യുദ്ധഭീതിയിൽ വിപണി; ഡോളർ കയറുന്നു; രൂപ ഇനിയും താഴാം; വിദേശികൾ വാങ്ങൽ തുടരുന്നു

സ്വർണം താഴോട്ട്, ക്രൂഡ് ഉയരുന്നു; ക്രിപ്റ്റോകൾ കുതിച്ചു കയറി
TCM, Morning Business News
Morning business newscanva
Published on

അതിർത്തി സംഘർഷം വിശാല യുദ്ധത്തിലേക്കു വീഴാനുള്ള സാധ്യത വിപണിയെ ആശങ്കയിലാക്കുന്നു. പാശ്ചാത്യ, ഏഷ്യൻ വിപണികളെ ഉയർത്തുന്ന വ്യാപാര ഉടമ്പടി പോലുള്ള വിഷയങ്ങൾ ഒന്നും ഇന്ത്യൻ വിപണി ശ്രദ്ധിക്കുന്നതേയില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,885 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,835 ൽ ഓപ്പൺ ചെയ്തിട്ട് 24,025  വരെ ഉയർന്നു. പിന്നീട് 23,970 ലേക്കു താഴ്ന്നു. ഇന്നു വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു. എന്നാൽ യുഎസുമായി വ്യാപാരകരാർ ഉണ്ടാക്കിയ യുകെയുടെ എഫ്ടിഎസ്ഇ 100 സൂചിക 0.32 ശതമാനം താഴ്ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കാൽ ശതമാനം കുറച്ചതും കാരണമായി.

യുഎസ് - യുകെ വ്യാപാര ഉടമ്പടിയെ തുടർന്നു രാവിലെ ഒന്നര ശതമാനത്തിലധികം ഉയർന്ന യുഎസ് വിപണി പിന്നീടു നേട്ടം ഗണ്യമായി നഷ്ടപ്പെടുത്തിയാണു ക്ലോസ് ചെയ്തത്. ഉടമ്പടിപ്രകാരം കുറഞ്ഞ തീരുവ 10 ശതമാനമായിരിക്കും. സ്റ്റീൽ, അലൂമിനിയം, വാഹനങ്ങൾ എന്നിവയ്ക്കു ചുമത്തിയ 25 ശതമാനം തീരുവ 10 ശതമാനമായി കുറയും.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 254.48 പോയിൻ്റ് (0.62%) ഉയർന്ന് 41,368.45 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 32.66 പോയിൻ്റ് (0.58%) നേട്ടത്തോടെ 5663.94 ൽ അവസാനിച്ചു. നാസ്ഡാക് 189.98 പോയിൻ്റ് (1.07%) കയറി 17,928.14 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.26 ഉം  എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.17 ഉം ശതമാനം താഴ്ന്നു  നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്.  ജപ്പാനിൽ നിക്കൈ സൂചിക 1.3 ശതമാനം ഉയർന്നു.  ഹോങ് കോങ് സൂചിക ഉയർന്നു വ്യാപാരം തുടങ്ങി. ഷാങ് ഹായ് സൂചിക താഴ്ചയിലാണ്.

ഇന്ത്യൻ വിപണി ഇടിവിൽ

അതിർത്തി സംഘർഷം രൂക്ഷമായതോടെ കാര്യങ്ങൾ വിശാല യുദ്ധത്തിലേക്കു നീങ്ങും എന്ന ആശങ്ക ഇന്നലെ വ്യാപാരം അവസാനിക്കുന്നതിനു തൊട്ടു മുൻപ് വിപണിയെ വലിച്ചു താഴ്ത്തി. നിഫ്റ്റി 24,150 വരെ താഴ്ന്നിട്ട് 24,273 ൽ ക്ലോസ് ചെയ്തു. നഷ്ടം അര ശതമാനം. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തോളം നഷ്ടത്തിലായി.

ഇന്നും സാഹചര്യം മെച്ചപ്പെട്ടിട്ടില്ല. എങ്കിലും വിപണി നാടകീയ തകർച്ചകൾ ഒഴിവാക്കാൻ കരുതലുകൾ എടുക്കും. 

പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്നലെയും പരിഭ്രാന്തി കാണിച്ചു.  കെഎസ്ഇ 100 സൂചിക 5.9 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. രണ്ടു ദിവസം കൊണ്ട് പാക് വിപണി ഒൻപതു ശതമാനം ഇടിഞ്ഞു. പാക്കിസ്ഥാനുള്ള ഐഎംഎഫ് വായ്പ അനുവദിക്കുന്നതിനു നിർണായക യോഗം ആരംഭിച്ചിട്ടുണ്ട്. വായ്പ നൽകരുതെന്നാണ് ഇന്ത്യൻ നിലപാട്.

