ആശ്വാസറാലി പ്രതീക്ഷിച്ച് നിക്ഷേപകർ; യുഎസ് ഫ്യൂച്ചേഴ്സ് കയറുന്നു; ഡോളർ താഴുന്നു, സ്വർണം കയറുന്നു; ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു

ട്രംപ് ഭരണകൂടം ഇന്ത്യക്കാരുടെ യുഎസ് കുടിയേറ്റ മോഹങ്ങൾക്കു വീണ്ടും തടസം നിൽക്കുന്നു. എട്ടു പ്രമുഖ കമ്പനികളെ ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്നു നീക്കി
Stock Market Pre-opening Analysis
Morning News UpdatesImage: Canva
Published on: 

പ്രതികൂല ഘടകങ്ങൾ തുടരുകയാണെങ്കിലും ഇന്ത്യൻ വിപണി ഇന്ന് ആശ്വാസറാലി പ്രതീക്ഷിക്കുന്നു. അടുത്ത മാസത്തെ ഇടക്കാല തെരഞ്ഞെടുപ്പിനു മുൻപ് ഇറാൻ്റെ മേൽ ആക്രമണമില്ലെന്നും പരോക്ഷചർച്ചകൾ തുടരുന്നുവെന്നും യുഎസ് പ്രസിഡൻ്റ് പറഞ്ഞതു ക്രൂഡ് ഓയിൽ വില അൽപം താഴാൻ സഹായിച്ചു. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു.

ഗിഫ്‌റ്റ് സിറ്റിയിലെ ഡെറിവേറ്റീവ്

വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,370.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,326 വരെ ഇടിഞ്ഞ ശേഷം 22,392 ലേക്കു കുതിച്ചു. ഇന്ത്യൻ വിപണി ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ടിസിഎസ് രണ്ടാം പാദത്തിൽ അറ്റാദായം 15 ശതമാനം വർധിപ്പിച്ചു. വരുമാന വർധന ശതമാനമാണ്. ബിസിനസ് വളർച്ചയ്ക്കു തടസങ്ങൾ പലതുണ്ടെന്നു മാനേജ്മെൻ്റ് പറഞ്ഞു.

രണ്ടാം പാദത്തിൽ നിഫ്റ്റി 50 കമ്പനികൾ 24.9 ശതമാനം അറ്റാദായ വർധന കാണിക്കുമെന്നു വിവിധ ബ്രോക്കറേജുകളുടെ വിശകലനം കാണിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപകാലത്തെ ഏറ്റവും മികച്ച ലാഭവർധനയാകും ഇത്.

ജിഎസ്ടി മാറ്റങ്ങൾ

ഒരു വർഷത്തിനു ശേഷം ഇന്നലെ നടന്ന ജിഎസ്ടി കൗൺസിൽ യോഗം നികുതിദായകർക്ക് അനുകൂലമായ പല തീരുമാനങ്ങളും എടുത്തു. ജിഎസ്ടി വകുപ്പിൻ്റെ അറസ്റ്റ് അധികാരം ഇല്ലാതാക്കിയതും അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലെ വെട്ടിപ്പിനു മാത്രം ക്രിമിനൽ പ്രോസിക്യൂഷൻ മതി എന്നു തീരുമാനിച്ചതുമാണു പ്രധാനം. 10,000 രൂപവരെയുള്ള ക്രമക്കേടുകൾക്കു നോട്ടീസ് അയയ്ക്കുന്നതും നിർത്തി.

ഇറാനുമായി വീണ്ടും ചർച്ച

യെമനിലെ ഹൂതികൾക്കെതിരായ സൗദി അറേബ്യൻ ആക്രമണത്തിൽ പാക്കിസ്ഥാനും സിറിയയും പങ്കു ചേർന്നു. തുർക്കിയും ചേരാൻ സാധ്യതയുണ്ട്. പാക്കിസ്ഥാൻ 8000 ഭടന്മാരെ അയച്ചു. ബോംബർ വിമാനങ്ങളും എത്തിച്ചു. ഇന്നലെ ആക്രമണത്തിൽ പാക് വിമാനങ്ങൾ പങ്കെടുത്തു. സൗദി അറേബ്യയിലെ റിയാദിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റുകൾ രണ്ടു ദിവസത്തേക്കു റദ്ദാക്കി.

