ട്രംപിൻ്റെ ചുങ്കവും ഇന്ത്യയുടെ വളർച്ചയും ആശങ്കാ വിഷയങ്ങൾ; വിലക്കയറ്റവും മോദി- ട്രംപ് ചർച്ചയും നിർണായകമാകും; ക്രൂഡ് ഓയിൽ വീണ്ടും കയറുന്നു

സ്വര്‍ണ വില ഉയര്‍ന്നു; രൂപ വീണ്ടും താഴുമെന്ന് സൂചനകള്‍; കയറിയിറങ്ങി ക്രിപ്‌റ്റോകള്‍
TCM, Morning Business News
Morning business newscanva
Published on

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈയാഴ്ച കൂടുതൽ രാജ്യങ്ങൾക്കെതിരേ ചുങ്കം ചുമത്തും എന്ന ഭീഷണി വിപണികളെ ഉലയ്ക്കുന്നു. ഇന്ത്യയിൽ വളർച്ച ഉടനേ വർധിക്കില്ലെന്ന റിസർവ് ബാങ്കിൻ്റെ നിഗമനവും വിപണിക്കു ക്ഷീണം ചെയ്യും. ഡൽഹി തെരഞ്ഞെടുപ്പിലെ ബിജെപി വിജയമോ ഈയാഴ്ച നടക്കുന്ന മോദി - ട്രംപ് ചർച്ച സംബന്ധിച്ച പ്രതീക്ഷയോ വിപണിയെ ഉയർത്തുന്നതിനു മുൻപറഞ്ഞ കാര്യങ്ങളും വിദേശികളുടെ തുടർച്ചയായ വിൽപനയും തടസമാകാം. ബുധനാഴ്ച വരുന്ന ചില്ലറവിലക്കയറ്റ, വ്യവസായ ഉൽപാദന, വിദേശവ്യാപാര കണക്കുകളും വിപണിയെ സ്വാധീനിക്കും.

വെള്ളിയാഴ്ച പ്രഖ്യാപിച്ച പണനയം പ്രതീക്ഷ പോലെ റീപോ നിരക്ക് 0.25 ബേസിസ് പോയിൻ്റ് (കാൽ ശതമാനം) കുറച്ചു. വേണ്ട സമയത്തു പണലഭ്യത കൂട്ടാം എന്നു പറഞ്ഞു കൊണ്ട് പണനയ സമീപനം ന്യൂട്രൽ എന്നതു നിലനിർത്തി. പലിശ കുറയ്ക്കൽ തുടരുന്നത് സാഹചര്യാനുസരണം മാത്രം തുടരുമെന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. വിലക്കയറ്റം കുറഞ്ഞു എന്നല്ല കുറയാൻ സാധ്യതയുണ്ട് എന്നു കണ്ടാണു പണനയ കമ്മിറ്റി നിരക്കു കുറച്ചത്. അതും കാൽ ശതമാനം മാത്രം. പലിശ കുറയ്ക്കലിൽ വേണ്ടത്ര ബോധ്യം റിസർവ് ബാങ്കിന് ഇല്ല എന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. വിലക്കയറ്റം അടുത്ത വർഷം 4.2 ശതമാനമായി കുറയും എന്ന റിസർവ് ബാങ്ക് നിഗമനം ഇതോടു ചേർത്തു വായിക്കേണ്ടതുണ്ട്. നാലു ശതമാനം എന്ന ലക്ഷ്യവും നീണ്ടു പോകും.

വളർച്ചനിരക്ക് 2024-25 ൽ 6.4 ശതമാനം എന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ നിഗമനം ബാങ്ക് സ്വീകരിച്ചു. അടുത്ത വർഷം 6.7 ശതമാനം മാത്രമാണു ബാങ്ക് കാണുന്ന വളർച്ച. ഗവണ്മെന്റിന്റെ മധ്യ - ദീർഘകാല വളർച്ച ലക്ഷ്യത്തിൽ നിന്നു തുലോം താഴെയാണ് ഇത്. നമുക്ക് ഏഴു ശതമാനം വളർച്ച സാധ്യമാണ് എന്ന ഗവർണറുടെ പ്രസ്താവന എട്ടു ശതമാനത്തിലധികം വളർച്ച എന്നതു തൽക്കാല സ്വപ്നമായി തുടരും എന്നു പറയാതെ പറയുന്നതാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,506.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,570 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു  നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തോടെ  അവസാനിച്ചു.  യുഎസ് വിപണി വെള്ളിയാഴ്ച ഒരു ശതമാനം ഇടിഞ്ഞു. ജനുവരിയിലെ തൊഴിൽ വർധന പ്രതീക്ഷിച്ചതിലും കുറവായതും തൊഴിലില്ലായ്മ നിരക്ക് 4.1 ൽ നിന്നു നാലുശതമാനം ആയതും വേതനം വർധിച്ചതും വിപണിയെ താഴ്ത്തി. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൻ്റെ ഉപഭാേക്തൃ സർവേയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഗണ്യമായി കുറഞ്ഞെന്നു കണ്ടു. വിലക്കയറ്റം കൂടുമെന്നും ഉപഭോക്താക്കൾ കരുതുന്നതായി സർവേ കാണിച്ചു. പലിശ കുറയ്ക്കാനുള്ള സാധ്യത കുറയുന്നു എന്നതാണ് ഇതിലെ സൂചന.

