Begin typing your search above and press return to search.
വിപണിയിൽ അനിശ്ചിതത്വം; വിലക്കയറ്റവും കമ്പനി റിസൽട്ടുകളും കാത്തു വിപണി; ഫെഡ് ചെയർമാൻ്റെ പ്രസ്താവന നിർണായകം; ക്രൂഡ് ഓയിൽ താഴുന്നു
ഇന്ത്യയിലും യുഎസിലും വിലക്കയറ്റ കണക്കുകൾ വാരാന്ത്യത്തോടെ വരും. കമ്പനികളുടെ ജൂൺ പാദത്തിലെ റിസൽട്ട് വ്യാഴാഴ്ച മുതൽ പുറത്തുവിടും. യുഎസ് ഫെഡ് ചെയർമാൻ നാളെയും മറ്റന്നാളും യുഎസ് കോൺഗ്രസിൽ മാെഴി നൽകും. ഇതെല്ലാം വിപണികളെ അനിശ്ചിതത്വത്തിൽ ആക്കുന്നു. ഈ അനിശ്ചിതത്വം ഇന്നു തുടങ്ങുന്ന വ്യാപാരത്തിലും ഉണ്ടാകാം.
വിപണി അമിതമായി കയറി എന്നു കരുതുന്നവർ സ്റ്റോപ്പ് ലോസ് നിശ്ചയിച്ചു മാത്രം വ്യാപാരം നടത്തുക എന്ന ഉപദേശമാണു നൽകുന്നത്. ഉയർന്ന ലക്ഷ്യവില നിശ്ചയിച്ച് വ്യാപാരം നടത്താൻ പറ്റിയ സമയമല്ല ഇതെന്നാണ് അവരുടെ വിലയിരുത്തൽ. അതെന്തായാലും നിക്ഷേപകർ കരുതലോടെ നീങ്ങേണ്ട സമയമാണിത്. റെക്കോർഡ് നിലവാരത്തിലുള്ള പല ഓഹരികളിലും ഇപ്പോൾ പ്രവേശിക്കുന്നത് ആശാസ്യമാണോ എന്നും ചിന്തിക്കണം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,410 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,370 വരെ താണിട്ടു കയറി. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻവിജയം നേടിയ സാഹചര്യത്തിൽ ബ്രിട്ടനിലെ ഭവനനിർമാണ കമ്പനികൾ വലിയ നേട്ടം ഉണ്ടാക്കി. ഫ്രാൻസിൽ തീവ്രവലതുപക്ഷത്തെ തോൽപിച്ച് ഇടതു സഖ്യം ഒന്നാമതെത്തി. എങ്കിലും ഭൂരിപക്ഷം ഇല്ല. ഇന്നും യൂറോപ്യൻ വിപണികൾ ദുർബലമാകും എന്നാണു സൂചന.
യുഎസ് വിപണികൾ വെള്ളിയാഴ്ച ഉയർന്നു റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് സൂചിക 67.87 പോയിൻ്റ് (0.17%) കയറി 39,375.87 ൽ അവസാനിച്ചു. എസ് ആൻഡ് പി 30.17 പോയിൻ്റ് (0.54%) ഉയർന്ന് 5567.19 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 164.46 പോയിൻ്റ് (0.90%) കുതിച്ച് 18,352.76 ൽ വ്യാപാരം അവസാനിപ്പിച്ചു.
