യുഎസ്, ഏഷ്യൻ സൂചനകൾ പോസിറ്റീവ്; ഗിഫ്റ്റ് നിഫ്റ്റി കുതിച്ചു; സ്വർണം 3,000 ഡോളറിനു താഴെ

തീരുവയുദ്ധത്തിൽ അനിശ്ചിതത്വം തുടരുന്നു; ചൈനക്ക് ട്രംപിന്റെ അധിക ചുങ്ക ഭീഷണി; ക്രൂഡ് ഓയിൽ കയറുന്നു
TCM, Morning Business News
Morning business newscanva
Published on

തീരുവയുദ്ധം എങ്ങോട്ടു നീങ്ങും എന്ന അനിശ്ചിതത്വം തുടരുകയാണെങ്കിലും ഇന്നു രാവിലെ ഏഷ്യൻ വിപണികളും യുഎസ് ഫ്യൂച്ചേഴ്സും കയറ്റത്തിലാണ്. ഇതിൻ്റെ ആവേശം പ്രതീക്ഷിച്ചാണ് ഇന്ത്യൻ നിക്ഷേപകർ വിപണിയിലേക്കു നീങ്ങുന്നത്. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,478.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,650 വരെ കയറി. നിഫ്റ്റി ഇന്നു 385 ലേറെ പോയിൻ്റ് നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് പ്രഖ്യാപിച്ച ഉയർന്ന തീരുവ നാളെയാണു നിലവിൽ വരുന്നത്. എല്ലാ രാജ്യങ്ങൾക്കും ഉള്ള 10 ശതമാനം തീരുവ ശനിയാഴ്ച നിലവിൽ വന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ ഉയർന്ന തീരുവ നടപ്പാക്കൽ നീട്ടിവയ്ക്കണം എന്നു നിരവധി ബിസിനസ് മേധാവികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതു പരിഗണനയിലാണെന്ന റിപ്പോർട്ടുകൾ ട്രംപിൻ്റെ ഓഫീസ് നിഷേധിച്ചെങ്കിലും വിപണി അതിൽ പ്രതീക്ഷ വച്ചിട്ടുണ്ട്. ഇന്നലെ യുഎസ് വിപണി നഷ്ടം കുറച്ചതും ഇന്നു ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണിയും ഉയരുന്നതും ആ പ്രതീക്ഷയിലാണ്.

ചെെന പ്രഖ്യാപിച്ച 34 ശതമാനം പകരച്ചുങ്കം നിലനിർത്തിയാൽ ചെെനയ്ക്കു മേൽ 50 ശതമാനം ചുങ്കം കൂടി ചുമത്തും എന്നു ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകി. തങ്ങൾ അവസാന വരെ പോരാടും എന്നു ചൈന തിരിച്ചടിച്ചു. വ്യാപാരയുദ്ധം കടുക്കും എന്ന സൂചനയാണ് ഇതു നൽകുന്നത്. മാന്ദ്യവും വിലക്കയറ്റവും ഏകകാലത്തു സംഭവിച്ചു ജനജീവിതം ദുസഹമാക്കാം എന്ന് പരക്കെ ഭയമുണ്ട്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച അഞ്ചു ശതമാനത്തോളം നഷ്ടത്തിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച യൂറോപ്യൻ വിപണികൾ ശരാശരി 8.5 ശതമാനം ഇടിഞ്ഞതാണ്

യുഎസ് വിപണി സൂചികകൾ തിങ്കളാഴ്ച വലിയ താഴ്ചയിൽ പതിച്ച ശേഷം ചാഞ്ചാട്ടങ്ങൾക്കു ശേഷം ഭിന്ന ദിശകളിൽ അവസാനിച്ചു. എസ് ആൻഡ് പി ഒരവസരത്തിൽ 4.7 ശതമാനം ഇടിഞ്ഞിട്ട് നാമമാത്ര നഷ്ടത്തിൽ ക്ലോസ് ചെയ്തു. നാസ്ഡാക് അഞ്ചു ശതമാനം ഇടിഞ്ഞിട്ടു തിരിച്ചു കയറി നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് ആദ്യം 1700 പോയിൻ്റ് ഇടിഞ്ഞിട്ട് 2595 പോയിൻ്റ് തിരിച്ചു കയറി എങ്കിലും ഒരു ശതമാനത്തോളം നഷ്ടത്തിലാണ് അവസാനിച്ചത്.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 349.26 പോയിൻ്റ് (0.91%) താഴ്ന്ന് 37,965.60 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.83 പോയിൻ്റ് (0.23%) കുറഞ്ഞ് 5062.25 ൽ അവസാനിച്ചു. നാസ്ഡാക് 15.48 പോയിൻ്റ് (0.10%) നഷ്ടത്തോടെ 15,603.26 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നല്ല കയറ്റത്തിലാണ്. ഡൗ 1.50 ഉം എസ് ആൻഡ് പി 1.15 ഉം നാസ്ഡാക് 1.16 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