ഇറാനിലേക്ക് ഈ മാസം വലിയ ആക്രമണത്തിനു പരിപാടി ഇല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പരോക്ഷ ചർച്ചകൾ പുനരാരംഭിച്ചതായി അറിയിച്ചു. ഇറാനിൽ കരയുദ്ധത്തിനു പ്ലാൻ ഇല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പറഞ്ഞു. ഹോർമുസിൽ ടാങ്കറുകൾക്കു നേരേ ആക്രമണം കൂടിയതോടെ ടാങ്കർ നീക്കം വളരെ കുറവായി. എങ്കിലും മറ്റു വഴികളിലൂടെ എണ്ണവ്യാപാരം നടക്കുന്നു. യുഎസ് ഗൾഫ് തീരത്തു ചുഴലിക്കാറ്റ് വരുന്നതിനാൽ അവിടെ എണ്ണ ഉൽപാദനം തടസപ്പെടും. അതാണ് ഇന്നലെ വില അഞ്ചു ശതമാനം കൂടാൻ ഒരു കാരണം. ഉപരോധത്തിനു മുൻപ് ഇറാൻ ടാങ്കറുകളിലാക്കി സമുദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന എണ്ണ ശേഖരം മിക്കവാറും തീരാറായി. ഇതും വിലവർധനയുടെ കാരണമാണ്.

യുക്രെയ്നും റഷ്യയും പരസ്പരം ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കുന്നതു തുടരുകയാണ്. റഷ്യൻ റിഫൈനറികളുടെ പകുതി ശേഷി പോലും പ്രവർത്തിക്കുന്നില്ല.

ഐടിയിൽ ഇന്ത്യക്കാർക്കു തിരിച്ചടി

ട്രംപ് ഭരണകൂടം ഇന്ത്യക്കാരുടെ യുഎസ് കുടിയേറ്റ മോഹങ്ങൾക്കു വീണ്ടും തടസം നിൽക്കുന്നു. എട്ടു പ്രമുഖ കമ്പനികളെ ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്നു നീക്കി. അമേരിക്കക്കാരെ പിരിച്ചുവിട്ട് ഇന്ത്യക്കാരെയും മറ്റും നിയമിക്കുന്നു എന്ന ആരോപണത്തിലാണു നടപടി. ഇന്ത്യൻ കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ എന്നിവയും മൈക്രോസോഫ്റ്റ്, അഡോബി, കോഗ്‌നിസൻ്റ്, കാപ് ജെമിനി എന്നിവയും ആണു വിലക്കപ്പെട്ടത്. ട്രംപ് വന്ന ശേഷം എച്ച് വൺ ബി വീസ കുറവായതിനാൽ പുതിയ വിലക്ക് വലിയ പ്രശ്നമല്ലെന്നു നാസ്കോം വിലയിരുത്തി.

മസ്‌ക് Vs അംബാനി

ഉപഗ്രഹ വാർത്താവിനിമയം ഇന്ത്യയിൽ തുടങ്ങുന്നതിന് ഇന്ത്യൻ കുത്തകകൾ എതിരു നിൽക്കുന്നു എന്ന സ്‌റ്റാർലിങ്ക് മേധാവി ഇലോൺ മസ്‌കിൻ്റെ ആരോപണം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുന്ന തലത്തിലേക്ക് ഉയർന്നു. അംബാനിയുടെ റിലയൻസ് ജിയോയും മിത്തലിൻ്റെ യൂടെൽസാറ്റ് വൺവെബും ആണ് ഉപഗ്രഹവാർത്താ വിനിമയ ലൈസൻസിനു ശ്രമിക്കുന്ന ഇന്ത്യൻ കമ്പനികൾ. ആദ്യ ദിവസം ആരുടെയും പേരു പറയാതിരുന്ന മസ്‌ക്, ഗവണ്മെൻ്റ് നിഷേധക്കുറിപ്പ് ഇറക്കിയ ശേഷം അംബാനിയാണോ ഇന്ത്യയിലെ യഥാർഥ അധികാരി എന്നു ചോദിച്ചു പോര് രൂക്ഷമാക്കി.