ജൂണിൽ തൊഴിലവസരങ്ങൾ പ്രതീക്ഷയേക്കാൾ കൂടിയെങ്കിലും യുഎസ് തൊഴിൽ മേഖല ദുർബലമാകുന്നു എന്നാണു സൂചന. തൊഴിലില്ലായ്മ 4.1 ശതമാനത്തിലേക്കു വർധിച്ചു. ഇതു സെപ്റ്റംബറിൽ നിരക്കു കുറയ്ക്കുന്നതിലേക്കു ഫെഡിനെ നയിക്കും എന്ന പ്രതീക്ഷ വിപണിയിൽ ഉണ്ട്. നാളെയും മറ്റന്നാളും ഫെഡ് ചെയർമാൻ ജെറോം പവൽ യുഎസ് സെനറ്റ്, പ്രതിനിധിസഭ എന്നിവയുടെ കമ്മിറ്റികളിൽ മൊഴി നൽകുന്നുണ്ട്. അവയിൽ നിരക്കു സംബന്ധിച്ച സൂചന വിപണി പ്രതീക്ഷിക്കുന്നു. 11 ന് യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് അറിയാം. വെള്ളിയാഴ്ച വലിയ യുഎസ് ബാങ്കുകളുടെ റിസൽട്ട് വരുന്നതും പ്രധാനമാണ്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.21 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.16 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
മിക്ക ഏഷ്യൻ വിപണികളും ഇന്നു തുടക്കത്തിൽ താഴോട്ടു നീങ്ങി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ ഇടിഞ്ഞെങ്കിലും അവസാന മണിക്കൂറിൽ കുതിച്ചു കയറി തലേന്നത്തേക്കാൾ മുകളിലായി. എങ്കിലും ഒടുവിൽ പ്രധാന സൂചികകൾ ഭിന്ന ദിശകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 79,478 വരെ താണിട്ട് 80,149.87 വരെ കയറി. നിഫ്റ്റി 24,168 വരെ താഴുകയും 24,363 വരെ കയറുകയും ചെയ്തു.
സെൻസെക്സ് 53.07 പോയിൻ്റ് (0.07%) താഴ്ന്ന് 79,996.60 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 21.70 പോയിൻ്റ് (0.09%) കയറി 24,323.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.83% (443.35 പോയിൻ്റ്) ഇടിഞ്ഞ് 52,660.35 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.83 ശതമാനം കുതിച്ച് 57,089.45 ലും സ്മോൾ ക്യാപ് സൂചിക 0.79% ഉയർന്ന് 18,941.20 ലും ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഒന്നാം പാദ ബിസിനസിലെ ക്ഷീണമാണു വിപണിയെ വലിച്ചു താഴ്ത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി നാലര ശതമാനം ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 0.83 ശതമാനവും ധനകാര്യ കമ്പനി സൂചിക ഒരു ശതമാനവും താഴ്ന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 2.7 ശതമാനം ഉയർന്ന് 3197 രൂപയിൽ റെക്കോർഡ് കുറിച്ചു. ക്ലോസിംഗിൽ വിപണിമൂല്യം 21.52 ലക്ഷം കോടി രൂപയായി. ഒഎൻജിസി നാലു ശതമാനത്തിലധികം കയറി റെക്കാേർഡിനു സമീപം എത്തി.
വ്യാഴാഴ്ച ടിസിഎസ് ജൂൺ പാദത്തിലെ റിസൽട്ട് പുറത്തുവിടും. ഒന്നാം പാദ ഫലങ്ങളുടെ സീസൺ അതോടെ തുടങ്ങും.
വെള്ളിയാഴ്ച വെെകുന്നേരം ചില്ലറ വിലക്കയറ്റ കണക്ക് പുറത്തുവരും. പച്ചക്കറി വില വർധന ഭക്ഷ്യവിലക്കയറ്റത്തെ എത്ര ബാധിക്കും എന്നതാണ് അറിയേണ്ടത്.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1241.33 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1651.36 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞയാഴ്ച വിദേശികൾ 95.3 കോടി ഡോളർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.
വിൽപന സമ്മർദം തുടർന്നാലും വിപണി ഇന്നും ഉയരുമെന്നു നിക്ഷേപകർ കരുതുന്നു. നിഫ്റ്റി 24,300 നു മുകളിൽ ക്ലോസ് ചെയ്തത് പ്രതീക്ഷ നൽകുന്നു. ഇനി 24,400 - 24,500 മേഖലയിൽ ശക്തമായ തടസം ഉണ്ടാകും എന്നാണു വിദഗ്ധർ കരുതുന്നത്.
ഇന്നു സൂചികയ്ക്ക് 24,210 ലും 24,165 ലും പിന്തുണ ഉണ്ട്. 24,360 ലും 24,405 ലും തടസം ഉണ്ടാകാം.
