
അതിർത്തിയിലെ സംഘർഷനില രൂക്ഷമാണെങ്കിലും ഒരു സമഗ്രയുദ്ധം ഉണ്ടാക്കുകയില്ലെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ വിപണി നീങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂരിന് എന്തു മറുപടിയാണു പാക്കിസ്ഥാനിൽ നിന്ന് ഉണ്ടാകുക എന്നാണു വിപണി ഉറ്റുനോക്കുന്നത്. ആ മറുപടി അനുസരിച്ചിരിക്കും വിപണിയുടെ തുടർ ചലനങ്ങൾ.
യുഎസ് ഫെഡ് പലിശനിരക്കിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. ക്രൂഡ് ഓയിൽ വില ഒന്നര ശതമാനത്തിലധികം താഴ്ന്നു. സ്വർണം വീണ്ടും 3400 ഡോളറിനടുത്തെത്തി. ഡോളർ താഴ്ന്നു നിൽക്കുന്നു.
"ആദരിക്കപ്പെടുന്ന ഒരു വലിയ രാജ്യവു"മായി വ്യാപാര ഉടമ്പടി ഉണ്ടാക്കുന്നതിനെപ്പറ്റി ഇന്നു മാധ്യമങ്ങളെ അറിയിക്കുമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു. ഏതാണു രാജ്യം എന്ന് അറിവായിട്ടില്ല. ചൈനയുമായുള്ള ചർച്ച വാരാന്ത്യത്തിലാണു സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുക. ഇന്ത്യ, യുഎസ് ഉൽപന്നങ്ങൾക്ക് എല്ലാ ചുങ്കവും നീക്കാമെന്നു തന്നോടു സമ്മതിച്ചിട്ടുണ്ടെന്നും കരാർ ഉടനുണ്ടാകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ - യുഎസ് ചർച്ചകൾ അന്ത്യഘട്ടത്തിലായിട്ടില്ല എന്നാണ് ഇന്ത്യ പറഞ്ഞിട്ടുള്ളത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,337 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,364 ൽ ഓപ്പൺ ചെയ്തിട്ട് 24,423 വരെ ഉയർന്നു. നിഫ്റ്റി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെയും താഴ്ന്നു. ഔഷധ കമ്പനി നോവോ നോർഡിസ്ക് 2025 ലെ ലാഭ -വരുമാന പ്രതീക്ഷകൾ താഴ്ത്തി. വോൾവോ അമേരിക്കയിലെ യൂണിറ്റിൽ കുറേ ജീവനക്കാരെ പിരിച്ചു വിട്ടു.
യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) പലിശനിരക്ക് മാറ്റാതെ പണനയ അവലോകനം നടത്തി. വിപണി പ്രതീക്ഷിച്ചിരുന്നതും അതു തന്നെ. ഉയർന്ന തീരുവ വിലക്കയറ്റം കൂട്ടുകയും വളർച്ച കുറയ്ക്കുകയും ചെയ്യുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ ആവർത്തിച്ചു പറഞ്ഞു. പലിശ കുറയ്ക്കാനുളള ട്രംപിൻ്റെ ആവർത്തിച്ചു വന്ന നിർദേശങ്ങൾ അദ്ദേഹം അവഗണിച്ചു.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 284.97 പോയിൻ്റ് (0.70%) ഉയർന്ന് 41,113.97 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 24.37 പോയിൻ്റ് (0.43%) നേട്ടത്തോടെ 5631.28 ൽ അവസാനിച്ചു. നാസ്ഡാക് 48.50 പോയിൻ്റ് (0.27%) കയറി 17,738.16 ൽ എത്തി.
