന്നു.

പ്ലാറ്റിനം 1797 ഡോളർ, പല്ലാഡിയം 1380 ഡോളർ, റോഡിയം 8925 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ കയറുന്നു

രാജ്യാന്തര വിപണിയിൽ റബർവില കയറ്റത്തിലായി.. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 280.70 ഡോളറിലും ആർഎസ്എസ് മൂന്ന് 277.20 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,200 രൂപയിലേക്കു താഴ്ന്നു. ഈ വർഷം ആഗോള റബർ ഉൽപാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.

ലോഹങ്ങൾ ഉയർന്നു

പ്രധാന വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും ഉയർന്നു. ചെമ്പ് 0.08 ശതമാനം കൂടി ടണ്ണിന് 14,370.85 ഡോളർ ആയി. അലൂമിനിയം 0.18 ശതമാനം കയറി 3292.50 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും ഉയർന്നു.

കൊക്കോ കയറ്റുമതി കൂടി

കൊക്കോ വില 0.23 ശതമാനം കൂടി ടണ്ണിന് 6188.00 ഡോളറിൽ ക്ലോസ് ചെയ്തു. മുൻപു രണ്ടു ദിവസവും വില ഇടിഞ്ഞിരുന്നു. 2026-27 സീസണിൽ ഐവറി കോസ്റ്റിൽ 20 ഉം ഘാനയിൽ 13 ഉം ശതമാനം കുറവാകും ഉൽപാദനം എന്നാണു കണക്കാക്കുന്നത്. എന്നാൽ ഓഗസ്റ്റിലെ ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 19 ശതമാനം വർധിച്ചു. ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്കും വർധിച്ചു.

അറബിക്ക കാപ്പി 0.08 ശതമാനം കയറി പൗണ്ടിന് 2.956 ഡോളറിൽ എത്തി.

പാം ഓയിൽ 0.51 ശതമാനം ഉയർന്നു ടണ്ണിന് 4929 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ ഉയർന്നു

യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 99.18 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.13 ലേക്കു താഴ്ന്നു.

യൂറോ 1.1615 ഡോളറിലേക്കും പൗണ്ട് 1.3516 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 155.94 യെന്നിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ എത്തി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.784 ശതമാനത്തിലേക്കു കുതിച്ചു.

മാറ്റമില്ലാതെ രൂപ

വെള്ളിയാഴ്ച രൂപ ചെറിയ ചാഞ്ചാട്ടത്തിനു ശേഷം നിരക്കുമാറ്റം ഇല്ലാതെ അവസാനിച്ചു. ഡോളർ 94.49 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.49 രൂപയിലാണ്.

ചൈനീസ് യുവാൻ 14.07 രൂപയിലേക്കും യൂറോ 109.74 രൂപയിലേക്കും താഴ്ന്നു.

ക്രൂഡ് ഓയിൽ 97 ഡോളറിനു താഴെ

ക്രൂഡ് ഓയിൽ വാരാന്ത്യത്തിൽ അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 96.28 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്നു 96.68 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 91.96 ഡോളറിലാണ്.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിലും ചാഞ്ചാടി. ബിറ്റ്കോയിൻ 79,900 ഡോളറിനു താഴെ എത്തി. ഈഥർ ഇന്ന് 2500 ഡോളറിനും സൊലാന 105 ഡോളറിനും മുകളിൽ ആയി.

വിപണിസൂചനകൾ

(2026 സെപ്റ്റംബർ 04, വെള്ളി)

സെൻസെക്സ് 76,515.43 +0.48%

നിഫ്റ്റി50 23,897. 70 +0.10%

ബാങ്ക് നിഫ്റ്റി 57,369.65 -0.02%

മിഡ്ക്യാപ്100 63,079.05 -0.25%

സ്മോൾക്യാപ്100 20,095.45 +0.22%

ഡൗജോൺസ് 53,414.25 -0.51%

എസ്ആൻഡ്പി 7718.60 -0.38%

നാസ്ഡാക് 26,506.99 -0.29%

ഡോളർ ₹94.49 ₹0.00

സ്വർണം(ഔൺസ്)$4431.10 -$43.10

സ്വർണം(പവൻ) ₹1,14,880 +₹960

ശനി ₹1,13,520 -₹1360

ക്രൂഡ്ഓയിൽബ്രെൻ്റ് $96.28 -0.76

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Stock Market Morning Analysis
Stock Market Pre-opening Analysis
Stock Market Pre-opening Analysis
Stock Market pre-opening analysis
```html ```
logo
DhanamOnline
dhanamonline.com