കമ്പനികളുടെ ലാഭം കുറയുന്നു; ജിഡിപി വളർച്ച വീണ്ടും കുറയാൻ സാധ്യത; ചില്ലറ വിലക്കയറ്റം ഉയരുന്നു; വിപണിയിൽ ആശങ്കകൾ

ട്രംപ് തിരിച്ചു വന്നതിലും യുഎസ് ഫെഡ് പലിശ കുറച്ചതിലും ആവേശം കാണിക്കാൻ ഇന്ത്യൻ ഓഹരി വിപണിക്കു കഴിയുന്നില്ല. കണക്കാക്കിയതിലും മോശമായ രണ്ടാം പാദ കമ്പനിഫലങ്ങൾ രണ്ടാം പാദ ജിഡിപി വളർച്ചയും മോശമാകും എന്നു സൂചിപ്പിക്കുന്നു. ഉത്സവകാല വാഹന വിൽപനയിൽ കണ്ട കുതിപ്പ് തുടരുന്നതായോ മറ്റു മേഖലകളിൽ ഉണർവ് വരുന്നതായോ തെളിവ് ഇല്ല. രൂപയുടെ ഇടിവും ചില്ലറ വിലക്കയറ്റത്തിൽ പ്രതീക്ഷിക്കുന്ന കയറ്റവും ആശങ്ക കൂട്ടുന്ന കാര്യങ്ങളാണ്. ക്രൂഡ് ഓയിൽ വില താഴ്ന്ന ശേഷം മുൻപത്തേതിലും മുകളിലേക്കു കയറുകയും ചെയ്തു. ട്രംപ് ജയിച്ച ശേഷവും വിദേശനിക്ഷേപകർ വലിയ തോതിൽ വിൽപന തുടരുന്നതും വിപണി താഴാനുള്ള കാരണങ്ങളിൽ പെടുന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,332 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,279 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

ബാങ്ക് ഓഫ് ഇംഗ്ലണ്ടും യുഎസ് ഫെഡും പ്രതീക്ഷ പോലെ പലിശ കാൽ ശതമാനം കുറച്ച ഇന്നലെ യൂറോപ്യൻ വിപണികൾ ഉയർന്നു ക്ലോസ് ചെയ്തു.

ഫെഡ് ചെയർമാൻ ജെറോം പവൽ യുഎസ് സമ്പദ്ഘടനയുടെ മുന്നേറ്റത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. രാജി വയ്ക്കാൻ ട്രംപ് ആവശ്യപ്പെട്ടാലും താൻ മാറില്ലെന്നും ട്രംപിന് തന്നെ മാറ്റാൻ അധികാരമില്ലെന്നും പവൽ പറഞ്ഞു. പലിശ നിരക്ക് കൂടുതൽ കുറയ്ക്കാനും ബാങ്കുകളുടെ മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും വാശിപിടിക്കുന്ന ആളാണു നിയുക്ത പ്രസിഡൻ്റ്.

വ്യാഴാഴ്ച യുഎസ് വിപണി ട്രംപ് വിജയത്തിലെ ആഘോഷം തുടർന്നെങ്കിലും ഡൗ ജോൺസ് സൂചിക നാമമാത്രമായി താഴ്ന്ന് അവസാനിച്ചു. മറ്റു സൂചികകൾ റെക്കോർഡ് തിരുത്തി.

ട്രംപിൻ്റെ മിത്രമായ ഇലോൺ മസ്കിൻ്റെ ടെസ്‌ലയുടെ ഓഹരി ഇന്നലെ 2.9 ശതമാനം ഉയർന്നു. ബുധനാഴ്ച 15 ശതമാനം കൂടിയതാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ മസ്കിൻ്റെ സ്വന്തം സമ്പാദ്യം രണ്ടു ദിവസം കൊണ്ട് 2600 കോടി ഡോളർ വർധിച്ച് 29,000 കോടി ഡോളറിൽ എത്തി.

നിർമിതബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയ ഓഹരി 2.24 ശതമാനം കൂടി കയറി വിപണിമൂല്യം 3.65 ലക്ഷം കോടി രൂപയിൽ എത്തിച്ചു. രണ്ടാം സ്ഥാനത്തുള്ള ആപ്പിളിൻ്റെ മൂല്യം 3.44 ലക്ഷം കോടി ഡോളർ മാത്രമാണ്.

ഡൗ ജോൺസ് സൂചിക ഇന്നലെ 0.59 പോയിൻ്റ് താഴ്ന്ന് 43,729.34 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 44.06 പോയിൻ്റ് (0.74%) ഉയർന്ന് 5973.10 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 285.99 പോയിൻ്റ് (1.51%) കയറ്റത്തോടെ 19,269.46 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കാര്യമായ മാറ്റം കാണിക്കുന്നില്ല.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.351 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ഫെഡ് പലിശ കുറച്ചതാണു കാരണം. ജപ്പാനിലെ നിക്കെെ സൂചിക രാവിലെ 0.80 ശതമാനത്തോളം ഉയർന്നു.

