സംഘർഷാന്തരീക്ഷം തുടരുന്നു; മഴക്കുറവിൽ ആശങ്ക; വിപണികൾ പലവഴി; ക്രൂഡിനു കയറ്റം; സ്വർണം ഇടിഞ്ഞു

മഴക്കുറവ് മൂലം ജൂൺ 25 വരെ ഖാരിഫ് കൃഷിയിറക്കലിൽ 23 ശതമാനം കുറവുള്ളതായി കൃഷിമന്ത്രാലയം കണക്കാക്കുന്നു
Pre Market Analysis
Morning business newsCanva
Published on

പശ്ചിമേഷ്യയിൽ പുതിയ ആക്രമണങ്ങൾ ഇല്ലെങ്കിലും സംഘർഷാന്തരീക്ഷത്തിന് അയവില്ല. ഹോർമുസിൽ കപ്പൽ നീക്കം കുറഞ്ഞത് എണ്ണവില അൽപം കൂട്ടി. വിലക്കയറ്റം തുടരുന്നതു പലിശ കൂട്ടാൻ യുഎസ് ഫെഡിനെ പ്രേരിപ്പിക്കും എന്ന ആശങ്കയിൽ സ്വർണവില ഇടിഞ്ഞു. ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലായി. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,985.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,040 വരെ കയറിയിട്ട് 23,970 ലേക്കു താഴ്ന്നു. ഇന്നു വിപണി നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൺസൂൺ: ജൂണിൽ കമ്മി 40%, ജൂലൈയിലും മഴ കുറയും

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂൺ 30ലെ നിലവച്ച് 39.8 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 165.3 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്തു ലഭിച്ചത് 99.5 മില്ലിമീറ്റർ മാത്രം. ജൂലൈയിലും മഴ കുറയുമെന്നു വകുപ്പ് പറഞ്ഞു. ആദ്യത്തെ ഒരാഴ്ച നല്ല മഴ ലഭിക്കും. പിന്നീടു കുറയും. ദീർഘകാല ശരാശരിയുടെ 94 ശതമാനമാണു പ്രതീക്ഷ.

ഇത്തവണ ജൂണിൽ 1901 നു ശേഷമുള്ള ആറാമത്തെ ഏറ്റവും കുറഞ്ഞ മഴയാണു ലഭിച്ചത്. രാജ്യത്തെ കരഭൂമിയുടെ 76 ശതമാനം പ്രദേശത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ മഴ തീരെ കുറവായി. ഗുജറാത്തിലെ സൗരാഷ്ട്രയിലും മഹാരാഷ്ട്രയിലെ വിദർഭയിലും 90 ശതമാനത്തിലധികം കുറവായി മഴ.

മഴക്കുറവ് മൂലം ജൂൺ 25 വരെ ഖാരിഫ് കൃഷിയിറക്കലിൽ 23 ശതമാനം കുറവുള്ളതായി കൃഷിമന്ത്രാലയം കണക്കാക്കുന്നു. കഴിഞ്ഞ വർഷം ഈ തീയതി വരെ ശരാശരി കൃഷിഭൂമിയുടെ 21 ശതമാനം സ്ഥലത്തു കൃഷി നടന്നിരുന്നു. ഇത്തവണ അതു 16.5 ശതമാനം മാത്രമാണ്.

യുഎസ് വിപണി നേട്ടത്തിൽ

കലണ്ടർ വർഷത്തിൻ്റെ ആദ്യ പകുതി ഇന്നലെ മികച്ച നേട്ടത്തോടെ പ്രമുഖ അമേരിക്കൻ സൂചികകൾ അവസാനിപ്പിച്ചു. ഒന്നാം പകുതിയിൽ ഡൗ ജോൺസ് 8.9 ഉം എസ് ആൻഡ് പി 9.6 ഉം നാസ്ഡാക് 12.8 ഉം സ്മോൾ ക്യാപ് സൂചിക റസൽ 22 ഉം ശതമാനം നേട്ടമുണ്ടാക്കി. ഡൗ 2021നു ശേഷമുള്ള ഏറ്റവും നല്ല ഒന്നാം പകുതി പിന്നിട്ടപ്പോൾ റസൽ 1991 നു ശേഷമുള്ള ഏറ്റവും നല്ല അർധ വർഷമാണു കടന്നത്. എഐ, ചിപ് കുതിപ്പുകളാണു വിപണിയെ ഉയർത്തിയത്.

പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ടെങ്കിലും ചൈനയിലെ വിൽപന 12 ശതമാനം ഇടിഞ്ഞതു മൂലം നൈക്കീയുടെ ഓഹരി 2.5 ശതമാനം താഴ്ന്നു. ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഇന്നലെ നാലു ശതമാനത്തിലധികം ഉയർന്നു.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 136.46 പോയിൻ്റ് (0. 26 ശതമാനം) കയറി 52,319.20 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 58.93 പോയിൻ്റ് (0.79%) നേട്ടത്തോടെ 7499.36 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 393.58 പോയിൻ്റ് (1.52%) ഉയർന്ന് 26,213.72 ൽ ക്ലോസ് ചെയ്തു.

എഡിആറുകൾ

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ എച്ച്ഡിഎഫ്സി ബാങ്ക് ചൊവ്വാഴ്ച വിപണിസമയത്ത് 0.31 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 25.83 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.12 ശതമാനം താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.03 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.96 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.29 ശതമാനം ഉയർന്ന് 10.52 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 3.69 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 2.25 ഡോളറിൽ അവസാനിച്ചു.

ഫ്യൂച്ചേഴ്സ് നഷ്‌ടത്തിൽ

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്‌ടത്തിലാണ്. ഡൗ ജോൺസ് 103 പോയിൻ്റും (0.20%) എസ് ആൻഡ് പി 12 പോയിൻ്റും (0.16%) നാസ്ഡാക് 41 പോയിൻ്റും (0.14%) താഴ്ന്നു നീങ്ങുന്നു.

യൂറോപ്പ് പലവഴി

പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ കയറ്റവും യൂറോപ്യൻ വിപണികളെ ചൊവ്വാഴ്ച ഭിന്ന ദിശകളിലാക്കി. ജർമൻ സൂചിക 1.5 ഉം യൂറോപ്യൻ സ്റ്റോക്സ് 600 ഒന്നും ശതമാനയ ഉയർന്നു. ഫ്രഞ്ച് വിപണി താഴ്ന്നു. ലണ്ടൻ നാമമാത്രമായി ഉയർന്നു.

ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ

ഏഷ്യൻ വിപണികൾ ഇന്നു പല വഴികളിലാണ്. ദക്ഷിണ കൊറിയൻ സൂചിക രണ്ടു ശതമാനം താഴ്ന്നു. യെൻ വിലയിടിവ് കയറ്റുമതി കൂട്ടുമെന്ന പ്രതീക്ഷയിൽ ജാപ്പനീസ് സൂചിക 1.2 ശതമാനം ഉയർന്നു. ഓസ്ട്രേലയൻ സൂചിക 0.35 ശതമാനം നഷ്‌ടത്തിലാണ്. തായ്‌വാൻ രണ്ടര ശതമാനം കുതിച്ചു. ഹോങ് കോങ് വിപണിക്ക് അവധിയാണ്. ഷാങ്ഹായ് സൂചിക താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.

വീണ്ടും താഴ്ന്ന് ഇന്ത്യൻ വിപണി

ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു കുത്തനെ വീണു ചാഞ്ചാടിയ ഇന്ത്യൻ വിപണി ചെറിയ നഷ്ടത്തിൽ അവസാനിച്ചു. എന്നാൽ വിശാല വിപണി മികച്ച നേട്ടം ഉണ്ടാക്കി. ഐടി ഓഹരികളിലെ വലിയ ഇടിവാണു വിപണിയെ നഷ്‌ടത്തിലാക്കിയത്. ടിസിഎസ്, ഇൻഫി, വിപ്രോ, എച്ച്സിഎൽ, മൈൻഡ് ട്രീ തുടങ്ങിയവ മൂന്നു ശതമാനം ഇടിഞ്ഞു. റിയൽറ്റിയും കൺസ്യൂമർ ഡ്യുറബിൾസും പ്രതിരോധവും ടൂറിസവും ഉയർന്നു.

