

പശ്ചിമേഷ്യൻ സംഘർഷനിലയിൽ ചെറിയ അയവ്. ഖത്തറും പാക്കിസ്ഥാനും മറ്റും നടത്തുന്ന സമ്മർദങ്ങൾ വ്യാഴാഴ്ച ആക്രമണങ്ങൾ ഒഴിവാകാൻ സഹായിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതി തയാറാക്കിയതായി ഇസ്രയേൽ ഈയാഴ്ച അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനുമായുള്ള കരാർ ചർച്ചകൾ തുടരുമെന്നു യുഎസ് അറിയിച്ചു.
വിപണികൾ തൽക്കാലം ശാന്തമാണ്. ഏഷ്യൻ വിപണികൾ ഉയർന്നു. ക്രൂഡ് ഓയിൽ താഴ്ന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,096.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,163 ലേക്കു കയറിയിട്ട് അൽപം താഴ്ന്നു. ഇന്നു വിപണി ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂലൈ ഒൻപതിലെ നിലവച്ച് 14 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ദിവസം മുൻപ് 40 ശതമാനം കുറവുണ്ടായിരുന്നു . ജൂൺ 1-9 കാലയളവിൽ 38 ശതമാനം അധികമഴ ലഭിച്ചതാണു കമ്മി കുറച്ചത്. രാജ്യത്ത് എല്ലായിടത്തും കാലവർഷം എത്തുകയും ചെയ്തു.
ഇറാനുമായി ചർച്ച തുടരുന്നു എന്ന റിപ്പോർട്ട് ഇന്നലെ യുഎസ് വിപണിയെ ഉയർത്തി. ക്രൂഡ് ഓയിലിൻ്റെ ഇടിവും വിപണിയെ സഹായിച്ചു. പ്രമുഖ സൂചികകൾ ഈയാഴ്ച നേട്ടത്തിൽ അവസാനിക്കും എന്നാണു സൂചന. ദക്ഷിണ കൊറിയൻ ചിപ് നിർമാണ കമ്പനി എസ്കെ ഹൈനിക്സ് അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ് ഇന്നു 149 ഡോളറിനു ന്യൂയോർക്കിൽ ലിസ്റ്റ് ചെയ്യും.
ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഓഹരി നാമമാത്രമായി ഉയർന്നു 152.16 ഡോളറിൽ അവസാനിച്ചു.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 139.02 പോയിൻ്റ് (0.27 ശതമാനം) കയറി 52,487.41 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 60.93 പോയിൻ്റ് (0.81%) നേട്ടത്തോടെ 7543.64 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 336.24 പോയിൻ്റ് (1.30%) കുതിച്ച് 26,206.89 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ ജോൺസ് 31 പോയിൻ്റും (0.06%) എസ് ആൻഡ് പി 8 പോയിൻ്റും (0.11%) നാസ്ഡാക് 82 പോയിൻ്റും (0.27%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വിപണിസമയത്ത് 1.41 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.15 ശതമാനം കയറി 26.56 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.94 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.12% താഴ്ന്ന് 29.09 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.83% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.27% കുറഞ്ഞു 11.10 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.09% കയറി ശേഷം തുടർവ്യാപാരത്തിൽ 0.54 ശതമാനം ഉയർന്ന് 1.86 ഡോളറിൽ അവസാനിച്ചു.
പശ്ചിമേഷ്യൻ സമാധാന പ്രതീക്ഷ യൂറോപ്യൻ വിപണികളെ വ്യാഴാഴ്ച നേട്ടത്തിലാക്കി. യുകെയിലെ എഫ്ടിഎസ്ഇ മാത്രം താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി നാലു ശതമാനം കുതിച്ചു. ജാപ്പനീസ് സൂചിക നിക്കൈ രണ്ടു ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ സൂചിക 0.30 ശതമാനം നേട്ടത്തിലാണ്. ഹോങ്കോംഗ് സൂചിക 0.75 ശതമാനം കയറി. ഷാങ്ഹായ് സൂചിക 0.20 ശതമാനം താഴ്ന്നു.
രാവിലെ മുതൽ കുതിച്ചുയർന്ന ഇന്ത്യൻ വിപണി അവസാന അര മണിക്കൂറിൽ കുത്തനേ താഴ്ന്നു ചെറിയ നേട്ടത്തിൽ അവസാനിച്ചു. ദിവസത്തിലെ ഉയരത്തിൽ നിന്നു സെൻസെക്സ് 644 പോയിൻ്റും നിഫ്റ്റി 165 പോയിൻ്റും നഷ്‌ടപ്പെടുത്തിയാണു ക്ലോസ് ചെയ്തത്.