ഡൗ ജോൺസ് സൂചിക 444.23 പോയിൻ്റ് (0.99%) ഇടിഞ്ഞ് 44,303.40 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 57.58 പോയിൻ്റ് (0.95%) താഴ്ന്ന് 6025.99 ലും നാസ്ഡാക് സൂചിക 268.59 പോയിൻ്റ് (1.36%) നഷ്ടത്തോടെ 19,523.40 ലും അവസാനിച്ചു.

ഹണിവെൽ കോർപറേഷനെ മൂന്നായി വിഭജിക്കാനുള്ള തീരുമാനം വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചു. ഏറോസ്പേസ്, ഓട്ടോമേഷൻ ബിസിനസ്, അഡ്വാൻസ്ഡ് മറ്റീരിയൽസ് എന്നീ ഡിവിഷനുകൾ വ്യത്യസ്ത കമ്പനികളാക്കും. ഇന്ത്യൻ വംശജൻ വിമൽ കപൂറാണ് കമ്പനി സിഇഒ. കമ്പനിയുടെ ഏറോസ്പേസ് ഡിവിഷനു മാത്രം നിലവിലെ കമ്പനിയ്ക്കാൾ വിപണിമൂല്യം കിട്ടുമെന്നാണു വിലയിരുത്തൽ. ആക്ടിവിസ്റ്റ് നിക്ഷേപ സ്ഥാപനമായ എലിയട്ട് മാനേജ്മെന്റ് ഈയിടെ ഹണിവെലിൽ 500 കോടി ഡോളറിൻ്റെ ഓഹരി നിക്ഷേപം നടത്തിയിരുന്നു. അവരുടെ കൂടി നിർബന്ധത്തിലാണു വിഭജനം. സമീപവർഷങ്ങളിൽ ജനറൽ ഇലക്ടിക്, 3എം എന്നീ കമ്പനികൾ വിഭജിച്ചത് നിക്ഷേപകർക്കു നേട്ടമായിരുന്നു.

ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.20 ഉം എസ് ആൻഡ് പി 0.29 ഉം നാസ്ഡാക്  0.42 ഉം ശതമാനം ഉയർന്നു. യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.495 ശതമാനത്തിലേക്കു കയറി. മിക്കവാറും ഏഷ്യൻ വിപണികൾ രാവിലെ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ നാമമാത്രമായി കയറി. യുഎസ് ചുങ്കം കൂട്ടുമെന്ന ഭീഷണിയാണു വിപണികളെ ഉലയ്ക്കുന്നത്.

ഇന്ത്യൻ വിപണി വീണ്ടും താഴ്ന്നു

ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും താഴ്ന്നു. രാവിലെ നേട്ടത്തിൽ തുടങ്ങിയ ശേഷം പണനയത്തെ തുടർന്നു ചാഞ്ചാട്ടത്തിലായ വിപണി വലിയ താഴ്ചയിൽ നിന്നു കയറി ചെറിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെ ഭിന്ന ദിശകളിലായി. മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ മേഖലകളാണ് ഉയർന്നത്. പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, ഓയിൽ - ഗ്യാസ്, മീഡിയ, ബാങ്ക്, ധനകാര്യ, ഐടി മേഖലകൾ താഴ്ന്നു.

വെള്ളിയാഴ്ച നിഫ്റ്റി 43.40 പോയിൻ്റ് (0.18%) താഴ്ന്ന് 23,559.95 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 197.97 പോയിൻ്റ് (0.25%) കുറഞ്ഞ് 77,860.19 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 223.25 പോയിൻ്റ് (0.44%) താഴ്ന്ന് 50,158.85 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.20 ശതമാനം  ഉയർന്ന് 53,609.15 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.29 ശതമാനം താഴ്ന്ന് 17,006.85 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 470.39 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 454.2 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. ഫെബ്രുവരിയിൽ ഇതു വരെ വിദേശികൾ10,179.40 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു. ജനുവരിയിൽ 78,027 കോടി രൂപ പിൻവലിച്ചിരുന്നു. 

