നിക്ഷേപകർ പ്രതീക്ഷയോടെ; ജിഡിപി വളർച്ച ആവേശകരം; ഇന്ത്യക്കു പുതിയ കൂട്ടുകാർ; ഏഷ്യൻ വിപണികൾ ഇടിവിൽ; ചൈന കുതിച്ചു

ഒന്നാം പാദ ജിഡിപി സ്ഥിരവിലയിൽ 7.8 ശതമാനം വളർന്നതു പ്രതീക്ഷകളെ മറികടന്നു
Morning business news
Morning business newsCanva
Published on

ഒന്നാം പാദ ജിഡിപിയിലെ അപ്രതീക്ഷിത ഉയർച്ച, ഇന്ത്യ - ചൈന ബന്ധത്തിലെ പുതിയ സൗഹൃദാന്തരീക്ഷം, ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളന വിജയം - അമേരിക്കൻ തീരുവപ്രഹരത്തിൽ വലയുന്ന ഇന്ത്യക്ക് വാരാന്ത്യത്തിൽ ലഭിച്ച ആശ്വാസഘടകങ്ങൾ. ഇതു വിപണിക്ക് ഇന്നു നല്ല തുടക്കം നൽകും.

അമേരിക്കൻ തീരുവ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് അപ്പീൽ കോടതി വിധിച്ചിട്ടുണ്ട്. എങ്കിലും വിധിനടപ്പാക്കൽ ഒക്ടോബർ 14 വരെ സ്റ്റേ ചെയ്തു. അപ്പീൽ പോകാനാണിത്. തീരുവ വിഷയം ഇനിയും മാസങ്ങൾ കഴിഞ്ഞേ തീരൂ എന്നു ചുരുക്കം. ഇതേ തുടർന്ന് ഏഷ്യൻ വിപണികൾ തകർച്ചയിലായി.

ഇന്ത്യ-ചൈന അടുപ്പത്തോടും റഷ്യ ഉൾപ്പെട്ട ഷാങ്ഹായ് കൂട്ടായ്മയാേടും അമേരിക്കൻ പ്രസിഡൻ്റ് എന്തു നിലപാട് എടുക്കും എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എങ്കിലും ആവേശത്തോടെ പുതിയ മാസത്തിലേക്ക് കടക്കാനാണു നിക്ഷേപകർ ഒരുങ്ങുന്നത്. വിദേശനിക്ഷേപകർ വിൽപനയുടെ തോത് കൂട്ടുന്നതിനെ മറികടന്ന് സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും ഓഹരി വാങ്ങും എന്ന പ്രതീക്ഷയാണു നിക്ഷേപകരെ നയിക്കുന്നത്.

ഒന്നാം പാദ ജിഡിപി സ്ഥിരവിലയിൽ 7.8 ശതമാനം വളർന്നതു പ്രതീക്ഷകളെ മറികടന്നു. തലേവർഷം ഒന്നാം പാദത്തിൽ 6.5%. പക്ഷേ തന്നാണ്ടു വിലയിൽ 8.8 ശതമാനം മാത്രം വളർച്ചയേ ഉള്ളൂ. തലേ വർഷം 9.7 ശതമാനം ഉണ്ടായിരുന്നു. ബജറ്റിനും മറ്റും കണക്കാക്കുന്നതു തന്നാണ്ടു വിലയിലെ വളർച്ചയാണ്. 10 ശതമാനത്തിലധികം വളർച്ച കണക്കാക്കിയാണു ബജറ്റ് തയാറാക്കിയത്. അങ്ങനെ നോക്കുമ്പോൾ ജിഡിപി വളർച്ചയിൽ ആശങ്കയ്ക്കു കാരണമുണ്ട്.

റിലയൻസിൻ്റെ ടെലികോം ഉൾപ്പെട്ട ജിയോയുടെ ഐപിഒ അടുത്ത വർഷം ഒന്നാം പകുതിയിൽ നടത്തും എന്ന പ്രഖ്യാപനം റിലയൻസ് ഓഹരിക്ക് പ്രതീക്ഷ പകരുന്നതാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,553.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,621 വരെ ഉയർന്നിട്ട് അൽപം താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ന്നു

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഇടിഞ്ഞു. സമീപമാസങ്ങളിലെ ഉയർന്ന പലിശയിൽ വലിയ ലാഭം കൊയ്ത ബ്രിട്ടീഷ് ബാങ്കുകളിൽ നിന്ന് അമിതലാഭനികുതി ഈടാക്കാനുള്ള ശിപാർശ യുകെയിലെ ബാങ്ക് ഓഹരികളെ താഴ്ത്തി. റഷ്യ - യുക്രെയ്ൻ ചർച്ചയ്ക്കു സാധ്യത കുറഞ്ഞെന്നു ജർമൻ ചാൻസലർ പറഞ്ഞത് പ്രതിരോധ ഓഹരികളെ ഉയർത്തി.

