ബുള്ളുകൾ കരുത്തോടെ; വിദേശികളുടെ വരവിൽ വിപണി ഉത്സാഹത്തിൽ; 5000 ഡോളർ നിലനിർത്തി സ്വർണം; ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

നിഫ്റ്റി 26,000-26,300 മേഖല കടക്കാനാകും ഇനി ഉദ്യമിക്കുക, ഇന്ന് 25,785 ലെ പിന്തുണ നിലനിർത്തുന്നതു പ്രധാന കാര്യമാണ്
Morning business news
Morning business newsCanva
Published on

വ്യാപാരകരാറിനെ തുടർന്നുള്ള മുന്നേറ്റം കരുത്തു വീണ്ടെടുത്തു. വിദേശ നിക്ഷേപകർ വിപണിയിലേക്കു വന്നു. വരും ദിവസങ്ങളിൽ അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ പുതിയ ഉയരങ്ങളിലേക്കു വിപണി കടക്കും. 

തകായിച്ചിയുടെ വിജയത്തെ തുടർന്നു ജാപ്പനീസ് വിപണി രണ്ടാം ദിവസവും ഉയർന്നു. മറ്റ് ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. ഇന്നലെ യൂറോപ്യൻ, അമേരിക്കൻ വിപണികൾ ഉയർന്നു ക്ലോസ് ചെയ്തു.

പശ്ചിമേഷ്യയിൽ സംഘർഷഭീതി വർധിച്ചിട്ടില്ലെങ്കിലും ക്രൂഡ് ഓയിൽ വില ഉയർന്നു. യുഎസ് - ഇറാൻ ചർച്ചകൾ തുരുകയാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,973.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,992 ലേക്കു കയറിയിട്ട് നാമമാത്രമായി താഴ്‌ന്നു. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം  തുടങ്ങും എന്നാണ് ഇതിലെ സൂചന.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് 3.57 ഉം  വിപ്രോ 2.79 ഉം ശതമാനം താഴ്ന്നു. 

യുഎസ് വിപണി കയറി

ടെക്നോളജി മേഖലയിൽ രണ്ടാം ദിവസവും നേട്ടം ഉണ്ടായതോടെ അമേരിക്കൻ വിപണി തിങ്കളാഴ്ച തുടർച്ചയായ മുന്നേറ്റം നടത്തി. ഡൗ ജോൺസ് സൂചിക 50,219.40 എത്തി പുതിയ ഇൻട്രാഡേ റെക്കോർഡ് കുറിച്ചു. പിന്നീടു നേട്ടം കുറച്ചു. ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് ഓറക്കിൾ 9.6 ശതമാനം കുതിച്ചു. എൻവിഡിയയും ബ്രോഡ്കോമും മുന്നേറ്റം തുടർന്നു.

ഈയാഴ്ച വരുന്ന തൊഴിൽ കണക്കുകളും ചില്ലറ വിലക്കയറ്റ കണക്കും ആണു വിപണിഗതിയെ നിയന്ത്രിക്കുക.

ഡൗ ജോൺസ് തിങ്കളാഴ്ച 20.20 പോയിൻ്റ് (0.04%) കൂടി 50,135.87 ൽ അവസാനിച്ചു. എസ് ആൻഡ് പി 32.52 പോയിൻ്റ് (0.47%) നേട്ടത്തോടെ 6964.82 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 207.46 പോയിൻ്റ് (0.90%) കയറി 23,238.67 ൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലേക്കു വിരൽ ചൂണ്ടുന്നു. ഡൗ ജോൺസ്  0.09 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക്  0.64 ഉം ശതമാനം താഴ്‌ന്നു  നീങ്ങുകയാണ്.