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 1416 ഓഹരികൾ ഉയർന്നപ്പോൾ 2521 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1042 എണ്ണം ഉയർന്നു, താഴ്ന്നത് 1756 എണ്ണം. നിഫ്റ്റി ഇന്നും ദുർബലമായി 23,500- 23,400 മേഖലയിൽ നിൽക്കാതെ വന്നാൽ കൂടുതൽ തകർച്ച ഉണ്ടാകും. ഇന്ന് ഉയരുന്ന പക്ഷം23,800 ലേക്കു കയറ്റം തുടരാം. നിഫ്റ്റിക്ക് ഇന്ന് 23,470 ലും 23,4100 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,660 ഉം 23,820 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ

അപ്പോളോ ഹോസ്പിറ്റൽസ്, ഗ്രാസിം, ഐഷർ മോട്ടോഴ്‌സ്, നെെകാ, ക്രിസിൽ, നാൽകോ, എംടാർ ടെക്നോളജീസ്, അശോക ബിൽഡ് കോൺ, എസ്കോർട്സ് കുബോട്ട, നാഷണൽ ഫെർട്ടിലൈസേഴ്സ്, പതഞ്ജലി ഫുഡ്സ്, ബാറ്റാ ഇന്ത്യ, വരുൺ ബിവറേജസ് തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും.

ഭാരത് ഇലക്ട്രോണിക്സിന് ഇന്ത്യൻ നേവിയിൽ നിന്ന് 962 കോടി രൂപയുടെ കരാർ ലഭിച്ചു. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന് 121 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് നോട്ടീസ് ലഭിച്ചു.

വേദാന്ത ലിമിറ്റഡിന് 141.36 കോടി രൂപയുടെ നികുതിയും പിഴയും ചുമത്തി ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകി.

വൊക്കാർട്ടിന് വരുമാനം മൂന്നു ശതമാനം വർധിച്ചപ്പോൾ 83 കോടിയുടെ നഷ്ടത്തിൽ നിന്നു 14 കോടി രൂപ ലാഭത്തിലേക്കു കടക്കാനായി. 

 വരുമാനം 15.1 ശതമാനം കൂടിയപ്പോൾ വാട്ടർ ട്രീറ്റ്മെന്റ് കമ്പനി വിഎ ടെക് വാബാഗ് ലാഭം 11.6 ശതമാനം വർധിപ്പിച്ചു.

സാഗലെ പ്രീപെയ്ഡിനു വരുമാനം 69 ശതമാനം വർധിച്ചപ്പോൾ ലാഭം 33 ശതമാനം കൂടി.

വിഎസ്ടി ഇൻഡസ്ട്രീസ് വിറ്റുവരവ് 1.26 ശതമാനം കൂടിയപ്പോൾ അറ്റാദായം 154 ശതമാനം വർധിപ്പിച്ചു.

ഓയിൽ ഇന്ത്യയുടെ മൂന്നാം പാദ വരുമാനം 16.9 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 44 ശതമാനം ഇടിഞ്ഞു.

എൻഎച്ച്പിസിയുടെ ലാഭം മൂന്നാം പാദത്തിൽ 47 ശതമാനം താഴ്ചയിലായി.

സൺ ടിവി യുടെ വരുമാനം 10.4 ശതമാനം കുറഞ്ഞപ്പോൾ ലാഭം 20 ശതമാനം ഇടിഞ്ഞു.

വെങ്കീസ് മൂന്നാം പാദ വിറ്റുവരവ് 7.51 ശതമാനം കുറഞ്ഞെങ്കിലും ലാഭം 357 ശതമാനം കുതിച്ചു.

അറ്റ പ്രീമിയം വരുമാനം ഒൻപതു ശതമാനം കുറഞ്ഞെങ്കിലും എൽഐസിയുടെ മൂന്നാം പാദ അറ്റാദായം 16 ശതമാനം വർധിച്ചു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൂന്നാം പാദത്തിൽ വിറ്റുവരവ് 20 ശതമാനവും അറ്റാദായം 19 ശതമാനവും ഉയർത്തി.

ഫോർട്ടിസ് ഹെൽത്ത് കെയർ വരുമാനം 15 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 84 ശതമാനം കുതിച്ചു.

ബോറോസിൽ മൂന്നാം പാദത്തിൽ വിറ്റുവരവ് 11.3 ശതമാനം കൂടിയപ്പോൾ അറ്റാദായം 6.4 ശതമനം താഴ്ന്നു.