യുഎസ് വിപണി ഉയർന്നു

ഈ മാസം പലിശ കുറയ്ക്കും എന്ന പ്രതീക്ഷയ്ക്കു കോട്ടം ഇല്ലെങ്കിലും വെള്ളിയാഴ്ച യുഎസ് വിപണി ചാഞ്ചാട്ടത്തിനു ശേഷം നഷ്ടത്തിൽ അവസാനിച്ചു. തലേന്നത്തെ റെക്കോർഡ് വില ലാഭമെടുത്തു മാറാൻ പല നിക്ഷേപകരെയും പ്രേതിപ്പിച്ചു. പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) ഫെഡറൽ റിസർവ് കണക്കാക്കിയതു പോലെ ഉയർന്നു. ഭക്ഷ്യ -ഇന്ധന വിലകൾ ഒഴിവാക്കിയുള്ള പിസിഇ ജൂലൈയിൽ 2.9 ശതമാനമായി ഉയർന്നു.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 92.02 പോയിൻ്റ് (0.20%) താഴ്ന്ന് 45,544.88 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 41.60 പോയിൻ്റ് (0.64%) നഷ്ടത്തോടെ 6460.26 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 249.61 പോയിൻ്റ് (1.15%) ഇടിഞ്ഞ് 21,455.55 ൽ ക്ലോസ് ചെയ്തു.

ഓഗസ്റ്റിൽ ഡൗ ജോൺസ് മൂന്നു ശതമാനത്തിലധികവും എസ് ആൻഡ് പി രണ്ടു ശതമാനത്തോളവും നേട്ടം ഉണ്ടാക്കി. നാസ്ഡാക് 1.6 ശതമാനം കയറി.

ഓഗസ്റ്റിലെ യുഎസ് തൊഴിൽ കണക്കുകൾ ബുധനാഴ്ചയും വെള്ളിയാഴ്ചയും പുറത്തു വരുന്നതാണ് ഈയാഴ്ച യുഎസ് വിപണിയെ നയിക്കുക. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അധികം പ്രതീക്ഷ നൽകുന്നില്ല.

സെപ്റ്റംബർ അമേരിക്കൻ വിപണിക്കു നഷ്ടങ്ങളുടെ മാസമാണ്. 1950 നു ശേഷമുള്ള കണക്കുകൾ മൂന്നു പ്രധാന സൂചികകൾക്കും ഇതു സ്ഥിരമായി നഷ്ടമാസമാണെന്നു കാണിക്കുന്നു. കഴിഞ്ഞ 10 വർഷമായി എസ് ആൻഡ് പി സെപ്റ്റംബറിൽ ശരാശരി 0.7 ശതമാനം താഴുകയാണ്.

യുഎസ് ഫ്യൂച്ചേഴ്സ് വിപണി ഇന്നു രാവിലെ ഉയർന്നു. ഇന്നു രാവിലെ ഫ്യൂച്ചേഴ്സിൽ ഡൗ 0.21 ഉം എസ് ആൻഡ് പി 0.23 ഉം നാസ്ഡാക് 0.31 ഉം ശതമാനം ഉയർന്നാണ് നീങ്ങുന്നത്.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു. ജപ്പാനിലെ നിക്കെെ സൂചിക 1.90 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ സൂചികകളും വലുതായി താഴ്ന്നു. അതേസമയം ഹോങ് കോങ്, ഷാങ്ഹായ് വിപണികൾ നല്ല നേട്ടത്തിലായി

ട്രംപിൻ്റെ രോഗം

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആരോഗ്യം സംബന്ധിച്ച കിംവദന്തികൾ കഴിഞ്ഞ വാരാന്ത്യത്തിൽ സജീവമായി. ട്രംപ് കാര്യമായി ചടങ്ങുകളില്ലാതെ വാരാന്ത്യം ചെലവഴിച്ചതാണു വലിയ കാരണം.79 വയസുള്ള ട്രംപ് പേരക്കുട്ടികളുമൊത്തു ഗോൾഫ് കളിക്കുന്ന ഫോട്ടോ ഇട്ട ശേഷമാണു ദുഷ്പ്രചാരണം ഒതുങ്ങിയത്. ''ട്രംപ് മരിച്ചു" എന്ന തരം പോസ്റ്റുകൾ വരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