വിദേശനിക്ഷേപകർ ഇന്നലെ വിൽപനക്കാരായി മാറി. വിദേശികൾ കാഷ് വിപണിയിൽ 532.86 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകൾ 2057.79 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.
വ്യാഴാഴ്ച സെൻസെക്‌സ് 238.22 പോയിൻ്റ് (0.31%) ഉയർന്ന് 76,741.82 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 80.75 പോയിൻ്റ് (0.34%) നേട്ടത്തോടെ 23,962.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 509.85 പോയിൻ്റ് (0.90%) കയറി 57,252.45 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 844.10 പോയിൻ്റ് (1.38%) കുതിച്ച് 62,166.85 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 337.55 പോയിൻ്റ് (1.80%) ഉയർന്നു 19,120.85ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ബഹുഭൂരിപക്ഷ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2825 ഓഹരികൾ കയറി, 1424 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2506 എണ്ണം ഉയർന്നപ്പോൾ 766 എണ്ണം താഴ്ന്നു.
ടിസിഎസിൻ്റെ ഒന്നാം പാദ റിസൽട്ട് നിരീക്ഷകരെ നിരാശപ്പെടുത്തിയില്ല. വരുമാനം സ്ഥിരകറൻസിയിൽ 2.7 ശതമാനം വാർഷിക വളർച്ച കാണിച്ചു. തലേപാദത്തേക്കാൾ 0.4 ശതമാനം കൂടുതലായി. രൂപയിൽ വരുമാനം 14 ശതമാനവും അറ്റാദായം 4.7 ശതമാനവും കൂടി. ലാഭമാർജിൻ 130 ബേസിസ് പോയിൻ്റ് കുറഞ്ഞ് 24 ശതമാനമായി. കമ്പനിയുടെ എ വരുമാനം 8.5 ശതമാനമായി വർധിച്ചു. റിസൽട്ടിനു ശേഷം മോട്ടിലാൽ ഓസ്വാൾ ടിസിഎസിന് വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില15 ശതമാനം നേട്ടം സൂചിപ്പിച്ച് 2350 രൂപയായി ഉയർത്തി.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജൂണിലെ വാഹന വിൽപന 32.5 ശതമാനം വർധിച്ച് 1.04 ലക്ഷം ആയി.
ഏറോസ്പേസ്, പ്രതിരോധ, ആഭ്യന്തര സുരക്ഷാ രംഗങ്ങളിൽ ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന അപ്പോളോ മൈക്രോ സിസ്റ്റംസ്, പ്രീമിയർ എക്സ്പ്പോസീവ്സിനെ സ്വന്തമാക്കുന്നു. പ്രൊമോട്ടർമാരുടെ പക്കലുള്ള 41.33 ശതമാനം ഓഹരി 1550 കോടി രൂപയ്ക്കു വാങ്ങാൻ കരാർ ആയി. തുടർന്ന് ഓപ്പൺ ഓഫറും ഉണ്ടാകും.
മംഗലാപുരത്ത് 17.5 ലക്ഷം ടൺ ക്രൂഡ് ഓയിലിൻ്റെ ശേഖരം ഉണ്ടാക്കാനുള്ള പദ്ധതിക്ക് ഒഎൻജിസി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
വിവോയുടെ സ്മാർട്ട് ഫോണുകളും മറ്റും നിർമിക്കുന്നതിനു ഡിക്സൺ ടെക്നോളജീസ് സംയുക്ത സംരംഭം ഉണ്ടാക്കി.
ആനന്ദ് റാഠി വെൽത്ത് ജൂൺ പാദത്തിൽ വരുമാനം 17.5 ശതമാനം വർധിപ്പിച്ചു. അറ്റാദായം 73.6 ശതമാനം കുതിച്ചു.
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിർമാണത്തിലേക്കു കടക്കാൻ നോർവേയിലെ പിക്സീ കമ്പനിയുമായി ഹാവൽസ് ഇന്ത്യ കരാർ ഉണ്ടാക്കി.
ക്രൂഡ് ഓയിൽ വിലയും ഡോളർ സൂചികയും താഴ്ന്നതു സ്വർണത്തെയും വെള്ളിയെയും ഉയർത്തി. പലിശ കൂടും എന്ന ഭീതി അൽപം കുറഞ്ഞു. ഇന്നലെ 47.80 ഡോളർ (1.17 ശതമാനം) ഉയർന്ന സ്വർണം ഔൺസിന് 4124.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4112 ഡോളർ വരെ താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ രണ്ടു തവണയായി 960 രൂപ വർധിച്ച് 1,05,920 രൂപ ആയി.