റെയ്മണ്ട് ലിമിറ്റഡ് റിയൽ എസ്റ്റേറ്റ് ഉപകമ്പനിയെ മാതൃകമ്പനിയിൽ നിന്നു വേർ പെടുത്തി ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഓഹരിയെ 20 ശതമാനത്തോളം ഉയർത്തി.
കപ്പൽ നിർമാണ കരാറുകളുടെ ബലത്തിൽ കാെച്ചിൻ ഷിപ്പ് യാർഡ് വെള്ളിയാഴ്ച 2924 രൂപ എന്ന റെക്കോർഡ് വരെ കുതിച്ചു. 2825 രൂപയിൽ ക്ലോസ് ചെയ്തു. കമ്പനിയുടെ വിപണി മൂല്യം 74,474 കോടി രൂപയായി. മൂന്നു ദിവസം കൊണ്ടു 37 ശതമാനം ഉയർന്ന ഓഹരി ഒരു വർഷം കൊണ്ട് 870 ശതമാനം കുതിച്ചു.
സ്വർണം
സ്വർണം വെള്ളിയാഴ്ച ഒന്നര ശതമാനത്തോളം കുതിച്ച് ഔൺസിന് 2389.60 ഡാേളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2386 ഡോളറിലേക്കു താണു. സെപ്റ്റംബറിൽ പലിശനിരക്കു കുറച്ചു തുടങ്ങും എന്ന പ്രതീക്ഷയിലാണു വിപണി. ഈയാഴ്ച ജെറോം പവലിൻ്റെ പ്രസ്താവനകളും യുഎസ് ചില്ലറ വിലക്കയറ്റവും സ്വർണവിലയെ ബാധിക്കാം.
കേരളത്തിൽ സ്വർണവില ശനിയാഴ്ച പവന് 520 രൂപ കൂടി 54,120 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 31.06 ഡോളറിലാണ്. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 98,000 രൂപയിൽ എത്തി.
ഡോളർ സൂചിക വെള്ളിയാഴ്ചയും താഴ്ന്ന് 104.88 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക104.96 ലേക്കു കയറി.
രൂപ വെള്ളിയാഴ്ച നാമമാത്രമായി ബലപ്പെട്ടു. ഡോളർ ഒരു പൈസ താഴ്ന്ന് 83.48 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച 86.54 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 86.40 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 82.87 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 86.60 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.85 ശതമാനം കയറി ടണ്ണിന് 9809.00 ഡോളറിൽ എത്തി. അലൂമിനിയം 0.42 ശതമാനം ഉയർന്നു ടണ്ണിന് 2538.35 ഡോളറായി. സിങ്കും ലെഡും ടിന്നും നിക്കലും കയറി.
ക്രിപ്റ്റാേ കറൻസികൾ കുത്തനേ താഴ്ന്നിട്ടു കയറി. ബിറ്റ്കോയിൻ വെള്ളിയാഴ്ച 54,000 ഡോളറിനു താഴെ എത്തിയിട്ട് ഇന്ന് 54,600 നടുത്തായി. ഈഥർ 2850 ഡോളറിലേക്കു താഴ്ന്നു.
വിപണിസൂചനകൾ
(2024 ജൂലെെ 05, വെള്ളി)
സെൻസെക്സ് 30 79,996.60 -0.07%
നിഫ്റ്റി50 24,323.85 +0.09%
ബാങ്ക് നിഫ്റ്റി 52,660.35 -0.83%
മിഡ് ക്യാപ് 100 57,089.45 +0.83%
സ്മോൾ ക്യാപ് 100 18,941.20 +0.79%
ഡൗ ജോൺസ് 30 39,375.87 +0.17%
എസ് ആൻഡ് പി 500 5567.19 +0.54%
നാസ്ഡാക് 18,352.76 +0.90%
ഡോളർ($) ₹83.48 -₹0.01
ഡോളർ സൂചിക 104.88 -0.25
സ്വർണം (ഔൺസ്) $2389.60 +$32.60
സ്വർണം (പവൻ) ₹54,120 +₹520
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $86.54 -$00.89
Next Story
Videos