വ്യാഴാഴ്ച നിഫ്റ്റി 140.60 പോയിൻ്റ് (0.58%) താഴ്ന്ന് 24,273.80 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 411.97 പോയിൻ്റ് (0.51%) നഷ്ടത്തിൽ 80,334.81 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 245.25 പോയിൻ്റ് (0.45%) കുറഞ്ഞ് 54,365.65 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 1058.45 പോയിൻ്റ് (1.95 ശതമാനം) ഇടിഞ്ഞ് 53,229.30 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 234.20 പോയിൻ്റ് (1.43 ശതമാനം) താഴ്ന്ന് 16,183.75 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 1335 ഓഹരികൾ ഉയർന്നപ്പോൾ 2570 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 820 എണ്ണം. താഴ്ന്നത് 2027 ഓഹരികൾ.

എൻഎസ്ഇയിൽ 26 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 52 എണ്ണമാണ്. 73 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 61 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെ  ക്യാഷ് വിപണിയിൽ 2007.96 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 596.25 കോടി രൂപയുടെ ഓഹരികൾ വിറ്റു. 

നിഫ്റ്റി 24,200 ലെ പിന്തുണ തകർത്തു താഴോട്ടു പോയിട്ട് തിരിച്ചുകയറിയാണു വ്യാപാരം അവസാനിപ്പിച്ചത്. വീണ്ടും ആ പിന്തുണ തകർന്നാൽ 23,850 വരെ താഴാം. ഇന്നു നിഫ്റ്റിക്ക് 24,170 ഉം 23,990 ഉം പിന്തുണയാകും. 24,400 ലും 24,590 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ലാർസൻ ആൻഡ് ടൂബ്രോ നാലാം പാദത്തിൽ വരുമാനം 11 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 25 ശതമാനം കൂടി. ഈ വർഷം 15 ശതമാനം വരുമാന വർധനയും 8.5 ശതമാനം ലാഭ മാർജിനും കമ്പനി പ്രതീക്ഷിക്കുന്നു.

ബ്രിട്ടാനിയയുടെ വരുമാനം 8.9 ശതമാനം കൂടിയപ്പോൾ ലാഭവർധന 4.2 ശതമാനം മാത്രമായി.

ടൈറ്റനു വിറ്റുവരവ് 19.7 ശതമാനം വർധിച്ചു. പ്രവർത്തനലാഭം 29.7 ശതമാനം കൂടുകയും ലാഭമാർജിൻ 10.7 ശതമാനമായി ഉയരുകയും ചെയ്തു. അറ്റാദായം 10.7 ശതമാനം വർധിച്ചു.

അറ്റ പലിശവരുമാനം 0.8 ശതമാനം വർധിച്ചപ്പോൾ യൂണിയൻ ബാങ്കിൻ്റെ ലാഭം 50.6 ശതമാനം കുതിച്ചു. വകയിരുത്തലുകളും ഗണ്യമായി കൂടി.

ബയോ കോണിൻ്റെ വരുമാനം 12.8 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 154.2 ശതമാനം കുതിച്ചു.

റിസൽട്ടുകൾ ഇന്ന്

ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, മണപ്പുറം ഫിനാൻസ്, സ്വിഗ്ഗി, എബിബി ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബിർല കോർപറേഷൻ, സേറ സാനിട്ടറിവേർ, ചോളമണ്ഡലം ഫിനാൻസ്, ജിഇ ഷിപ്പിംഗ്, നവീൻ ഫ്ലോറിൻ, തെർമാക്സ് തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ട് പുറത്തുവിടും.

സ്വർണം വീണ്ടും ഇടിയുന്നു

ഡോളറിൻ്റെ കരുത്തും യുഎസ് - യുകെ ഉടമ്പടിയും സ്വർണത്തെ ഇന്നലെ വലിച്ചു താഴ്ത്തി. 

സ്വർണവില ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞ് ഔൺസിന് 3306.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3324 ഡോളറിലേക്കു  കയറിയിട്ടു വീണ്ടും ഇടിഞ്ഞ് 3288 ഡോളറിൽ എത്തി.

വ്യാഴാഴ്ച കേരളത്തിൽ പവന് 440 രൂപ വർധിച്ച് 73,040 രൂപയായി. ഇന്നു വില കുറയാം.

വെള്ളിവില ഔൺസിന് 32.25  ഡോളർ ആയി താഴ്ന്നു. 