യുഎസ് വിപണി ഭിന്നദിശകളിൽ

യുഎസ് വിപണിയിലെ മൂന്നു സൂചികകളും ഇന്നലെ താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം ഡൗ ജോൺസ് തിരിച്ചു കയറി. നാസ്ഡാക് കുത്തനെ ഇടിഞ്ഞു. ഇറാനിൽ ഈ മാസം ആക്രമണം ഇല്ലെന്നു ട്രംപ് പറഞ്ഞതും കടപ്പത്രവിലകൾ അൽപം കയറിയതും ഡൗവിന് കരുത്തായി. യുഎസ് ഗവണ്മെൻ്റ് ഇറക്കിയ 30 വർഷ കടപ്പതങ്ങൾ സുഗമമായി വിറ്റു പോയതും ഡൗവിനെ താഴ്ചയിൽ നിന്നു 350 പോയിൻ്റ് ഉയർത്തി.

ഓപ്പൺ എഐയുടെ മൂന്നാം പാദ വരുമാനം നേരത്തേ പറഞ്ഞതിലും വളരെ കുറവായി. നിർമിതബുദ്ധിയിലെ മുൻനിര കമ്പനി 6800 കോടി ഡോളർ വരുമാനം പറഞ്ഞത് 5000 കോടി മാത്രമായി കുറഞ്ഞു. എഐക്കു വേണ്ട ഗ്രാഫിക് യൂണിറ്റുകളും ചിപ്പുകളും നൽകുന്ന എൻവിഡിയ, ഓറക്കിൾ, കോർവീവ്, എഎംഡി, ബ്രോഡ് കോം, ഇൻ്റൽ, സൂപ്പർ മൈക്രോ തുടങ്ങിയവ മൂന്നു മുതൽ എട്ടു വരെ ശതമാനം ഇടിഞ്ഞു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 51.77 പോയിൻ്റ് (0.10 ശതമാനം) ഉയർന്ന് 51,231.64 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 36.41 പോയിൻ്റ് (0.47%) നഷ്ടത്തോടെ 7765.36 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 345.35 പോയിൻ്റ് (1.25%) ഇടിഞ്ഞ് 27,193.34 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ ജോൺസ് 92 പോയിൻ്റും (0.18%) എസ് ആൻഡ് പി 16 പോയിൻ്റും (0.20%) നാസ്ഡാക് 83 പോയിൻ്റും (0. 27%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് വ്യാഴാഴ്ച വ്യാപാരസമയത്ത് 0.59 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.64 ശതമാനം കൂടി താഴ്‌ന്ന് 21.87 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.14% ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ 0.29% കയറി 27.98 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 1.42% ഉയർന്ന് തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 10.70 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു മാറ്റമില്ലാതെ നിന്നിട്ടു തുടർ വ്യാപാരത്തിൽ 2.99% ഇടിഞ്ഞ് 1.62 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഇടിവ് തുടരുന്നു

യൂറോപ്യൻ ഓഹരിവിപണികൾ ഇന്നലെയും താഴ്ന്നു. കടപ്പത്രവിലയിടിവാണു പ്രധാന ആശങ്കാവിഷയം. ഇന്ധന വിലക്കയറ്റവും വിഷയമാണ്. വിദ്യാർഥി പ്രക്ഷോഭങ്ങൾ ഫ്രാൻസിൽ നിന്നു ബൽജിയത്തിലേക്കു പടർന്നു.

