ആവേശം തുടരാൻ വിപണി; ചില്ലറവിലക്കയറ്റം കുറയാൻ സാധ്യത; ബാങ്കുകൾ പലിശ കുറച്ചു തുടങ്ങി; സ്വർണം ഇടിയുന്നു
പണനയത്തെ തുടർന്നു വെള്ളിയാഴ്ച കുതിച്ചുകയറിയ ഇന്ത്യൻ വിപണി ഇന്നു വീണ്ടും കയറ്റം പ്രതീക്ഷിച്ചാണു വ്യാപാരം തുടങ്ങുന്നത്. ഇന്നു നടക്കുന്ന യുഎസ് - ചൈന, ഇന്ത്യ - യുഎസ് വ്യാപാര ചർച്ചകളിൽ വലിയ പ്രതീക്ഷയാണു വിപണിക്കുള്ളത്. ഏഷ്യൻ വിപണികളും കയറ്റത്തിലാണ്.
ബുധനാഴ്ച ഇന്ത്യയിലെ മേയ് മാസ ചില്ലറവിലക്കയറ്റ കണക്ക് പുറത്തുവരും. ഏപ്രിലിൽ 3.16 ശതമാനമായിരുന്നു. മേയിൽ മൂന്നു ശതമാനത്തിനു താഴെ ആകുമെന്നാണു പ്രതീക്ഷ. യുഎസ് ചില്ലറ വിലക്കയറ്റ കണക്കും ബുധനാഴ്ച വരും.
വ്യാപാരചർച്ചകൾക്കായി ഡൽഹിയിൽ എത്തിയിട്ടുളള യുഎസ് സംഘം ചർച്ച തുടരുകയാണ്. ഞായറാഴ്ച മടങ്ങാനിരുന്ന സംഘം നാളെയും കൂടി ചർച്ച നടത്തിയിട്ടേ മടങ്ങൂ. ചർച്ചകളിൽ ഗണ്യമായ പുരോഗതി ഉണ്ടെന്നാണ് ചർച്ച നീട്ടിയതിൽ നിന്നു മനസിലാക്കാവുന്നത്. ജൂലൈ ഒൻപതിനു പകരം തീരുവ നടപ്പിൽ വരും മുൻപ് കരാറിൽ എത്താം എന്ന പ്രതീക്ഷ ഇന്ത്യക്കുണ്ട്. എല്ലാ രാജ്യങ്ങൾക്കും ചുമത്തിയ 10 ശതമാനം തീരുവയിൽ നിന്നു, കൂടുതൽ തൊഴിലാളികൾ ആവശ്യമുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, തുകൽ,പാദരക്ഷകൾ എന്നിവയ്ക്ക് ഒഴിവ് നൽകണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.
റീപോ നിരക്ക് കുറച്ചതിനെ തുടർന്നു പല ബാങ്കുകളും വായ്പാ പലിശയിൽ അര ശതമാനം വരെ കുറവ് പ്രഖ്യാപിച്ചു. താമസിയാതെ നിക്ഷേപ പലിശകളും കുറയ്ക്കും. സ്ഥിരനിക്ഷേപങ്ങളുടെ പലിശ മുഖ്യവരുമാനമായിട്ടുള്ളവർക്കു നഷ്ടം വരുത്തുന്നതാണ് ഈ മാറ്റം. ബാങ്ക് നിക്ഷേപങ്ങളുടെ ആകർഷകത്വം കുറയും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 25,098 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,175 ലേക്കു കയറി. വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച പൊതുവേ നേട്ടത്തിലായിരുന്നെങ്കിലും ജർമൻ സൂചിക നാമമാത്രമായി താഴ്ന്നു.
യുഎസ് വിപണി വെള്ളിയാഴ്ച കുതിച്ചു. മേയ് മാസത്തിലെ യുഎസ് തൊഴിൽ വർധന പ്രതീക്ഷയിലും മെച്ചമായതാണു കാരണം. 1.25 ലക്ഷം പുതിയ കാർഷികേതര തൊഴിലുകൾ പ്രതീക്ഷിച്ച സ്ഥാനത്ത് 1.39 ലക്ഷം ഉണ്ടായി. ഏപ്രിലിലെ കണക്ക് 1.47 ലക്ഷമായി താഴ്ത്തിയിരുന്നു. തൊഴിലില്ലായ്മ 4.2 ശതമാനമായി തുടരുന്നു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുവയുദ്ധം സാമ്പത്തിക വളർച്ചയെ ആദ്യം ശങ്കിച്ചതു പോലെ ദോഷകരമായി ബാധിച്ചില്ല എന്നാണു കണക്കുകൾ കാണിക്കുന്നത് എന്നാണു വ്യാഖ്യാനം. പുതിയ തീരുവകൾ കാര്യമായി ബാധിച്ചു തുടങ്ങിയില്ല എന്നും അപ്പോൾ വിലക്കയറ്റവും മാന്ദ്യവും ഉണ്ടാകും എന്നു മുന്നറിയിപ്പ് നൽകുന്നവരും ഉണ്ട്.