ഇന്ത്യൻ വിപണി

ട്രംപിൻ്റെ തിരിച്ചു വരവിൽ ആവേശം കാണിച്ച ഇന്ത്യൻ വിപണി ഇന്നലെ താഴോട്ടു പോയി. ലാഭമെടുക്കലും ചില വ്യാവസായിക മേഖലകളുടെ കാര്യത്തിലുള്ള ആശങ്കകളും രണ്ടാം പാദ റിസൽട്ടുകൾ പ്രതീക്ഷയിലും മോശമായി തുടരുന്നതും കാരണമായി. രണ്ടാം പാദ ജിഡിപി വളർച്ച ഏഴു ശതമാനത്തിൽ കുറവാകും എന്നാണു സൂചന. വാർഷിക വളർച്ചയും ഏഴു ശതമാനത്തിൽ എത്താനിടയില്ലെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞതും ഒക്ടോബറിൽ വിലക്കയറ്റം ഉയർന്നു നിൽക്കുമെന്നു റിസർവ് ബാങ്ക് ഗവർണർ പറഞ്ഞതും വിപണി മനോഭാവത്തെ ബെയറിഷ് ആക്കി.

നിഫ്റ്റി 284.70 പോയിൻ്റ് (1.16%) ഇടിവോടെ 24,199.35 ൽ അവസാനിച്ചു. സെൻസെക്സ് 836.34 പോയിൻ്റ് (1.04%) നഷ്ടത്തോടെ 79,541.79 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.77 ശതമാനം (400.90 പോയിൻ്റ്) താഴ്ന്ന് 51,916.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.43 ശതമാനം ഇടിഞ്ഞ് 57,109.15 ലും സ്മോൾ ക്യാപ് സൂചിക 0.75 ശതമാനം താഴ്ന്ന് 18,763.85 ലും ക്ലോസ് ചെയ്തു.

മെറ്റൽ, ഓട്ടോ, റിയൽറ്റി മേഖലകളാണ് ഇന്നലെ വിപണിയെ താഴ്ത്തിയത്. വിദേശത്തെ ഉപകമ്പനിയായ നൊവേലിസിൻ്റെ രണ്ടാം പാദ പ്രകടനം മോശമായതും അടുത്ത പാദത്തിലെ വരുമാന, ലാഭ പ്രതീക്ഷകൾ കുറച്ചതും ഹിൻഡാൽകോ ഓഹരിയെ എട്ടര ശതമാനം താഴ്ത്തി.

രണ്ടാം പാദ റിസൽട്ടുകൾ വന്ന ഇന്നലെ ട്രെൻ്റ് ഓഹരി ഏഴര ശതമാനം ഇടിഞ്ഞു. രണ്ടാം പാദത്തിൽ വരുമാനം 39 ശതമാനവും അറ്റാദായം 47 ശതമാനവും വർധിച്ചതായാണ് റിസൽട്ട്. എന്നാൽ തലേ പാദത്തെ അപേക്ഷിച്ചു ലാഭം 14 ശതമാനം കുറഞ്ഞു. ടാറ്റാ ട്രസ്റ്റുകളുടെ സാരഥിയായ നോയൽ ടാറ്റാ ആണു ട്രെൻ്റിനെ നയിക്കുന്നത്.

സ്വർണവില താഴ്ന്നതിൻ്റെ പേരിൽ മണപ്പുറം, മുത്തൂറ്റ് കമ്പനികളുടെ ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും താഴ്ന്നു. സ്വർണം തിരിച്ചു കയറിയത് ഇന്ന് അവയെ സഹായിക്കാം.

ജെറ്റ് എയർവേസിൻ്റെ പുനരുദ്ധാരണത്തിനു പണം മുടക്കാം എന്നു പറഞ്ഞിരുന്ന ഗ്രൂപ്പ് അതു ചെയ്യാത്തതിനാൽ കമ്പനി ലിക്വിഡേറ്റ് ചെയ്യാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടു. ആസ്തി -ബാധ്യതകൾ തിട്ടപ്പെടുത്തി വിറ്റു തീർക്കുമ്പോൾ ഓഹരി ഉടമകൾക്ക് ഒന്നും കിട്ടാനിടയില്ല. ഓഹരിവില ഇന്നലെ അഞ്ചു ശതമാനം താഴ്ന്ന് 34.16 രൂപയായി.

ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 207.90 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു.

കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ഇന്നലെ അഞ്ചു ശതമാനം കയറി 651.05 രൂപയിൽ ക്ലോസ് ചെയ്തു.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 4888.77 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1786.70 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണിയിൽ അനിശ്ചിതത്വം മാറിയിട്ടില്ല. നിഫ്റ്റിയുടെ പിന്തുണ നില 24,000 ആയി താഴ്ന്നു. അതു നിലനിർത്തിയില്ലെങ്കിൽ 23,800 ലാകും പിന്തുണ. നിഫ്റ്റിക്ക് ഇന്ന് 24,170 ഉം 24,100 ഉം പിന്തുണ നൽകാം. 24,420 ഉം 24,495 ഉം തടസങ്ങളാകും.