ഏഷ്യൻ വിപണികൾ താഴുന്നു

പ്രധാന ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.2 ശതമാനം നഷ്‌ടത്തിലായി. ഓസ്ട്രേലിയൻ സൂചിക 0.50 ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് 1.20 ശതമാനം കൂടി. ഷാങ്ഹായ് സൂചിക 0.28 ശതമാനം താഴ്ന്നു.

കുത്തനേ വീണ് ഇന്ത്യൻ വിപണി

വിലക്കയറ്റം, ക്രൂഡ് ഓയിൽ വില, പലിശ, കടപ്പത്ര വില, വിദേശ നിക്ഷേപകരുടെ വിൽപന, രൂപയുടെ മേലുള്ള സമ്മർദം - ഇന്ത്യൻ വിപണിക്കു കൂടുതൽ ഇടിയാൻ കാരണങ്ങൾ ധാരാളം. ഇന്നലെ 2026 ലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നിഫ്റ്റിയെ നയിച്ചത് ഇവയെല്ലാമാണ്.

എല്ലാ മേഖലകളും ഇന്നലെ ചുവന്നു. മെറ്റൽ, ഓട്ടോ, ഫാർമ, ടൂറിസം, പ്രതിരോധം, കാപ്പിറ്റൽ മാർക്കറ്റ്, ഓയിൽ, കൺസ്യൂമർ ഡ്യുറബിൾസ് , റിയൽറ്റി, ഹെൽത്ത്, മീഡിയ തുടങ്ങിയവ വലിയ നഷ്‌ടത്തിലായി. ഐടി മാത്രം നേരിയ താഴ്ചയിൽ നിന്നു.

വ്യാഴാഴ്ച ഉയരുന്ന ഒരോഹരിക്കു നാല് ഓഹരികൾ താഴുന്ന നിലയായി.. ബിഎസ്ഇയിൽ 910 ഓഹരികൾ ഉയർന്നു, 3545 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 649 ഓഹരികൾ കയറിയപ്പോൾ 2940 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ വിൽപന വലിയ തോതിൽ വർധിപ്പിച്ചു. അവർ ക്യാഷ് വിപണിയിൽ 12,943.58 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 10,703.11 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 1045.46 പോയിൻ്റ് (1.44%) താഴ്ന്ന് 71,593.24 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 371.25 പോയിൻ്റ് (1.64%) നഷ്ടത്തോടെ 22,231.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 540.50 പോയിൻ്റ് (0.98%) താഴ്ന്ന് 54,515.05 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1500.10 പോയിൻ്റ് (2.53%) ഇടിഞ്ഞ് 57,882.50 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 456.85 പോയിൻ്റ് (2.34%) നഷ്‌ടത്തോടെ 19,050.10 ൽ ക്ലോസ് ചെയ്തു.

സ്വർണം ഉയർന്നു

പലിശഗതിയിൽ അനുകൂല സൂചന ഇല്ലെങ്കിലും സ്വർണവില ഇന്നലെ ചെറിയ തോതിൽ കയറി. ഇന്നും കയറ്റം തുടരുകയാണ്. സ്വർണം വ്യാഴാഴ്ച 22.60 ഡോളർ (0.55%) നേട്ടത്തോടെ ഔൺസിന് 4134.50 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ ഒരു ശതമാനം കയറി 4176 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ വിലമാറ്റമില്ലാതെ 1,09,680 രൂപയിൽ തുടർന്നു. ഇന്നു വില കൂടിയേക്കും.

വെള്ളിവില ഔൺസിന് 59.22 ഡോളറിലേക്കു താഴ്ന്നിട്ട് ഇന്നു രാവിലെ 60.20 ഡോളറിലേക്കു കയറി.