യുഎസ്- ചൈന വ്യാപാര ചർച്ച ഇന്നു ലണ്ടനിൽ പുനരാരംഭിക്കും എന്നു ട്രംപ് അറിയിച്ചിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ്, വാണിജ്യ സെക്രട്ടറി ഹവാർഡ് ലുട്നിക്ക്, വാണിജ്യ പ്രതിനിധി ജാമീസൺ ഗ്രീയർ എന്നിവർ പങ്കെടുക്കും. ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങും കഴിഞ്ഞയാഴ്ച നടത്തിയ ചർച്ച മൂന്ന് അമേരിക്കൻ വാഹന കമ്പനികൾക്ക് അപൂർവധാതുക്കളുടെ മാഗ്നറ്റുകൾ കിട്ടാൻ വഴി തുറന്നു. ധാരണയെപ്പറ്റി ഔപചാരിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അമേരിക്കയിലേക്കുളള ഔപചാരിക കുടിയേറ്റം കഴിഞ്ഞ മാസങ്ങളിൽ 90 ശതമാനം കുറഞ്ഞതായി ഡോയിച്ച് ബാങ്കിൻ്റെ അനാലിസ്റ്റ് ജോർജ് സരവേലോസ് ചൂണ്ടിക്കാട്ടി. തീരുവകളേക്കാൾ കുടിയേറ്റത്തിലെ ഇടിവാകും യുഎസ് സാമ്പത്തിക വളർച്ചയ്ക്ക് ഭീഷണിയാവുക എന്നാണ് അദ്ദേഹത്തിൻ്റെ വിശകലനം.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 443.13 പോയിൻ്റ് (1.05%) ഉയർന്ന് 42,762.87 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 61.06 പോയിൻ്റ് (1.03%) നേട്ടത്തോടെ 6000.36 ൽ അവസാനിച്ചു. ഇതാദ്യമാണ് എസ് ആൻഡ് പി 6000 എത്തുന്നത്. നാസ്ഡാക് കോംപസിറ്റ് 231.50 പോയിൻ്റ് (1.20%) കുതിച്ച് 19,529.95 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.11 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ ഒരു ശതമാനം കയറി. ദക്ഷിണ കൊറിയൻ സൂചിക 1.75 ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഹോങ് കോങ്, ചൈനീസ് വിപണികളും ഉയർന്നു വ്യാപാരം ആരംഭിച്ചു.
പലിശയിളവിൽ കുതിച്ച് ഇന്ത്യ
വെള്ളിയാഴ്ച റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വിപണിക്ക് വമ്പൻ കുതിപ്പ് നൽകി. പലിശ (റീപോ) നിരക്ക് അര ശതമാനം കുറച്ചു - ആറിൽ നിന്ന് 5.5 ശതമാനത്തിലേക്ക്. ഒപ്പം ബാങ്കുകൾ പണമായി സൂക്ഷിക്കേണ്ട തുകയുടെ അനുപാതം (സിആർആർ) നാലിൽ നിന്നു മൂന്നു ശതമാനമായി കുറച്ചു. വിലക്കയറ്റ പ്രതീക്ഷ നാലു ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി കുറച്ചു. രാജ്യത്തെ ജിഡിപി വളർച്ച പ്രതീക്ഷ മാറ്റമില്ലാതെ 6.5 ശതമാനത്തിൽ നിലനിർത്തി.
റീപോ നിരക്ക് കുറച്ചതു വഴി ബാങ്കുകളുടെ അറ്റപലിശ വരുമാനം ഏതാനും മാസം കുറയും. എന്നാൽ സെപ്റ്റംബർ മുതൽ സിആർആർ കുറയുമ്പോൾ ആ നഷ്ടം നികത്താവുന്ന വിധം വായ്പ നൽകാൻ അധികമായി രണ്ടര ലക്ഷം കോടി രൂപ ബാങ്കുകൾക്കു കിട്ടും. സിആർആർ കുറയ്ക്കൽ നാലു തവണയായി നടപ്പാക്കും.