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ഷ്‌ടത്തിലായി. ഈവലിൻ പാർട്നേഴ്സ് എന്ന വെൽത്ത് മാനേജ്മെൻ്റ് കമ്പനിയെ 370 കോടി ഡോളറിനു വാങ്ങുമെന്ന പ്രഖ്യാപനം യുകെയിലെ നാറ്റ് വെസ്റ്റ് ബാങ്ക് ഓഹരിയെ ഒൻപതു ശതമാനം താഴ്‌ത്തി. ഭാരം കുറയ്ക്കാനുള്ള തങ്ങളുടെ വിഗോവി എന്ന ഔഷധം അനുമതിയില്ലാതെ ഉണ്ടാക്കി കുറഞ്ഞ വിലയ്ക്കു വിൽക്കുന്നു എന്നാരോപിച്ച് ഹിംസ് ആൻഡ് ഹെർസ് എന്ന അമേരിക്കൻ കമ്പനിക്കെതിരേ ഡാനിഷ് ഔഷധ കമ്പനി നോവോ നോർഡിസ്ക് കേസ് കൊടുത്തു. നോവോ ഓഹരി മൂന്നു ശതമാനം കയറി, ഹിംസ് 18 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നും  നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 2.75 ശതമാനം കുതിച്ചുയർന്നു. 

ഓസ്ട്രേലിയൻ സൂചിക 0.40 ഉം ദക്ഷിണ കൊറിയൻ സൂചിക 1.2 ഉം ശതമാനം കയറി. ഹോങ് കോങ് സൂചിക 0.45 ഉം ചൈനീസ് സൂചിക 0.05 ഉം ശതമാനം ഉയർന്നു വ്യാപാരം തുടങ്ങി.

വിപണി മുന്നേറി

വ്യാപാരകരാറിൻ്റെ കൂടുതൽ വിവരങ്ങൾ വന്നത് വിപണിയെ സഹായിച്ചു. വിദേശനിക്ഷേപകർ വീണ്ടും വാങ്ങലുകാരായതും ബുള്ളുകൾക്ക് ആവേശം പകരുന്നു. മുഖ്യസൂചികകൾ മിതമായി ഉയർന്നപ്പോൾ വിശാലവിപണി നല്ല കുതിപ്പിലായിരുന്നു. എല്ലാ മേഖലകളും നേട്ടം ഉണ്ടാക്കി. 

മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് എസ്ബിഐ ഓഹരി ഏഴര ശതമാനം കയറി 1148 രൂപ എന്ന റെക്കോർഡ് കുറിച്ചു. ജെപി മോർഗൻ1250 രൂപയും ജെഫറീസ് 1300 രൂപയും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് 1200 രൂപയും മോട്ടിലാൽ ഓസ്വാൾ 1300 രൂപയും എംകേ ഗ്ലോബൽ 1225 രൂപയുമായി ലക്ഷ്യവില ഉയർത്തി.

സെൻസെക്സ് 485.35 പോയിൻ്റ് (0.58%) ഉയർന്ന് 84,065.75 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 173.60 പോയിൻ്റ് (0.68%) കയറി 25,867.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 548.80 പോയിൻ്റ് (0.91%) ഉയർന്ന് 60,669.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 938.45 പോയിൻ്റ് (1.58%) ഉയർന്ന് 60,441.15 ലും സ്മോൾ ക്യാപ് 100 സൂചിക 447.25 പോയിൻ്റ് (2.64%) കുതിച്ച് 17,385.90 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ കയറ്റ -ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 3062 ഓഹരികൾ കയറിയപ്പോൾ 1308 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 2481 എണ്ണം ഉയർന്നു, 720 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 79 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 72 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. നാലെണ്ണം അപ്പർ സർകീട്ടിലും നാലെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വാങ്ങലുകാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 2254.64 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 4.15 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി. 

നിഫ്റ്റി 26,000-26,300 മേഖല കടക്കാനാകും ഇനി ഉദ്യമിക്കുക. ബുൾ മുന്നേറ്റം ഇന്നലെ മികച്ച ആക്കം കാണിച്ചു. ഇന്ന് 25,785 ലെ പിന്തുണ നിലനിർത്തുന്നതു പ്രധാന കാര്യമാണ്. 25,805 ഉം 25,765 ഉം ഇന്നു പിന്തുണയാകാം. 25,910 ലും 26,000 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

പാരഷൂട്ട് നിർമാതാക്കളായ മാരികോ വിയറ്റ്നാമിലെ ചർമസംരക്ഷണ ബ്രാൻഡ് ആയ കാൻഡിഡിൻ്റെ ഉടമകളായ സ്കിനെറ്റിക്കിൽ 75 ശതമാനം ഓഹരി വാങ്ങി. 262 കോടി രൂപയ്ക്കാണ് ഇടപാട്. തെക്കു കിഴക്കൻ ഏഷ്യയിലെ സൗന്ദര്യ സംരക്ഷണ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നത്.