പ്ലാറ്റിനം 1660 ഡോളർ, പല്ലാഡിയം 1125 ഡോളർ, റോഡിയം 8250 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ കയറ്റം തുടരുന്നു

രാജ്യാന്തര വിപണിയിലും കേരളത്തിലും റബർ വില വീണ്ടും കയറി. വ്യാഴാഴ്ച ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 293.40 ഡോളറിലും ആർഎസ്എസ് മൂന്ന് 290.00 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 28,200 രൂപയിലേക്കു കയറി.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ നീങ്ങുന്നു. ചെമ്പ് 0.12 ശതമാനം കയറി ടണ്ണിന് 14,526.00 ഡോളർ ആയി. അലൂമിനിയം 1.43 ശതമാനം ഇടിഞ്ഞ് 3068.60 ഡോളറിൽ എത്തി. ടിന്നും ലെഡും നിക്കലും താഴ്ന്നു. സിങ്ക് കയറി.

കൊക്കോ കയറി

കൊക്കോ വില 0.69 ശതമാനം ഉയർന്നു ടണ്ണിന് 5617 ഡോളറിൽ ക്ലോസ് ചെയ്തു.

അറബിക്ക കാപ്പി പൗണ്ടിന് 1.66 ശതമാനം താഴ്ന്നു 2.878 ഡോളർ ആയി.

പാം ഓയിൽ 3.03 ശതമാനം ഉയർന്നു ടണ്ണിന് 4661 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക താഴുന്നു

യുഎസ് ഡോളർ സൂചിക ഇന്നലെ അൽപം താഴ്‌ന്നു 102.14 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.99 ലേക്കു താഴ്‌ന്നു.

യൂറോ 1.1221 ഡോളറിലേക്കും പൗണ്ട് 1.3237 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.87 യെൻ വരെ താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.70 എന്ന നിരക്കിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 5.227 ശതമാനമായി താഴ്ന്നു.

രൂപ പിടിച്ചു നിന്നു

റിസർവ് ബാങ്കിൻ്റെ സഹായത്തോടെ രൂപ ഇന്നലെ പിടിച്ചുനിന്നു. ഡോളർ 97 രൂപയെ സമീപിച്ചെങ്കിലും റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചു താങ്ങി നിർത്തി. ഡോളർ മാറ്റമില്ലാതെ 96.78 രൂപയിൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 96.90 രൂപ വരെ കയറിയിട്ടു 96.85ലേക്കു താഴ്ന്നു.

ചൈനീസ് യുവാൻ 14.4 4 രൂപയിലേക്കു കയറി. യൂറോ 108.62 രൂപയായി ഉയർന്നു.

ക്രൂഡ് ഓയിൽ താഴുന്നു

ഇന്നലെ 105 ഡോളർ വരെ കയറിയ ക്രൂഡ് ഓയിൽ ഇന്നു താഴുകയാണ്. ബ്രെൻ്റ് ഇനം ഇന്നലെ 4.08 ഡോളർ കയറി 104.28ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്നു 103.40 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 90.79 ഡോളറിലാണ്.

ക്രിപ്റ്റോകൾ ഇടിയുന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ ഇന്നു രാവിലെ 81,650 ഡോളറിനു താഴെ വന്നു. ഈഥർ 2475 ഡോളറിനും സൊലാന 109 ഡോളറിനും താഴെ ആയി.

വിപണിസൂചനകൾ

(2026 ഒക്‌ടോബർ 08, വ്യാഴം)

സെൻസെക്സ് 71,593.24 -1.44%

നിഫ്റ്റി50 22,231.80 -1.64%

ബാങ്ക് നിഫ്റ്റി 54,515.05 -0.98%

മിഡ്ക്യാപ്100 57,882.50 -2.53%

സ്മോൾക്യാപ്100 19,050.10 -2.34%

ഡൗജോൺസ് 51,231.64 +0.10%

എസ്ആൻഡ്പി 7765.36 -0.47%

നാസ്ഡാക് 27,193.34 -1.25%

ഡോളർ ₹96.78 +₹0.00

സ്വർണം(ഔൺസ്)$4134.50 +$22.60

സ്വർണം(പവൻ) ₹1,09,680 +₹00

ക്രൂഡ്ഓയിൽബ്രെൻ്റ് $104.28 +$4.08

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com