ആൽഫബെറ്റും എൻവിഡിയയും താഴ്ന്നതു നാസ്ഡാകിനെ വലിയ നേട്ടത്തിൽ നിന്നു പിൻവലിച്ചു. മികച്ച റിസൽട്ടിനെ തുടർന്നുള്ള ഡിസ്നിയുടെ കുതിപ്പ് ഡൗവിനു നേട്ടമായി. ചിപ് കയറ്റുമതി നിയന്ത്രണം നീക്കും എന്നു ട്രംപ് ഇന്നലെ അറിയിച്ചത് ഇന്നു വിപണിയെ സഹായിക്കും.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.29 ഉം എസ് ആൻഡ് പി 0.4 ഉം നാസ്ഡാക് 0.72 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ വ്യാപാരം തുടങ്ങിയിട്ട് ചെറിയ കയറ്റത്തിലായി. ജപ്പാനിൽ നിക്കൈ സൂചിക ചാഞ്ചാട്ടത്തിലാണ്
ഇന്ത്യൻ വിപണി ബുധനാഴ്ച രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടങ്ങൾക്കു ശേഷം നേട്ടത്തിൽ അവസാനിച്ചു. അതിർത്തിയിലെ സംഘർഷനില പെട്ടെന്നു രൂക്ഷമായെങ്കിലും ഒരു യുദ്ധം അത്യാസന്നമാണെന്നു വിപണി കരുതുന്നില്ല.
പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്നലെ കൂടുതൽ പരിഭ്രാന്തി കാണിച്ചു. രാവിലെ 5.78 ശതമാനം ഇടിഞ്ഞു വ്യാപാരം തുടങ്ങിയ കെഎസ്ഇ 100 സൂചിക 3.13 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. അമേരിക്കൻ പ്രസിഡൻ്റ് തീരുവയുദ്ധം പ്രഖ്യാപിച്ച ദിവസം ആണു പാക് വിപണി ഇതിലധികം താഴ്ന്നത്.
പാക് വിപണിയുടെ താഴ്ച യുദ്ധഭീതി കൊണ്ടു മാത്രമല്ല. സംഘർഷം കൂടുന്നത് തങ്ങൾക്കുള്ള വായ്പ തടഞ്ഞു വയ്ക്കാൻ ഐഎംഎഫിൻ്റെ മേൽ സമ്മർദമാകുമോ എന്നതും പാക് നിക്ഷേപകരുടെ ആശങ്കയാണ്. വായ്പ തടയാൻ ഇന്ത്യ വോട്ട് ചെയ്തേക്കും. മുൻ അവസരങ്ങളിൽ ഇന്ത്യ വോട്ടിംഗിൽ നിന്നു വിട്ടു നിൽക്കുകയാണു ചെയ്തത്.
മുഖ്യസൂചികകൾ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ വിശാല വിപണി ഉയർന്ന നേട്ടം കുറിച്ചു. മിഡ് ക്യാപ് 100 ഉം സ്മോൾ ക്യാപ് 100 ഉം ഒന്നര ശതമാനം കയറി.
ഇന്ത്യ- യുകെ സ്വതന്ത്രവ്യാപാര ഉടമ്പടി ഇന്ത്യൻ വാഹന കമ്പനികൾക്കും ഘടക നിർമാതാക്കൾക്കും നേട്ടമാകും. സംവർധന മദർസൺ 5.19ഉം ഭാരത് ഫോർജ് 4.76ഉം ശതമാനം ഉയർന്നു.
കമ്പനിയെ വിഭജിക്കാനുളള തീരുമാനത്തിന് അംഗീകാരം കിട്ടിയത് ടാറ്റാ മോട്ടോഴ്സ് ഓഹരിയെ 5.18 ശതമാനം ഉയർത്തി. വാണിജ്യവാഹന വിഭാഗം വേർപെടുത്തുന്നതിലൂടെ കമ്പനിക്ക് മറഞ്ഞു കിടക്കുന്ന മൂല്യം കണ്ടെത്താനാകും.
ബുധനാഴ്ച നിഫ്റ്റി 34.80 പോയിൻ്റ് (0.14%) ഉയർന്ന് 24,414.40 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 105.71 പോയിൻ്റ് (0.13%) കയറി 80,746.78 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 339.50 പോയിൻ്റ് (0.63%) നേട്ടത്തോടെ 54,610.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 851.90 പോയിൻ്റ് (1.59 ശതമാനം) കുതിച്ച് 54,287.75 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 222.80 പോയിൻ്റ് (1.38 ശതമാനം) ഉയർന്ന് 16,417.95 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2099 ഓഹരികൾ ഉയർന്നപ്പോൾ 1800 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1772 എണ്ണം. താഴ്ന്നത് 1049 ഓഹരികൾ.