 വ്യാഴാഴ്ച ചെമ്പുവില 0.77 ശതമാനം താഴ്ചയോടെ ടണ്ണിന് 9412.00 ഡോളറിൽ എത്തി.  അലൂമിനിയം വില 1.14 ശതമാനം ഉയർന്ന് ടണ്ണിന് 2412.80 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങ ഭിന്ന ദിശകളിലായി. ടിൻ 1.26 ഉം ലെഡ് 0.63 ഉം നിക്കൽ 0.13 ഉം ശതമാനം ഉയർന്നു. സിങ്ക് 0.83 ശതമാനം താഴ്ന്നു.

രാജ്യാന്തര വിപണിയിൽ റബർ വില മാറ്റമില്ലാതെ കിലോഗ്രാമിന് 172.30 സെൻ്റിൽ തുടർന്നു. കൊക്കോ 0.77 ശതമാനം താഴ്ന്ന് 9129.29 ഡോളറിൽ എത്തി. കാപ്പി 0.37 ശതമാനം താഴ്ന്നു. പാമോയിൽ വില 0.89 ശതമാനം കൂടി.

ഡോളർ ഉയരുന്നു; രൂപ ഇടിയുന്നു

 ഡോളർ സൂചിക വ്യാഴാഴ്ച 100 കടന്നു  സൂചിക ഇന്നലെ ഒരു ശതമാനത്തിലധികം കയറി 100.64 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.74 ൽ ആണ്.

യൂറോ ഇന്ന് 1.1205 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.322 ഡോളറിലേക്ക് താഴ്ന്നപ്പോൾ ജാപ്പനീസ് യെൻ ഡോളറിന് 146.11 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.

ഫെഡറൽ റിസർവ് തീരുമാനത്തിനു ശേഷം കടപ്പത്രവില വീണ്ടും താഴ്ന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.37 ശതമാനത്തിലേക്ക് കയറി. 

രൂപ വ്യാഴാഴ്ച സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലായി. ഡോളർ 88 പൈസ (ഒന്നര ശതമാനം) ഉയർന്ന് 85.71 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഉയർന്നതിനേക്കാൾ ഇന്ത്യ- പാക് സംഘർഷമാണ് രൂപയെ വീണ്ടും ഡോളറിന് 86 രൂപയുടെ സമീപം എത്തിച്ചത്. ഇന്നും രൂപ താഴും എന്നാണു സൂചന.

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.23 യുവാൻ എന്ന നിലയിൽ തുടർന്നു. 

ക്രൂഡ്  ഓയിൽ കയറുന്നു

യുഎസ്-ചൈന ചർച്ച വ്യാപാര യുദ്ധത്തിൻ്റെ അവസാനത്തിനു വഴി തെളിക്കും എന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വിപണി ഉയർന്നു. ബ്രെൻ്റ് ഇനം ഇന്നലെ മൂന്നു ശതമാനം കയറി ബാരലിന് 62.84 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 60.13 ഡോളറും ആയി.  ഇന്നു രാവിലെ ബ്രെൻ്റ് 63.07 ഉം ഡബ്ല്യുടിഐ 60.17 ഉം മർബൻ ക്രൂഡ് 63.57 ഉം ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ കുതിച്ചു കയറി

ക്രിപ്റ്റോ കറൻസികൾ കുതിച്ചുകയറി. വ്യാപാര യുദ്ധം ഒത്തുതീരും എന്ന പ്രതീക്ഷ വളർന്നതാണു കാരണം.  ബിറ്റ് കോയിൻ ഇന്നലെ ഏഴു ശതമാനം കുതിച്ച് 1,03,000 ഡോളറിനു മുകളിൽ എത്തി. ഈഥർ 22 ശതമാനം ഉയർന്ന് 2180 ഡോളറിനു മുകളിലായി. മറ്റു പല ക്രിപ്റ്റോകളും ഇരട്ടയക്ക കുതിപ്പ് നടത്തി.

വിപണിസൂചനകൾ

(2025 മേയ് 08, വ്യാഴം)

സെൻസെക്സ്30   80,334.81   -0.51%

നിഫ്റ്റി50       24,273.80         -0.58%

ബാങ്ക് നിഫ്റ്റി   54,365.65     -0.45%

മിഡ് ക്യാപ്100   53,229.30     -1.95%

സ്മോൾക്യാപ്100  16,183.75    -1.43%

ഡൗജോൺസ്   41,368.45     +0.62%

എസ്ആൻഡ്പി   5663.94      +0.58%

നാസ്ഡാക്      17,928.14     +1.07%

ഡോളർ($)     ₹85.71        +₹0.88

സ്വർണം(ഔൺസ്) $3306.00   -$60.10

സ്വർണം(പവൻ) ₹73,040        +₹440.00

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $62.84   +$1.72 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com