

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവസാന നിമിഷം തീരുവവർധന പിൻവലിച്ചേക്കും എന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റു. വിപണികൾ ഇന്നു കാഴ്ചയിലേക്കാണു തുറക്കുന്നത്. ബ്രസീലിനു രാഷ്ട്രീയ കാരണങ്ങളാൽ 50 ശതമാനം ചുങ്കം ചുമത്തിയതും ചെമ്പിനു പ്രഖ്യാപിച്ച 50 ശതമാനം തീരുവ അടക്കം എല്ലാ വർധനകളും ഓഗസ്റ്റ് ഒന്നിനു തന്നെ നടപ്പാക്കുമെന്നു ട്രംപ് പറഞ്ഞതും അയവില്ല എന്ന ധാരണ പരത്തി. ഇന്ന് ഏഷ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചേഴ്സും താഴ്ന്നാണു നീങ്ങുന്നത്.
ടിസിഎസ് ഇന്ന് ഒന്നാം പാദ റിസൽട്ട് പ്രഖ്യാപിക്കും. ഐടി മേഖലയുടെ പ്രകടനത്തിലേക്കു വെളിച്ചം വീശുന്നതാകും അത്.
അസംസ്കൃത പാമോയിലിൻ്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് ഭക്ഷ്യ എണ്ണകളുടെ വില കുറയാൻ സഹായിച്ചേക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,574.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,565 ലേക്കു താഴ്ന്നു. വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും നേട്ടത്തിൽ അവസാനിച്ചു. യൂറോപ്പിനുള്ള തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടയിലും ജർമൻ, ഫ്രഞ്ച് സൂചികകൾ ഒന്നര ശതമാനത്താേളം കയറി. ജർമൻ പ്രതിരോധ ഓഹരികൾ വലിയ മുന്നേറ്റം നടത്തി. യൂറോപ്യൻ ബാങ്കുകൾ 17 വർഷത്തെ ഉയർന്ന നിലയിൽ എത്തി. യുഎസ് ഔഷധ കമ്പനി മെർക്ക് യുകെയിലെ വെറോണ ഫാർമയെ 1000 കോടി ഡോളറിനു വാങ്ങുന്നു. ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്നുകൾ ആണു വെറോണയെ ആകർഷകമാക്കിയത്.
ട്രംപിൻ്റെ തീരുവപ്രഖ്യാപനങ്ങളെ ഭയപ്പെടേണ്ട എന്ന സമീപനമാണ് ഇന്നലെയും യുഎസ് വിപണി എടുത്തത്. മൂന്നു പ്രധാന സൂചികകളും ഉയർന്നു.
നിർമിതബുദ്ധി അധിഷ്ഠിതമായ ഗ്രാഫിക് പ്രോസസർ യൂണിറ്റുകളുടെ കുത്തകയായ എൻവിഡിയ ഇന്നലെ നാലു ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി. മെെക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയവയെ പിന്നിലാക്കിയാണ് ഈ കുതിപ്പ്. മറ്റു ടെക് ഭീമന്മാരും ഉയർന്ന ഇന്നലെ നാസ്ഡാക് കോംപസിറ്റ് സൂചിക റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. എൻവിഡിയ 2023 മേയ് 30 ന് ഒരു ട്രില്യൺ നാഴികക്കല്ല് കടന്നു. 2024 ഫെബ്രുവരിയിൽ രണ്ടു ട്രില്യണും 2024 മേയ് അഞ്ചിന് മൂന്നു ട്രില്യണും പിന്നിട്ടു.
ഇറാഖ്, ശ്രീലങ്ക ഫിലിപ്പീൻസ് തുടങ്ങി ഏഴു രാജ്യങ്ങൾക്ക് തീരുവ നിരക്ക് അറിയിച്ചുള്ള കത്ത് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ അയച്ചു. ശ്രീലങ്കയ്ക്കു 30 ശതമാനമാണു ചുങ്കം.
ബ്രസീലിന് പ്രസിഡൻ്റ് ട്രംപ് 50 ശതമാനം ചുങ്കം ചുമത്തി. വലതുപക്ഷക്കാരനും ട്രംപിൻ്റെ മിത്രവുമായ മുൻ പ്രസിഡൻ്റ് ഷയർ ബോസുനാരോയെ രാജ്യദ്രോഹത്തിനു വിചാരണ ചെയ്യുന്നതിൻ്റെ പേരിലാണ് ഈ ഉയർന്ന ചുങ്കം. ബോസുനാരോയെ വിചാരണ ചെയ്യരുതെന്ന് ഇടതുപക്ഷക്കാരനായ പ്രസിഡൻ്റ് ലുലയോട് ട്രംപ് നേരിട്ട് അഭ്യർഥിച്ചിരുന്നതാണ്. ചുങ്കം വർധനയ്ക്ക് എതിരേ തിരിച്ചടിക്കുമെന്നു ലുല പ്രഖ്യാപിച്ചു.
