
റിസർവ് ബാങ്കിൻ്റെ പണനയ പ്രഖ്യാപനം ഇന്നുണ്ടാകും. ഒപ്പം അമേരിക്കയുടെ കനത്ത തീരുവകൾ ഇന്നു നടപ്പാകുന്നു. റിസർവ് ബാങ്ക് റീപോ നിരക്ക് കുറയ്ക്കുന്നതു ബാങ്കുകളുടെ പലിശ കുറയ്ക്കാൻ സഹായിക്കും. പക്ഷേ അതിനേക്കാൾ ശ്രദ്ധ തീരുവക്കാര്യത്തിലാണ്. ട്രംപിൽ നിന്ന് അയവിൻ്റെ സൂചന ഇല്ലാത്തതു വിപണികളെ ഇന്നു വീണ്ടും താഴ്ചയിലാക്കി. യുഎസ്, ഏഷ്യൻ വിപണികളുടെ പിന്നാലെ ഇന്ത്യൻ വിപണിയിലും ഇന്ന് ഇടിവ് പ്രതീക്ഷിക്കാം. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. മാന്ദ്യഭീതിയിൽ ക്രൂഡ് ഓയിൽ വില കുത്തനേ ഇടിഞ്ഞു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,565 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,341 വരെ താഴ്ന്നിട്ടു കയറി 23,422 ൽ എത്തി. നിഫ്റ്റി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് പ്രഖ്യാപിച്ച ഉയർന്ന തീരുവ ഇന്നു നിലവിൽ വരുന്നു. എല്ലാ രാജ്യങ്ങൾക്കും ഉള്ള 10 ശതമാനം തീരുവ ശനിയാഴ്ച നടപ്പാക്കി. ചൈനയ്ക്ക് ഇന്നുമുതൽ വിലയുടെ 104 ശതമാനമാണ് തീരുവ. ഇന്ത്യക്ക് 26 ശതമാനം.
ചെെന ഒഴികെയുള്ള രാജ്യങ്ങളുടെ ഉയർന്ന തീരുവ നടപ്പാക്കൽ നീട്ടിവയ്ക്കണം എന്നു നിരവധി ബിസിനസ് മേധാവികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. തപാൽ വഴി വരുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് 90 ശതമാനം തീരുവ ചുമത്തി ട്രംപ് ആക്രമണം രൂക്ഷമായി. നേരുന്ന 30 ശതമാനം പ്രഖ്യാപിച്ചതാണു മൂന്നിരട്ടി ആക്കിയത്. ജൂൺ ഒന്നു മുതൽ നിരക്ക് 180 ശതമാനമാക്കും.
ഔഷധങ്ങൾക്കുളള ചുങ്കം ഉടനേ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. ചൈനയിലും മറ്റു രാജ്യങ്ങളിലും നിന്ന് അമേരിക്കയിലേക്ക് ഓടിപ്പോരാൻ ഔഷധ നിർമാതാക്കളെ പ്രേരിപ്പിക്കുന്നതാകും നിരക്ക് എന്നും ട്രംപ് പറഞ്ഞു. നേരത്തേ 25 ശതമാനം ചുങ്കമാണു സൂചിപ്പിച്ചിരുന്നത്.
ഇന്നു രാവിലെ പത്തിനു റിസർവ് ബാങ്കിൻ്റെ പണനയം പ്രഖ്യാപിക്കും. റീപോ നിരക്ക് കാൽ ശതമാനം (25 ബേസിസ് പോയിൻ്റ്) കുറയ്ക്കും എന്നാണു പ്രതീക്ഷ. ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന ഏകദിന വായ്പയുടെ പലിശയായ റീപോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. ഇത് ആറു ശതമാനമാക്കും എന്നാണു നിഗമനം. സഞ്ജയ് മൽഹോത്ര ഗവർണറായ ശേഷമാണ് നിരക്ക് 6.5 ൽ നിന്ന് 6.25 ആക്കിയത്. പലിശനിരക്ക് കുറയ്ക്കാൻ റീപോ കുറയ്ക്കൽ സഹായിക്കും. ബാങ്കുകൾ കുറേ വായ്പകൾക്കു പലിശ നിശ്ചയിക്കുന്നതു റീപോ നിരക്കുമായി ബന്ധിപ്പിച്ചാണ്. സ്റ്റാൻഡിംഗ് ഡിപ്പോസിറ്റ് ഫസിലിറ്റി നിരക്ക് ആറിൽ നിന്ന് 5.75 ശതമാനമായി കുറയ്ക്കും എന്നു കരുതപ്പെടുന്നു.