സ്വർണം തിരിച്ചു കയറി

ട്രംപിൻ്റെ വിജയത്തെ തുടർന്നു ബുധനാഴ്ച മൂന്നു ശതമാനം ഇടിഞ്ഞ സ്വർണം തിരിച്ചു കയറി. ഡോളറിൻ്റെ വലിയ കുതിപ്പ് അവസാനിച്ചതാണു പ്രധാന കാരണം. യുഎസ് ഫെഡ് നേരത്തേ കരുതിയതു പോലെ പലിശ കാൽ ശതമാനം കുറച്ചതു ഡോളറിൻ്റെ താഴ്ചയ്ക്കും അതുവഴി സ്വർണത്തിൻ്റെ ഉയർച്ചയ്ക്കും വഴി തുറന്നു.

ഇന്നലെ സ്വർണം ഔൺസിന് 47.10 ഡോളർ (1.77%) കുതിച്ച് 2707.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2703 ഡോളറിലാണ്.

കേരളത്തിൽ സ്വർണവില ഇന്നലെ പവന് 1320 രൂപ ഇടിഞ്ഞ് 57,600 രൂപയായി. ഇന്നു വിലയിൽ ഗണ്യമായ കയറ്റം ഉണ്ടാകും.

വെള്ളി വില രണ്ടര ശതമാനം കയറി ഔൺസിന് 31.98 ഡോളറിൽ എത്തി. വ്യാവസായിക ആവശ്യം വലിയ തോതിൽ വർധിക്കുന്നത് വെള്ളി വില അടുത്ത വർഷം 50 ഡോളറിൽ എത്താൻ വഴിതെളിക്കുമെന്ന് സ്വിസ് ബാങ്ക് യുബിഎസിലെ അനാലിസ്റ്റ് ജൂലിയൻ വീ ഇന്നലെ വിലയിരുത്തി.

ഫെഡിൻ്റെ പലിശ കുറയ്ക്കലോടെ കറൻസി വിപണികൾ സാധാരണ നിലയിലേക്കു തിരിച്ചു വന്നു.

ഡോളർ സൂചിക വ്യാഴാഴ്ച 0.50 ശതമാനം താഴ്ന്ന് 104.51 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.45ലാണ്.

ഡോളർ കയറ്റം തുടർന്നപ്പോൾ ഇന്നലെയും രൂപ ദുർബലമായി. ഡോളർ ഒൻപതു പൈസ കയറി 84.37 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. ഇന്നു രൂപ അൽപം ബലപ്പെടാം.

ക്രൂഡ് ഓയിൽ വില കയറി. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകാം എന്ന വിലയിരുത്തലാണു കാരണം. . ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഒരു ശതമാനം കയറി 75.63 ഡോളറിൽ ക്ലാേസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 72.19 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.83 ഉം ഡോളറിൽ നിൽക്കുന്നു.

ട്രംപ് വിജയിച്ചതോടെ കുതിച്ചു കയറിയ ക്രിപ്റ്റാേ കറൻസികൾ ഇന്നലെ കയറ്റം തുടർന്നു. ബിറ്റ്കോയിൻ ഇന്നലെ 76,943.12 ഡോളർ എന്ന റെക്കോർഡ് കുറിച്ചു. പിന്നീട് താഴ്ന്ന് 76,200 നടുത്തായി. ഈഥർ 2920 ഡോളറിലെത്തി.

ഡോളർ വലിയ കയറ്റം നടത്തിയതിനെ തുടർന്ന് ഇടിഞ്ഞ വ്യാവസായിക ലോഹങ്ങൾ ഇന്നലെ തിരിച്ചു കയറി. പലിശ കുറയ്ക്കലും അതിനു സഹായിച്ചു. ചെമ്പ് 2.99 ശതമാനം കുതിച്ച് ടണ്ണിന് 9526.94 ഡോളറിൽ എത്തി. അലൂമിനിയം 3.02 ശതമാനം കയറി ടണ്ണിന് 2694.35 ഡോളർ ആയി. ടിൻ 0.74 ഉം ലെഡ് 1.23 ഉം നിക്കൽ 4.12 ഉം സിങ്ക് 3.26 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 നവംബർ 07, വ്യാഴം)

സെൻസെക്സ് 30 79,541.79 -1.04%

നിഫ്റ്റി50 24,199.35 -1.16%

ബാങ്ക് നിഫ്റ്റി 51,916.50 -0.77%

മിഡ് ക്യാപ് 100 57,109.15 -0.43%

സ്മോൾ ക്യാപ് 100 18,763.85 -0.75%

ഡൗ ജോൺസ് 43,729.34 -0.00%

എസ് ആൻഡ് പി 5973.10 +0.74%

നാസ്ഡാക് 19,269.46 +1.51%

ഡോളർ($) ₹84.37 +₹0.09

ഡോളർ സൂചിക 104.51 -0.48

സ്വർണം (ഔൺസ്) $2707.10 +$47.10

സ്വർണം (പവൻ) ₹57,600 -₹1320

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.55 +$00.41

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it