വെള്ളിവില ഇന്നലെ ഉയർന്ന് ഔൺസിന് 60.07 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 60.18 ഡോളറിലേക്കു കയറി.
പ്ലാറ്റിനം 1612 ഡോളർ, പല്ലാഡിയം 1237 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
പശ്ചിമേഷ്യൻ ആശങ്ക കുറഞ്ഞതു മൂലം വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങൾ കുതിച്ചു കയറി. ചെമ്പ് 2.04 ശതമാനം കൂടി ടണ്ണിനു 13,356.40 ഡോളർ ആയി. അലൂമിനിയം 1.99 ശതമാനം ഉയർന്ന് 3212.30 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ഉയർന്നു. ലെഡ് അൽപം താഴ്ന്നു.
രാജ്യാന്തര റബർ വില വ്യാഴാഴ്ചയും മുന്നേറി. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 302.30 ഡോളറിലും ആർഎസ്എസ് മൂന്ന് 298.90 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,400 രൂപയിലേക്കു കയറി.
കൊക്കോ വില വ്യാഴാഴ്ച 5.19 ശതമാനം കുതിച്ച് ടണ്ണിന് 6366.00 ഡോളറിൽ എത്തി. കഴിഞ്ഞ നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഒരു മാസം കൊണ്ട് വില 65.7 ശതമാനം വർധിച്ചു. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നാണു വിലയിരുത്തൽ. അവധിവില 6400 ഡോളറിനു മുകളിലാണ്.
അറബിക്ക കാപ്പിവില 10.13 ശതമാനം കുതിച്ചു പൗണ്ടിന് 3.41 ഡോളർ ആയി. ബ്രസീലിൽ കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
യുഎസ് ഡോളർ ഇന്നലെ നാമമാത്രമായി താഴ്ന്നു 100.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.92 വരെ കയറി.
യൂറോ 1.1432 ഡോളറിലേക്കും പൗണ്ട് 1.3409 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 162.34 യെൻ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാനിലാണ്.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.557 ശതമാനമായി താഴ്ന്നു.
വ്യാഴാഴ്ച ഇന്ത്യൻ രൂപ ഉയർന്നു. ഡോളർ 18 പൈസ കുറഞ്ഞ് 95.38 രൂപയിൽ അവസാനിച്ചു.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.39 രൂപയിൽ എത്തി. ചൈനീസ് യുവാൻ 14.04 രൂപയിലും യൂറോ 109.06 രൂപയിലും നിൽക്കുന്നു.
പുതിയ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു കുതിച്ച ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞു. ഇന്നലെ മൂന്നു ശതമാനത്തിലധികം താഴ്ന്ന് വീപ്പയ്ക്ക് 76.30 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നു രാവിലെ 76.07 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 71.92 ഡോളറിലും എത്തി.
ഇറാൻ സംഘർഷഭീതി കുറഞ്ഞത് ക്രിപ്റ്റോകറൻസികളെ വീണ്ടും കയറ്റി. ബിറ്റ് കോയിൻ 63,100 ഡോളറിനു മുകളിലായ. ഈഥർ 1740 ഡോളറിനും സൊലാന 78 ഡോളറിനും മുകളിൽ എത്തി.
(2026 ജൂലൈ 09, വ്യാഴം)
സെൻസെക്സ് 76,741.82 +0.31%
നിഫ്റ്റി50 23,962.80 +0.34%
ബാങ്ക് നിഫ്റ്റി 57,252.45 +0.90%
മിഡ്ക്യാപ്100 62,166.85 +1.38%
സ്മോൾക്യാപ്100 19,120.85 +1.80%
ഡൗജോൺസ് 52,487.41 +0.27%
എസ്ആൻഡ്പി 7543.64 +0.81%
നാസ്ഡാക് 26,206.89 +1.30%
ഡോളർ ₹95.38 -₹0.18
സ്വർണം(ഔൺസ്)$4124.50 +$47.80
സ്വർണം(പവൻ) ₹1,05,920 +₹960
ക്രൂഡ്ഓയിൽബ്രെൻ്റ്$76.30 -$2.20
Read DhanamOnline in English
Subscribe to Dhanam Magazine