തിങ്കളാഴ്ച 13 ശതമാനം വരെ ഇടിഞ്ഞ ഏഷ്യൻ വിപണികൾ ഇന്നു  കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ ആറു ശതമാനവും കൊറിയയിൽ കോസ്‌പി സൂചിക 2.5 ശതമാനവും കയറി. ഹോങ്‌കോങ്ങിലെ ഹാങ് സെങ് സൂചികയും ചൈനയുടെ സിഎസ്ഐ സൂചികയും  ഉയർന്നു.

ഇന്ത്യൻ വിപണി ഇടിഞ്ഞു

അമേരിക്കയുമായി വ്യാപാര ഉടമ്പടി ഉണ്ടാക്കി ട്രംപിൻ്റെ കനത്ത തീരുവയിൽ നിന്നു രക്ഷപ്പെടാം എന്ന പ്രതീക്ഷ ഇന്ത്യ ഇപ്പോഴും പുലർത്തുന്നു. ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡിയെ ഇന്ത്യയിൽ ഉൽപാദനത്തിന് അനുവദിക്കില്ലെന്നു ഗവണ്മെൻ്റ് ഇന്നലെ അറിയിച്ചു. ഇലോൺ മസ്കിൻ്റെ ടെസ്‌ലയുടെ ഏറ്റവും വലിയ എതിരാളിയാണു ബിവൈഡി. അവർ നിയമം പാലിക്കും എന്ന് ഉറപ്പില്ലെന്നു വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ടെസ്‌ല ഇന്ത്യയിൽ ഫാക്ടറി തുടങ്ങുന്നതിനെ ഇന്ത്യ അനുകൂലിക്കുന്നുണ്ട്.

തൊഴിൽ നിയമങ്ങൾ ഒന്നും പാലിക്കാതെ ഫാക്ടറികൾ നടത്തി ലോക വാണിജ്യം പിടിച്ചടക്കിയ ചൈന ആണ് ഇപ്പോഴത്തെ സാമ്പത്തിക കുഴപ്പങ്ങൾക്കു കാരണമെന്നും ഗോയൽ ഇന്നലെ പറഞ്ഞു. അമേരിക്കയെ പ്രീതിപ്പെടുത്താനുള്ള ത്വര ഗോയലിൻ്റെ വാക്കുകളിൽ പ്രകടമായിരുന്നു. 

ഗവണ്മെൻ്റിൻ്റെ പ്രതീക്ഷ ഉൾക്കൊണ്ട മട്ടിലാണു വിപണി ഇന്നലെ പ്രവർത്തിച്ചത്. രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞ വിപണി ക്ലോസിംഗിൽ നഷ്ടം മൂന്നു ശതമാനമായി കുറച്ചു. രാവിലെ സെൻസെക്സ്  71,425 ഉം നിഫ്റ്റി 21743ഉം വരെ താഴ്ന്നതാണ്. ഉച്ചയ്ക്കു ശേഷം നഷ്ടം കുറച്ചു. നിഫ്റ്റി 22,000 ഉം സെൻസെക്സ് 73,000 ഉം നിലനിർത്തി.

തിങ്കളാഴ്ച നിഫ്റ്റി 742.85 പോയിൻ്റ് (3.24%) താഴ്ന്ന് 22,161.60 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 2226.79 പോയിൻ്റ് (2.95%) ഇടിഞ്ഞ് 73,137.90 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1642.60 പോയിൻ്റ് (3.19%) താഴ്ന്ന് 49,860.10 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 3.63 ശതമാനം (1836.50 പോയിൻ്റ്) നഷ്ടത്തോടെ 48,809.45 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 3.88 ശതമാനം ഇടിഞ്ഞ് 15,067.90 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി നിന്നു. ബിഎസ്ഇയിൽ 500 ഓഹരികൾ  ഉയർന്നപ്പോൾ 3598 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 327 എണ്ണം. താഴ്ന്നത് 2640 എണ്ണം.

എൻഎസ്ഇയിൽ 18 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 645 എണ്ണമാണ്. 26 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 384 എണ്ണം ലോവർ സർക്കീട്ടിൽ എത്തി.

വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 9040.01  കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 12,122.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

സ്വർണം 3000 ഡോളറിനു താഴെ

സ്വർണ വിപണിയിൽ വിലത്തകർച്ച തുടരുകയാണ്.ഔൺസിനു 3000 ഡോളറിനു താഴേക്കു സ്വർണം വീണു. ഇന്നലെ 2966 ഡോളർ വരെ താഴ്ന്ന സ്വർണം 2984.20 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില 3003 ഡോളറിൽ എത്തി. 