എൻഎസ്ഇയിൽ 26 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 95 എണ്ണമാണ്. 43 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 118 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2856.86 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 2378.49 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 24,200 ലെ പിന്തുണ നിലനിർത്തിക്കൊണ്ട് 24,400 നു മുകളിൽ കയറി. 24,500-24,600 തടസമേഖലയായി തുടരും. ഇന്നു നിഫ്റ്റിക്ക് 24,270 ഉം 24,135 ഉം പിന്തുണയാകും. 24,450 ലും 24,590 ലും തടസം ഉണ്ടാകാം.
കോൾ ഇന്ത്യക്കു നാലാംപാദത്തിൽ വരുമാനം ഒരു ശതമാനം കുറഞ്ഞെങ്കിലും ലാഭം 12 ശതമാനം വർധിച്ചു.
വോൾട്ടാസിനു നാലാം പാദ വരുമാനം 13.4 ശതമാനം ഉയർന്നപ്പോൾ അറ്റാദായം 107 ശതമാനം കുതിച്ചു.
വരുമാനം 8.9 ശതമാനം കൂടിയപ്പോൾ യുനൈറ്റഡ് ബ്രൂവറീസിൻ്റെ അറ്റാദായം 20.5 ശതമാനം ഉയർന്നു.
ടാറ്റാ കെമിക്കൽസ് വരുമാനം ഒരു ശതമാനം കൂടിയപ്പോൾ നഷ്ടം 850 കോടിയിൽ നിന്ന് 56 കോടിയായി കുറഞ്ഞു.
വരുമാനം 1.6 ശതമാനം കൂടിയപ്പോൾ മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൻ്റെ ലാഭം 231.2 ശതമാനം കുതിച്ചു.
സൊനാറ്റ സോഫ്റ്റ് വേറിന് വരുമാനം എട്ടു ശതമാനം കുറഞ്ഞപ്പോൾ ലാഭം 2.4 ശതമാനം വർധിച്ചു.
ഡാബർ ഇന്ത്യയുടെ വരുമാനം 0.6 ശതമാനം വർധിച്ചപ്പോൾ ലാഭം 8.3 ശതമാനം ഇടിഞ്ഞു.
ബ്ലൂസ്റ്റാർ നാലാം പാദ വരുമാനം 20.8 ശതമാനം കൂടിയപ്പോൾ ലാഭം 20.6 ശതമാനം ഉയർന്നു. കമ്പനിയുടെ ചെയർമാനും എംഡിയുമായി വീർ എസ്. ആഡ്വാണിയെ അഞ്ചു വർഷത്തേക്കു നിയമിച്ചു.
എൽ ആൻഡ് ടി, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, ഭാരത് ഫോർജ്, ബയോകോൺ, കല്യാൺ ജ്വല്ലേഴ്സ്, കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ദിലീപ് ബിൽഡ്കോൺ, ജിൻഡൽ സ്റ്റെയിൻലെസ്, എംസിഎക്സ്, സീ എൻ്റർടെയ്ൻമെൻ്റ്, പിഡിലൈറ്റ്, ആർഇസി, ഐഐഎഫ്എൽ ഫിനാൻസ് തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ടുകൾ പ്രസിദ്ധീകരിക്കും.
ഡോളറിൻ്റെ കരുത്തും വ്യാപാര ചർച്ചയും സ്വർണത്തെ ഇന്നലെ താഴോട്ടു നയിച്ചു. സ്വർണവില രണ്ടു ശതമാനം ഇടിഞ്ഞ് ഔൺസിന് 3366.10 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില 3396 ഡോളറിലേക്കു കുതിച്ചുകയറി. ഫെഡറൽ റിസർവിൻ്റെ തീരുമാനം സ്വർണത്തെ താഴ്ത്തിയെങ്കിലും ചൈനയ്ക്കു മേൽ ചുമത്തിയ 145 ശതമാനം തീരുവ ചർച്ചയ്ക്കു മുൻപ് പിൻവലിക്കില്ലെന്ന ട്രംപിൻ്റെ നിലപാട് സ്വർണത്തെ തിരിച്ചു കയറ്റുകയാണ്.