ബിഎസ്ഇ ലിമിറ്റഡ് മൂന്നാം പാദത്തിൽ വരുമാനം 62 ശതമാനം കൂടിയപ്പോൾ അറ്റാദായം 174 ശതമാനം കുതിച്ചു. ഇൻഡെക്സ് ഡെറിവേറ്റീവ് വ്യാപാര വ്യാപ്‌തം പ്രതിദിനം ശരാശരി 19,459 കോടി രൂപയിലേക്കു കയറി. ക്യാഷ് വിപണിയിലെ പ്രതിദിന വ്യാപാരം7645 കോടി രൂപയിൽ എത്തി.

അരബിന്ദോ ഫാർമയുടെ മൂന്നാം പാദ അറ്റാദായം 7.5 ശതമാനമേ വർധിച്ചുള്ളൂ. ലേബർ കോഡ് മൂലമുള്ള അധികച്ചെലവാണ് കാരണം.

നവീൻ ഫ്ലോറിൻ മൂന്നാംപാദത്തിൽ വരുമാനം 47.2 ശതമാനം വർധിപ്പിച്ചു. അറ്റാദായം ഇരട്ടിയിലേറെ ആയി. 83.6 കോടിയിൽ നിന്ന് 185.4 കോടി രൂപ. പ്രവർത്തന ലാഭ മാർജിൻ 24.3 ൽ നിന്ന് 34.4 ശതമാനമായി.

വരുമാന വർധന 6.2 ശതമാനം മാത്രമായിട്ടും രാംകോ സിമൻ്റ് അറ്റാദായം ഇരട്ടിയിലേറെ ആയി. പ്രവർത്തനലാഭ മാർജിൻ 14 ൽ നിന്നു 13.3 ശതമാനമായി കുറയുകയും ചെയ്തിരുന്നു. സിമൻ്റ് വിൽപന നാലു ശതമാനം കൂടിയപ്പോൾ കൺസ്ട്രക്ഷൻ കെമിക്കൽസ് വിൽപന 79 ശതമാനം വർധിച്ചു. സിമൻ്റ് വില ദക്ഷിണേന്ത്യയിൽ എട്ടു ശതമാനം ഇടിഞ്ഞതു മാർജിൻ കുറയാൻ കാരണമായി.

ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസിൻ്റെ മൂന്നാം പാദ വരുമാനം 7.1 ശതമാനം ഉയർന്നപ്പോൾ അറ്റാദായം 25.4 ശതമാനം ഇടിഞ്ഞു. 22 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടമാണു കാരണം. നിർമിതബുദ്ധി മേഖലയിൽ 1000 പ്രഫഷണലുകളുടെ ടീമിന് രൂപം കൊടുക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

സ്വർണം വീണ്ടും ചാഞ്ചാടുന്നു

സ്വർണവും വെള്ളിയും ചാഞ്ചാടുകയാണ്. ഒപ്പം ഡോളറും കയറിയിറങ്ങുന്നു. തുടർച്ചയായ മൂന്നുദിവസം 5000 ഡോളറിനു മുകളിൽ കടന്ന സ്വർണത്തിന് 5100 ലേക്ക് എത്താൻ കഴിയുന്നില്ല. തിങ്കളാഴ്ച ഔൺസിന് 5086.80 ഡോളർ വരെ കയറിയ സ്വർണം 5060.40 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില താഴ്‌ന്ന് 5025 ഡോളറിൽ എത്തിയിട്ടു കയറി 5035 ലായി.

വെള്ളിയും ഇതേ പാതയിലാണ്. ഇന്നലെ ഏഴു ശതമാനത്തിലധികം കയറി ഔൺസിന് 84 16 ഡോളറിൽ എത്തി. 83.50 ൽ ക്ലോസ് ചെയ്ത വെള്ളി ഇന്നുരാവിലെ 82.22 ലേക്കു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 1,16,480 രൂപയിലേക്കു കയറിയിട്ട് അല്പം താഴ്ന്ന് 1,15,800 രൂപയിൽ ക്ലോസ് ചെയ്തു.  

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) തിങ്കളാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,59,026 രൂപ വരെ ഉയർന്നു.