വിദേശ നിക്ഷേപകർ ചൊവ്വാഴ്ചയും അറ്റ വിൽപനക്കാരായിരുന്നു. അവർ ക്യാഷ് വിപണിയിൽ 2556.75 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6842.34 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ചൊവ്വാഴ്ച സെൻസെക്‌സ് 249.70 പോയിൻ്റ് (0.33%) താഴ്‌ന്ന് 76,478.67 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 80.50 പോയിൻ്റ് (0.34%) നഷ്‌ടത്തോടെ 23,865.75 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 184.45 പോയിൻ്റ് (0.32%) കുറഞ്ഞ് 57,542.90 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 230.40 പോയിൻ്റ് (0.37%) ഉയർന്ന് 61,797.70 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 190.00 പോയിൻ്റ് (1.02%) കയറി 18,863.10 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2248 ഓഹരികൾ കയറി, 1998 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1902 എണ്ണം ഉയർന്നപ്പോൾ 1374 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

ഫെഡറൽ ബാങ്ക് ഓഹരി 331.80 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് 1.54 ശതമാനം നേട്ടത്തോടെ 329.05 ൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 3.19 ശതമാനം ഉയർന്നപ്പോൾ ധനലക്ഷ്മിയും സൗത്ത് ഇന്ത്യനും നഷ്ടത്തിൽ ക്ലോസ് ചെയ്തു.

പ്രതിരോധ ഓഹരികൾക്ക് ഇന്നലെ മികച്ച മുന്നേറ്റം ഉണ്ടായി. കൊച്ചിൻ ഷിപ്പ് യാർഡ് 6.05 ഉം പരസ് ഡിഫൻസ് 9.22 ഉം സോളർ ഇൻഡസ്ട്രീസ് 4.98 ഉം അപ്പോളോ മൈക്രോ 4.15 ഉം ഡൈനാമാറ്റിക് ടെക് 4.56 ഉം ശതമാനം കുതിച്ചു. ഗവണ്മെൻ്റ് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വിൽക്കും എന്ന് ഈയിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡോയിച്ച് ബാങ്കിൻ്റെ ഇന്ത്യയിലെ റീട്ടെയിൽ, പ്രൈവറ്റ് ബാങ്കിംഗും വെൽത്ത് മാനേജ്മെൻ്റും വാങ്ങാൻ കൊട്ടക് മഹീന്ദ്ര ബാങ്ക് കരാർ ഉണ്ടാക്കി. 281.7 കോടി രൂപയ്ക്കാണു വ്യാപാരം. 29,000 കോടി രൂപയുടെ വായ്പകളും 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും ഇതു വഴി കൊട്ടക് മഹീന്ദ്രയ്ക്കു ലഭിക്കും. ഒന്നര ലക്ഷം ഇടപാടുകാരും ആയിരത്തോളം ജീവനക്കാരും കൊട്ടകിലേക്കു മാറും.

സ്വർണം വീണ്ടും 4000 ഡോളറിനു താഴെ

ഇന്നലെ 4000 ഡോളറിനു താഴെ എത്തിയ ശേഷം തിരിച്ചു കയറിയ സ്വർണം ഇന്നു വീണ്ടും ഇടിവിലായി. ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഔൺസിന് 4008.70 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 3977 ഡോളർ വരെ വില താഴ്ന്നു.

യുഎസ് ഫെഡറൽ റിസർവ് പലിശ കൂട്ടും എന്ന ധാരണയാണു സ്വർണത്തെ താഴ്ത്തുന്നത്. പലിശ കൂടിയാൽ സ്വർണത്തിലും വെള്ളിയിലും നിന്ന് യുഎസ് കടപ്പതങ്ങളിലേക്കു നിക്ഷേപകർ മാറും.

ഒഫീഷ്യൽ മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഫോറം നടത്തിയ കേന്ദ്ര ബാങ്കുകളുടെ സർവേയിൽ സ്വർണവില ഗണ്യമായി ഉയരും എന്നാണു നിഗമനം. അടുത്ത വർഷം ജൂണിൽ ഔൺസിന് 5000- 6000 ഡോളർ മേഖലയിൽ ആകും സ്വർണം എന്ന് 61 ശതമാനം പേരും അഭിപ്രായപ്പെട്ടു. കേന്ദ്രബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങുമെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻ ഇന്നലെ രാവിലെ ഗണ്യമായി ഇടിഞ്ഞിട്ടു പിന്നീട് തിരിച്ചു കയറി 1,04,160 രൂപ ആയി. ഇന്നും വില ഇടിയും.

വെള്ളിവില ഇന്നലെ ഔൺസിന് 58.61 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.55 ഡോളറിൽ എത്തി.