സ്വർണം ഉയർന്നു

കഴിഞ്ഞയാഴ്ച വന്യമായ ചാഞ്ചാട്ടത്തിനു ശേഷം ഉയർന്ന സ്വർണവില കയറ്റം തുടരും എന്നാണു പ്രതീക്ഷ. വ്യാപാരയുദ്ധ ഭീഷണിയെ തുടർന്ന് ആഴ്ചയുടെ തുടക്കത്തിൽ സ്വർണം ഉയരുകയും താഴുകയും ചെയ്തു. കൺസ്യൂമർ കോൺഫിഡൻസ് കുറയുകയും തൊഴിൽ വർധന പ്രതീക്ഷ പോലെ വരാതിരിക്കുകയും ചെയ്തപ്പോൾ വെള്ളിയാഴ്ച സ്വർണം ഔൺസിന് 2886.85 ഡോളർ വരെ കയറി. പിന്നീട് 2861.10 ഡോളറിൽ ക്ലോസ് ചെയ്തു.  ഇന്നു രാവിലെ സ്വർണം ഔൺസിന് 2872 ഡോളർ വരെ കയറിയിട്ട് അൽപം താഴ്ന്നു. ഏപ്രിൽ അവധിവില 2892 ഡോളറിലാണ്. സുരക്ഷിത നിക്ഷേപം എന്ന പരിഗണനയിൽ സ്വർണം 3000 ഡോളറിലേക്കുള്ള പ്രയാണം ആരംഭിച്ചു എന്നാണു വിപണിയുടെ വിലയിരുത്തൽ.

കേരളത്തിൽ ശനിയാഴ്ച സ്വർണവില പവന് 120 രൂപ കയറി 63,560 രൂപ എന്ന റെക്കോർഡ് കുറിച്ചു. 

വെള്ളിവില ഔൺസിന് 31.90 ഡോളറിൽ ആണ്.

രൂപ താഴോട്ടു തന്നെ

യുഎസ് കടപ്പത്രങ്ങളുടെ വില കുറഞ്ഞു, അവയിലെ നിക്ഷേപനേട്ടം കൂടി.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.42 ൽ നിന്ന് 4.495 ലേക്കു കയറി. ഇതേ സമയം ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 108.04 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.36 ആയി.

രൂപ വെള്ളിയാഴ്ച അൽപം ഉയർന്നു. ഡോളർ 87.58 രൂപയിൽ നിന്നു 15 പൈസ താഴ്ന്നു 87.43 രൂപയിൽ ക്ലോസ് ചെയ്തു. ഇന്ത്യയിൽ ഡോളർ ഫ്യൂച്ചേഴ്സ് 87.59 രൂപ വരെ കയറി. ഓഫ് ഷോർ ഫ്യൂച്ചേഴ്സിൽ ഡോളർ 87.63 ൽ എത്തി. ഇന്നു രാവിലെ രൂപ വീണ്ടും താഴാനുള്ള സാധ്യതയാണ് ഇതു സൂചിപ്പിക്കുന്നത്. 

ക്രൂഡ് ഓയിൽ ഉയരുന്നു

ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ നിന്ന് അൽപം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ നാമമാത്രമായി കയറി 74.66 ഡോളറിൽ എത്തി. ഇന്നു രാവിലെ 75.06 ഡോളർ ആയി ഉയർന്നു. ഡബ്ല്യുടിഐ ഇനം 71.39 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 77.29 ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ താഴ്ചയിൽ

ക്രിപ്റ്റോ കറൻസികൾ ഉയരാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ബിറ്റ് കോയിൻ ഞായറാഴ്ച 97,300 ഡോളർ വരെ കയറിയിട്ട് വീണ്ടും 96,300നു താഴെയായി. ഈഥർ വില താഴ്ന്ന് 2610 ഡോളറിന് സമീപമാണ്.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും ഉയർന്നു. ചെമ്പ് 1.35 ശതമാനം ഉയർന്ന് ടണ്ണിന് 9288.00 ഡോളറിലെത്തി. അലൂമിനിയം 0.23 ശതമാനം കയറി 2632.84 ഡോളർ ആയി. ടിൻ 0.10 ഉം ലെഡ് 0.49 ഉം നിക്കൽ 0.26 ഉം സിങ്ക് 1.66 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ഫെബ്രുവരി 07, വെള്ളി)

സെൻസെക്സ് 30       77,860.19      -0.25%

നിഫ്റ്റി50      23,559.95          -0.18%

ബാങ്ക് നിഫ്റ്റി    50,158.85     -0.44%

മിഡ് ക്യാപ് 100    53,609.15   +0.20%

സ്മോൾ ക്യാപ് 100    17,006.85   -0.29%

ഡൗ ജോൺസ്    44,303.40      -0.99%

എസ് ആൻഡ് പി    6025.99     -0.95%

നാസ്ഡാക്     19,523.40      -1.36%

ഡോളർ($)         ₹87.43       -₹0.15

ഡോളർ സൂചിക   108.04     +0.34
സ്വർണം (ഔൺസ്)   $2861.10   +$04.70

സ്വർണം(പവൻ)     ₹63,560                  +₹120.00 

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ     $74.66   +$00.38

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com