ഇതിനകം 22 രാജ്യങ്ങളെ തീരുവ അറിയിച്ച ട്രംപ് ഇന്ത്യയുമായുളള ഇടക്കാല കരാറിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. വിവാദമുള്ള കൃഷി, ക്ഷീര മേഖലകളെ പരാമർശിക്കാതെ ഉള്ളതാണ് ഇടക്കാല കരാർ. യൂറോപ്യൻ യൂണിയനുമായുള്ള കരാർ രൂപരേഖയും ട്രംപിൻ്റെ മേശപ്പുറത്തു വിശ്രമത്തിലാണ്.
ഡൗ ജോൺസ് സൂചിക 217.54 പോയിൻ്റ് (0.49%) ഉയർന്ന് 44,458.30 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 37.74 പോയിൻ്റ് (0.61%) നേട്ടത്തോടെ 6263.26 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 192.87 പോയിൻ്റ് (0.95%) ഉയർന്ന് 20,611.30 ൽ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്ടത്തിലാണ്. ഡൗ 0.17 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.21 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.65 ശതമാനം താഴ്ന്നു. കൊറിയൻ വിപണിയും താഴ്ചയിലാണ്. ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി.
വ്യാപാര കരാറിലെ ആശങ്കയും കമ്പനികളുടെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമാകുമെന്ന സൂചനയും ഇന്നലെ ഇന്ത്യൻ വിപണിയെ താഴോട്ടു വലിച്ചു. റിലയൻസും പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും ഐടിയും മെറ്റൽ കമ്പനികളും താഴ്ചയ്ക്കു മുന്നിൽ നിന്നു.
അമേരിക്കൻ നിക്ഷേപസ്ഥാപനം ജെയ്ൻ സ്ട്രീറ്റ് നടത്തിയ തട്ടിപ്പിനെ തുടർന്നു താഴ്ന്ന ബിഎസ്ഇ ലിമിറ്റഡ്, ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്എൽ, ബ്രോക്കറേജ് ഏഞ്ചൽ വൺ എന്നിവ ഇന്നലെ ഉയർന്നു. എന്നാൽ നുവാമ വെൽത്ത് മാനേജ്മെൻ്റ് ഇന്നലെയും മൂന്നു ശതമാനത്തോളം നഷ്ടത്തിലായി.
സ്വർണവില കുറയുന്നതിൻ്റെ പേരിൽ മണപ്പുറം ഫിനാൻസ് 2.54 ശതമാനം ഇടിഞ്ഞു.
ബുധനാഴ്ച നിഫ്റ്റി 46.40 പോയിൻ്റ് (0.18%) താഴ്ന്ന് 25,476.10 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 176.43 പോയിൻ്റ് (0.21%) കുറഞ്ഞ് 83,536.08 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 42.45 പോയിൻ്റ് (0.07%) താഴ്ന്ന് 57,213.55 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 75.88 പോയിൻ്റ് (0.13%) താഴ്ന്ന് 59,339.60 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 112.20 പോയിൻ്റ് (0.59%) കയറി 19,007.40 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1992 ഓഹരികൾ ഉയർന്നപ്പോൾ 2013 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1476 എണ്ണം. താഴ്ന്നത് 1453 ഓഹരികൾ.
എൻഎസ്ഇയിൽ 61 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 30 എണ്ണമാണ്. 92 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 52 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 77 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 920.83 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നലെ 25,500 നിലനിർത്താൻ നിഫ്റ്റിക്ക് കഴിയാതെ പോയതു വിപണിയുടെ ആന്തരിക ദൗർബല്യം കാണിക്കുന്നു. ഒന്നാം പാദത്തിൽ നിഫ്റ്റി സൂചികയിലെ കമ്പനികൾ ഒറ്റയക്ക ലാഭവർധനയിൽ ഒതുങ്ങും എന്നാണു പലരും വിലയിരുത്തുന്നത്. പല കമ്പനികളുടെയും പിഇ അനുപാതം കൂടുതലാണെന്നു പറയുന്ന വിദേശ നിക്ഷേപകരെ ശരിവയ്ക്കുന്നതാകും അത്.
ഐടി സേവന കമ്പനി ടിസിഎസ് ഇന്നു പുറത്തുവിടുന്ന റിസൽട്ട് ഐടി മേഖലയുടെ ഒന്നാം പാദ ഫലങ്ങളിലേക്കു വിരൽ ചൂണ്ടുന്നതാകും. ടിസിഎസിന് മൂന്നു ശതമാനം ലാഭവർധനയേ മിക്ക നിരീക്ഷകരും പ്രതീക്ഷിക്കുന്നുള്ളു. ഈ മേഖലയിലെ മിഡ് ക്യാപ് കമ്പനികളിലാണു പലരും വളർച്ച പ്രതീക്ഷിക്കുന്നത്.