പ്ലാറ്റിനം 1537 ഡോളർ, പല്ലാഡിയം 1190 ഡോളർ, റോഡിയം 7200 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്ന ദിശകളിൽ

ചൊവ്വാഴ്ചയും വ്യാവസായിക ലോഹങ്ങൾ പല വഴി നീങ്ങി. ചെമ്പ് 0.29 ശതമാനം കയറി ടണ്ണിനു 13,340.60 ഡോളർ ആയി. അലൂമിനിയം 0.17 ശതമാനം താഴ്ന്നു 3120.70 ൽ ക്ലോസ് ചെയ്തു. അലൂമിനിയം 3000 ഡോളറിനു താഴെയാകും എന്നാണു റിപ്പോർട്ടുകൾ. സിങ്കും ടിന്നും ഉയർന്നു. ലെഡും നിക്കലും താഴ്ന്നു.

റബർ വീണ്ടും താഴ്ന്നു

ചൊവ്വാഴ്ചയും രാജ്യാന്തര റബർ വില ഇടിഞ്ഞു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 279.60 ഡോളറിലും ആർഎസ്എസ് മൂന്ന് 276.20 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് ചൊവ്വാഴ്ച 26,800 രൂപയിൽ വില തുടർന്നു.

കൊക്കോ വില ചൊവ്വാഴ്ച 1.95 ശതമാനം കയറി ടണ്ണിന് 5064 ഡോളറിൽ എത്തി. ഐവറി കോസ്റ്റിൽ 18 ശതമാനം കൂടുതൽ കൊക്കോ വിപണിയിൽ എത്തിയതു കഴിഞ്ഞ ദിവസം വില താഴാൻ കാരണമായിരുന്നു. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നു തന്നെയാണു വിലയിരുത്തൽ.

കാപ്പിവില 8.77 ശതമാനം കുതിച്ച് പൗണ്ടിന് 3.02 ഡോളർ ആയി.

ഡോളർ സൂചിക ഉയർന്നു

യുഎസ് ഡോളർ ചൊവ്വാഴ്ച ഉയർന്ന് 101.19 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക കയറി 101.30 ൽ എത്തി.

യൂറോ 1.1404 ഡോളറിലേക്കും പൗണ്ട് 1.3238 ഡോളറിലേക്കും താഴ്ന്ന. ജാപ്പനീസ് യെൻ ഒരു ഡോളറിന് 162.77 യെൻ എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിലയിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.467 ശതമാനമായി ഉയർന്നു.

രൂപ വീണ്ടും താഴ്ന്നു

ഇന്ത്യൻ രൂപ ചൊവ്വാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം താഴ്ന്ന് ക്ലോസ് ചെയ്തു. ഡോളർ 12 പൈസ കയറി 94.66 രൂപയിൽ അവസാനിച്ചു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.63 രൂപയായി. ചൈനീസ് യുവാൻ 13.94 രൂപയിലേക്കും യൂറോ 107.97 രൂപയിലേക്കും ഉയർന്നു.

ക്രൂഡ് ഓയിൽ ഉയരുന്നു

ഹോർമുസിലെ കപ്പൽ നീക്കം മന്ദഗതിയിൽ ആയതും അമേരിക്കയുടെ ക്രൂഡ് ഓയിൽ റിസർവ് കുറഞ്ഞു വരുന്നതും ക്രൂഡ് ഓയിലിനെ കയറ്റി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 73.32 ഡോളറിലാണ്. ഡബ്ള്യുടിഐ ഇനം 69.91 ഡോളറിലായി.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലായി. ബിറ്റ് കോയിൻ 3.5 ശതമാനം താഴ്ന്ന് 58,200 ഡോളറിനു താഴെ എത്തി. ഈഥർ 1570 ഡോളറിനും സൊലാന 73 ഡോളറിനും താഴെയായി.

വിപണിസൂചനകൾ

(2026 ജൂൺ 30, ചൊവ്വ)

സെൻസെക്സ് 76,478.67 -0.33%

നിഫ്റ്റി50 23,865.75 -0.34%

ബാങ്ക് നിഫ്റ്റി 57,542.90 -0.32%

മിഡ്ക്യാപ്100 61,797.70 +0.37%

സ്മോൾക്യാപ്100 18,863.10 +1.02%

ഡൗജോൺസ് 52,319.20 +0.26%

എസ്ആൻഡ്പി 7499.36 +0.79%

നാസ്ഡാക് 26,213.72 +1.52%

ഡോളർ ₹94.66 +₹0.12

സ്വർണം(ഔൺസ്)$4008.70 -$08.90

സ്വർണം(പവൻ) ₹1,04,160 +₹80

ക്രൂഡ്ഓയിൽബ്രെൻ്റ്$72.95 -$0.20

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com