തിങ്കളാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,65,976 രൂപ വരെ എത്തി.

പ്ലാറ്റിനം 2087 ഉം പല്ലാഡിയം 1693 ഉം റോഡിയം 9,900 ഉം ഡോളറിലാണ്. 

ലോഹങ്ങൾ ഉയർച്ചയിൽ

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഉയർന്നു. ചെമ്പ് 1.10 ശതമാനം വർധിച്ച് ടണ്ണിനു 12,979.15 ഡോളറിൽ എത്തി. അലൂമിനിയം 1.79 ശതമാനം കുതിച്ച് ടണ്ണിന് 3125.35 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും ടിന്നും ഉയർന്നപ്പോൾ ലെഡ് താഴ്‌ന്നു.

റബർ രാജ്യാന്തര വിപണിയിൽ മാറ്റമില്ലാതെ കിലോഗ്രാമിന് 188.10 സെൻ്റിൽ തുടന്നു. കൊക്കോ 5.08 ശതമാനം താഴ്‌ന്നു ടണ്ണിനു 3984 ഡോളറിൽ എത്തി. കാപ്പി 0.89 ശതമാനം ഉയർന്നു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ 0.22 ശതമാനം കയറി.

ഡോളർ ഇടിവിൽ

ഡോളർ സൂചിക തിങ്കളാഴ്ച താഴ്‌ന്ന് 96.82 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.02 ലേക്കു കയറി.

യൂറോ 1.1898 ഉം പൗണ്ട് 1.3669 ഉം ഡോളർ വരെ കയറി. 

ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.25 യെൻ എന്ന നിലയിലേക്കു കയറി. സ്വിസ് ഫ്രാങ്ക് 0.7674 ഡോളറിലേക്കു താഴ്‌ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.92 യുവാൻ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.202 ശതമാനമായി താഴ്ന്നു. 

രൂപ താഴ്ന്നു

തിങ്കളാഴ്ചയും രൂപ താഴ്ചയിലായി. ഡോളർ 10 പൈസ കയറി 90.76 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.72 രൂപ വരെ താഴ്ന്നു. ചൈനീസ് യുവാൻ 13.11 രൂപയിലേക്കു കയറി. 

ക്രൂഡ് ഓയിൽ കയറുന്നു

ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലായി. ഇറാൻ്റെ പരിസരത്ത് കപ്പൽ, വ്യോമ ഗതാഗതത്തിന് അമേരിക്ക കരുതൽ നിർദേശം പുറപ്പെടുവിച്ചതാണു കാരണം.

 ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച ഉയർന്ന് ബാരലിന് 68.98 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 69.04 ഉം ഡബ്ള്യുടിഐ ഇനം 64 .30 ഉം യുഎഇയുടെ മർബൻ 69.39 ഉം ഡോളറിലാണ്. പ്രകൃതിവാതകവില താഴ്ന്നു 3.13 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ ചാഞ്ചാട്ടത്തിൽ

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 70,500 ഡോളറിനു മുകളിൽ കയറിയ ബിറ്റ്കോയിൻ ഇന്നു രാവിലെ 70,000 ഡോളറിനു താഴെ വീണിട്ടു തിച്ചു കയറി.  ഈഥർ 2100 ഡോളറിനും സൊലാന 87 ഡോളറിനും മുകളിൽ നിൽക്കുന്നു. 

വിപണിസൂചനകൾ

(2026 ഫെബ്രുവരി 09, തിങ്കൾ)

സെൻസെക്സ് 84,065.75   +0.58%  

നിഫ്റ്റി50     25,867.30     +0.68%

ബാങ്ക് നിഫ്റ്റി     60,669.35    +0.91%

മിഡ്ക്യാപ്100    60,441.15    +1.58%

സ്മോൾക്യാപ്100 17,385.90  +2.64%

ഡൗ ജോൺസ്   50,135.87    +0.04%

എസ് ആൻഡ് പി   6964.82     +0.47%

നാസ്ഡാക്    23,238.67     +0.90%

ഡോളർ      ₹90.76      +0.11

സ്വർണം(ഔൺസ്  $5060.40  +$92.40

സ്വർണം (പവൻ) ₹1,15,800   +₹960

ക്രൂഡ്ഓയിൽബ്രെൻ്റ് $69.17  +$1.12

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com