നിക്ഷേപകർ സ്വർണത്തേക്കാൾ ഡോളറിൽ വിശ്വാസം അർപ്പിക്കുന്ന ദിവസങ്ങളാണ് ഇത്. വിപണിഗതി സംബന്ധിച്ചു വിശകലന വിദഗ്ധർ പരസ്പരവിരുദ്ധമായ വിലയിരുത്തലുകളാണു നടത്തുന്നത്. സ്റ്റാൻഡാർഡ് ചാർട്ടേഡിലെ സുകി കൂപ്പർ ഏപ്രിൽ - ജൂണിൽ ശരാശരിവില 3300 ഡോളർ ആകുമെന്നു കരുതുന്നു. നേരത്തേ 2900 ഡോളർ ആയിരുന്നു പ്രവചനം. മാന്ദ്യം വരുന്നതു സ്വർണവില കയറ്റും എന്നാണു കൂപ്പർ പറയുന്നത്. 1973-75 കാലത്തെ സ്റ്റാഗ്ഫ്ലേഷനിൽ വില 61 ശതമാനം ഉയർന്നത് അവർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞ് 66,280 രൂപ ആയി. 

രാജ്യാന്തര വിപണിയിൽ വെള്ളിവില 30.10 ഡോളറിലേക്ക് ഉയർന്നു.

അലൂമിനിയം വില ഇന്നലെ നാമമാത്രമായി ഉയർന്നപ്പോൾ ചെമ്പുവില രണ്ടര ശതമാനം ഇടിഞ്ഞു. ടിൻ 5:24 ഉം സ്റ്റീൽ 2.54 ഉം ശതമാനം താഴ്ന്നു.

രാജ്യാന്തര അവധിവിപണിയിൽ റബർ 10.09ഉം  കാപ്പി 7.18ഉം കൊക്കോ 6.27ഉം ശതമാനം താഴ്ചയിലായി.

ഡോളർ സൂചിക കുറഞ്ഞു

ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്നു 103.26 ൽ ക്ലോസ് ചെയ്തു.  ഇന്നു രാവിലെ സൂചിക 103.07 ആയി കുറഞ്ഞു. 

യുഎസ് കടപ്പത്രവില തിങ്കളാഴ്ച താഴ്ന്നു,  അവയിലെ നിക്ഷേപനേട്ടം ഉയർന്നു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.191 ശതമാനത്തിൽ എത്തി. 

ക്രൂഡ്  ഓയിൽ കയറുന്നു

ക്രൂഡ് ഓയിൽ ഇന്നലെ വീണ്ടും ഇടിഞ്ഞെങ്കിലും യുഎസ് ക്രൂഡ് വില ഇന്നു ബാരലിന് 60 ഡോളറിനു മുകളിലേക്കു തിരിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് തിങ്കളാഴ്ച 64.21 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ തിരികെ കയറി 65.10 ഡോളറിലേക്ക് എത്തി. പിന്നീട് താഴ്ന്ന് 64.81 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 61.64 ഉം യുഎഇയുടെ മർബൻ ക്രൂഡ് 66.18 ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ ചാഞ്ചാടി

മാന്ദ്യഭീതി ക്രിപ്റ്റോ കറൻസികളെ വലിയ ചാഞ്ചാട്ടത്തിലാക്കി.  ബിറ്റ്കോയിൻ 75,000 ഡോളറിനു താഴെ എത്തിയിട്ടു തിരിച്ച് 79,500 നു മുകളിൽ വന്നു.  ഈഥർ 1560 ഡോളറിലാണ്.


വിപണിസൂചനകൾ

(2025 ഏപ്രിൽ 07, തിങ്കൾ)

സെൻസെക്സ്30    73,137.90   -2.95%

നിഫ്റ്റി50       22,161.60        -3.24%

ബാങ്ക് നിഫ്റ്റി      49,860.10     -3.19%

മിഡ് ക്യാപ്100    48,809.45      -3.63%

സ്മോൾക്യാപ്100  15,067.90   -3.88%

ഡൗജോൺസ്     37,965.60      -0.91%

എസ് ആൻഡ് പി    5062.25    -0.23%

നാസ്ഡാക്      15,603.30    +0.10%

ഡോളർ($)     ₹85.84      +₹0.60

സ്വർണം(ഔൺസ്)  $2984.20   -₹54.60

സ്വർണം(പവൻ) ₹66,280       -₹ 200 

 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $64.21    -$5.93

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com