മാസങ്ങൾക്കു ശേഷം ബാങ്കുകളുടെ പണലഭ്യത മിച്ചത്തിലേക്കു മാറിയ സാഹചര്യത്തിൽ കരുതൽ പണ അനുപാതം (സിആർആർ - ഇപ്പോൾ നാലു ശതമാനം), സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ - ഇപ്പോൾ 18 ശതമാനം) എന്നിവയിൽ മാറ്റം വരുത്തുകയില്ല എന്നാണു പ്രതീക്ഷ.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച 2.7 ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. തീരുവയിൽ എന്തെങ്കിലും ധാരണ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. വ്യാവസായിക ഉൽപന്നങ്ങൾക്കു പരസ്പരം പൂജ്യം ശതമാനം ചുങ്കത്തിലേക്കു മാറാം എന്നു യൂറോപ്യൻ യൂണിയൻ ഓഫർ ചെയ്തെങ്കിലും ട്രംപ് ഭരണകൂടം അതു തള്ളി.
യുഎസ് വിപണി സൂചികകൾ ചൊവ്വാഴ്ച രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയെങ്കിലും തീരുവക്കാര്യത്തിൽ അയവ് വരില്ല എന്നായപ്പോൾ താഴ്ചയിലായി. ടെക്നോളജി ഓഹരികൾ നിറഞ്ഞ നാസ്ഡാക് സൂചികയാണു കൂടുതൽ ഇടിഞ്ഞത്.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 320.01 പോയിൻ്റ് (0.84%) താഴ്ന്ന് 37,645.59 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 79.48 പോയിൻ്റ് (1.57%) ഇടിഞ്ഞ് 4982.77 ൽ അവസാനിച്ചു. നാസ്ഡാക് 335.35 പോയിൻ്റ് (2.15%) നഷ്ടത്തോടെ 15,267.91 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ് . ഡൗ 1.36 ഉം എസ് ആൻഡ് പി 1.60 ഉം നാസ്ഡാക് 1.71 ഉം ശതമാനം ഇടി നിൽക്കുന്നു.
ഇന്നലെ ഗണ്യമായി ഉയർന്ന ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കെെ മൂന്നര ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്‌കോങ്ങിലെ ഹാങ് സെങ് സൂചികയും ചൈനയുടെ സിഎസ്ഐ സൂചികയും താഴ്ന്നു വ്യാപാരം തുടങ്ങി.
അമേരിക്കയുമായി താൽക്കാലിക ധാരണ ഉണ്ടാക്കി കനത്ത തീരുവയിൽ നിന്നു രക്ഷപ്പെടാം എന്ന പ്രതീക്ഷ ഇന്നലെ ഇന്ത്യൻ വിപണിയെ വലിയ നേട്ടത്തിലേക്കു നയിച്ചു.
ചൊവ്വാഴ്ച നിഫ്റ്റി 374.25 പോയിൻ്റ് (1.69%) ഉയർന്ന് 22,535.85 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1089.18 പോയിൻ്റ് (1.49%) കുതിച്ച് 74,227.08 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 650.90 പോയിൻ്റ് (1.31%) കയറി 50,511.00 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.11 ശതമാനം (1028.55 പോയിൻ്റ്) നേട്ടത്തോടെ 49,838.00 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 2.13 ശതമാനം ഉയർന്ന് 15,389.00 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 3074 ഓഹരികൾ ഉയർന്നപ്പോൾ 898 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2391 എണ്ണം. താഴ്ന്നത് 499 എണ്ണം.
എൻഎസ്ഇയിൽ 17 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 22 എണ്ണമാണ്. 124 ഓഹരികൾ അപ്പർ സർക്യൂട്ടിൽ എത്തിയപ്പോൾ 45 എണ്ണം ലോവർ സർക്യൂട്ടിൽ എത്തി.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 4994.24 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3097.24 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
സ്വർണ വിപണിയിൽ വിലത്തകർച്ച തുടരുകയാണ്. ഇന്നലെ കൂടുതൽ സമയവും ഔൺസിന് 3000 ഡോളറിനു മുകളിൽ ആയിക്കുന്ന സ്വർണം ന്യൂയോർക്കിലെ ഉച്ചയ്ക്കു ശേഷം 2980 നടുത്തേക്കു താഴ്ന്നു. രാവിലെ 3020 ൽ എത്തിയ സ്വർണം 2982.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില തിരികെ 2998 ഡോളറിലേക്കു കയറി.
സ്വർണവും 13 ശതമാനം ഇടിഞ്ഞ വെള്ളിയും വാങ്ങാൻ സമയമായിട്ടില്ല എന്നാണ് മാർക്കറ്റ് ഗേജ് എന്ന നിക്ഷേപ ഉപദേശക സ്ഥാപനത്തിൻ്റെ ചീഫ് സ്ട്രാറ്റജിസ്റ്റ് മിഷേൽ ഷ്നൈഡർ പറയുന്നത്. സമ്പദ്ഘടനയിലെ കോളിളക്കം തുടരുകയാണ്. രംഗം കൂടുതൽ വഷളാകും. നിക്ഷേപകർക്ക് അപ്പോൾ അവസരം കിട്ടും എന്ന് അവർ കരുതുന്നു.
കേരളത്തിൽ തിങ്കളാഴ്ച പവന് 480 രൂപ കുറഞ്ഞ് 65,800 രൂപ ആയി.