ബുധനാഴ്ച കേരളത്തിൽ പവന് 400 രൂപ വർധിച്ച് 72,600 രൂപയായി. ഇന്നു വർധിച്ചേക്കും. വെള്ളിവില ഔൺസിന് 32.75 ഡോളർ ആയി.
ബുധനാഴ്ച ചെമ്പുവില നേരിയ താഴ്ചയോടെ ടണ്ണിന് 9485.15 ഡോളറിൽ എത്തി. അലൂമിനിയം വില 1.68 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2385.67 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങളും താഴ്ന്നു ടിൻ 1.55 ഉം സിങ്ക് 0.02 ഉം നിക്കൽ 0.53 ഉം ശതമാനം കുറഞ്ഞു.
രാജ്യാന്തര വിപണിയിൽ റബർ വില 0.06 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172.30 സെൻ്റിൽ എത്തി. കൊക്കോ 3.82 ശതമാനം ഉയർന്ന് 9200.46 ഡോളറിൽ എത്തി. കാപ്പി 1.15 ശതമാനം താഴ്ന്നു. പാമോയിൽ വില 1.71 ശതമാനം കുറഞ്ഞു.
ഡോളർ സൂചിക ബുധനാഴ്ച ഉയരാൻ ശ്രമിച്ചെങ്കിലും 100 കടക്കാൻ കഴിഞ്ഞില്ല. 99.99 വരെ വന്ന ശേഷം സൂചിക താഴ്ന്ന് 99.61 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.79 ൽ ആണ്.
യൂറോ ഇന്ന് 1.1303 ഡോളറിലേക്കു കയറി. പൗണ്ട് 1.3288 ഡോളറിലേക്ക് ഉയർന്നപ്പോൾ ജാപ്പനീസ് യെൻ ഡോളറിന് 143.84 യെൻ എന്ന നിരക്കിലേക്കു താഴ്ന്നു.
ഫെഡറൽ റിസർവ് തീരുമാനത്തിനു ശേഷം കടപ്പത്രവില അൽപം ഉയർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.269 ശതമാനത്തിലേക്ക് താഴ്ന്നു.
രൂപ ബുധനാഴ്ച ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിലായി. രാവിലെ ഡോളർ 20 പൈസ കൂടി 84.63 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു 84.90 രൂപ വരെ ഡോളർ ഉയർന്നു. ഒടുവിൽ 40 പെെസ നേട്ടത്തിൽ ഡോളർ 84.83 ൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.23 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വിപണി വീണ്ടും താഴോട്ടു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം ഇന്നലെ ബാരലിന് 1.66 ശതമാനം താഴ്ന്ന് 61.12 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 57.91 ഡോളറും ആയി. ഇന്നു രാവിലെ ബ്രെൻ്റ് 61.10 ലേക്കും ഡബ്ള്യുടിഐ 58.09 ലേക്കും എത്തി. മർബൻ ക്രൂഡ് 61.72 ഡോളർ ആയി.
ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ് കോയിൻ ഇന്നലെ ചാഞ്ചാട്ടത്തിനു ശേഷം 97,500 ഡോളറിനു താഴെ നിന്നു. ഈഥർ 1820 ഡോളറിനു മുകളിലാണ്.
(2025 മേയ് 07, ബുധൻ)
സെൻസെക്സ്30 80,746.78 +0.13%
നിഫ്റ്റി50 24,414.40 +0.14%
ബാങ്ക് നിഫ്റ്റി 54,610.90 +0.63%
മിഡ് ക്യാപ്100 54,287.75 +1.59%
സ്മോൾക്യാപ്100 16,417.95 +1.38%
ഡൗജോൺസ് 41,113.97 +0.70%
എസ്ആൻഡ്പി 5631.28 +0.43%
നാസ്ഡാക് 17,738.16 +0.27%
ഡോളർ($) ₹84.83 +₹0.40
സ്വർണം(ഔൺസ്) $3366.10 -$68.40
സ്വർണം(പവൻ) ₹72,600 +₹400.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $61.12 -$1.03
Read DhanamOnline in English
Subscribe to Dhanam Magazine