ട്രംപിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി (സിവിഐ) ഉണ്ടെന്ന് രണ്ടു മാസം മുൻപ് കണ്ടെത്തിയിരുന്നു. കാലുകളിലും കൈകളിലും രക്തപ്രവാഹം മന്ദഗതിയിലായി ഞരമ്പുകൾ തടിക്കുന്നതാണു രോഗം. ഇതു മൂർച്ഛിച്ചാൽ അവയവങ്ങൾ മുറിച്ചു നീക്കേണ്ടി വരാം. പക്ഷേ ട്രംപിന് കാലിലാേ കൈയിലോ രക്തം കട്ടപിടിക്കുന്നതാേ രക്തക്കുഴൽ പൊട്ടുന്നതോ പോലുള്ള അവസ്ഥ (ഡിവിടി) ഇല്ലെന്നു ഡോക്ടർമാർ പറഞ്ഞു. 60 വയസ് കഴിഞ്ഞവരിൽ മൂന്നിൽ ഒരാൾക്കു വീതം വരുന്നതാണു സിവിഐ.

ഇന്ത്യൻ വിപണി വീണ്ടും താഴ്ന്നു

തീരുവയുദ്ധത്തിൻ്റെ ഭീതിയിൽ ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും താഴ്ന്നു. വിദേശ നിക്ഷേപകർ വിൽപനത്തോത് വർധിപ്പിച്ചു. സ്വദേശി ഫണ്ടുകൾ വാങ്ങൽ തീവ്രമാക്കിയതാണു വലിയ തകർച്ച ഒഴിവാക്കിയത്.

എഫ്എംസിജിയും മീഡിയയും കൺസ്യൂമർ ഡ്യൂറബിൾസും ഒഴികെ എല്ലാ മേഖലകളും വെള്ളിയാഴ്ച താഴ്ന്നു. റിയൽറ്റി, ഓയിൽ -ഗ്യാസ്, ഐടി, ഓട്ടോ, മെറ്റൽ മേഖലകൾ കൂടുതൽ താഴ്ചയിലായി.

നിഫ്റ്റി വെള്ളിയാഴ്ച 74.05 പോയിൻ്റ് (0.30%) താഴ്ന്ന് 24,426.85 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 270.92 പോയിൻ്റ് (0.34%) നഷ്ടത്തോടെ 79,809.65 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 164.70 പോയിൻ്റ് (0.31%) കുറഞ്ഞ് 53,655.65 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 320.10 പോയിൻ്റ് (0.57%) താഴ്ന്ന് 55,727.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 67.35 പോയിൻ്റ് (0.39%) ഇടിവോടെ 17,227.00 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1777 ഓഹരികൾ ഉയർന്നപ്പോൾ 2317 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1319 എണ്ണം. താഴ്ന്നത് 1668 ഓഹരികൾ.

എൻഎസ്ഇയിൽ 61 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 96 എണ്ണമാണ്. 79 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 54 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 8092.90 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 10,925.34 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഓഗസ്റ്റിൽ വിദേശികൾ 34,993 കോടി രൂപ (399 കോടി ഡോളർ) ഇന്ത്യൻ ഓഹരികളിൽ നിന്നു പിൻവലിച്ചു. ജനുവരി മുതലുള്ള വിൽപന 1.3 ലക്ഷം കോടി രൂപ (1490 കോടി ഡോളർ) ആണ്. 2022 ആദ്യ എട്ടു മാസങ്ങളിലെ 2140 കോടി ഡോളർ വിൽപനയാണ് ഇതിലും കൂടിയത്.

നിഫ്റ്റി ബെയറിഷ് പ്രവണത തുടരുന്നു എന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. 24,400 നിലനിർത്താതെ 24,350-24,300 മേഖലയിലേക്കു വീണാൽ തിരുത്തൽ കടുത്തതാകും എന്ന് അവർ കരുതുന്നു. നിഫ്റ്റി 24,400 നു മുകളിൽ നില നിന്നാൽ തിരിച്ച് 25,000 ലേക്കു കയറാൻ വഴി തെളിയും. നിഫ്റ്റിക്ക് ഇന്ന് 24,400 ഉം 24,355 ഉം പിന്തുണയാകാം. 24,535 ലും 24,635 ലും തടസം ഉണ്ടാകാം.