രാജ്യാന്തര വിപണിയിൽ വെള്ളിവില 29.70 ഡോളറിലാണ്.
അലൂമിനിയം വില ഇന്നലെ 1.68 ശതമാനം താഴ്ന്ന് ടണ്ണിനു 2340 ഡോളറിനു താഴെയായി. ചെമ്പുവില 5.8 ശതമാനം ഇടിഞ്ഞു. ടിൻ 4.1 ഉം സ്റ്റീൽ 1.08 ഉം ശതമാനം താഴ്ന്നു.
രാജ്യാന്തര അവധിവിപണിയിൽ റബർ 1.10 ഉം കാപ്പി 0.45 ഉം ശതമാനം ഉയർന്നപ്പോൾ കൊക്കോ 2.51 ശതമാനം താഴ്ചയിലായി. സസ്യ എണ്ണകൾ ഉയർന്നു.
ഡോളർ സൂചിക ചൊവ്വാഴ്ച ചാഞ്ചാടിയ ശേഷം താഴ്ന്ന് 102.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.38 ആയി ഇടിഞ്ഞു.
യുഎസ് കടപ്പത്രവില തിങ്കളാഴ്ച ഇടിഞ്ഞു, അവയിലെ നിക്ഷേപനേട്ടം കുതിച്ചു കയറി.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.285 ശതമാനത്തിൽ എത്തി. ഇന്നു രാവിലെ 4.34 ശതമാനത്തിലേക്കു കയറി. പല വിദേശ ബാങ്കുകളും യുഎസ് ബോണ്ടുകൾ വിൽക്കുകയാണ്. വിലക്കയറ്റവും പലിശനിരക്കും കൂടും എന്ന നിഗമനത്തിലാണ് കടപ്പത്ര വിപണിയുടെ നീക്കം.
രൂപ ഇന്നലെയും താഴോട്ടു പോയി. തിങ്കളാഴ്ച 0.70 ഉം ഇന്നലെ 0.50 ഉം ശതമാനം വീഴ്ചയാണു രൂപയ്ക്കു സംഭവിച്ചത്. ഡോളർ വീണ്ടും 86 രൂപയ്ക്കു മുകളിൽ കയറി 86.26 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി താഴുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ രൂപയും താഴുന്നത്. ഡോളറിന് 7.34 യുവാൻ എന്ന നിലയിലേക്കു ചെെനീസ് കറൻസി താണിട്ടുണ്ട്. യുവാൻ കൂടുതൽ താഴാൻ ചൈന ആഗ്രഹിക്കുന്നു എന്നാണു സൂചന. അമേരിക്ക 104 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിൽ യുവാൻ കൂടുതൽ ദുർബലമാകുന്നതു കയറ്റുമതിക്കാർക്കു സഹായമാകും. അതിനു സമാന്തരമായി ഇന്ത്യയുടെ രൂപയും താണെന്നു വരാം.
ക്രൂഡ് ഓയിൽ വീണ്ടും താഴ്ചയിലായി. യുഎസ് ക്രൂഡ് ബാരലിന് 57 ഡോളറിനു താഴേക്കു വീണു. ബ്രെൻ്റ് ഇനം 60 ഡോളറിനടുത്തായി. തീരുവയുദ്ധത്തെപ്പറ്റി ഉള്ള ഭീതിയാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച 62.82 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 60.33 ഡോളറിലേക്ക് എത്തി. ഡബ്ല്യുടിഐ ഇനം 56.92 ഉം യുഎഇയുടെ മർബൻ ക്രൂഡ് 61.51 ഉം ഡോളറിലേക്കു നീങ്ങി.
മാന്ദ്യഭീതി ക്രിപ്റ്റോ കറൻസികളെ വലിയ ചാഞ്ചാട്ടത്തിലാക്കി. ബിറ്റ്കോയിൻ വീണ്ടും താഴ്ന്ന് 75,650 ഡോളറിലായി. ഈഥർ 1425 ഡോളറിനു താഴെയാണ്.
(2025 ഏപ്രിൽ 08, ചൊവ്വ)
സെൻസെക്സ്30 74,227.08 +1.49%
നിഫ്റ്റി50 22,535.85 +1.69%
ബാങ്ക് നിഫ്റ്റി 50,511.00 +1.31%
മിഡ് ക്യാപ്100 49,838.00 +2.11%
സ്മോൾക്യാപ്100 15,389.00 +2.13%
ഡൗജോൺസ് 37,645.60 -0.84%
എസ് ആൻഡ് പി 4982.77 -1.57%
നാസ്ഡാക് 15,267.90 -2.15%
ഡോളർ($) ₹86.26 +₹0.40
സ്വർണം(ഔൺസ്) $2982.70 -₹01.70
സ്വർണം(പവൻ) ₹65,800 -₹480
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $62.82 -$1.39
Read DhanamOnline in English
Subscribe to Dhanam Magazine