വിലക്കയറ്റം ഏകദേശം വരുതിയിലായ സാഹചര്യത്തിൽ വളർച്ചയാണ് ഇനി റിസർവ് ബാങ്കിൻ്റെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നതായി പണനയം.
വളർച്ച കൂട്ടാനും വായ്പാലഭ്യത വർധിക്കാനും ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുത്താനും പറ്റുന്ന നയമാണ് പ്രഖ്യാപിച്ചത്.എന്നാൽ ഇനി ഉടനേ റീപോ നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കേണ്ട എന്നു മൽഹോത്ര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സ്വർണപ്പണയ രംഗത്തുള്ള ബാങ്കിതര ധനകാര്യ കമ്പനികൾക്കും പണനയം നേട്ടമാണ്. പണയം വയ്ക്കുന്ന സ്വർണത്തിൻ്റെ വിലയുടെ 85 ശതമാനം വരെ വായ്പ നൽകാൻ അനുവദിച്ചു. ഇതുവരെ 75 ശതമാനം ആയിരുന്നു. രണ്ടരലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് ഈ ഇളവ്.
ഇതെല്ലാം വിപണിയെ ആവേശത്തിലാക്കി. പലശ കുറയുന്നതിൻ്റെ പേരിൽ റിയൽ എസ്റ്റേറ്റ്, വാഹന, കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികൾ കുതിച്ചു. റിയൽറ്റി സൂചിക 4.62 ശതമാനം കയറി. സ്വർണപ്പണയ രംഗത്തുള്ള മുത്തൂറ്റ് ഫിനാൻസ് ഏഴു ശതമാനം ഉയർന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും മികച്ച മുന്നേറ്റം നടത്തി.
വെള്ളിയാഴ്ച നിഫ്റ്റി 252.15 പോയിൻ്റ് (1.02%) കുതിച്ച് 25,003.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 746.95 പോയിൻ്റ് (0.92%) കയറി 82,188.99 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 817.55 പോയിൻ്റ് (1.47%) ഉയർന്ന് 56,578.40 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 707.30 പോയിൻ്റ് (1.21 ശതമാനം) കയറി 59,010.30 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 149.85 പോയിൻ്റ് (0.81 ശതമാനം) ഉയർന്ന് - 18,582.45 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 2194 ഓഹരികൾ ഉയർന്നപ്പോൾ 1832 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1673 എണ്ണം. താഴ്ന്നത് 1229 ഓഹരികൾ.
എൻഎസ്ഇയിൽ 95 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 18 എണ്ണമാണ്. 93 ഓഹരികൾ അപ്പർ സർക്യൂട്ടിൽ എത്തിയപ്പോൾ 59 എണ്ണം ലോവർ സർക്യൂട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1009.71 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 9342.48 കോടി രൂപയുടെ ഓഹരികളും വാങ്ങി. ജൂണിൽ ഇതുവരെ വിദേശികൾ 8749 കോടി രൂപ വിപണിയിൽ നിന്നു പിൻവലിച്ചു.
25,000 നു മുകളിൽ കയറിയ നിഫ്റ്റിക്ക് മുന്നേറ്റത്തിനു കടുത്ത പ്രതിരോധം നേരിടാം. ഇന്നു നിഫ്റ്റിക്ക് 24,770 ഉം 24,680 ഉം പിന്തുണയാകും. 25,040 ലും 25,120 ലും തടസം ഉണ്ടാകാം.
സ്വർണം ഇടിഞ്ഞു
അമേരിക്കയിലെ തൊഴിൽ മേഖലയിൽ കാര്യമായ ക്ഷീണം ഇല്ലെന്നു മേയിലെ തൊഴിൽ കണക്ക് കാണിച്ചതു സ്വർണത്തെ ഇടിച്ചു താഴ്ത്തി. വെള്ളിയാഴ്ച സ്വർണവില ഒന്നേകാൽ ശതമാനം താഴ്ന്നു. എങ്കിലും ഔൺസിന് 3310 ഡോളറിനു മുകളിൽ നിന്നത് സ്വർണ ബുള്ളുകൾക്കു പ്രതീക്ഷ പകരുന്നു. എന്നാൽ ഇന്നു നടക്കുന്ന യുഎസ്- ചൈന വ്യാപാര ചർച്ച ധാരണയ്ക്കു വഴി തെളിച്ചാൽ സ്വർണവില കുറയും. ഇന്നു രാവിലെ സ്വർണം 3298 ഡോളർ വരെ താഴ്ന്നിട്ട് 3305 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണം ശനിയാഴ്ച പവന് 1200 രൂപ താഴ്ന്ന് 71,840 രൂപയിൽ എത്തി. വെള്ളിവില ഔൺസിന് 35.85 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 36.02 ഡോളറിൽ എത്തി.