കയറിക്കയറി സ്വർണം

കഴിഞ്ഞയാഴ്ച കുതിച്ചു കയറിയ സ്വർണം ഈയാഴ്ചയും കയറ്റം തുടരു എന്നാണു നിഗമനം. ഔൺസിനു 3500 ഡോളറിൽ സാങ്കേതിക തടസ്സം പ്രതീക്ഷിക്കാം എങ്കിലും കുതിപ്പു തുടരും എന്നു ബുള്ളുകൾ കരുതുന്നു. ഫ്യൂച്ചേഴ്സിലെ വില അതാണു സൂചിപ്പിക്കുന്നത്. ഓഗസ്റ്റിലെ യുഎസ് തൊഴിൽ കണക്കുകൾ ബുധനാഴ്ചയും വെള്ളിയാഴ്ചയും പുറത്തുവരും. പലിശ കുറയ്ക്കലിനു തടസമാകാവുന്നതാവില്ല കണക്ക് എന്നാണു പ്രതീക്ഷ. തൊഴിൽ വർധനയിൽ വലിയ വർധന ഉണ്ടായാൽ മാത്രമേ പലിശക്കാര്യത്തിൽ നിലപാട് മാറൂ. അതിനു സാധ്യത കുറവാണ്.

സ്പോട്ട് വിപണിയിൽ സ്വർണം 30 ഡോളർ കയറി ഔൺസിന് 3448.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3453.60 ഡോളറിലേക്ക് കയറിയിട്ട് 3445 ലേക്ക് ഇടിഞ്ഞു. വീണ്ടും 3452ഡോളറിലായി. അവധിവില 3518.00 ലേക്കു കയറി.

2026 പകുതിയോടെ ഔൺസിന് 4000 ഡോളർ എന്ന ലക്ഷ്യത്തിലാണു സ്വർണം നീങ്ങുന്നത് എന്നു ബാങ്ക് ഓഫ് അമേരിക്ക കഴിഞ്ഞ ദിവസം വിലയിരുത്തി. ജെപി മോർഗനും ഗോൾഡ്മാൻ സാക്സും ഇതേ അഭിപ്രായക്കാരാണ്. അടുത്ത വർഷം വിലയിടിയാനുള്ള സാധ്യത സിറ്റി ഗ്രൂപ്പ് മാത്രമേ പറയുന്നുള്ളൂ.

കേരളത്തിൽ 22 കാരറ്റ് പവൻവില വെള്ളിയാഴ്ച 540 രൂപ കൂടി 75,760 രൂപയിൽ എത്തി. ശനിയാഴ്ച വില 1200 രൂപ വർധിച്ച് 76,960 രൂപയായി.

ഇന്നു രൂപയുടെ വിനിമയ നിരക്കിനെ ആശ്രയിച്ചാകും സ്വർണവിലയുടെ മാറ്റം.

വെള്ളി പറക്കുന്നു

വെള്ളിവില ഔൺസിന് 39.75 ഡോളറിലേക്കു കയറി. വെള്ളിയാഴ്ച 39.61 ഡോളറിലാണു ക്ലോസ് ചെയ്തത്. 40.03 ഡോളർ വരെ കയറിയിട്ടാണു വെള്ളിയാഴ്ച താഴ്ന്നു ക്ലോസ് ചെയ്തത്.

വെള്ളിവില ഒരു സൂപ്പർ സൈക്കിളിലേക്കു കടക്കുകയാണെന്നും 2011 ലെ 47.94 ഡോളർ എന്ന റെക്കോർഡ് തകർക്കുമെന്നും പലരും പ്രവചിക്കുന്നു. സോളർ പാനലുകൾക്കും മറ്റും ആവശ്യം വർധിക്കുന്നതാണ് വെള്ളിയെ ബുൾ തരംഗത്തിലേക്കു കയറ്റുന്നത്. 1980 ജൂണിൽ ഹണ്ട് സഹോദരന്മാർ വലിയ ചൂതാട്ടം നടത്തി സ്വർണത്തെ 49.95 ഡോളർ എന്ന റെക്കോർഡിലേക്കു കയറ്റിയിരുന്നു. ഇത്തവണ ഔൺസിന് 60 ഡോളറിൻ്റെ ഓപ്ഷനുകൾ എഴുതാൻ ചില നിക്ഷേപബാങ്കുകൾ ഉപദേശം നൽകുന്നുണ്ട്. വെള്ളി ലഭ്യത തുടർച്ചയായ അഞ്ചാം വർഷവും കമ്മിയാണ്.

വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ കുതിച്ചു കയറി. ചെമ്പ് 1.05 ശതമാനം ഉയർന്നു ടണ്ണിന് 9804.85 ഡോളർ ആയി. അലൂമിനിയം 0.16 ശതമാനം കയറി 2615.10 ഡോളറിൽ എത്തി. സിങ്കും ടിന്നും നിക്കലും ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ ലെഡ് നാമമാത്രമായി താഴ്ന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 0.87 ശതമാനം ഉയർന്ന് കിലോഗ്രാമിന് 173.40 സെൻ്റ് ആയി. കൊക്കോ 2.77 ശതമാനം താഴ്ന്നു ടണ്ണിന് 7523.47 ഡോളറിൽ എത്തി. കാപ്പി 1.43 ശതമാനം ഉയർന്നപ്പോൾ തേയില 3.18 ശതമാനം ഇടിഞ്ഞു പാം ഓയിൽ വില 1.60 ശതമാനം കുറഞ്ഞു.

ഡോളർ സൂചിക താഴ്ന്നു തന്നെ

പലിശ കുറയൽ സാധ്യതയിൽ ഡോളർ സൂചിക വെള്ളിയാഴ്ച 97.77 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.83 ലേക്കു കയറി.

കറൻസി വിപണിയിൽ ഡോളർ അൽപം ദുർബലമായി. യൂറോ 1.1693 ഡോളറിലേക്കും പൗണ്ട് 1.3508 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 147.27 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില അൽപം കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.232 ശതമാനമായി.

വെള്ളിയാഴ്ച രൂപ ഇടിഞ്ഞു. ഡോളർ ചരിത്രത്തിൽ ആദ്യമായി 88 രൂപ കടന്നു. ഡോളർ 58 പൈസ ഉയർന്ന് 88.20 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.13 യുവാൻ എന്ന നിലയിലേക്കു കയറി. യുവാൻ കുറച്ചു കൂടി കയറും എന്നാണു വിപണിയിലെ സംസാരം. ചൈന വിളിച്ചു കൂട്ടിയ ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) യുടെ ഉച്ചകോടി വിജയമായതു യുവാനെ സഹായിക്കുന്നു.

ക്രൂഡ് ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 67.52 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.16 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ 63.71 ഡോളറിലും മർബൻ ക്രൂഡ് നാലു ശതമാനം കയറി 69.94 ഡോളറിലും ആണ്. ഇന്ത്യ കൂടുതൽ റഷ്യൻ എണ്ണ വാങ്ങും എന്ന സൂചനയാണു മർബൻ ക്രൂഡിൻ്റെ വില താഴ്ത്തിയത്. . പ്രകൃതിവാതക വില നേരിയ കയറ്റത്തിലായി.

ക്രിപ്റ്റോ കറൻസികൾ താഴ്ചയിലാണ്. ബിറ്റ്കോയിൻ വാരാന്ത്യത്തിൽ 1,07,500 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1,08,000 ഡോളറിലേക്കു കയറി. ഈഥർ 4420 ഡോളറിനു താഴെ തുടരുന്നു. ഒരു മാസം കൊണ്ടു 40 ശതമാനം കുതിച്ച് 150 ൽ നിന്ന് 210 ഡോളറിൽ എത്തിയ സൊലാനോയിലേക്കു നിക്ഷേപകർ മാറിയതാണു ബിറ്റ് കോയിനെ താഴ്ത്തിയത്.

വിപണിസൂചനകൾ

(2025 ഓഗസ്റ്റ് 29, വെള്ളി)

സെൻസെക്സ്30 79,809.65 -0.34%

നിഫ്റ്റി50 24,426.85 -0.30%

ബാങ്ക് നിഫ്റ്റി 53,655.65 -0.31%

മിഡ് ക്യാപ്100 55,727.40 -0.57%

സ്മോൾക്യാപ്100 17,227.00 -0.39%

ഡൗജോൺസ് 45,544.88 -0.20%

എസ്ആൻഡ്പി 6460.26 -0.64%

നാസ്ഡാക് 21,455.55 -1.15%

ഡോളർ($) ₹88.21 +₹0.58

സ്വർണം(ഔൺസ്) $3448.70 +$30.00

സ്വർണം(പവൻ) ₹75,760 +₹540

ശനി ₹76,960 +₹1200

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $67.52 -$1.17

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com