ഇന്നു നിഫ്റ്റിക്ക് 25,430 ഉം 25,360 ഉം പിന്തുണയാകും. 25,530 ലും 25,600 ലും തടസം ഉണ്ടാകാം.
വേദാന്ത ഗ്രൂപ്പിൻ്റെ ധനകാര്യ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അമേരിക്കൻ ഷോർട്ട് സെല്ലിംഗ് ഗ്രൂപ്പ് വെസ്രോയ് റിസർച്ച് ഇന്നലെ റിപ്പോർട്ട് പുറത്തുവിട്ടു. വേദാന്ത ലിമിറ്റഡും ഹിന്ദുസ്ഥാൻ സിങ്കും മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ഗ്രൂപ്പിൻ്റെ മാതൃ കമ്പനിയായി ലണ്ടനിൽ പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസിൻ്റെ കടം വീട്ടാൻ വേദാന്തയിലും ഹിന്ദുസ്ഥാൻ സിങ്കിലും നിന്നു പണം വലിക്കുന്നു എന്നാണ് ആരോപണം. ഭീമമായ ഡിവിഡൻഡുകൾ വഴി കമ്പനികളുടെ ലാഭം മുഴുവനും മാതൃ കമ്പനിയിലേക്കു മാറ്റുന്നു. പുറമേ വായ്പ എടുത്ത് മാതൃകമ്പനിക്കു കൈമാറുന്നു. വേദാന്തയുടെ ഓഹരികൾ പണയം വച്ച് ലണ്ടൻ കമ്പനി എടുത്ത വായ്പ വീട്ടാനാണ് വേദാന്ത വായ്പ എടുക്കുന്നത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വേദാന്ത ഗ്രൂപ്പ് പ്രതികരിച്ചു.
ബാൽകോ, ഹിന്ദുസ്ഥാൻ സിങ്ക് എന്നീ പൊതുമേഖലാ കമ്പനികളെ വാങ്ങി തൻ്റെ സ്റ്റെർലൈറ്റ് ഗ്രൂപ്പിനോടു ചേർത്ത് വേദാന്ത എന്ന പേരിൽ ആഗോള മെറ്റൽ, ഖനന ഭീമനാക്കി മാറ്റിയ അനിൽ അഗർവാളാണ് ഗ്രൂപ്പിൻ്റെ തലവൻ. ഇറ്റാലിയൻ ഗവണ്മെൻ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്ന സേസ ഗോവയെവാങ്ങിക്കൊണ്ടാണ് അഗർവാൾ ഖനന മേഖലയിലേക്കു കടന്നത്. പിന്നീടാണു പൊതുമേഖലാ കമ്പനികളെ വാങ്ങി അവയുടെ വിഭവങ്ങൾ ചൂഷണം ചെയ്തത്.
ലണ്ടനിൽ ലിസ്റ്റ് ചെയ്ത വേദാന്ത റിസോഴ്സസിനു സ്വന്തം ബിസിനസ് ഇല്ലെന്നും ഉപകമ്പനികളുടെ ഓഹരി പണയം വച്ച് ഭീമമായ കടമെടുത്തു ദുരുപയോഗിച്ചെന്നും ആ കടങ്ങൾ വീട്ടാൻ ഉപകമ്പനികളുടെ ആസ്തികൾ പണയപ്പെടുത്തുകയോ വിൽക്കുകയോ ആണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
സ്വർണം തിരിച്ചു കയറി. ഔൺസിനു 3300 ഡോളറിനു താഴെ പോയ മഞ്ഞലോഹം ഇന്നലെ 3320 ലേക്കു കയറി. അമേരിക്കയുടെ വർധിച്ചു വരുന്ന കമ്മി സ്വർണത്തിലേക്കു വലിയ നിക്ഷേപകരെ തിരച്ചു വിടും എന്നാണ് ചില സ്വർണബുള്ളുകൾ പറയുന്നത്. അമേരിക്ക ചെമ്പിന് 50 ശതമാനം തീരുവ ചുമത്തിയതും സ്വർണത്തെ സഹായിച്ചു. ഇന്നലെ ഔൺസിന് 3320.73 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 3318 ഡോളർ ആയി താഴ്ന്നു.
കേരളത്തിൽ ബുധനാഴ്ച പവന് 480 രൂപ ഇടിഞ്ഞ് 72,000 രൂപയായി. ഇന്നു വില കൂടാം.
വെള്ളിവില ഔൺസിന് 36.34 ഡോളറിലേക്ക് താഴ്ന്നു.