വെള്ളിയാഴ്ച ടിൻ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ താഴ്ചയിലായി. ചെമ്പ് 0.39 ശതമാനം കുറഞ്ഞ് ടണ്ണിന് 9794.50 ഡോളറിൽ എത്തി. അലൂമിനിയം 1.18 ശതമാനം താഴ്ന്ന് 2450.50 ഡോളർ ആയി. സിങ്കും ലെഡും നിക്കലും താഴ്ന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.63 ശതമാനം ഉയർന്ന് 161 സെൻ്റ് ആയി. കൊക്കോ 0.65 ശതമാനം കയറി ടണ്ണിന് 10,173.67 ഡോളർ ആയി. കാപ്പി നാമമാത്രമായി താഴ്ന്നപ്പോൾ തേയില 0.88 ശതമാനം കയറി.
ഡോളറിന് കരുത്ത്
യുഎസ് തൊഴിൽ കണക്ക് ഡോളറിനു കരുത്തായി. ഡോളർ സൂചിക ഉയർന്നു 99.20 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.07 ലാണ്.
കറൻസി വിപണിയിൽ ഡോളർ മെച്ചപ്പെട്ടു. യൂറോ 1.1408 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.3546 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 144.56 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. വെള്ളിയാഴ്ച അവയിലെ നിക്ഷേപനേട്ടം 4.506 ശതമാനത്തിലേക്കു കയറി. ഇന്നു രാവിലെ 4.496 ശതമാനത്തിലേക്കു താഴ്ന്നു.
വെള്ളിയാഴ്ച രൂപയ്ക്കു നേട്ടം ഉണ്ടായി. ഡോളർ 85.63 രൂപയിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 16 പൈസ കുറവാണിത്.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.19 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ കയറി
ക്രൂഡ് ഓയിൽ വില അൽപം കയറി. യുഎസ് - ചൈന ചർച്ച നടക്കുന്നതും യുഎസ് തൊഴിൽ കണക്കും ക്രൂഡിനു സഹായമായി. ബ്രെൻ്റ് ഇനം ഒന്നേമുക്കാൽ ശതമാനം കയറി ബാരലിന് 66.62 ഡോളറിൽ എത്തി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 66.55 ഉം ഡബ്ല്യുടിഐ ഇനം 64.67 ഉം മർബൻ ക്രൂഡ് 66.42 ഉം ഡോളറിലാണ്.
ക്രിപ്റ്റോകൾ മുന്നോട്ട്
ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. യുഎസ്- ചെെന ചർച്ചയിൽ പ്രതീക്ഷ വച്ചാണ് കയറ്റം. ബിറ്റ് കോയിൻ 1.06 ലക്ഷം ഡോളറിലേക്കു കയറി. ഈഥർ 2500 ഡോളറിലേക്ക് ഉയർന്നു.
വിപണിസൂചനകൾ
(2025 ജൂൺ 06, വെള്ളി)
സെൻസെക്സ്30 82,188.99 +0.92%
നിഫ്റ്റി50 25,003.05 +1.02%
ബാങ്ക് നിഫ്റ്റി 56,578.40 +1.47%
മിഡ് ക്യാപ്100 59,010.30 +1.21%
സ്മോൾക്യാപ്100 18,582.45 +0.81%
ഡൗജോൺസ് 42,762.87 +1.05%
എസ്ആൻഡ്പി 6000.36 +1.03%
നാസ്ഡാക് 19,529.95 +1.20%
ഡോളർ($) ₹85.63 -₹0.16
സ്വർണം(ഔൺസ്) $3311.67 -$41.73
സ്വർണം(പവൻ) ₹71,840 -₹1200
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $66.47 +$1.18
Read DhanamOnline in English
Subscribe to Dhanam Magazine