അമേരിക്ക ചെമ്പിന് 50 ശതമാനം ചുങ്കം പ്രഖ്യാപിച്ചത് ചെമ്പുവിപണിയുടെ താളം തെറ്റിച്ചു. ലണ്ടനിലും ന്യൂയോർക്കിലും രണ്ടു വിലയായി. ന്യൂയാേർക്ക് വില ഒരാഴ്ച മുൻപുള്ളതിലും 15 ശതമാനം കൂടുതലായി. ആവശ്യമായ ചെമ്പിൻ്റെ പകുതി (ഏകദേശം 10 ലക്ഷം ടൺ) ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. അതേ സമയം ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ വില താഴ്ന്നു. ഒരാഴ്ച മുൻപുള്ളതിലും നാലു ശതമാനം കുറവായി വില. ചെമ്പ് അവധിവില ടണ്ണിന് 8800 ഡോളർ വരെ ഇടിയും എന്നു ചില വിശകലനക്കാർ കണക്കാക്കുന്നു.
ഇന്നലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് 2.92 ശതമാനം താഴ്ന്നു ടണ്ണിന് 9634.75 ഡോളറിൽ എത്തി. അലൂമിനിയം 0.68 ശതമാനം കയറി 2604.35 ഡോളർ ആയി. നിക്കലും ലെഡും ടിന്നും താഴ്ന്നപ്പോൾ സിങ്ക് ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.37 ശതമാനം കൂടി 162.60 സെൻ്റിൽ എത്തി. കൊക്കോ 3.05 ശതമാനം ഉയർന്നു ടണ്ണിന് 8228.01 ഡോളർ ആയി. കാപ്പി 0.32 ശതമാനം ഉയർന്നു. തേയില 0.58 ശതമാനം കയറി. പാം ഓയിൽ വില 0.12 ശതമാനം കയറി.
ഇന്ത്യ ഇന്നലെ പാമോയിലിൻ്റെ ഇറക്കുമതിച്ചുങ്കം പകുതിയാക്കി. ക്രൂഡ് ഓയിലിൻ്റേത് 20 ൽ നിന്ന് 10 ശതമാനമായി കുറച്ചു. ശുദ്ധികരിച്ച പാമോയിലിൻ്റെ ചുങ്കവുമായുള്ള വ്യത്യാസം 8.75 ൽ നിന്ന് 19.25 ശതമാനമാക്കി. ശുദ്ധീകരണം ഇന്ത്യയിൽ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. ഒപ്പം വില താഴ്ത്തി നിർത്താനും ആഗ്രഹിക്കുന്നു.
യുഎസ് ഡോളർ ഇന്നലെ നാമമാത്രമായി ഉയർന്നു. ഡോളർ സൂചിക ഉയർന്ന് 97.56 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.35 ലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ യൂറോ 1.1738 ഡോളറിലേക്കും പൗണ്ട് 1.3601 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 145.90 യെൻ എന്ന നിരക്കിലേക്ക് ഉയർന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കൂടി. അവയിലെ നിക്ഷേപനേട്ടം 4.326 ശതമാനത്തിലേക്ക് താഴ്ന്നു.
രൂപ ബുധനാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഡോളർ മൂന്നു പൈസ നഷ്ടത്തോടെ 85.67 രൂപയിൽ എത്തി.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില ഉയർന്ന മേഖലയിൽ തുടർന്നു. ബ്രെൻ്റ് ഇനം ഇന്നു രാവിലെ ബാരലിന് 70.18 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 68.33 ഡോളറിലും മർബൻ ക്രൂഡ് 71.26 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില കാര്യമായി മാറിയില്ല.
ക്രിപ്റ്റോ കറൻസികൾ ഉയരുകയാണ്. ബിറ്റ് കോയിൻ 1.12 ലക്ഷം ഡോളറിലേക്കു കയറിയിട്ട് അൽപ്പം താഴ്ന്നു. ഈഥർ 2796 ഡോളർ വരെ എത്തി.
(2025 ജൂലൈ 09, ബുധൻ)
സെൻസെക്സ്30 83,536.08 -0.21%
നിഫ്റ്റി50 25,476.40 -0.18%
ബാങ്ക് നിഫ്റ്റി 57,213.55 -0.07%
മിഡ് ക്യാപ്100 59,339.60 -0.13%
സ്മോൾക്യാപ്100 19,007.40 +0.59%
ഡൗജോൺസ് 44,458.30 +0.49%
എസ്ആൻഡ്പി 6263.26 +0.61%
നാസ്ഡാക് 20,611.30 +0.95%
ഡോളർ($) ₹85.67 -₹0.03
സ്വർണം(ഔൺസ്)$3320.73 +$17.45
സ്വർണം(പവൻ) ₹72,000 -₹480
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $70.18 +$0.03
Read DhanamOnline in English
Subscribe to Dhanam Magazine